Image

മലയാളികള്‍ ഉള്‍പ്പടെ ആശങ്കയില്‍, 3,60,000 വിദേശികളെ ഒഴിവാക്കുമെന്ന് കുവൈറ്റ്

Published on 11 August, 2020
മലയാളികള്‍ ഉള്‍പ്പടെ ആശങ്കയില്‍, 3,60,000 വിദേശികളെ ഒഴിവാക്കുമെന്ന് കുവൈറ്റ്
കുവൈത്ത് സിറ്റി :  ജനസംഖ്യാ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനു ത്രിതല പദ്ധതിയുമായി സര്‍ക്കാര്‍. ഹ്രസ്വ,മധ്യ,ദീര്‍ഘകാലാടിസ്ഥാനത്തില്‍ 36,00,00 വിദേശികളെ ഒഴിവാക്കുകയാണു ലക്ഷ്യം. താമസാനുമതി രേഖാനിയമം ലംഘിച്ച 120,000 പേര്‍, അവിദഗ്ധരായ 150,000,  60 വയസ്സ് കഴിഞ്ഞവര്‍ 90,000 പേര്‍ എന്നിങ്ങനെയാണ് കണക്ക്. സാമൂഹിക തൊഴില്‍ മന്ത്രി മറിയം അല്‍ അഖീലുമായി പാര്‍ലമെന്റ് മാനവവിഭവ  വികസന സമിതി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണ് ഈ വിവരം.

സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്വദേശിവല്‍കരണം, വിദഗ്ധരായവരെ മാത്രം വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യല്‍, സാങ്കേതിക- ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കല്‍, സാമൂഹിക- സാമ്പത്തിക- സാംസ്കാരിക-സുരക്ഷാ മേഖലയ്ക്ക് കോട്ടം തട്ടാത്തവിധം ജനസംഖ്യ സന്തുലനം ഉറപ്പാക്കല്‍ എന്നീ 4 ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാകും പദ്ധതി നടപ്പാക്കുക.

ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന് ഉതകുംവിധം വിദേശ രാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കുന്നതു സംബന്ധിച്ച രൂപരേഖ മന്ത്രി മറിയം അല്‍ അഖീല്‍ അവതരിപ്പിച്ചതായി സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലെ എംപി പറഞ്ഞു. തൊഴില്‍ വിപണിയില്‍ വിദേശികളുടെ അമിത സാന്നിധ്യം ഗള്‍ഫ് മേഖലയിലെ മുഴുവന്‍ രാജ്യങ്ങളിലും പ്രതിസന്ധി ഉളവാക്കുന്നെന്നു സമിതി അംഗം ഉസാമ അല്‍ ശഹീന്‍ പറഞ്ഞു. ജിസിസി തലത്തില്‍ തൊഴില്‍ വിപണിയില്‍ 82.4% വിദേശികളാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക