Image

കോവിഡ് - ഇനിയും എന്ത്? (ജോസഫ് പൊന്നോലി)

Published on 30 August, 2020
കോവിഡ് - ഇനിയും എന്ത്? (ജോസഫ് പൊന്നോലി)
ഫെബ്രുവരി 2020 മുതൽ കഴിഞ്ഞ ആറേഴു മാസമായി  കോവിഡ്19 നമ്മളെ എല്ലാവരേയും ഭീതിയുടെയും ആശങ്കയുടേയും മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. കോവിഡിനെപറ്റിയുള്ള ഭീതി ഇപ്പോഴും നിലനിൽക്കുന്നു. എല്ലാവരും വീടിനുള്ളിൽ കഴിയുന്നു. പുറത്തിറങ്ങാൻ നിയന്ത്രണങ്ങൾ ഉണ്ട്.  പലർക്കും ജോലി നഷ്ടപ്പെട്ടു. പലർക്കും ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടു, അന്ത്യ യാത്ര പറയുവാൻ പോലും സാധിച്ചില്ല. ഈ അവസ്ഥ മാറി സാമാന്യ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എന്നു സാധിക്കും, കോവിഡിനെ നേരിടാൻ ഇനിയും എന്ത് ചെയ്യണം, കോവിഡ്  വാക്സിൻ,  മരുന്ന് എന്നിവ എന്ന് ലഭ്യമാകും, എന്നീ ചോദ്യങ്ങൾക്കു  ഉത്തരം കണ്ടെത്താനുള്ള  ഒരു ശ്രമമാണ് ഈ ലേഖനം.  ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വൈദ്യശാസ്ത്രപരമായ നിരീക്ഷണങ്ങളോ  ഉപദേശങ്ങളോ ആയി കണക്കാക്കരുത് എന്നപേക്ഷ. ഇവ ഒരു സാധാരണക്കാരന്റെ നിരീക്ഷണങ്ങൾ മാത്രം. ഇതിലെ അഭിപ്രായങ്ങൾ വ്യക്തിപരം മാത്രം.


Outbreak evolution for the current 10 most affected countries കടപ്പാട്: John Hopkins, CDC


കോവിഡിന്റെ ലോക വ്യാപനം

കോവിഡ് ലോകം മുഴുവൻ വ്യാപിച്ച് ആഘാതം ഏല്പിച്ചിട്ടുണ്ട്. ചൈനയിലെ വ്യുഹാനിൽ നവമ്പർ 2019 ൽ ഉത്ഭവിച്ച രോഗം ഇതുവരെ 200 ഓളം ലോക രാഷ്ടങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2020 കണക്കനുസരിച്ചു  ആഗോള തലത്തിൽ 25 മില്യൺ ആൾക്കാർക്കു രോഗം പിടിപെട്ടിട്ടുണ്ട്.  8 ലക്ഷം ആൾക്കാര്  മരിച്ചു.  മരണ നിരക്ക് ഏകദേശം  3.2  ശതമാനം ആണ്.  യു എസ് എ , ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ  രാജ്യങ്ങൾ ഇപ്പോൾ രോഗ വ്യാപ്തിയിലും മരണത്തിലും മുൻപന്തിയിലാണ്.  ലോകം മുഴുവൻ ഒരു ലോക്ക് ഡൌൺ അവസ്ഥയിൽ ആണ്. സാമൂഹ്യ സമ്പർക്കത്തിൽ കർശന നിയന്ത്രണം, വിമാന സർവീസുകളുടെ നിയന്ത്രണം, വീടുകളിൽ തന്നെയുള്ള അടച്ചുപൂട്ടൽ എന്നിവ കോവിഡിന്റെ വ്യാപനം തടയാൻ സഹായിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ.

കോവിഡിനെ കുറിച്ചുള്ള അജ്ഞത ഇപ്പോഴും നിലനിൽക്കുന്നു. കോവിഡ് രോഗം എങ്ങനെ ഉണ്ടാകുന്നു, എങ്ങനെ രോഗം വ്യാപിക്കുന്നു, രോഗത്തെ എങ്ങനെ പ്രതിരോധിക്കാം,  രോഗം പിടിപെട്ടാൽ എന്ത് ചെയ്യണം, എന്നീ കാര്യങ്ങളിൽ പലർക്കും  വ്യക്തത ഇല്ല.


രോഗ ലക്ഷണങ്ങൾ

കോവിഡ് രോഗത്തിനു കാരണം SARS-CoV-2 എന്ന വൈറസ് ആണ്.  മാറാത്ത പനി, കുളിര്, ചുമ , ശ്വാസകോശ തടസ്സം, ക്ഷീണം, തലവേദന,  രുചിയും മണവും ഇല്ലാതാകുക, തൊണ്ട വേദന, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് കോവിഡിന്റെ ചില ലക്ഷണങ്ങൾ. ചുണ്ടിലും മുഖത്തും നീല പാണ്ടുകൾ കണ്ടേക്കാം. വൈറസ് ബാധിച്ചതിനു ശേഷം 2 മുതൽ 14 ദിവസത്തിനുള്ളിലേ രോഗലക്ഷണങ്ങൾ പ്രകടമാകുകയുള്ളു.

പ്രായം ചെന്നവർക്കും മറ്റു രോഗങ്ങൾ ഹൃദയ, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയവ ഉള്ളവർക്കുമാണ് കൂടുതൽ അപകട സാധ്യത. കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ കൂടുതൽ പരിശോധന നടത്തേണ്ടതാണ്.


കോവിഡ് പരിശോധന

മൂന്നു  തരത്തിലുള്ള പരിശോധനയാണ്  കോവിടുന്നുള്ളത്. ഒരാൾക്ക് രോഗമുണ്ടോ എന്ന് നിർണയിക്കാനുള്ള ടെസ്റ്റുകൾ ആണ് പി. സി. ആർ ടെസ്റ്റും ആന്റിജൻ ടെസ്റ്റും.  രണ്ടു ടെസ്റ്റിനും മൂക്കിൽ നിന്നും, തൊണ്ടയിൽ നിന്നും കോട്ടൺ സ്വാബ്  ഉപയോഗിച്ച് സാംപിൾ എടുക്കുന്നു. പി. സി. ആർ ടെസ്റ്റ് വൈറസ് ഉണ്ടോ എന്ന് നോക്കുന്നു.  ആന്റിജൻ ടെസ്റ്റ് വൈറസിന്റെ പ്രോടീൻ ഉണ്ടോ എന്ന് നോക്കുന്നു.

രോഗം വന്നവരിൽ ആന്റിബോഡി ഉണ്ടോ എന്ന പരിശോധനയാണ് ആന്റിബോഡി സെറോളജി ടെസ്റ്റ്. രക്തത്തിന്റെ സാമ്പിൾ എടുത്തു രോഗം വന്നിട്ട് മുക്തി നേടിയോ എന്നും ആന്റിബോഡി ഉത്പാതിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു.

രോഗം പ്രതിരോധിക്കാനുള്ള പ്രോടീൻ Immunoglobulin അഥവാ ആന്റിബോഡി രക്തത്തിലെ പ്ലാസ്മ ഉത്പാദിപ്പിക്കുന്ന ഒരു  പ്രോടീൻ ആണ്.  ഇത് ശരീരത്തെ അക്രമിക്കുന്ന  ബാക്ടീരിയ,  വൈറസ് ഇവയെ ചെറുത്ത് ഇല്ലാതാക്കുന്നു.


ചികിത്സ

സാധാരണഗതിയിൽ കോവിഡിന് സാധാരണ പനിക്ക് എന്നതു പോലെ ചികിത്സയുടെ ആവശ്യമില്ല. വൈദ്യ സഹായവും ഉപദേശവും തേടുന്നതാണ് ഉത്തമം. പനിയുടെ അളവ് കൂടി വരാതെ  നോക്കേണ്ടതായിട്ടുണ്ട്.  വീട്ടിൽ തന്നെയുള്ള വിശ്രമം കൊണ്ട് രണ്ടാഴ്ചയ്ക്കകം രോഗവിമുക്കി നേടാവുന്നതാണ്.  രോഗികൾ കഴിയുന്നതും വിശ്രമിക്കുകയും, ഉറങ്ങുകയും,  കൂടുതൽ വെള്ളം കുടിക്കുകയും, കൂടുതൽ ധ്രവ്യ രൂപത്തിലുള്ള പോഷകാഹാരം കഴിക്കുകയും ചെയ്യേണ്ടതാണ്. കഴിയുന്നതു പോലെ വ്യായാമം, യോഗ എന്നിവയിൽ ഏർപ്പെടേണ്ടതാണ്. നീരാവി പിടിക്കുന്നതും, നടക്കുന്നതും, വെയിലു കൊള്ളുന്നതും നല്ലതാണ്.  മാനസിക സമ്മർദ്ദവും ഭീതിയും ഒഴിവാക്കേണ്ടതാണ്. ഇതിന് സംഗീതം, പ്രാർത്ഥന, വായന, ഇഷ്ടപ്പെട്ട മൂവികൾ എന്നിവ സഹായിക്കും.

രോഗം നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ നുമോണിയായി മാറി മരണം സംഭവിക്കാൻ സാധ്യതയുണ്ട്.  രോഗം മൂർശ്ചിച്ചാൽ ആശുപത്രിയിലേക്ക് മാറേണ്ടതാണ്. ഇതൊരു സാംക്രമിക രോഗമായതു കൊണ്ട് രോഗം വന്നവർ വീട്ടിൽ തന്നെ കഴിയുകയാണെങ്കിൽ വേറൊരു മുറിയിൽ മാറ്റി പാർപ്പിക്കേണ്ടതായിട്ടുണ്ട്. 

Remdesivir ഒരു anti-viral medicine ആയി ഫലപ്രദമായിക്കാണുന്നുണ്ട്.  ആഫ്രിക്കയെ ബാധിച്ച ഇബോളായ്ക്കെതിരെ വികസിപ്പിച്ചെടുത്ത ഒരു മരുന്ന് ആണിത്. രോഗത്തിൽ നിന്നും മുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള പ്ലാസ്മ ചികിത്സ കോവിഡിന്റെ ചികിത്സയ്ക്കു ഫലപ്രദമാണ് എന്നാണ് നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്.


വാക്സിൻ

പല പ്രതിരോധ വാക്സിനുകളും ലോകത്തിന്റെ പല സ്ഥലത്തും വികസന ക്ലിനിക്കൽ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. Astrazeneca vaccine അമേരിക്കയിൽ താമസിയാതെ വിപണയിൽ ഇറങ്ങും എന്നാണ് വാർത്ത.  അമേരിക്ക 10 ബില്യൻ യു.എസ്. ഡോളർ ആണ് 8 കോവിഡ്19 വാക്സിൻ വികസനത്തിന് മുതൽ മുടക്കിയിരിക്കുന്നതു്. ചൈനയും റഷ്യയും ക്ലിനിക്കൽ പരിശോധന മറികടന്ന് പ്രതിരോധ വാക്സിൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ 3 വാക്സിനുകൾ 2020 ഡിസംബറിൽ വിപണിയിൽ എത്തും എന്നാണ് സൂചന.

കോവിഡ്  വ്യാപനം

ശാരീരിക സമ്പർക്കം കൂടാതെ ചുമ,  തുമ്മൽ എന്നിവയിലൂടെ വായുവിൽ കൂടിയുള്ള അണു വ്യാപനം കോവിഡ് രോഗം സമൂഹത്തിൽ വ്യാപിക്കാൻ സഹായിക്കുന്നു.  ഇവിടെയാണ് കൈ കഴുകലിന്റെയും, ബാഹ്യ സമ്പർക്കത്തിന് മാസ്ക് ധരിക്കേണ്ടതിന്റെയും പ്രസക്തി.


പ്രതിരോധ മുറകൾ

കോവിഡ് വ്യാപനം നിലനില്ക്കുമ്പോൾ യാത്രകൾ,  കൂട്ടം കൂടിയുള്ള പരിപാടികൾ ഇവ ഒഴിവാക്കേണ്ടതാണ്.  ഈ കോവിഡ് കാലത്ത് മരണങ്ങൾ, വിവാഹം, പൊതു പരിപാടികൾ എന്നിവയിൽ ആൾക്കൂട്ടം ഒഴിവാക്കേണ്ടതാണ്. 

സാമൂഹ്യ അകലം, കൈ കഴുകൽ, പൊതു സ്ഥലത്ത് മാസ്ക് ധരിക്കുക ഇവ ഈ കോവിഡ് കാലത്ത് ആവശ്യമാണ്. മാസ്ക് പോലെ തന്നെ ഒരു തൂവാല കൈയ്യിൽ കരുതുന്നത് ഒരു നല്ല ശീലമാണ്. തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കുക.

നമ്മുടെ പ്രതിരോധശക്തി വളർത്താനും നിലനിർത്താനും വ്യായാമവും ഭക്ഷണ രീതിയും മാനസിക സമ്മർദ്ധമില്ലാത്ത ജീവിത രീതിയും ആവശ്യമാണ്.  ഒരു വിരോധാഭാസം എന്ന വണ്ണം സമൂഹത്തിന്റെ പ്രതിരോധ ശക്തി അഥവാ ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിക്കാൻ 60 മുതൽ 70% ആൾക്കാർക്ക് രോഗം വരുകയും രോഗ വിമുക്തി നേടുകയും വേണം.


കോവിഡ്  പഠിപ്പിച്ച പാഠങ്ങൾ

* ആരോഗ്യത്തിന്റെ  പ്രാധാന്യവും  ആരോഗ്യം സംരക്ഷിക്കേണ്ട  ആവശ്യവും കോവിഡ്  കാലം നമ്മെ പഠിപ്പിക്കുകയുണ്ടായി

ശുചിത്വത്തിനു  വ്യക്തി ജീവിതത്തിലും , സാമൂഹ്യ ജീവിതത്തിലും അർഹിക്കുന്ന സ്ഥാനം കോവിഡ് നമ്മളെ  ഓർമ്മിപ്പിച്ചു.

ഭക്ഷണ ക്രമങ്ങൾ, വ്യായാമം, യോഗ, മനസ്സിന്റെ പിരിമുറുക്കങ്ങൾ ഒഴിവാക്കുക.   ശരീരത്തിന്റെ പ്രതിരോധ ശക്തി വളർത്താൻ ഇവ ആവശ്യമാണ് എന്നും നമ്മെ ഓർമ്മിപ്പിച്ചു.

ടെക്നോളോജിയുടെ പ്രാധാന്യം : ജോലിക്കും  വിദ്യാഭ്യാസത്തിനും സാമൂഹ്യ സമ്പർക്കത്തിനും ടെക്നോളജി ഉപയോഗിക്കാൻ നമ്മളെ നിർബന്ധിതരാക്കി.

* വ്യക്തി ജീവിതത്തിൽ അനാവശ്യമായ ചിലവുകളും യാത്രയും പൊതു പരിപാടികളും ഒഴിവാക്കാനും വിശ്രമം എടുക്കാനും സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും കോവിഡ് കാലം ഒരവസരം സൃഷ്ടിച്ചു.  അതു നമ്മൾ എങ്ങനെ ഉപയോഗിച്ചു എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്.

ജീവിതത്തിലെ പരക്കം പായ്ച്ചിലിന്റെ അർത്ഥമില്ലായ്മ മനസ്സിലാക്കാൻ കോവിഡ്  സഹായിച്ചു എന്നു വേണം കരുതാൻ. സ്വയം കണ്ടെത്താൻ കോവിഡ് കാലം ഒരവസരമായിരുന്നു.

സ്വന്തം വീടിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിച്ചു. പലരും സ്വന്തം വീട്ടുമുറ്റത്തും പരിസരത്തും പച്ചക്കറി പഴങ്ങൾ ഇവ നട്ടുപിടിപ്പിക്കാനും പ്രകൃതിയുമായി ബന്ധം പുലർത്താനും സമയം വിനിയോഗിച്ചു.

* അമേരിക്കയിലെ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ന്യൂനതകൾ കോവിഡ് തുറന്നു കാട്ടുകയുണ്ടായി.


ഇനിയും എന്ത്?

കോവിഡിനെ പറ്റിയുള്ള അകാരണമായ ഭീതി അസ്ഥാനത്താണ്. 1348 ൽ  യൂറോപ്പിനേയും ഏഷ്യയേയും ബാധിച്ച ബ്ലാക്ക് ഡെത്ത്  മഹാമാരി   60% ലോക ജനതയെ ഇല്ലാതാക്കി. അതുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 കോവിഡ് മരണ നിരക്ക് 3 ശതമാനം ആണ്.

പ്രതിരോധ വാക്സിനും, ചികിത്സിക്കാനുള്ള മരുന്നുകളും,  കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനങ്ങളും പരക്കെ ലഭ്യമാകുകയും കോവിഡിന്റെ വ്യാപ്തിയും സാമൂഹ്യ വ്യാപനവും കുറയുകയും ചെയ്താൽ നമുക്കു സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാൻ സാധിക്കും.  അതിന് ഇനിയും പലയിടത്തും ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടതായിട്ടുണ്ട്.  പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടേണ്ടതായിട്ടുണ്ട്.

കോവിഡ് പോലെയുള്ള മഹാമാരികൾ ഇനിയും വരും. അവയെ ചെറുക്കാനുള്ള  പ്രതിരോധ ശക്തി നാം വളർത്തിയെടുക്കേണ്ടതായിട്ടുണ്ട്. നമ്മുടെ  ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ട പ്രാധാന്യവും കടമയും നാം മറക്കരുത് എന്നൊരു ഓർമ്മപ്പെടുത്തലാണ് കോവിഡ്19.
കോവിഡ് - ഇനിയും എന്ത്? (ജോസഫ് പൊന്നോലി)കോവിഡ് - ഇനിയും എന്ത്? (ജോസഫ് പൊന്നോലി)
Join WhatsApp News
Biji Sadasivan, SanJose 2020-09-02 09:28:12
മെയിൽ ഡെലിവറി താമസിക്കുന്നതിൻ്റെ കാരണങ്ങൾ ആരാഞ്ഞു പോസ്റ്റ്മാസ്റ്റർ ജനറലിന് സപ്പീന കോൺഗ്രസ്സിൽ നിന്നും. *സാത്താൻ്റെ പേരിൽ ആരും കുറ്റ കൃത്യങ്ങൾ ചെയ്യാറില്ല; കൊലപാതകം തുടങ്ങിയ വൻ കുറ്റങ്ങൾ ചെയുന്നത് ദൈവ വിശ്വസികൾ എന്ന് സർവേ പഠനങ്ങൾ. *ഡമോക്രാറ്റുകൾ പൊലീസിന് എതിർ ആണെന്ന് വിദേശ രാജ്യങ്ങൾ പ്രചരിപ്പിക്കുന്നു, കുറെ ട്രമ്പ് ആരാധകർ അതേറ്റു പാടുന്നു തെരുവ് പിള്ളേരെപ്പോലെ. *യാഥാർഥ്യം, യുക്തി, ഡീസൻസി, ഇവയൊക്കെ തീണ്ടിയിട്ടുപോലും ഇല്ല ട്രമ്പൻ മലയാളിക്ക്. ഇവർക്ക് മാറ്റം ഉണ്ടാകില്ല, തലയിൽ പണ്ടേ ആൾതാമസം ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക