Image

നീലച്ചിറകുള്ള മൂക്കുത്തികൾ 27 സന റബ്സ്

Published on 23 August, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 27 സന റബ്സ്
പോകാന്‍ തിരക്കുണ്ടായിരുന്ന സഞ്ജയ്‌ തയ്യാറാവുന്നതിനിടയില്‍ മിലാനോട് ചോദിച്ചു. “നീയെങ്ങനെയാണ് മടങ്ങുന്നത്? ദാസിനെ കാണാന്‍ നില്ക്കുന്നുണ്ടോ?”

“യെസ് അച്ഛാ, ഞാനും വിദേതും മിത്രയും ഒരുമിച്ചുള്ള അവസരങ്ങള്‍ അപൂര്‍വമല്ലേ, വിദേത് വരട്ടെ.”

“ഓക്കേ, ഇപ്പോള്‍ മിത്രയുടെ രീതികള്‍ നീ കണ്ടല്ലോ; കരുതല്‍ വേണം എപ്പോഴും.” അയാള്‍ ഓര്‍മ്മപ്പെടുത്തി. വാതിലില്‍ തട്ടിക്കൊണ്ട് മൈത്രേയി കയറിവന്നു. “ഹായ് അങ്കിള്‍, നാളെ അച്ഛന്‍ വന്നാല്‍ നമുക്ക് ഡല്‍ഹിക്ക് പോയാലോ? വീട്ടില്‍പ്പോയി എല്ലാവരെയും കാണാം?”

“സോറി മിത്രാ, ഞാന്‍ പോകാന്‍ ഒരുങ്ങുകയാണ്. ഇന്നുതന്നെ പല കാര്യങ്ങളും മാറ്റിവെച്ചാണ് നമ്മള്‍ പുറത്തുപോയത്. നിങ്ങള്‍ തീരുമാനിക്കൂ, ദാസ്‌ വന്നാല്‍ പ്ലാന്‍ പറയൂ; അയാം ലീവിംഗ്..”

ആഹാരം ഫ്ലൈറ്റില്‍നിന്നാവാം എന്ന് പറഞ്ഞു സഞ്ജയ്‌ യാത്രയായി. “നമുക്കെന്തെങ്കിലും കഴിക്കാം. വിശക്കുന്നില്ലേ?” മിലാന്‍ മൈത്രേയിയെ നോക്കി.

“വേണ്ട ദീദി, ഇപ്പൊ ഉറങ്ങിയാല്‍ മതി. വല്ലാത്ത ക്ഷീണം, നമുക്ക് പുറത്തുപോയി കഴിക്കാനൊക്കെ പ്ലാന്‍ ഇട്ടതായിരുന്നു. ഇപ്പൊ വൈകിയില്ലേ...”

“സാരമില്ല മിത്രാ, പക്ഷെ എന്തെങ്കിലും കഴിക്കാതെ ഉറങ്ങരുത് എന്നാണ് അമ്മ എപ്പോഴും പറയാറ്. ജ്യൂസ് എന്തെങ്കിലും കൊണ്ടുവരാന്‍ പറയാം.”

“ഉം, നാനിയും വല്ലാതെ നിര്‍ബന്ധിക്കും, രാത്രി ഫുഡ്‌ ഒഴിവാക്കരുത്‌ എന്ന് പറയും. അമ്മയുടെ അരികിലാണെങ്കില്‍  രക്ഷയേയില്ല. ഞാന്‍ അവിടെയാണെങ്കില്‍ അന്നുവരെ എനിക്കുവേണ്ടി ഉണ്ടാക്കിത്തരാന്‍ കരുതിയ എല്ലാ ഡിഷും അമ്മ ഒരുമിച്ചുണ്ടാക്കും. എന്നിട്ട് അതെല്ലാം ഞാന്‍ കഷ്ടപ്പെട്ട് കഴിക്കയും വേണം...”

മിലാന്‍ തിരിഞ്ഞു മൈത്രെയിയെ വീക്ഷിച്ചു. അമ്മയെയും അച്ഛനെയും വല്ലാതെ ആഗ്രഹിക്കുന്ന ഒരു കൊച്ചുകുട്ടി ആ മുഖത്തെവിടെയോ നിന്ന് എത്തി നോക്കുന്നുണ്ടോ...

“മിത്ര അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടോ?”

“ഉം, എനിക്ക് അമ്മയുടെ അരികിലിരിക്കാനാണ് പലപ്പോഴും ഇഷ്ടം, അച്ഛന്‍ ഒരു വെടിയുണ്ടപോലെയാണ്. വെരി ഫാസ്റ്റ്! അച്ഛന്‍ അരികില്‍ ഉണ്ടായാലും ഒരുമിച്ചിരിക്കാനോ സംസാരിക്കാനോ വളരെ കുറച്ചു മിനിട്ടുകളെ കിട്ടൂ, അതുതന്നെ ഫോണിന്റെയും ഗസ്റ്റുകളുടെയും ഇടയിലൂടെ വീണുകിട്ടുന്നവ. അതുകാണുമ്പോള്‍ എനിക്ക് ശ്വാസം മുട്ടും, അച്ഛനെ ഞാനായിട്ട് സാക്രിഫൈ ചെയ്യിക്കുകയാണോ എന്ന് തോന്നും. മനസ്സില്‍നിന്നും തരുന്ന സാമീപ്യമാണ് എന്ന് തോന്നാറില്ല. സ്ട്രോങ്ങ്‌ ആയ പെര്‍ഫ്യൂം നിറഞ്ഞ മുറിയില്‍ ഇരിക്കുമ്പോലാണ് അച്ഛന്റെ കൂടെയിരുന്നാല്‍; ശ്വാസം  മുട്ടിക്കും അച്ഛന്‍.”

മൈത്രേയി സോഫയിലേക്ക് ചാഞ്ഞിരുന്നു. “അമ്മ അങ്ങനെയല്ല. അമ്മയൊരു ഇളം തെന്നല്‍ പോലെയാണ്. സുഗന്ധത്തോടെ എന്നെ പൊതിയുന്ന കാറ്റാണ് അമ്മ. അമ്മയ്ക്ക് അമ്മയുടെ വീട്ടിലെ പൂക്കളുടെ മണമാണ്. അമ്മ ഗാര്‍ഡനിലൂടെ നടക്കുമ്പോഴൊക്കെ ആ വശത്തേക്ക് പൂക്കള്‍ ചായുംപോലെ തോന്നാറുണ്ട്. അമ്മ നടക്കുന്നത് കണ്ടിട്ടുണ്ടോ ദീദി..” മൈത്രേയി എഴുന്നേറ്റു മിലാന്റെ ദുപ്പട്ടയെടുത്ത് തലവഴിമൂടി കുണുങ്ങിക്കുണുങ്ങി നടന്നു. ഒരു കൈ ചെറുതായി വീശി ഇടതുകാലിന്റെ ഉപ്പൂറ്റി അല്പം മാത്രം നിലത്തൂന്നി അവള്‍ നടന്നപ്പോള്‍ മിലാന്‍ നോക്കിയിരുന്നു.

ഇതിനിടയില്‍ ജ്യൂസ് വന്നു. “രഥോത്സവങ്ങളുടെ ചിത്രങ്ങള്‍ നിറഞ്ഞ ഷാള്‍ പുതയ്ക്കുമ്പോള്‍ അമ്മ രാജ്ഞിയെപ്പോലെയാണ്. വല്ലാത്ത ഗാംഭീര്യം വരും. പശിമയുള്ള സാരികളും ചുരിദാറുമാണ് അമ്മയുടെ സിഗ്നേച്ചര്‍... ഒരിക്കല്‍ അമ്മയെയും അച്ഛനെയും കൂട്ടി പുറത്തുപോകാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. അച്ഛന്‍ അമ്മയുടെ വീട്ടിലേക്ക്‌ വരാമെന്നാണ് പറഞ്ഞത്. രാവിലെ പത്തുമണിയോടെ ഇറങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഞങ്ങള്‍ തയ്യാറായി. രണ്ടു മണിക്കൂര്‍ കാത്തിരുന്നു. അച്ഛന്‍ വിളിച്ചിട്ട് പറഞ്ഞു ഉച്ചയ്ക്ക് വരാം ലഞ്ച് പുറത്തൂന്നു കഴിക്കാം എന്നൊക്കെ; അമ്മ വസ്ത്രം മാറ്റിയിട്ടു. പിന്നേം ലഞ്ചിന്റെ സമയം ആയപ്പോള്‍ ഞങ്ങള്‍ തയ്യാറായി. അച്ഛന്‍ വന്നില്ല. അമ്മ വീണ്ടും വേഷം മാറ്റിയിട്ടു. കുറെ കഴിഞ്ഞപ്പോള്‍ അച്ഛന്‍ വിളിച്ചു ഉറപ്പായും വരാമെന്ന് പറഞ്ഞു. അച്ഛന്റെകൂടെ ഇനി വരുന്നില്ലയെന്ന്  ദേഷ്യത്തോടെ  ഞാന്‍ വഴക്കുണ്ടാക്കി. അമ്മ വീണ്ടും ആ സാരി അയെണ്‍ ചെയ്തു ഉടുത്തു. മൂന്ന് വട്ടവും അമ്മ മൂന്ന് വ്യത്യസ്ത രീതിയിലായിരുന്നു ആ സാരിയുടുത്തത്. അപ്പോഴൊക്കെ ഒരു ദേഷ്യവും ആ മുഖത്ത് കണ്ടില്ല, ചെറിയ മന്ദഹാസമൊഴികെ...”

മൈത്രേയി പറയുന്ന ഓരോ വാക്കുകളും സംഭവങ്ങളും മിലാന്റെ ഉള്ളില്‍ ആഴത്തില്‍ പതിയുന്നുണ്ടായിരുന്നു. അവള്‍ യാത്ര പറഞ്ഞുപോയിട്ടും മിലാന്‍ ആലോചനയോടെയിരുന്നു. മൈത്രേയി എന്ന മകള്‍ വെറും പത്രാസിലും ആഘോഷങ്ങളിലും മാത്രം ജീവിക്കുന്നവളല്ലെന്ന് മിലാനു  മനസ്സിലായി. വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള പെണ്കുട്ടിയാണവള്‍...

ഡോറില്‍ തുടരെമുട്ടുന്ന ശബ്ദം കേട്ടാണ് മിലാന്‍ എഴുന്നേറ്റത്. അവള്‍  സോഫയില്‍ത്തന്നെ കിടന്നുറങ്ങിപ്പോയിരുന്നു. സമയം രാവിലെ എട്ടുമണി കഴിഞ്ഞിരിക്കുന്നു. അവള്‍ മുഖം തുടച്ചു വാതില്‍ തുറന്നു. തുറന്ന വാതിലിനപ്പുറത്ത്‌ ദാസ്‌ നില്‍ക്കുന്നു. നിറഞ്ഞ പുഞ്ചിരിയോടെ! “ഗുഡ്മോര്‍ണിംഗ് മൈ സ്വീറ്റ് ഹാര്‍ട്ട്.. ഹാവ് എ നൈസ് ഡേ....” അയാള്‍ ചിരിയോടെ അകത്തുകയറി.

“എപ്പോഴാണ് വന്നത്?” മിലാന്‍ തിരക്കി.

“രണ്ടു മണിക്കൂര്‍ ആയിക്കാണും, മിത്രയെ വിളിച്ചു, എടുത്തില്ല; അവള്‍ ഉറക്കത്തിലാണെന്നു തോന്നുന്നു. പിന്നെ നിന്നെ ഉണര്‍ത്തിയേക്കാം എന്ന് തീരുമാനിച്ചു.  മിലാന്‍ ദാസിനെ നോക്കി. കുളിച്ചു വേഷം മാറിയിട്ടുണ്ടെങ്കിലും അയാളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിക്കിടന്നിരുന്നു.

“രാത്രി ആഘോഷം പവര്‍ഫുള്‍ ആയിരുന്നെന്ന് തോന്നുന്നു; കുടിച്ചോ ഇന്നലെ?”

ദാസ്‌ അവളുടെ നേരെ തിരിഞ്ഞു. “ഇല്ലല്ലോ.... കുടിക്കണോ ഇപ്പോള്‍...” അയാള്‍ കട്ടിലിലേക്ക് കയറി നീണ്ടുനിവര്‍ന്നു കിടന്നു.

 കൈകള്‍ പുറകിലേക്ക് മടക്കി വിരലുകള്‍ കോര്‍ത്തുവലിച്ചു പൊട്ടിച്ചു. തല തിരിച്ചു നോക്കിയപ്പോള്‍ മിലാന്‍ അയാളെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു.

“കുടിച്ചില്ലെന്ന്... ഇവിടെ വാ...” അവളെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചപ്പോള്‍ മിലാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. “എന്തായിരുന്നു ഉറങ്ങാതെയുള്ള പരിപാടികള്‍?”

“ഇത്രയും ധൃതിയോ.... പരിപാടി അല്പം കഴിഞ്ഞു കാണിച്ചാല്‍ പോരെ?” അയാള്‍ ചിരിച്ചുകൊണ്ടവളെ വീണ്ടും ചേര്‍ത്തണച്ചു.

“ഓഹോ, എന്നാല്‍ പരിപാടി കേട്ടോ, ഡല്‍ഹിയില്‍ പോയാലോ എന്നൊരു പ്ലാന്‍ മിത്ര പറഞ്ഞിരുന്നു. വീട്ടിലേക്ക്, പോകണോ? എന്തായാലും നിശ്ചയത്തിന് എല്ലാരും കാണുമല്ലോ, പിന്നെ ഇപ്പോഴൊരു പോക്ക് വേണോ?”

“ഉം, വേണേല്‍ പോകാം, എല്ലാവരെയും മുന്‍പേ കണ്ടിരിക്കുന്നതും നല്ലതല്ലേ” അയാള്‍ തിരിഞ്ഞു ഒരു കാലെടുത്തു മിലാന്റെ ദേഹത്തേക്ക് കയറ്റിവെച്ചു. “നമ്മള്‍ ഇങ്ങനെ ഒരുമിച്ചുണ്ടായത് അന്ന് ഒറീസ്സയില്‍ വെച്ചാണ്, ഓര്‍ക്കുന്നുണ്ടോ...”

“ഉം...” മിലാന്‍ ഉയര്‍ന്ന് അയാളുടെ കവിളുകളിലും നെറ്റിയിലും ഉമ്മവെച്ചു. ദാസ്‌ കണ്ണടച്ച് അനങ്ങാതെ കിടന്നു.

“ഞാന്‍ കുറെ നാളായി വല്ലാത്ത തിരക്കുകളിലാണ്, ഒന്നിനും സമയമില്ലാത്ത ഓട്ടങ്ങള്‍, ഇതുപോലൊന്ന് ഫ്രീയായി കിടന്നിട്ടുപോലും മാസങ്ങളായി...രാത്രിയിലോ പുലര്ച്ചയിലോ വളരെ ക്ഷീണത്തോടെ വന്നുകിടന്ന് രാവിലെ എഴുന്നേറ്റു ഓടുന്നു.”

“എന്തെങ്കിലും കഴിക്കണോ... വിശക്കുന്നില്ലേ...”

“ഉണ്ട്... കുറച്ചു കഴിയട്ടെ...”

“മിത്ര വിദേതിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്, അച്ഛനുമമ്മയും ഒത്തുള്ള നിമിഷങ്ങള്‍ അവള്‍ക്ക് ആഗ്രഹമുണ്ടാവില്ലേ?”

“അറിയാം, അതാണ്‌ പറഞ്ഞത്, സമയം എന്റെ നിയന്ത്രണത്തില്‍ അല്ല കുറച്ചു കാലങ്ങളായിട്ട് എന്ന്, മുന്‍പും തിരക്കുകള്‍ ഉണ്ടായിരുന്നു, പക്ഷെ ഈയിടെ വളരെ കൂടുതലാണ്.”

ദാസിന്‍റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് മിലാന്‍ കാണുന്നുണ്ടായിരുന്നു. മുകളിലേക്ക് ചീകിവെച്ച ആ മുടിയിഴകളില്‍ അവളുടെ വിരലുകള്‍ കോര്‍ത്തു. ഉറക്കത്തിലേക്കു വീഴുന്ന ആ മുഖത്തേക്ക് തന്നെ അവള്‍ നോക്കിക്കിടന്നു. തനിക്ക് ഉന്മാദം നല്‍കുന്ന ഈ മുഖം താന്‍ ആഗ്രഹിക്കുംപോലെ എപ്പോഴും തന്നരികില്‍ ഉണ്ടാകുമോ.... പ്രിയമുള്ളോരാളെ കാത്തിരുന്നു വേഷങ്ങള്‍ ധരിക്കുകയും അഴിച്ചുകളയുകയും ചെയ്യുന്ന മേനകയുടെ രൂപം അവളുടെ മുന്നില്‍ തെളിഞ്ഞു. അത്രയും സഹിഷ്ണുത തനിക്കുണ്ടോ...?

കടലിലെ സഞ്ചാരിയാണ് വിദേത്. അയാള്‍ക്കൊരിക്കലും കരയല്ല ലക്ഷ്യം. അനന്തമായ കടലാണ് അയാളെ ലഹരി പിടിപ്പിക്കുന്നത്. രണ്ടും മൂന്നും സമുദ്രങ്ങള്‍ ചേരുന്ന ചുഴികളിലേയ്ക്കുള്ള അഗാധമായ വീഴ്ചയോടെയുള്ള പ്രണയങ്ങള്‍... ആഴങ്ങളിലേക്കുള്ള വീഴ്ചയുടെ ലഹരിതേടി സമുദ്രങ്ങള്‍ നീന്തിക്കയറുന്നവന്‍! കടലില്‍ മാത്രം കിട്ടുന്ന തൊലികള്‍ ചുട്ടുപൊള്ളിക്കുന്ന തീക്ഷ്ണമായ സൂര്യനും നനുത്ത മഴയും അലറിയമര്‍ന്നു വിഴുങ്ങുന്ന തിരമാലകളും അയാള്‍ക്ക്‌ മാത്രം നീന്തിയെത്താന്‍ കഴിയുന്ന കടല്‍ക്കൊട്ടാരങ്ങളും... കടലിന്‍റെ മണം... ആ ചൊരുക്കില്‍ അതിന്റെ വിഭ്രാന്തിയില്‍ മുന്നോട്ട് നീങ്ങുന്ന അയാളുടെ ഉള്ളില്‍ എവിടെയാണ് നേര്‍ത്ത ശംഖുപോലുള്ള തന്റെ പ്രണയം..?
ക്ലീന്‍ഷേവ് ചെയ്ത ആ കവിളുകളില്‍ മിലാന്‍ പതുക്കെ തലോടി. 
ഓരോ വട്ടവും വഴക്കിന്റെ തീവളയത്തിലൂടെ ചാടിയാലും പൊള്ളാതെ വീണ്ടും ചേരുന്ന മാജിക്‌ലൈഫ്! അങ്ങനെ കിടന്നവള്‍ മയങ്ങിപ്പോയി.
തന്റെ മൂക്കില്‍ മൃദുവായ തലോടലേല്ക്കുന്നതറിഞ്ഞാണ് മിലാന്‍ കണ്ണ്തുറന്നത്. ദാസ്‌ ഉണര്‍ന്നിരുന്നു. കൈകുത്തി അവളെത്തന്നെ നോക്കികിടക്കുകയായിരുന്നു അയാള്‍.  
‘ഉം...?’ ചോദ്യരൂപത്തില്‍ മിലാന്റെ ഒരു പുരികം മാത്രം വളഞ്ഞു. അയാള്‍ ഒന്നുമില്ലെന്ന് ചുമലിളക്കി 
“നനഞ്ഞ മണല്‍തീരത്ത് പറ്റിച്ചേര്‍ന്നു കിടക്കുന്ന ഈ വെണ്ശംഖിനെ കാണുകയായിരുന്നു.”

“ഏതു തീരം?”

“ഈ നെഞ്ചിന്‍ തീരം....” അയാളുടെ കൈകള്‍ സ്വന്തം നെഞ്ചോട്‌ ചേര്‍ന്നപ്പോള്‍ മിലാന്‍ ഒന്നുകൂടി അയാളിലേക്ക് ചുരുണ്ടുകൂടി. അവള്‍ ഓര്‍മ്മിപ്പിച്ചു. “സമയം പത്ത് കഴിഞ്ഞു സാബ്... വിശക്കുന്നു, എണീക്ക്... എന്തെങ്കിലും കഴിക്കാം...” അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അവളുടെ കൈകള്‍ വിടാതെ അയാള്‍ ചോദിച്ചു. “വീണുകിട്ടിയ രണ്ടുമണിക്കൂര്‍ ഞാന്‍ ഉറങ്ങിത്തീര്‍ത്തെന്ന് തോന്നുന്നുണ്ടോ മിലാന്‍...”

“ഛെ... യു ആര്‍ വെരി സില്ലി വിദേത്....” മിലാന് ചിരി വന്നു. അതേസമയം വാതിലില്‍ തട്ട് കേട്ടു. ദാസ്‌ വാതില്ക്കലേക്ക് വിരല്‍ ചൂണ്ടി. “എന്റെ സന്തതിയാണ് ആ വാതില്‍ പൊളിക്കാന്‍ ശ്രമിക്കുന്നത്. അടുത്തത് നീണ്ട ഡോര്‍ബെല്‍ ആയിരിക്കും...” ശരിയായിരുന്നു. ബെല്ലില്‍നിന്നും കയ്യെടുക്കാതെയുള്ള നീണ്ട ശബ്ദം വന്നപ്പോള്‍ ദാസ്‌ എഴുന്നേറ്റു. “ഞാന്‍ മുറിയില്‍ ഉറങ്ങുകയാണെങ്കില്‍ ഇതാണ് മിത്രയുടെ സ്വഭാവം. എണീക്കുംവരെ ബെല്ലില്‍നിന്നും കയ്യെടുക്കില്ല.”

അയാള്‍ വാതില്‍ തുറന്നു. “എന്താ നീ ബെല്ലും വാതിലും പൊളിക്കുമോ? നഷ്ടപരിഹാരം സ്വന്തം അക്കൌണ്ടില്‍നിന്നും കൊടുത്തേക്കണം.”

“അച്ഛാ, ഇന്ന് എക്സ്ക്യൂസ് പറ്റില്ല, നമുക്ക് ഡല്‍ഹിയില്‍ പോകാം. ഇന്നുതന്നെ, ഞാന്‍ നാനിയോടു പറഞ്ഞിരുന്നു വരാമെന്ന്...”

“ശരി പോകാം. നാളെ ഉച്ചവരെ നിനക്കുവേണ്ടി ഞാന്‍ ഫ്രീയാക്കി തന്നിരിക്കുന്നു. പോരേ?” മൈത്രേയി സന്തോഷത്തോടെ ദാസിനെ കെട്ടിപ്പിടിച്ചു. “ഞാന്‍ റെഡിയാവട്ടെ ദീദി..” അവള്‍ മിലാനെ നോക്കി. മിലാന്‍ തലയാട്ടി. “റെഡിയായി ഇങ്ങോട്ട് വാ, നമുക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞിട്ട് ഇറങ്ങാം...” മൈത്രേയി ഇറങ്ങിയ ഉടനെ ദാസിനെ കാണാന്‍ നാരായണസാമി വന്നു. മിലാനെ ഒന്ന് നോക്കി ദാസ്‌ മുറിയിലേക്ക് പോയി.

ആഹാരം കഴിക്കുന്ന സമയമായിരുന്നു പിന്നീടു മൂവരും ഒത്തുകൂടിയത്. “അച്ഛാ, അച്ഛനെ തിരക്കി കുറെയാളുകള്‍ വീട്ടിലേക്കു വിളിച്ചു. അച്ഛന്റെ മൊബൈലിന് എന്താ പറ്റിയേ? ബിസിനസ് സിം വര്‍ക്ക്‌ ആകുന്നില്ലേ? ലാന്‍ഡ്‌ഫോണിലാ പലരും വിളിച്ചേ...”

“ഉം, രണ്ട് സിം ഇപ്പോള്‍ ഓണ്‍ അല്ല, അത്യാവശ്യക്കാര്‍ക്ക് വേറെ നമ്പര്‍ ഉണ്ടല്ലോ...”

“ആ തനൂജാ തിവാരി പലവട്ടം വിളിച്ചു. ഒരുവട്ടം ഞാനും പിന്നെയൊക്കെ  നാനിയുമാണ് കാള്‍ അറ്റന്‍ഡ് ചെയ്തെ...” അപ്രതീക്ഷിതമായി കേട്ട ഈ പേരില്‍ ദാസും മിലാനും പരസ്പരം നോക്കിപ്പോയി.

“ഉം... എന്ത് പറഞ്ഞു?”

“അച്ഛന്‍ സിംഗപ്പൂര്‍ ആണോ ബെല്‍ജിയം പോയോ എന്നൊക്കെ എന്നോട് ചോദിച്ചു. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. നാനിയോടും ചോദിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഈ മാസം എവിടെയായിരുന്നു?”

ദാസിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

“അവര് സൂപ്പര്‍ സ്റ്റൈല്‍ ആണല്ലേ ദീദി...? തനൂജ? ഐ ലൈക്‌ ഹേര്‍ സ്റ്റൈല്‍!”

“ഉം...” മിലാന്‍ തലയാട്ടി.

“നാനി അവരെ നമ്മുടെ ഫങ്ക്ഷന് ക്ഷണിച്ചു. പൂജയിലും പങ്കെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കുറെ ഫ്രണ്ട്സും ഉണ്ടാവില്ലേ?” മൈത്രേയി അച്ഛന്റെ വിശേഷങ്ങളും അവളുടെ കോളേജ് വിശേഷങ്ങളും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കു അവള്‍ക്കു വന്ന ഫോണ്‍ വിളികളില്‍ ദാസിനും മിലാനും നിമിഷങ്ങള്‍ വീണുകിട്ടി. മിലാന്‍ ദാസിനെ നോക്കി. കുറെയേറെ ചോദ്യങ്ങള്‍ മിന്നുന്ന ആ കണ്ണുകളില്‍ നോക്കി ദാസ്‌ ഒരു ഫ്ലയിംഗ് കിസ് എറിഞ്ഞുകൊടുത്തു. മിലാന്‍ ദേഷ്യത്തോടെ അത് കൈകളില്‍ പിടിച്ചെടുത്തു ഞെരിച്ചുകളഞ്ഞു. “ഹഹഹ.....” ദാസ്‌ പൊട്ടിച്ചിരിച്ചു. “വെറുതെ പ്രഷര്‍ കൂട്ടണോ? നിനക്കറിയാത്ത തനൂജയാണോ..?”

ബെല്‍ജിയം ആന്‍ഡ്‌ സിംഗപ്പൂര്‍ എന്ന പേരുകള്‍ അയാളുടെ മനസ്സില്‍ ഉടക്കിയിരുന്നു. എന്നാല്‍ അതേപ്പറ്റി അപ്പോഴയാള്‍ പറയാന്‍ ആഗ്രഹിച്ചില്ല. മൂന്നുപേരും തയ്യാറായി എയര്‍പോട്ടിലേക്ക് പോകുമ്പോള്‍ കാറില്‍ വെച്ച് ധൃതിയില്‍ അയാള്‍ ആര്‍ക്കോ മെയില്‍ അയക്കുന്നത് മിലാന്‍ ശ്രദ്ധിച്ചു.

ഫ്ലൈറ്റില്‍ മിലാനും മൈത്രേയിയും അടുത്തടുത്ത സീറ്റിലായിരുന്നു. ദാസ്‌ അവര്‍ക്കരികിലേക്കു ചെറുചിരിയോടെ വന്നു. “മൈ ഡാര്‍ലിംഗ്, അച്ഛന് ഈ സീറ്റ് ഒഴിഞ്ഞുതരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?”

“ഇല്ല, മിസ്റ്റര്‍ റായ് വിദേതൻ... നിങ്ങൾ അവിടെ സീറ്റില്‍ പോയിരിക്കൂ, നാണമില്ലേ മകളോട് ഗേള്‍ഫ്രണ്ടിനുവേണ്ടി സീറ്റ് യാചിക്കാന്‍?” മൈത്രേയി കൃത്രിമഗൗരവത്തോടെ തിരിഞ്ഞിരുന്നു.

“ബൈ ദി ബൈ, നിനക്ക് ബോയ്‌ഫ്രണ്ട് ഇല്ലേ... സത്യത്തില്‍ നിനക്കവിടെ പ്രൈവസിയോടെ  ഇരുന്നു നിന്റെ ബോയ്‌ഫ്രണ്ടിനോട് സംസാരിക്കാമല്ലോ എന്ന് കരുതി എന്റെ സീറ്റ് ഒഴിവാക്കിയതായിരുന്നു.”

“ഒഹ്, റിയലി..? ബട്ട്‌ വെരി സോറി റായ് വിദേതന്‍, താങ്കള്‍ക്ക് ആള് മാറിപ്പോയി....”

“ഛെയ്... ഒരു ബോയ്‌ഫ്രണ്ട് ഇല്ലാത്ത പെണ്‍കുട്ടികളോ? അതും ഇക്കാലത്ത്? വളരെ മോശം....” അയാള്‍ അവളെ ചൊടിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. വീണ്ടും ഗൌരവം കാണിച്ച മകളോട് അയാള്‍ ചെവിയില്‍ എന്തോ പറഞ്ഞു. ഒരു ചിരിയിലേക്ക്‌ അച്ഛനും മകളും അലിയുന്നത് മിലാന്‍ നോക്കിയിരുന്നു. മൈത്രേയി തന്റെ ലാപ്ടോപ് എടുത്ത് മുന്നിലെ ദാസിന്റെ സീറ്റില്‍ ചെന്നിരുന്നു. വിന്‍ഡോസീറ്റിലേക്ക് ചാഞ്ഞിരിക്കുന്ന മിലാനെ തന്റെ കരവലയത്തിലേക്ക് ഒതുക്കി ദാസ്‌ അരികിലിരുന്നപ്പോള്‍ മിലാന്‍ ചോദിച്ചു. “എന്ത് പറഞ്ഞാണ് മിത്രയെ ഓടിച്ചു വിട്ടത്?”

“അതൊക്കെയുണ്ട്‌, ഞങ്ങള്‍ അച്ഛനും മകളും മാത്രമുള്ള രഹസ്യം..” ആകാശത്തിന്റെ ഭൂപടം നോക്കി പറക്കുന്ന വിമാനത്തില്‍ ദാസിന്റെയും മിലന്റെയും കളിചിരികള്‍ തൂവലായി ഉയര്‍ന്നു മേഘങ്ങളെ ഉരുമ്മിനീങ്ങിക്കൊണ്ടിരുന്നു.

കരിങ്കല്‍ഭിത്തികളുടെ സുരക്ഷയില്‍ ഉയര്‍ന്നുനില്‍ക്കുന്ന തന്റെ വെണ്ണക്കല്‍ക്കൊട്ടരത്തിലേക്ക് ഡ്രൈവ് ചെയ്തത് ദാസ്‌ തന്നെയായിരുന്നു. അയാളുടെ വേഗതയില്‍ സെക്യൂരിറ്റിവാഹനങ്ങള്‍ പലപ്പോഴും പുറകിലായിക്കൊണ്ടിരുന്നു. “ഇന്ന് ദീദി മടങ്ങേണ്ട കേട്ടോ, രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതി.” മിലാനെ നോക്കി മൈത്രേയി പറയുന്നുണ്ടായിരുന്നു. റായ് വിദേതന്‍ ദാസിന്‍റെ വീട്ടിലേക്കുള്ള വഴികളും അലങ്കാരങ്ങളും മരങ്ങളും കണ്ട് കണ്ണെടുക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു മിലാന്‍. കൂറ്റന്‍ ഗേറ്റ് കടന്ന് പനമരങ്ങളുടെ തണലിലൂടെ ആ കാര്‍ പോര്ച്ചിലേക്ക് ഒഴുകിവന്നു നിന്നു.  പുറത്തുനിന്നുള്ള മൂന്നുവണ്ടികള്‍ അപ്പുറത്ത്  കിടക്കുന്നത് ദാസ്‌ കണ്ടിരുന്നു. അമ്മയെ കാണാന്‍ ആരോ വന്നിരിക്കാമെന്ന് അയാളോര്‍ത്തു.
പുറത്തിറങ്ങിയ മകന്‍റെയും കൊച്ചുമകളുടെയും മിലാന്റെയും അരികിലേക്ക് താരാദേവി നിറചിരിയോടെ ഇറങ്ങിവന്നു. മിലാന്‍ വേഗത്തില്‍ നടന്നുചെന്ന് അവരെ കെട്ടിപ്പിടിച്ചു. കാറില്‍നിന്നിറങ്ങിയ ദാസ്‌ അമ്മയെ നോക്കി ചോദിച്ചു. “അമ്മയ്ക്ക്  ഇന്ന് ഗസ്റ്റ്‌ ഉണ്ടല്ലോ.. ബിസിയാണോ അമ്മാ?”
താരാദേവി മകനെ നോക്കി ചിരിച്ചു. അവരെന്തോ പറയാന്‍ തുടങ്ങിയെങ്കിലു മുന്‍വശത്തെ വാതിലിലേക്ക് തറച്ച ദാസിന്റെ മിഴികള്‍ ചെറുതായത് അവര്‍ കണ്ടു. താരാദേവി തിരിഞ്ഞു നോക്കി. വലിയൊരു താലത്തില്‍ വിളക്കും ആരതിയുമായി മുന്‍വാതിലില്‍ നിന്നിറങ്ങി സ്വീകരിക്കാന്‍ വരുന്ന ആളെക്കണ്ട് മുന്നോട്ട് നടക്കാന്‍ ഭാവിച്ച മിലാനും തറഞ്ഞുനിന്നു.

താലത്തിലെ വിളക്കില്‍നിന്നുയര്‍ന്ന അഗ്നിയില്‍ പ്രതിഫലിച്ചു വെട്ടിത്തിളങ്ങുന്ന കണ്ണുകളോടെ ചുണ്ടിലെ വിടര്‍ന്ന മന്ദഹാസത്തോടെ തനൂജാ തിവാരി ദാസിനുനേരെ നടന്നടുത്തു. ആ തട്ടില്‍നിന്നുയര്‍ന്ന അഗ്നിയുടെ സ്ഫുരണങ്ങള്‍ പാഞ്ഞുവന്നു മിലാന്റെ മിഴികളെ തീപ്പിടിപ്പിച്ചു.


                                      (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 27 സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക