Image

കവി ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

Published on 12 August, 2020
കവി ചുനക്കര രാമന്‍കുട്ടി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം.

ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: രേണുക, രാധിക, രാഗിണി. മരുമക്കള്‍: സി.അശോക് കുമാര്‍ (റിട്ട.ആരോഗ്യ വകുപ്പ്), പി.ടി.സജി (റെയില്‍വേ, മുംബൈ), കെ.എസ്. ശ്രീകുമാര്‍ (സി.ഐ.എഫ്.ടി.).

ഒട്ടേറെ സിനിമകള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനമാണ്. 1978ല്‍ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി.ജി.വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984ല്‍ വിവിധ സിനിമകള്‍ക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്കാരം ലഭിച്ചിരുന്നു. ശ്യാമ മേഘമേ നീ(അധിപന്‍), സിന്ധൂര തിലകവുമായി(കുയിലിനെ തേടി), നീ അറിഞ്ഞോ മേലേ മാനത്ത് (കണ്ടു കണ്ടറിഞ്ഞു) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

1936 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കല്‍ കാര്യാട്ടില്‍ കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. പിന്നീട് ആകാശവാണിയില്‍ പാട്ടെഴുതാനുള്ള അവസരങ്ങള്‍ ലഭിച്ചു. ആകാശവാണിയിലെ റേഡിയോ അമ്മാവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി.ഗംഗാധരന്‍ നായരുമായുള്ള പരിചയമാണ് ആകാശവാണിയിലേക്ക് ചുനക്കരയെ എത്തിച്ചത്. ആകാശവാണിക്കായി രചിച്ച ലളിതഗാനങ്ങള്‍ക്ക് ആരാധകരേറെയായിരുന്നു. പിന്നീട് നാടകവേദികളില്‍ സജീവമായി. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരളാ തിയേറ്റേഴ്‌സ്, നാഷണല്‍ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകള്‍ക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക