Image

എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 July, 2011
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും, മാതൃകാപരവും, അഭിനന്ദനാര്‍ഹവുമാണെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അഭിപ്രായപ്പെട്ടു. എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി ഷിക്കാഗോ ചാപ്‌റ്ററിന്റെ രക്ഷാധികാരികളായ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിനേയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും സംഘടനയേയും പ്രതിനിധീകരിച്ച്‌ ഷിക്കാഗോയില്‍ നിന്നുമെത്തിയ സംഘടനയുടെ ട്രഷറര്‍ ജോണ്‍ നടയ്‌ക്കപ്പാടം അഭിവന്ദ്യ പിതാവിന്റെ പുതിയ സ്ഥാനലബ്‌ദിക്ക്‌ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനാമംഗളങ്ങളും നേര്‍ന്നുകൊണ്ട്‌ സ്‌നേഹസൂചകമായി നല്‍കിയ പ്ലാക്ക്‌ സമര്‍പ്പിക്കുന്ന വേളയിലാണ്‌ പിതാവ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ചങ്ങനാശേരിയുടേയോ, കേരളത്തിന്റേയോ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാപീഠമായ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജിന്റെ അഭിമാനോത്‌പ്പന്നങ്ങളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിവിധ ജീവിതതുറകളിലായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു.

ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെയെല്ലാം കോര്‍ത്തിണക്കി ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷിക്കാഗോ ചാപ്‌റ്ററിന്റെ വൈവിധ്യമാര്‍ന്ന കര്‍മ്മ മണ്‌ഡലങ്ങളിലെ പ്രധാനപ്പെട്ടവയില്‍ ചിലതാണ്‌ ഹൈസ്‌കൂള്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌, ബെസ്റ്റ്‌ അസംപ്‌ഷന്‍ അലുംമ്‌നി അവാര്‍ഡ്‌, കൂടാതെ ചങ്ങനാശേരി എസ്‌.ബി കോളജ്‌ വഴിയായി കൊടുക്കുന്ന നിരവധിയായ സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍ എന്നിവ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും, അഭിനന്ദനാര്‍ഹവുമാണെന്ന്‌ പിതാവ്‌ അഭിപ്രായപ്പെട്ടു.

എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജന്മനാട്ടിലും കുടിയേറ്റ നാടുകളിലും തങ്ങളുടെ അതത്‌ ജീവിതവ്യാപാരമണ്‌ഡലങ്ങളില്‍ വലിയ സംഭവാനകള്‍ നല്‍കിയും, വന്‍ നേട്ടങ്ങള്‍ കൈവരിച്ചും കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്‌ട്രത്തിന്റേയും ലോകത്തിന്റേയുംതന്നെ പുനര്‍നിര്‍മ്മിതിയില്‍ ഭാഗഭാക്കായിക്കൊണ്ട്‌ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഓരോ വ്യക്തിയും കഠിന പ്രയത്‌നം ചെയ്യുന്നു എന്നറിഞ്ഞതില്‍ അഭിവന്ദ്യ പിതാവ്‌ സന്തുഷ്‌ടി പ്രകടിപ്പിച്ചു. കേരളത്തില്‍ നിന്നും അമേരിക്കയിലെക്ക്‌ കുടിയേറിയ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ അലുംമ്‌നി സംഘടനയും കൈവരിച്ച അസൂയാവഹമായ നേട്ടങ്ങളും നിരവധിയായ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മണ്‌ഡലങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്നതുമായ മഹത്തായ സംഭാവനകളും മുഴുവന്‍ മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും ഒരു മാതൃകയായിരിക്കട്ടെയെന്ന്‌ പിതാവ്‌ ആശംസിച്ചു.

തക്കല രൂപതയുടെ സമഗ്രവളര്‍ച്ചയില്‍ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി ഷിക്കാഗോ ചാപ്‌റ്റര്‍ നല്‍കിയിട്ടുള്ള എല്ലാ സഹായ സഹകരണങ്ങളും പ്രോത്സാഹനങ്ങളും അഭിവന്ദ്യ പിതാവ്‌ കൃതജ്ഞതാപൂര്‍വ്വം അനുസ്‌മരിച്ചു. കൂടാതെ സംഘടനയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവാനുഗ്രഹങ്ങളും, വിജയാശംസകളും നേരുകയും ചെയ്‌തു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക