Image

വീണ്ടുമൊരോണം ( കവിത: ബിന്ദു രാമചന്ദ്രൻ)

Published on 01 September, 2020
വീണ്ടുമൊരോണം ( കവിത: ബിന്ദു രാമചന്ദ്രൻ)
നിനവെഴുമോർമ്മകളാൽ
നിറമെഴും പൂക്കളങ്ങൾ
മനസ്സിന്റെ നടുമുറ്റ ത്തൊരുങ്ങിടുമ്പോൾ
ഈണമൊത്ത നാലുവരി
നാവിലിന്നും  തെളിയുമ്പോൾ
ഓമലാളേ, ഓണമില്ലെന്നാരു
പറഞ്ഞു  
കുട്ടിനിക്കർ പോക്കറ്റിൽ
മൊത്തമായിട്ടുപ്പേരി
കുത്തിനീർത്തി ഓടിയതു മറന്നില്ലല്ലോ .
പഴക്കുല പൂട്ടിവച്ച കലവറ
പൊളിച്ചതും
നിറവയർ നിറച്ചതും
ഇന്നലെയല്ലേ .
ഇടയ്ക്കു നിൻ കൊലുസെന്നെ
വിടാതെ പിന്തുടർന്നതും
തളർന്നേറെ കിതപ്പാറ്റി
തൂണുചാരി  നീ ഇരിക്കെ
കവിൾ കിള്ളി ഞാൻ കടന്നതോർമ്മയില്ലേ.
ഒരു  മഴ ചാറ്റിലന്നു  
നടുമുറ്റം നിറഞ്ഞപ്പോൾ
തുടുത്ത താമരപ്പൂവായ്
 നീ വിടർന്നില്ലേ .
പ്രണയത്താൽ പനിച്ചതും
പനിചൂടിൽ വിറച്ചതും
പഴയൊരു ഓണമാസ
ലഹരിയല്ലേ.
ദശകങ്ങൾക്കിപ്പുറവും
അവയോർക്കെ ജരനര
മറന്നു നാം സദ്യവട്ടം
നുകരുകില്ലേ .
 ഇന്നു വട്ടമൊത്തതില്ല
ചിട്ടയോടെ ചെയ് വതില്ല
പത്തുനാളിൽ   പുലരുന്ന
പഴമയില്ല .
കായ കീറി വറുക്കാനും
ചേന ചെത്തി ഒരുക്കാനും
ആവതില്ല നമുക്കത്
മറന്നേ പറ്റൂ
നാക്കിലയും നാരകവും
 ഈ പറമ്പിൽ കുരുത്തില്ല ,
നാട്ടു മാവിൻ കൊമ്പിലാരും
ഊയലാടീലാ .
പമ്പയാറ്റിൽ  വെള്ളമില്ല
രാവിലാ നിലാവുമില്ല
തുമ്പ തോൽക്കും വിശുദ്ധിക്കു
വിലയുമില്ല .
എങ്കിലുമീ കർക്കിടകം  
അരങ്ങൊഴിഞ്ഞാൽ പിന്നെ
ചിങ്ങമാസം പുലരാതെ
എങ്ങുപോയീടാൻ ...
Join WhatsApp News
suresh kumar G 2020-09-01 05:14:06
Beautiful poem
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക