Image

മനസ്സറിഞ്ഞെന്‍ അമ്മക്ക് (കവിത-പി. സി മാത്യു)

Published on 02 September, 2020
മനസ്സറിഞ്ഞെന്‍ അമ്മക്ക് (കവിത-പി. സി മാത്യു)
നാളെയാണെന്റെ പിറന്നാള്‍
നീളുമീ രാത്രി ഉറങ്ങിയുണരാന്‍
എത്ര നേരം ഞാനുറങ്ങേണം
എന്ന് ചിന്തിച്ചു ഞാന്‍ കണ്ണടക്കവേ...

മനമറിഞ്ഞാശിച്ച പോലെന്നമ്മ ...
മകനാകുമീയെനിക്ക് നല്‍കിയാ
സ്‌നേഹ സമ്മാനം ഈ ജീവിതം
സമ്പന്നം സായുജ്യം സ്വാന്തനം..

നാളെ പിറക്കും പുലരി മനോഹരം
നാമ്പുകള്‍ തളിര്‍ത്തിലകള്‍ നൃത്തമാടി
പൂക്കളും ചൊല്ലുമാമോദത്താല്‍ കാറ്റും
പിറന്നാളാശംസകള്‍ പ്രിയ മകനേ....

'അമ്മ മാത്രം ചൊല്ലാത്തതെന്തേ നാവാല്‍
അകലെനിന്നൊരു വിളിപ്പാടടുത്തിട്ടും
'അമ്മ ജീവിക്കുന്ന സത്യമായിമാറി...
അരികിലില്ലെങ്കിലും അടുത്തുള്ളപോലെ

വാര്‍ദ്ധക്യത്താല്‍ വരണ്ടുവോ നിന്‍
വൈവിധ്യമാം ഓര്‍മ്മകള്‍ അമ്മേ ?
എങ്കിലും നിന്‍ ഗീതമിന്നു കേള്‍ക്കാന്‍
എത്ര കൊതിക്കുന്നു ദൂരെ ദൂരെ ഞാന്‍

മന്ദമാരുതനും മഞ്ഞും പൂക്കളും
മധു തേടും ചിത്ര ശലഭങ്ങളും ചൊല്ലും
'അമ്മ സ്‌നേഹം തേനാണ്, കണ്ണാണ്
അറിവാണ് ശക്തിയാണെനിക്കെന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക