Image

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തങ്ങളുടെ സംസ്കാരമല്ലെന്ന് പിണറായി

Published on 10 August, 2020
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തങ്ങളുടെ സംസ്കാരമല്ലെന്ന് പിണറായി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അത്തരമൊരു സംസ്കാരം തങ്ങള്‍ ശീലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'പത്ര സമ്മേളനങ്ങളില്‍ ഞാന്‍ വ്യക്തിപരമായി മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ചിലര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്നാണ് പറഞ്ഞത്. തന്റെ പ്രസ് സെക്രട്ടറി ആരെയെങ്കിലും ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അദ്ദേഹവും ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് നിങ്ങള്‍ തമ്മില്‍ ആരോഗ്യകരമായി സംവദിച്ച് തീര്‍ക്കുന്നതാണ് നല്ലത്' മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൈബര്‍ ആക്രമണം എന്ന് പറയുന്നത് ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിചമച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ്. വിമര്‍ശനങ്ങള്‍ വേറെയാണ്. സംവാദം മറ്റൊന്നാണ്. നിങ്ങള്‍ പറയുന്ന ആക്ഷേപം ഏത് പട്ടികയിലാണ് പെടുന്നതെന്ന് നോക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്കെതിരെ മാധ്യമങ്ങള്‍ ആക്ഷേപമുന്നയിക്കുന്നത് ഒരുപാട് കാലമായി. നിലവാരം വിട്ടുള്ള വിമര്‍ശനങ്ങളും വന്നിട്ടുണ്ട്. പക്ഷേ വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്തുനിന്നോ ആര്‍ക്കും ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല . ഞങ്ങള്‍ അത്തരമൊരു സംസ്കാരം ശീലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആരോഗ്യപരമായ സംവാദം നടക്കട്ടെ എന്നുള്ളത് മാത്രമാണ് ഇക്കാര്യത്തില്‍ പറയാനുള്ളൂ. അനാരോഗ്യപരമായ രീതിയിലേക്ക് സംവാദം പോകരുത്. തന്റെ പക്കല്‍ ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക