Image

വിശ്വാസികള്‍ അവരുടെ ദേവാലയം ഭരിക്കട്ടെ: ബാബു പാറയ്ക്കല്‍

Published on 26 August, 2020
വിശ്വാസികള്‍ അവരുടെ ദേവാലയം ഭരിക്കട്ടെ: ബാബു പാറയ്ക്കല്‍
മുളന്തുരുത്തി പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് നടപടി കാണേണ്ടി വന്ന ക്രിസ്ത്യാനികളെല്ലാം മൂക്കത്ത് വിരല്‍ വച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചിരിച്ചിട്ടുമുണ്ട്.

എന്തുകൊണ്ടാണ് ഇത്രയധികം അധഃപതിച്ച ഒരു നിമിഷം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ കറുത്ത ഒരദ്ധ്യായം എഴുതി ചേര്‍ത്തത്? ദേവാലയത്തിന്റെ പേരിലുള്ള അവകാശ തര്‍ക്കം ഇന്ത്യയുടെ പരമോന്നത കോടതിയില്‍ വാദം കേട്ട് ആത്യന്തിക തീര്‍പ്പു കല്‍പ്പിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷം ആയി. ഓര്‍ത്തഡോക്സ് വിഭാഗത്തിനനുകൂലമായിട്ടാണ് സുപ്രീം കോടതി വിധിച്ചതെങ്കിലും ഇടവകയില്‍ ഭൂരിഭാഗവും യാക്കോബായ വിഭാഗമായതിനാല്‍ അവര്‍ പള്ളി വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രമിച്ചു.

നിയമം നടപ്പാക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ പോലീസ് ബലം പ്രയോഗിച്ചു. എന്ത് വന്നാലും പള്ളിക്കകത്തു നിന്നും ഇറങ്ങില്ലെന്നും വാശി പിടിച്ച് ചുറ്റും സ്ത്രീകളെ മനുഷ്യകവചമാക്കി നിര്‍ത്തിയിട്ട് അതിന്റെ നടുവില്‍ കിടന്ന ഒരു തിരുമേനിയെ പോലീസ് വലിച്ചിഴച്ചാണ് വെളിയില്‍ കൊണ്ടുവന്നത്. പിന്നെങ്ങനെ മൂക്കത്ത് വിരല്‍ വയ്ക്കാതിരിക്കും?

നീതിന്യായ കോടതികള്‍ നീതി നടത്തേണ്ടവരാണ്. അങ്ങനെയിരിക്കെ എന്തുകൊണ്ടാണ് ന്യൂനപക്ഷമായ ഓര്‍ത്തഡോക്സുകാര്‍ക്ക് അതിന്റെ അവകാശം നല്‍കിയത്? തങ്ങളുടെ പൂര്‍വ്വികര്‍ കല്ലും മണ്ണും ചുമന്നുകൊണ്ടുവന്ന് പണിത പള്ളിയില്‍ ഇനി തങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത് എന്ത് ന്യായമാണ്? എന്ത് മാനദണ്ഡങ്ങള്‍ നോക്കിയാണ് സുപ്രീം കോടതിയുടെ ബഞ്ച് ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത്?

സംശയങ്ങള്‍ ഹൈക്കോടതി വക്കീലായ ഒരു സുഹൃത്തുമായി പങ്കുവച്ചു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ ചിന്തിപ്പിച്ചു. ഭൂരിപക്ഷം നോക്കി മാത്രം വിധി പ്രസ്താവിച്ചിരുന്നെങ്കില്‍ കാശ്മീര്‍ എന്നേ പാക്കിസ്ഥാനോട് ചേര്‍ന്നേനേ! ആയിരക്കണക്കിന് വരുന്ന കാണികള്‍ പറയുന്നതു പോലെയാണോ പന്തുകളിയില്‍ റഫറി തീരുമാനമെടുക്കുന്നത്?

മുളന്തുരുത്തി പള്ളിക്ക് ആയിരത്തോളം വര്‍ഷം പഴക്കമുണ്ട്. ഐക്യത്തില്‍ കഴിഞ്ഞിരുന്ന സഭയില്‍ ഇപ്പോഴത്തെ പ്രതിസന്ധിയല്‍ എത്തിയിരിക്കുന്ന വിള്ളല്‍ രൂപം കൊണ്ടിട്ട് അന്‍പത് വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല. അപ്പോള്‍ പ്രശ്നമെന്താണ് എന്നതാണ് കോടതി നോക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുണ്ടായ പിണക്കങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചുകൊണ്ട് മലങ്കര സഭയുടെ 1934 ലെ ഭരണഘടന അംഗീകരിച്ച് 1958 ല്‍ ഇരു വിഭാഗവും കൈ കോര്‍ത്ത് ഒരു സഭയായി പൂര്‍വ്വാധികം ശക്തിയില്‍ മുമ്പോട്ടു പോകുമ്പോഴാണ് ഈ ഭരണഘടന അംഗീകരിക്കാനാവില്ല എന്ന നിലപാട് എന്തുകൊണ്ടാണ് യാക്കോബായ വിഭാഗം ഉയര്‍ത്തിയത്? അതുകൊണ്ട് അവര്‍ എന്തു നേടി? ഇതാണ് കോടതി ശ്രദ്ധിച്ചത്.

ഭരണഘടനാ ലംഘനം നടത്തിക്കൊണ്ട് പാത്രിയര്‍ക്കീസ് അദ്ധേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് വേണ്ടി മറ്റൊരു കതോലിക്കയെ വാഴിച്ചു. അദ്ദേഹത്തിന്റെ കാലശേഷം പുതിയൊരു കാതോലിക്കയെയും വാഴിച്ചു. മലങ്കര സഭാ ഭരണഘടനയനുസരിച്ച് മലങ്കര അസോസിയേഷന്‍ --ഇടവകകളില്‍ നിന്നും തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ് -- തെരഞ്ഞെടുത്തത് അംഗീകരിക്കുന്നവരെ മാത്രമേ മേല്‍പ്പട്ടക്കാരായി നിയമിക്കാനാവൂ.

ഇങ്ങനെ തെരഞ്ഞെടുക്കപ്പെടാന്‍ ആല്‍മീയമായും വിദ്യാഭ്യാസപരമായും ഉള്ള കഴിവുകള്‍ തെളിയിക്കപ്പെട്ടിരിക്കണം. എന്നാല്‍ ഈ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തികൊണ്ട് വലിയ തുക സംഭാവന വാങ്ങികൊണ്ട് യാതൊരു യോഗ്യതയില്ലാത്തവരെ പോലും തിരുമേനിമാരായി വാഴിച്ചു.ഇക്കുൂട്ടരേ ഒര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കാന്‍ ബുദ്ധിമുട്ടും. കാരണം നേതൃത്വം അംഗീകരിച്ചാലും മലങ്കര അസോസിയേഷന്റെ അംഗീകാരമില്ലാതെ എടുത്താല്‍ അത് ഭരണ ഘടനാ ലംഘനമാകും.

യാക്കോബായ സഭയിലെ ക്രീമി ലെയറായ ഏതാനും തിരുമേനിമാരെ മലങ്കര അസോസിയേഷന്റ് നേതൃത്വത്തിന്റെ ശുപാര്‍ശയുണ്ടായാല്‍ അംഗീകരിക്കാം.പക്ഷെ ഭൂരിഭാഗം വരുന്ന പണം കൊടുത്തു പട്ടം വാങ്ങിയവര്‍ വട്ടം കറങ്ങും. അതുകൊണ്ടാണ് അണികളെ പ്രകോപിപ്പിച്ച് ഏത് വിധേനയും പിടിച്ച് നില്‍ക്കാന്‍ നോക്കുന്നത്.

കഴിഞ്ഞ ഏതാണ് രണ്ട്   ദശാബ്ദത്തോളമായി വിശ്വാസികളില്‍ നിന്നും പിരിക്കുന്നതോ ദേവാലയങ്ങളില്‍ നിന്ന് കിട്ടുന്നതോ ആയ പണത്തിനൊന്നും ശരിയായ കണക്കോ ഓഡിറ്റോ ഒന്നും നടത്താതെ കുറെ പേര്‍ സുഖജീവിതം നയിക്കുകയാണ്. അപ്പോള്‍ ഇങ്ങനെ ഒരു സമാന്തര ഭരണം നടത്തുന്നത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം?

അപ്പോള്‍ പിന്നെ 'അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കില്ല', 'അന്ത്യോഖ്യാ- മലങ്കര ബന്ധം നീണാള്‍ വാഴട്ടെ' തുടങ്ങിയ സ്ഥിരം മുദ്രാവാക്യങ്ങള്‍ മുഴക്കി വിശ്വാസികളെ പ്രകോപിപ്പിച്ച് കൂടെ നിര്‍ത്താനാണവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഒരു സമാന്തര ഭരണം അനുവദിക്കില്ലെന്ന് കോടതി പറഞ്ഞത്. അത് മനസ്സിലാക്കാം.

പക്ഷെ, ഭൂരിപക്ഷം വരുന്ന വിശ്വാസികളെ നിഷ്‌കരുണം ഇറക്കി വിടുന്നതിനെന്ത് ന്യായീകരണമാണുള്ളത്? നോക്കു. വിശ്വാസികളെ ആരും ഇറക്കി വിടുന്നില്ല. ഇറക്കിവിടാന്‍ ആര്‍ക്കും കഴിയുകയുമില്ല. വിശ്വാസികള്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി. 1934ലെ ഭരണഘടന അംഗീകരിക്കുന്നു എന്ന് രേഖാമൂലം സമ്മതിച്ചാല്‍ മാത്രം മതി. അത് മാത്രമേ കോടതി ജനങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നുള്ളു. ഞാന്‍ ചോദിക്കട്ടെ യഥാര്‍ത്ഥത്തില്‍ ഇതില്‍ എത്ര പേര്‍ ആ ഭരണഘടന കണ്ടിട്ടുണ്ട്?എന്താണ് അതില്‍ എഴുതി വച്ചിരിക്കുന്നത്?

1-ാം വകുപ്പുതന്നെ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതാണ്. 6-ാം വകുപ്പില്‍ പറയുന്നു. ഓരോ പള്ളി ഇടവകയ്ക്കും ഓരോ പള്ളി ഇടവക യോഗം ഉണ്ടായിരിക്കണം. ഈ ഇടവക പൊതുയോഗം തെരഞ്ഞെടുക്കുന്ന കമ്മറ്റിയായിരിക്കും പള്ളിയുടെ ദൈനംദിനകാര്യങ്ങള്‍ നടത്തുക. ചുരുക്കത്തില്‍ ഇടവക ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റിയാല്‍ ഭരിക്കപ്പെടുകയും വരവും ചെലവും കൃത്യമായി പൊതുയോഗങ്ങളില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയും വേണം. സുതാര്യമായ ഒരു ഭരണക്രമം അനുശാസിക്കുന്നതാണ് ഈ ഭരണഘടന. അതുകൊണ്ടുതന്നെ തോന്നുന്നതുപോലെ കയ്യിട്ടുവാരാന്‍ ആര്‍ക്കും കഴിയില്ല. അതുതന്നെയാണ് ഇത് അംഗീകരിക്കാന്‍ പാടില്ലെന്ന് ഉദ്‌ബോധിപ്പിക്കാനുള്ള കാരണവും.

വിശ്വാസികള്‍ തന്നെ അവരുടെ പള്ളികള്‍ ഭരിക്കട്ടെ. അവര്‍ ആ ദേവാലയത്തില്‍ തന്നെ ആരാധിക്കട്ടെ. പക്ഷേ, ദൈവത്തിന്റെ പ്രതിനിധികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചുവന്ന കുപ്പായക്കാര്‍ അതിന് സമ്മതിക്കില്ല. തൊപ്പിയും കുപ്പായവും കഴുത്തില്‍ കുരിശുമിട്ട് നില്‍ക്കുന്ന ഇവരുടെ മുന്‍പില്‍ വിശ്വാസികള്‍ ഓച്ഛാനിച്ചു നില്‍ക്കുന്നിടത്തോളം ഈ കലഹവും തുടര്‍ന്നുകൊണ്ടേയിരിക്കും.
Join WhatsApp News
Philip 2020-08-26 19:33:50
ഇന്ത്യയിലെ പരമോന്നത കോടതി വിധി എന്തായാലും ഈ ലോക കോടതി എന്ന ഒരു കോടതി ഉണ്ട് . അവിടെ ഒരു ന്യായാധിപനും ഉണ്ട്. പക്ഷെ അവിടെ വക്കീലന്മാർ ഇല്ല. അവിടെ മുഖപക്ഷവും ഇല്ല. രണ്ടു പക്ഷത്തുമുള്ള ചുവപ്പിട്ട നേതാക്കന്മാർ കഴുതകളായ കുഞ്ഞാടുകളെ എത്രകാലം ഇങ്ങനെ കബളിപ്പിക്കും ? പരസ്പരം വിട്ടുവീഴ്ച ചെയ്തു യോജിക്കുവാൻ ഈ ഇടയന്മാർ സമ്മതിക്കില്ല.
Mini 2020-08-27 12:37:42
TRUTH WILL WIN FINALLY... even if there's only one person... that's what happened here. GLORY TO GOD.
ഓർത്തഡോക്സുകാരുടെ അഹന്ത 2020-08-27 12:43:32
ഓർത്തഡോക്സുകാരുടെ അഹന്തയാണ് പ്രശനം. അവർക്ക് യാഥർഥ്യം മനസിലാകുന്നില്ല. സാറന്മാരെ ഇത് രണ്ട് സഭയാണ്. രണ്ട് വിശ്വാസമാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് വേണ്ട. അത് എന്തിനു അടിച്ചേൽപിക്കാൻ നോക്കുന്നു? രണ്ട് സഭ ആണെന്നത് സുപ്രീം കോടതിക്ക് മനസിലായില്ല. അതാണ് സത്യം. നിങ്ങളുടെ 1934 ഭരണഘടനയും കൊണ്ട് വേറെ പണി നോക്ക്. ഇടവക എന്നാൽ കെട്ടിടം അല്ലല്ലോ.
Vinayakan 2020-08-28 05:51:21
മനുഷ്യരെ നിങ്ങൾക്ക് ഇനിയും മനസിലായില്ലേ സംഗതികൾ? പറഞ്ഞിട്ട് കാര്യമില്ല, നിങ്ങൾക്ക് വിദേശീയരെ കാണുമ്പോൾ മുട്ടുവിറക്കും അല്ലെ? സുപ്രീം കോടതി പറഞ്ഞു ഒരു ഭരണഘടന അനുസരിച്ചുവേണം നിങ്ങളുടെ സഭ ഭരിക്കപ്പെടേണ്ടതെന്ന്. അത് അങ്ങ് അനുസരിച്ചാൽ പോരെ? നിങ്ങളെ സഹായിക്കാനെന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അവരൊക്കെ സായിപ്പിനെ കാണുമ്പോൾ മുട്ടിടിക്കുന്നവരാണ്. അവരുടെ പച്ചാത്തലം നോക്കിയാൽ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക