Image

ഒരു ബസ് യാത്ര ( കിളിപ്പാട്ട്) കവിത: സുരേഷ് നാരായണൻ

Published on 02 September, 2020
ഒരു ബസ് യാത്ര ( കിളിപ്പാട്ട്) കവിത: സുരേഷ് നാരായണൻ
നമ്മളൊരുമിച്ച് ബസ്സിൽ കയറി
അടുത്തടുത്ത സീറ്റിലിരിക്കുന്നു.
 
നമ്മുടെ വാക്കുകൾ തമ്മിൽ
തുടർച്ചയായിണചേരുന്നതു
കണ്ട് കണ്ടക്ടർക്കും
മറ്റു യാത്രക്കാർക്കും ദേഷ്യം വരുന്നു.

എന്നോടവർ പിൻസീറ്റിലേക്ക്
പോയിരിക്കാൻ പറയുന്നു.

ബസ്സനങ്ങിത്തുടങ്ങുന്നു.
ഡ്രൈവർ പാട്ടുവയ്ക്കുന്നു.
പക്ഷേ പുറത്തുവരുന്നത്
'ഒന്നു പണിയാൻ തരുമോ എന്ന് അവളോട്
ചോദിക്കാഞ്ഞതിന്റെ ഖേദം  ഇന്നും തീർന്നിട്ടില്ല'*
എന്ന വരികൾ.

യാത്രക്കാർ ചെവി പൊത്തുന്നു.
ഡ്രൈവറെ തെറി വിളിക്കുന്നു.
സ്പീക്കർ തനിയെ ഓഫാകുന്നു.

ബസ്സ് വലിയൊരു വളവു തിരിയുമ്പോൾ,
അസാധാരണമാം നീണ്ട സ്പർശിനികളുള്ളൊരു 
ശലഭത്തേയും വഹിച്ചുകൊണ്ടൊരു
കിളി പ്രത്യക്ഷപ്പെട്ട് നമുക്കിടയിൽ ഉഴറിപ്പറക്കുന്നു.
വീണ്ടും യാത്രക്കാർക്ക് ദേഷ്യം വരുന്നു.

ശലഭത്തെ ഞാനെൻറെ പോക്കറ്റിലും,
കിളിയെ നീ  മുലകൾക്കിടയിലുംഒളിപ്പിക്കുന്നു.

ദേഷ്യമെല്ലാം പൊഴിച്ചുകളഞ്ഞ് യാത്രക്കാരെല്ലാവരും
നമ്മളെ നോക്കി ചിരിക്കാൻ തുടങ്ങുന്നു.
അപ്പോൾ മുമ്പിൽ വലിയൊരു തുരങ്കം
പ്രത്യക്ഷപ്പെടുകയും, അയ്യോ ഇതിവിടെ
മുമ്പുണ്ടായിരുന്നില്ലല്ലോ എന്നു കണ്ടക്ടറും
ഡ്രൈവറും ഒരുമിച്ചു നിലവിളിക്കുകയും ചെയ്യുന്നു.

ബസ്സിനെ മൂടി ഇരുട്ട്,
ഇരുട്ടിനെ മൂടി നിലവിളി;
അങ്ങനെ കുറേ നേരം പോകുന്നു.

ഒടുവിൽ ഞങ്ങളുടേതൊഴിച്ച് ബാക്കിയെല്ലാ
സീറ്റുകളും അറ്റുപോയ നിലയിൽ
തുരങ്കത്തിനു പുറത്തെത്തുന്നു.

'ആളിറങ്ങണം!'
നമ്മളൊരുമിച്ച്ലറുന്നു.
 
'കിളിയേയും മുട്ടകളേയും പുറത്തെടുക്കാൻ
എന്നെ സഹായിക്ക്!' നീ പറയുന്നു .

മുട്ടകളോ എന്നു ഞാനത്ഭുതപ്പെടുമ്പോൾ
യാത്രക്കാർ കോറസ്സാകുന്നു.

ചൂടുള്ളരണ്ടു മുട്ടകൾ
നിൻറെ മുലകൾക്കിടയിൽ
നിന്നു ഞാൻ പുറത്തെടുക്കുമ്പോൾ 
കിളി ദയനീയമായി
കരഞ്ഞുകൊണ്ടെന്നെ നോക്കുന്നു.

പാതി കടിച്ച ചുണ്ടുകളോടെ മുട്ടകളെ
ഏറ്റുവാങ്ങി നീയത് കണ്ടക്ടർക്ക് കൊടുക്കുന്നു.
"ഇന്നാ ചേട്ടാ ടിക്കറ്റിന്റെ പൈസ"
എന്നു കണ്ണിറുക്കുന്നു.
നമ്മളിറങ്ങി നടക്കുന്നു.

മുട്ടകളെയും മുലകളെയും ഓർത്ത്
ഞാൻ ശലഭത്തെ മറക്കുന്നു.
കിളി നിന്നെ തുറിച്ചു നോക്കുന്നു.
നീ ഉടുപ്പിൻറെ കുടുക്കുകളിടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക