image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കഥ തുടരുന്നു....(നിരൂപണം-സുധീർ പണിക്കവീട്ടിൽ )

SAHITHYAM 08-Aug-2020 സുധീർ പണിക്കവീട്ടിൽ
SAHITHYAM 08-Aug-2020
സുധീർ പണിക്കവീട്ടിൽ
Share
image
(ശ്രീ ജോൺ മാത്യുവിന്റെ വൈരുദ്ധാത്മക വിപ്ലവം എന്ന കഥാസമാഹാരം - നിരൂപണം)

സുപ്രസിദ്ധ അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ ജോൺ മാത്യുവിന്റെ കഥകൾ അവസാനിക്കുന്നേടത്ത് നിന്നും ആരംഭിക്കുന്നു. കാരണം ഒരു കഥയും പൂർണമായി ആർക്കും അവസാനിപ്പിക്കാൻ കഴിയുന്നില്ല. മനുഷ്യജീവിതം പോലെ അതു പടർന്നു, പടർന്നു പന്തലിച്ചു  നിൽക്കുന്നു. ജീവിതത്തെ ഒരു കഥക്കുള്ളിൽ ഒതുക്കിനിർത്താനുള്ള ശ്രമം ഈ എഴുത്തുകാരന്റെ രചനയിൽ  കാണുന്നില്ല. ഈ കഥാസമാഹാരത്തിന്റെ പേര് തന്നെ "വൈരുദ്ധാത്മക വിപ്ലവം" എന്നാണു. ചെറുകഥകൾക്ക് നമ്മൾ കേൾക്കാത്ത പേരാണിത്. വൈരുദ്ധാത്മക വിപ്ലവം എന്ന തത്വത്തെ വളരെ ലളിതമായി കഥയിലൂടെ അവതരിപ്പിച്ച് അത് വ്യക്തമാക്കുന്നുണ്ട്. 
വൈരുദ്ധാത്മകം എന്ന് പറയുന്നത് ഓരോ മാറ്റങ്ങളും ഉണ്ടാകുന്നതും സംഭവിക്കുന്നതും വളരേ ലളിതമായ യുക്തിയോടെയെന്നാണ്.  അങ്ങനെ സംഭവിക്കുമ്പോൾ  ഉണ്ടാകുന്ന മാറ്റങ്ങൾ അല്ലെങ്കിൽ വിപ്ലവങ്ങൾ പരസ്പരം വിരുദ്ധമായിരിക്കും. കഥാകൃത്തുക്കൾ അവരുടെ കഥക്ക് ആധാരമായി പല ഘടകങ്ങളും ഉപയോഗിക്കുക പതിവാണ്.  കഥകളിൽ മാജിക്കൽ റിയലിസം ഉപയോഗിക്കുന്നപോലെ  ചില തത്വങ്ങൾ കഥകളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കഥാപാത്രങ്ങൾ അതു മനസ്സിലാക്കുന്നതായി നമുക്ക് അനുഭവപ്പെടുകയില്ല. അവർ അവരുടെ ജീവിതത്തിലൂടെ അതു വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ശ്രീ ജോൺ മാത്യുവിന്റെ കഥകളിലെ ഒരു പ്രത്യേകതയാണത്.
image

കഥകളെക്കുറിച്ചു  പറഞ്ഞപ്പോൾ ജർമ്മൻ എഴുത്തുകാരൻ ഗൊയ്‌ഥെ പറഞ്ഞത് "കേട്ടിട്ടില്ലെങ്കിലും സംഭവിച്ച ഒരു അനുഭവമെന്നാണ്." ഈ സമാഹാരത്തിലെ  കഥകൾ വായിക്കുമ്പോൾ നമുക്കും അനുഭവപ്പെടും ഇതെല്ലാം നമുക്ക് ചുറ്റും നടന്നതാണെന്നു. എന്നാൽ നമ്മൾ മനസ്സിലാക്കുന്നതിനേക്കാൾ കൂടുതലായി, ക്രിയാത്മകമായി, കലാപരമായി കഥാകൃത്ത് എഴുതിവയ്ക്കുന്നു. 
ജോർജ് വിൽഹെം ഫ്രെഡറിക്  ഹെഗൽ എന്ന ജർമ്മൻ തത്വചിന്തകൻ അഭിപ്രായപ്പെട്ടത് വൈരുധ്യം ഒരിക്കലും വഴങ്ങുന്ന ഒന്നല്ലെന്നാണ്.  അതിനെ മറികടക്കുന്നതിനേക്കാൾ അതിനെ സഹിക്കുകയെന്നാണ് അദ്ദേഹത്തിന്റെ അഭിമതം.  ഉള്ളവനിൽ നിന്നും ഇല്ലാത്തവൻ ഭൂമിക്കായി സമരം ചെയ്യുമ്പോൾ കുറച്ചെങ്കിലും ഭൂമിയുള്ളവർ പ്രവാസികളായി പോയി ധനം സമ്പാദിച്ച് വീണ്ടും ഉള്ളവനായി മാറുന്നു. ഇതൊരു വൈരുധ്യമല്ലേ. അതേസമയം വൈരുധ്യങ്ങൾ ഇല്ലെങ്കിൽ സമൂഹം എങ്ങനെ മുന്നോട്ട് പോകും. വൈരുദ്ധാത്മക വിപ്ലവം എന്ന കഥയിലൂടെ ജോൺ മാത്യു നമ്മുടെ കേരളത്തിന്റെ ഒരു ചിത്രം വരച്ചുകാണിക്കയാണ്. അവിടത്തെ  സാമൂഹിക,രാഷ്ട്രീയ,മത-സാംസ്കാരിക മണ്ഡലങ്ങൾ വൈരുദ്ധ്യത്തോടെ ഒരുമിക്കയെന്ന ഒരു അത്ഭുതപ്രതിഭാസത്തിൽ കഴിഞ്ഞുകൂടുന്നു. വൈരുദ്ധാത്മക വിപ്ലവം ഫ്രഞ്ചുവിപ്ലവത്തിലും ഉണ്ടായി. ലൂയിസ് പതിനാലാമൻ എന്ന ഒരു ഏകാധിപതിയെ മാറ്റി മറ്റൊരു ഏകാധിപതിയായ നെപ്പോളിയനെ വാഴിച്ചു ഫ്രഞ്ച് ജനത. ഒരു ഏകാധിപതിയിൽ നിന്നും മറ്റൊരു ഏകാധിപതിയിലേക്ക് അധികാരം കൈമാറുന്ന വൈരുധ്യം അതിനായുള്ള വിപ്ലവം.

ഈ കഥയിലെ മുഖ്യകഥാപാത്രങ്ങളായ ശ്രീ ജോണും കുഞ്ഞുണ്ണിയും തമ്മിലുള്ള സംസാരത്തിൽ നിന്നും നമ്മൾ തിരിച്ചറിയുന്നു വൈരുദ്ധാത്മക വിപ്ലവമെന്താണെന്നു. വാസ്തവത്തിൽ അവർ രണ്ടുപേരും  ഹെഗൽ കണ്ടെത്തി കാറൽ മാർക്സ് ഭേദഗതി ചെയ്ത ഈ തത്വത്തെക്കുറിച്ച് ബോധവാന്മാരല്ല. വീട്ടിലെ പണികളൊക്കെ ചെയ്ത അടിയാനായി കഴിഞ്ഞിരുന്ന കുഞ്ഞുണ്ണിക്ക് ജോണി  കുടുംബസ്വത്ത് കൈമാറുന്നു .ഒരു കുടിയിറക്ക്. വാസ്തവത്തിൽ കുടിയിറക്കാണോ, ഇന്നലെ വരെ ജോണിയുടെ കുടുംബക്കാരുടെ സ്വത്ത് ഇന്ന് കുഞ്ഞുണ്ണിയുടെ കയ്യിൽ. വസ്തു  മാറുന്നില്ല.എന്നാൽ വസ്തു വേറെ ആളുടെയാകുന്നു. ഇതിലെ വിപ്ലവമെന്താണ്? കുഞ്ഞുണ്ണി തനിക്ക് ഭൂമി വേണമെന്ന്  കൊടിപിടിച്ചവനാണ്. ഇപ്പോൾ പണമുണ്ടായപ്പോൾ അന്ന് കൊടിപിടിക്കാത്തവന്റെ ഭൂമി കൈവശമാക്കി അവരെപ്പോലെയാകുന്നു.

വ്യത്യാസങ്ങൾ സംഭവിക്കണമെങ്കിൽ നിലവിലുള്ളതിനു എതിരായി എന്തെങ്കിലും ഉണ്ടാകണം. അപ്പോഴാണ് സമൂഹം പുരോഗമിക്കുന്നത്.  ഇന്നത്തെ ജന്മി നാളത്തേ കുടിയൻ ഇന്നത്തെ കുടിയാൻ നാളത്തെ ജന്മി. ഒരു ചാക്രിക സ്വഭാവം ജീവിതത്തിനുണ്ട്.  ജോൺ മാത്യ തന്റെ കഥകളിലൂടെ ജീവിതത്തിന്റെ ചില ഭാഗങ്ങൾ പ്രദര്ശിപ്പിക്കയാണ്. (slices of life). ഇത്തരം കഥകൾ വായനക്കാരേ ബോധവാന്മാരാക്കുകയും ചിന്തിപ്പിക്കുകയും കർമ്മോൽസുകാരാക്കുകയും ചെയ്യുന്നുണ്ട്.

ശരാശരി അമേരിക്കൻ മലയാളിയുടെ ജീവിതാപുസ്തകത്തിലെ ഏടുകളിൽ അവ്യക്ത്തമായി കണ്ടേക്കാവുന്ന ചില മങ്ങിയ ചിത്രങ്ങൾ ഈ കഥയിലുണ്ട്. (രാത്രിയിൽ നിന്നൊരു യാത്ര). വിവാഹിതനെങ്കിലും പരോപകരാർത്ഥം ഒരു യുവതിയെ മഞ്ഞിൽ കുളിച്ച്നിൽക്കുന്ന രാത്രിയിൽ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരുന്നു ഇതിലെ കഥാപാത്രം. അപരിചിതയായ ആ സ്ത്രീ അവിടേക്ക്  വിളിച്ചതാണ്. കാരണം അയാളുടെ വീട്ടിനടുത്ത് താമസിക്കുന്ന അവരുടെ ആരോ അവരെ സ്വീകരിക്കാൻ എത്തിയില്ല.  കുടിയേറ്റത്തിന്റെ ആരംഭകാലത്ത് അത്തരം പരസ്പരസഹായങ്ങൾ ചെയ്തിരുന്നതായി വായനക്കാരെ മനസ്സിലാക്കിപ്പിക്കുന്നുണ്ട്. പക്ഷെ ഈ യുവാവ് നൈമിഷിക സുഖാനുഭൂതിക്ക് തന്റെ സ്വഭാവശുദ്ധി ബലികഴിക്കുന്നവനല്ല. എന്തും സംഭവിക്കാമെന്നു വായനക്കാരൻ കണക്കുകൂട്ടുമ്പോൾ അയാൾ ജോലികഴിഞ്ഞെത്താറായ ഭാര്യയെ എതിരേൽക്കാൻ പോകുന്നു.  അതിനുമുമ്പ് ആ സ്ത്രീയുടെ താമസസുരക്ഷാ ഏർപ്പാട് ചെയ്യാൻ മുപ്പത് ഡോളർ നൽകുന്നു.

അപവാദങ്ങളും പരദൂഷണവും നിറഞ്ഞുനിൽക്കുന്നു എന്ന അപഖ്യാതിയുള്ള അമേരിക്കൻ മലയാളിസമൂഹത്തിൽ നടന്ന കഥയിൽ സദാചാരനിഷ്ഠയുള്ള ഒരു പുരുഷനെ കഥാകൃത്ത് പരിചയപ്പെടുത്തുന്നു. സമൂഹം മുഴുവൻ തിന്മയിൽ നിറയുന്നില്ല അതിലും നന്മയുടെ മിന്നാമിനുങ്ങുകൾ ഉണ്ട്.  വർഷങ്ങൾക്കുശേഷം  ആ സ്ത്രീ വീണ്ടും അയാളെ ഹോട്ടല്മുറിയിലേക്ക് ഒരാൾ വശം  വിളിപ്പിക്കുന്നുണ്ട്. സങ്കോചമില്ലാതെ അയാൾ പോകുന്നു. അവരെ പണിപ്പെട്ടു ഓർക്കുന്നു. അവരുടെ ശോകകഥ ചില സൂചനകളാൽ നൽകുന്നു. രതിക്കും, ചതിക്കും, വേദനകൾക്കും വളരെ സാധ്യതകൾ ഉള്ള ഒരു കഥ വളരെ സാധാരണമായി ആവിഷ്കരിച്ചു. അതിഭാവുകത്വമില്ലാതെ, അങ്ങനെയും സംഭവിക്കാമെന്നു വായനക്കാരനെ ബോധ്യപ്പെടുത്തികൊണ്ട്.

പല കഥകളും ഏതോ മറനീക്കിവരുന്നപോലെ വായനക്കാരന് അനുഭവപ്പെടാം. എന്താണ് മറ? ആ മറ ഇന്നത്തെ മനുഷ്യന്റെ ജീവിതരീതികളും അവന്റെ കുതിപ്പുമാണ്.  അതിവേഗത്തിൽ ജീവിച്ചുപോകുന്ന മനുഷ്യർ അവർക്ക് ചുറ്റും വളരെ കുറച്ചെ കാണുന്നുള്ളൂ. അതിരുകളില്ലാതെ എന്ന കഥയിൽ  കഥാകൃത്ത് പറയുന്നു അമ്മൂമ്മ കഥകൾ ആകാംക്ഷയുടെ തുടക്കമാണെന്നു. അവിടെനിന്നാണ് ചരിത്രം തുടങ്ങുന്നതെന്ന്.  ചിന്തിക്കുന്ന വായനക്കാരൻ നൂറുവട്ടം ശരിവയ്ക്കുന്നു എന്തേ അവൻ അതേപ്പറ്റി ആലോച്ചിച്ചില്ലെന്ന വിസ്മയം പൂണ്ടു നിൽക്കുന്നു. 
ഈ കഥയിൽ ഗ്രാമത്തിന്റെ വിശുദ്ധിയും മിത്തും കലർത്തികൊണ്ട് കാൽപ്പനിക ഭംഗിയോടെ കഥാകൃത്ത് വിവരിക്കുന്നത് നഷ്ടപ്പെടുന്ന ഗ്രാമങ്ങളെപ്പറ്റിയാണ്. ഒരിക്കൽ സ്വയംപര്യാപ്തതയുണ്ടായിരുന്ന ഗ്രാമങ്ങൾ മാറിക്കഴിഞ്ഞു. അവിടെ ഏകാധിപതികൾ കുറേപ്പേരെ അടിച്ചമർത്തി സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിച്ചപ്പോൾ എതിർക്കാതെ അവർക്കടിമയായി കഴിഞ്ഞിരുന്നവർ അടിമത്തത്തിൽ നിന്നും ഉയരുകയാണ്.  പ്രകൃതി അന്ന് കുറച്ച്പേർക്ക് മാത്രം സ്വന്തം.  പാലപ്പൂക്കളുടെ സൗരഭ്യം യക്ഷികളിലർപ്പിച്ച് മന്ത്രവാദികൾ ജനങ്ങളെ ഭയപ്പെടുത്തി വശത്താക്കിയിരുന്ന കാലം. ആ കഥകൾ പറയാൻ മുത്തശ്ശിമാരുണ്ടായപ്പോൾ ഉണ്ണികൾ ചിന്തിക്കാൻ  തുടങ്ങുന്നു. അപ്പോൾ ഒരു വിപ്ലവം ഉണ്ടാകുന്നു. ഓരോ ജീവിതവും വൈരുധ്യങ്ങളുടെ ഒരു വിപ്ലവമാണെന്ന് കഥാകൃത്ത്   അടിവരിയിടുന്നു.

അമ്പത്തിയാറാം സാക്ഷിയെന്ന കഥ കൽപ്പിതകഥയുടെയും സംഭവ കഥയുടെയും വേലിക്കപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നു.  കല്പിത കഥയുടെ സാങ്കേതികത ഉപയോഗിച്ച് ഒരു സംഭവകഥ എഴുതുക അല്ലെങ്കിൽ ഒരു സംഭവകഥയുണ്ടാക്കുക എഴുത്തുകാരന്റെ വെല്ലുവിളിയാണ്. ശ്രീ ജോൺ മാത്യു അത്തരം കഥകൾ ധാരാളം എഴുതിയിട്ടുണ്ട്.  ഈ കഥ പ്രഥമപുരുഷനായി  പറഞ്ഞു തുടങ്ങുന്നെങ്കിലും കഥാപാത്രങ്ങളാണ് കഥ മുഴുമിപ്പിക്കുന്നത്. കഥാകൃത്ത് മാറിനിൽക്കുന്നു. വാസ്തവത്തിൽ  കഥയറിയാൻ കഥാകൃത്തിനുള്ള വെമ്പൽ നമ്മൾ വായനക്കാർക്കും പകരുകയാണ്.  ബ്രിട്ടീഷ്കേരളത്തിൽ ഒരു ശേഷാദ്രി അയ്യർ ഉണ്ടായിരുന്നിരിക്കാം. അന്നു ഉയർന്ന ജാതിക്കാരാണല്ലോ അത്തരം പദവികൾ അലങ്കരിച്ചിരുന്നത്. എല്ലാ കഥാപാത്രങ്ങളും വായനക്കാരനു വിശ്വാസയോഗ്യർ.  ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത കേസായി അത് തുടരുമെന്ന് കഥാകൃത്ത് പറയാതെ പറയുന്നുണ്ട്. കാരണം കഥാകൃത്ത് അമ്പത്തിയാറാമത്തെ സാക്ഷിയാണ്. സാക്ഷിയാക്കുന്നത് തലക്ക് വെളിവില്ലാതെ ആ വീട്ടിലുള്ളയാളാണ്. ഗ്രാമങ്ങളിൽ പെട്ടെന്ന് ധനികരാകുന്നവരേ ചുറ്റിപ്പറ്റി കഥകൾ പരക്കുന്നു. തലമുറകൾക്ക് പറയാനുള്ള കഥയായി അവ  തീരുന്നു. കഥയേക്കാൾ ഇതിന്റെ ശില്പഘടനയും, അവതരണവും, ഭാഷയും പ്രത്യേകം ശ്രദ്ധാർഹമാണ്.

ഭ്രമകല്പനകൾക്ക് സീമകളില്ല.  ഇതു വായനക്കാർക്ക് ഒരു വിരോധാഭാസമായി തോന്നാമെങ്കിലും  അന്ധവിശ്വാസത്തിൽ അടിയൂന്നി നിൽക്കുന്ന ഒരാൾക്ക് അതെല്ലാം സാധാരണ സംഭവങ്ങൾ മാത്രം. അമാനുഷികമായ ഘടകങ്ങൾ കഥകളിൽ ചേർത്തുകൊണ്ട് വളരെ അധികം രചനകൾ നമ്മൾ വായിച്ചിട്ടുണ്ട്.  ഈ കഥ രണ്ട് ഭൂഖണ്ഡങ്ങൾ സ്പർശിക്കുന്നു. കഥാനായകൻ കുടിയേറിയ നാട്ടിലേക്ക് അയാളുടെ ജന്മനാട്ടിലെ വിശ്വാസങ്ങളെ കൂടെകൊണ്ടുവരുന്നു.  വീടിന്റെ ലക്ഷണക്കുറവായിരിക്കും വാടകക്കാരെ കിട്ടാത്തത് എന്ന അയാളുടെ വിശ്വാസം ജാനറ്റ് ജാക്സൺ എന്ന യുവതി മാറ്റുന്നു. അവർ പതിവായി വാടകകൊടുക്കുന്നു. അവരുടെ മരണം അറിയുന്ന വീട്ടുടമ അതായത് കഥാനായകൻ വീണ്ടും ചിന്തകളിൽ മുഴുകുന്നു. അവിടെ അന്ധവിശ്വാസങ്ങൾ എളുപ്പം കടന്നു വരുന്നു. വാസ്‌തുഗണിതത്തിലെ പാകപ്പിഴകളിൽ പ്രേതാത്മാക്കൾക്ക് ഇരിപ്പിടം കിട്ടുന്നതും പണികഴിപ്പിച്ചവന്  അതെല്ലാം ഇട്ടെറിഞ്ഞുപോകേണ്ടിവരുന്നതും വായനക്കാരൻ ചിന്തിക്കുന്നു.  വാസ്തവത്തിൽ ജാനറ്റ് ജാക്സൺ എന്ന കഥാപാത്രം കഥാനായകന്റെ വെറും തോന്നലായിരുന്നോ? അതും ഒരു പ്രേതാത്മാവ് ആയിരുന്നോ? അന്ധവിശ്വാസത്തെ ബലപ്പെടുത്തുകയും ബലം കുറക്കുകയും ചെയ്യുന്നു കഥാകൃത്ത്.  ഈ കഥയുടെ പ്രത്യേകത ഇതിന്റെ ഉപരിതലത്തിൽ പറഞ്ഞുപോകുന്ന വിവരണങ്ങളല്ല യഥാർത്ഥത്തിൽ കഥയെന്നാണ്. ഇതിനെ സാഹിത്യത്തിൽ മഞ്ഞുമല സിദ്ധാന്തം   iceberg theory  എന്ന് പറയുന്നു. ഇത് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത് അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്‌വേയ് ആണ്.

പ്രേതകഥകൾ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ തെളിഞ്ഞിട്ടുമില്ല. അത് ഓരോ മനുഷ്യമനസ്സിലും നിലകൊള്ളുന്നു. എഴുത്തുകാർ അവരുടെ രചനാലോകത്ത് പരിചയപ്പെടുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ ശരീരമില്ലാത്ത വെറും ആത്മാക്കൾ ആകുന്നു. അത്തരം അനുഭവങ്ങളെ യഥാർത്ഥമായി ആവിഷ്‌കാരിക്കുന്നതിലാണ് എഴുത്തുകാരന്റെ മികവ്. ഇതിൽ മനസ്സാസ്ത്രപരമായ ഒരു സമീപനം കൂടിയുള്ളതുകൊണ്ട് കഥ പറയുന്നത് വളരെ ശ്രദ്ധയോടെ ആകേണ്ടിയിരിക്കുന്നു. കാരണം ഒരേസമയം കഥയുടെ പശ്ചാത്തലം ഭൂതങ്ങളുടെയും മനുഷ്യരുടെയും ആകുന്നു.  ശ്രീ ജോൺ മാത്യുവിന്റെ കഥാലോകം വിപുലമാണ്. അദ്ദേഹം അവിടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടായിരിക്കും വ്യത്യസ്തത കഥകളുടെ സ്വഭാവമാകുന്നത്.

പ്രവാസി എഴുത്തുകാരുടെ മനസ്സിൽ ഭൂതകാലചിത്രങ്ങൾ നിറഞ്ഞിരിക്കുമ്പോൾ ഗൃഹാതുരത്വം അവരുടെ രചനകളിൽ കടന്നുവരുന്നത് സാധാരണയാണ്. കഴിഞ്ഞുപോയ കാലത്തിന്റെ സുഖാനുഭൂതികൾ അയവിറക്കുന്നപോലെ തന്നെ ആ നഷ്ടം വേദനയും നൽകുന്നു. ഗൃഹാതുരത്വം വേദനയും മധുരവും കലർന്നതാണ്.കളിപ്പാട്ടം എന്ന കഥയിൽ ഗൃഹാതുരത്വത്തിന്റെ രണ്ട് തട്ടുകൾ (levels) കാണാൻ കഴിയും. കച്ചവടാവശ്യങ്ങൾക്കായി മകനുമൊത്ത് പണ്ട് താമസിച്ചിരുന്ന ടൗണിലേക്ക് പോകുമ്പോൾ അവിടെ താമസിച്ചിരുന്ന വീട് കാണണമെന്നൊന്നും അച്ഛനില്ല. എന്നാൽ മകന് അമിതമായ ആഗ്രഹമുണ്ട്.  ഒരു വട്ടം കൂടി എന്ന മോഹം കാലപ്പഴക്കം വരുമ്പോൾ നഷ്ടപ്പെടുമായിരിക്കും. അച്ഛനെ സംബന്ധിച്ചെടത്തോളം പ്രവാസിയായി ജീവിതം ആരംഭിച്ചയാൾ എത്രയോ രാജ്യങ്ങളിൽ സ്ഥലങ്ങളിൽ താമസിച്ചു. അയാളുടെ മനസ്സിൽ അങ്ങനെ ഒരു മമത ഒന്നിനോടുമില്ല. എങ്കിലും മകന്റെ നിർബന്ധം മൂലം പുതിയ ഉടമസ്ഥരോട് അനുവാദം വാങ്ങി വീട് കണ്ട് മടങ്ങുമ്പോൾ മകൻ വളരെ സന്തോഷവാനായിരുന്നു. കാരണം അവൻ കുട്ടിയായിരുന്നപ്പോൾ കിട്ടിയ കളിപ്പാട്ടം അവിടെ കണ്ടെത്തി അത് അവൻ കൈവശമാക്കി.

ഈ കഥയിൽ അച്ഛൻ പ്രവാസിയും മകൻ സ്വദേശിയുമാണ്. അച്ഛൻ ഗൃഹാതുരത്വത്തിനു അടിമപ്പെട്ടുപോയാൽ അദ്ദേഹത്തിന്റെ പുരോഗതി നിലക്കും. ജന്മനാടും, ജീവിതായോധനത്തിനായി ചിലവഴിച്ച രാജ്യങ്ങളും അച്ഛന്റെയും മനസ്സിലുണ്ടാകും. എന്നാൽ ഉത്തരവാദിത്വങ്ങൾ അത്തരം വികാരങ്ങളെ ഒഴിവാക്കുന്നു.  മകന് ജീവിതാരംഭമാണ്. അവൻ കഴിഞ്ഞുപോന്ന കാലഘട്ടം കയ്യെത്തും ദൂരത്തിലാണ്. അവനു ഒരിക്കൽ കൂടി ആ കാലത്തിലേക്ക് വഴുതിവീഴാൻ എളുപ്പമാണ്. അതിൽ അവൻ ആനന്ദം കണ്ടെത്തുന്നു. ഒരു സാധാരണ കഥയിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്നു കഥാകൃത്ത്.

കഥ നടക്കുന്ന കാലത്തിനു ചേരാത്ത ചില സംഭവങ്ങളെ വ്യക്തികളെ ഉൾപ്പെടുത്തി കഥാകൃത്തുക്കൾ സൃഷ്ടിക്കുന്ന ഒരു സാങ്കൽപ്പിക ലോകം വായനക്കാരെ വിസ്മയാധീനരാക്കാറുണ്ട്. കോരി വല്യമ്മ എന്ന കഥ അത്ത രത്തിൽ ഒന്നാണ്. ഏതോ വിദൂര കാലത്തിന്റെ അവശിഷ്ടങ്ങൾ എന്നപോലെ നെല്ലുകുത്തുന്ന ഒരു വൃദ്ധയെ അവിടെയിരുന്നു പാടുന്ന ഒരു പെൺകുട്ടിയെ ഒരു ഒഴിവുകാല വിനോദത്തിനായി കണ്ടെത്തത്തിയ സ്ഥലത്തുവച്ച് കഥാകൃത്ത് കാണുന്നു.  എന്നാൽ വാസ്തവത്തിൽ അദ്ദേഹം സന്ദർശിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത് വേറെ കഥാപാത്രങ്ങളാണ്. കഥാകൃത്തിന്റെ മനസ്സിൽ രൂപം കൊള്ളുന്ന ഒരു ലോകം, അവിടെ വ്യത്യസ്‍തരായ ചില മനുഷ്യർ.  അവരെ എന്തുകൊണ്ട് കഥാകൃത്ത് കാണുന്നുവെന്നതിനു ഉത്തരം മനസ്സിന്റെ വിഭ്രാന്തിയെന്നാണ്. എന്തുകൊണ്ടാണ് മനസ്സ് ചില സാഹചര്യങ്ങളിൽ അത്തരം അനുമാനങ്ങളിൽ എത്തുന്നത്. കഥാകൃത്ത് വായിച്ചോ അല്ലെങ്കിൽ നേരിട്ടോ അറിഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന് മുന്നിൽ പ്രകടമാകുന്നു. ഒരു തരം മായികാനുഭൂതിയിൽ കഥാകൃത്ത് ചെന്നെത്തുന്നു. ഈ കഥയിൽ കഴിഞ്ഞ കാലത്ത് നിന്നും  കഥാപാത്രങ്ങൾ ഇറങ്ങി വരുന്ന അനുഭവം തരുന്നു. തികച്ചും വിചിത്രകൽപ്പനകൾ (fantasy  ) അരങ്ങേറുന്ന ഒരു ആവിഷ്കാരരീതി കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നു.  വായനക്കാരൻ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ അവനു അനുഭവപ്പെടുന്നു. അത് കഥാകൃത്തിന്റെ വിജയമാണ്.

സാഹിത്യത്തിലെ അസംബന്ധരചനയോട്  ചേർന്ന് നിൽക്കുന്നു കള്ളനും പോലീസുമെന്ന കഥ. എ. കെ. രാമാനുജൻ തർജമ ചെയ്ത കന്നഡ ഭാഷയിലെ ഒരു നാടോടി കഥയോട് ഇതിനു സാമ്യമുണ്ട്.  വിഡ്ഢികളായ ഭരണാധികാരികളുടെ നിരർത്ഥകമായ തീരുമാനങ്ങളും അത് സാധാരണ ജനങ്ങൾക്ക് ദോഷകരമാകുന്നതും ഇതിൽ വ്യക്തമാണ്.  അയുക്തികരമായ വാദങ്ങൾ ഉന്നയിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതും നിരപരാധികളെ ശിക്ഷിക്കുന്നതും പ്രതിദിനം നമ്മൾ കാണുന്ന കാഴ്ച്ചയാണ്. അതിനെ ആക്ഷേപഹാസ്യത്തോടെ,അസംബന്ധമായ വിവരണങ്ങളിലൂടെ ആവിഷ്കരിച്ച് രസിക്കുകയാണ് കഥാകൃത്ത്. നേരത്തെ സൂചിപ്പിച്ച പോലെ ജീവിതത്തിൽ നിന്നും മുറിച്ചെടുത്ത ചില തുണ്ടുകൾ അദ്ദേഹം വായനക്കാർക്ക് സമ്മാനിക്കുന്നു.  പഠിക്കാനും ചിന്തിക്കാനുമുള്ള വിഷയങ്ങൾ ഉള്ളടക്കം ചെയ്തുകൊണ്ട് അവതരിപ്പിക്കുന്ന കഥകൾ.

പ്രേംനഗറിലെ ശങ്കരവിലാസം എന്ന കഥ പണ്ട് ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലിലേക്കുള്ള കഥാകൃത്തിന്റെ പുനഃസന്ദർശനത്തിന്റെ കഥയല്ല.  ജീവിതത്തിന്റെ ഏറ്റവും വലിയ സത്യം അത് വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നാണ്. ചിലതൊക്കെ നമ്മൾ മനസ്സിലാക്കുകയും ചിലത് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ലാഭകരമായ വ്യവസായത്തിൽ നിക്ഷേപിക്കാൻ പണമുണ്ടെങ്കിലും അതിന്റെ നടത്തിപ്പ് വശമില്ലാത്ത ഒരു വ്യക്തിയുടെ ജീവിതമാണ് ഈ കഥയിൽ നിറഞ്ഞുനിൽക്കുന്നത്. അജ്ഞത തലമുറകളിലേക്കും തുടരുന്നുവെന്നും കഥാകൃത്ത് കണ്ടെത്തുന്നു. ആ കണ്ടെത്തൽ വളരെ കലാപരമായി അവതരിപ്പിച്ചിരിക്കുന്നവെന്നതാണ് കഥയുടെ വിജയം. ഓ ഹെന്ററിയെപോലെ കഥാവസാനത്തിൽ (denouement ) ഒരു തിരിക്കൽ. ആ തിരിച്ചറിവിൽ വായനക്കാരനും അത്ഭുതപ്പെട്ടുപോകുന്നു.

വാർത്താവിതരണ രീതിയെ നിശിതമായി പരിഹസിക്കുന്ന കഥയാണ് ഒരു അപസർപ്പക കഥ. വാർത്തകൾക്ക് പുറമെ ഓടുന്ന മാധ്യമങ്ങളുടെ ആർജ്ജവമില്ലായ്മയും, ഔചിത്യമില്ലായമയും അവർ കെട്ടിച്ചമക്കുന്ന സംഭവങ്ങളുടെ നൈമിഷികമായ നിലനിൽപ്പും ഹാസ്യരസം കലർത്തി ശക്തമായി പ്രതികരിച്ചിരിക്കയാണ് കഥാകൃത്ത്. ആനുകാലിക സംഭവങ്ങൾ ഗതികിട്ടാപ്രേതങ്ങളെപോലെ മാധ്യമങ്ങളുടെ ദുർവ്യാഖ്യാനങ്ങൾക്കും, വിവരണങ്ങൾക്കും വിധേയമായി പ്രതിദിനം അലസിപോകുന്ന ദുരന്തത്തിന്റെ ആവിഷ്കാരം. എഴുത്തുകാരൻ വായനക്കാരനെക്കാൾ കൂടുതൽ മനസ്സിലാക്കുകയും കാണുകയും ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ രചനകൾ ആസ്വാദ്യകരമാകുന്നത്.  ഈ കഥാസമാരത്തിലെ ഓരോ കഥയും രസകരമായ വായനാനുഭവം നല്കുന്നതിനോടൊപ്പം ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണിൽ നിന്നും നോക്കി കാണുന്ന പ്രതീതി നൽകുക കൂടി ചെയ്യുന്നു.

ശ്രീ ജോൺ മാത്യുവിനു എല്ലാ നന്മകളും നേരുന്നു. പുസ്തകത്തിന്റെ കോപ്പികൾ എൻ ബി എസ് കോട്ടയം ശാഖയിൽ  ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കഥാകൃത്തിനെ വിളിക്കാം 281 815 5899.

ശുഭം



Facebook Comments
Share
Comments.
image
SudhirPanikkaveetil
2020-08-12 21:06:20
വായിച്ച് അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
image
ThomasKVarghese
2020-08-12 18:04:51
ജോൺ മാത്യു വിന്റെ സാഹിത്യ കിരീടത്തിൽ, അറിവിന്റെ ആധികാരി കതയോടെ ശ്രീ സുധീർ പണിക്കവീട്ടിൽ , ഒരുസ്വർണ്ണ തൂവൽ കൂടി തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. നല്ല ഒരു അവലോകനത്തിന് , നന്ദി.
image
2020-08-09 10:35:01
ഈ കഥാ സമാഹാരത്തിലെ പല കഥകളും വായിക്കാന്‍ ഇടയായിട്ണ്ട്. ശ്രീ. സുധീർ പണിക്കവീട്ടിലിന്റെ പുസ്തക പരിചയം കൂടുതല്‍ ഉൾക്കാഴ്ച നൽകി. ജോൺ മാത്യു അമേരിക്കന്‍ എഴുത്തുകാരിൽ വേറിട്ട ശൈലിയുടെ ഉടമയാണ്. എല്ലാവിധ നന്മകളും നേരുന്നു.
image
vayankaran
2020-08-09 08:34:20
അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾ എല്ലാം മോശം എന്ന അഭിപ്രായം എഴുത്തുകാർക്കും വായനക്കാർക്കുമുണ്ട്. ആ മുൻ വിധി അമേരിക്കൻ മലയാള സാഹിത്യത്തെ മുഖ്യധാരയിൽ നിന്നും ഒഴിച്ച് നിർത്തുന്നു. അത് വളരെ ദയനീയമാണ് . എന്നിട്ടും ധാരാളം അമേരിക്കൻ മലയാളി എഴുത്തുകാർ പ്രതിദിനം പ്രത്യക്ഷപ്പെടുന്നു. കഥ നന്നായി എന്ന് ഒരാൾ പറഞ്ഞാൽ മാത്രം അത് നന്നാകില്ലെന്നും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേളി കേട്ട യുദ്ധവും സമാധാനവും , മലയാള പരിഭാഷ മൂന്ന് മാസമെടുത്ത് വായിച്ചിട്ട് പ്രശസ്ത നിരൂപകൻ കുട്ടി കൃഷ്ണമാരാർ അതിനു മേന്മയൊന്നും കണ്ടില്ലെന്നല്ല ബോറൻ എന്ന് പറയുകയും ചെയ്തു. അതുകൊണ്ട് നിരൂപണങ്ങൾ മുഴുവൻ ശരിയാവണമെന്നില്ല.
image
2020-08-09 08:03:54
പുസ്തക പരിചയപ്പെടുത്തല്‍ നന്നായി. കഥകള്‍ വളരെ മികച്ചതെന്ന സൂചന നല്‍കുന്നുണ്ട്. കഥാകൃത്തിനു എല്ലാവിധ ആശംസകളും നേരുന്നു
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
നക്ഷത്രക്കുഞ്ഞുങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )
ഇണ ചോരുമ്പോള്‍(കഥ :ജോണ്‍ വേറ്റം)
എന്തതിശയമീ ശീതളധാര! (കവിത: മാര്‍ഗരറ്റ് ജോസഫ് )
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
പുഷ്പിക്കാത്തവൾ (കവിത: ബിന്ദുജോൺ മാലം)
പറഞ്ഞു തീർത്തേക്കൂ (കവിത : പുഷ്പമ്മ ചാണ്ടി)
കുമ്പസാരം ( കവിത: ജി. രമണി അമ്മാൾ )
കാര്യസ്ഥന്‍ (കുറ്റാന്വേഷണ നോവല്‍ -അധ്യായം -1: കാരൂര്‍ സോമന്‍)
ദേവഗാന്ധാരി (കഥ: സി. എസ് ചന്ദ്രിക)
പാമ്പും കോണിയും - നിർമ്മല - നോവൽ -30
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്
ഉദകക്രിയ (ചെറുകഥ: സാംസി കൊടുമണ്‍)
ശമരിയാക്കാരനും ഞാനും (കഥ: ഷാജന്‍ ആനിത്തോട്ടം)
ഒരു മാസ്ക്കും അല്പം  പൊല്ലാപ്പും (നർമ്മ കഥ-സാനി മേരി ജോൺ)
നീലച്ചിറകേറിയ വജ്രമൂക്കുത്തി : വിജയമ്മ സി എൻ , ആലപ്പുഴ
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അവസാന ഭാഗം: തെക്കേമുറി)
നാടകാന്തം (കഥ: രമണി അമ്മാൾ)
സന്യാസി (തൊടുപുഴ കെ ശങ്കർ, മുംബൈ)
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut