Image

സൗദി ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Published on 16 August, 2020
 സൗദി ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



റിയാദ്: ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും സമുചിതമായി ആചരിച്ചു. റിയാദില്‍ ഇന്ത്യന്‍ അംബാസ്സഡറും ജിദ്ദയില്‍ ആക്ടിങ് കോണ്‍സല്‍ ജനറലും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയാദില്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയീദ് ദേശീയ പതാക ഉയര്‍ത്തി. പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം അംബാസിഡര്‍ ചടങ്ങില്‍ വായിച്ചു.

26 ലക്ഷം വരുന്ന സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മികച്ച പിന്തുണ നല്‍കിയ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അംബാസ്സഡര്‍ നന്ദി രേഖപ്പെടുത്തി. ഈ പരീക്ഷണ കാലഘട്ടത്തിലും ഇന്ത്യക്കാരുടെ ക്ഷേമത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സൗദി ഭരണകൂടം നല്ല പരിഗണനയാണ് നല്‍കുന്നത്. ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കുമായി ധീരമായി പോരാടി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അംബാസ്സഡര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കഴിഞ്ഞ മെയ് മാസം ഇന്ത്യ ആരംഭിച്ച വന്ദേ ഭാരത് മിഷന്‍ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി 80,000 ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് സാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഈ ദൗത്യത്തില്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ സഹകരണം എടുത്തു പറയേണ്ടതാണെന്നും നന്ദി രേഖപ്പെടുത്തുന്നതായും അംബാസിഡര്‍ പറഞ്ഞു.

ജിദ്ദയില്‍ കോണ്‍സുലേറ്റ് ജനറല്‍ അങ്കണത്തില്‍ ആക്ടിങ് കോണ്‍സല്‍ ജനറല്‍ വൈ. സബീര്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളും കോണ്‍സല്‍ ജനറല്‍ വായിച്ചു. റിയാദില്‍ അംബാസ്സഡര്‍ കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത്, കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലാര്‍ ദേശ് ബന്ധു ബാട്ടി, ഹെഡ് ഓഫ് ചാന്‍സറി അനൂപ് ഡിന്‍ഗ്ര, കോണ്‍സുല്‍ കോണ്‍സുലാര്‍ രാകേഷ് കുമാര്‍, ഡിഫന്‍സ് അറ്റാഷെ കേണല്‍ മനീഷ് നാഗ് പാല്‍ എന്നിവരടക്കം എംബസ്സിയില്‍ നയതന്ത്ര ഉദ്യോഗസ്ഥരും പരിമിതമായി ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തകരും എംബസി വോളന്റിയര്‍മാരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക