Image

കരടി (ചെറുകഥ: സാംജീവ്)

Published on 04 September, 2020
കരടി (ചെറുകഥ: സാംജീവ്)
സാവിത്രി കമലാക്ഷിയമ്മയോട് ഒട്ടിപ്പിടിച്ചുകിടന്നു. മാതൃസ്നേഹത്തിന്റെ വറ്റാത്ത ഉറവകൾ അനുഭവിച്ചു മതിവരാത്ത ഒരു കൗമാരക്കാരിയാണവൾ.
സാവിത്രി അമ്മയുടെ ചെവിയിൽ മന്ത്രിച്ചു.
“അമ്മേ, എനിക്കയാളുടെകൂടെ കിടക്കാൻ വയ്യ. അയാളുടെ വായ്നാറ്റവും വിയർപ്പുനാറ്റവും എനിക്കു സഹിക്കാനാവുന്നില്ല.”
“മോളേ, ഇതു പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ. നിനക്ക് പത്തുപതിനാറ് വയസ്സായില്ലേ? പെണ്ണായാൽ ഒരു ആൺതുണ വേണം. ഇല്ലാണ്ടു പറ്റില്ല.”
“അമ്മേ, അയാൾ മനുഷ്യനല്ല, മൃഗമാണ്. കതകടച്ചുകഴിഞ്ഞാൽ അയാളുടെ പരാക്രമം ഒന്നുകാണണം. അയാളുടെ മകളാകാനുള്ള പ്രായമല്ലേയുള്ളു എനിക്ക്?”
“മോളേ, അതു ആദ്യമൊക്ക തോന്നുന്നതാ. നിന്റച്ഛൻ എനിക്കു പൊടവ തന്നപ്പം എനിക്കെത്രാ വയസ്സ്?
എനിക്കു നിന്റെപ്രായം. പതിനഞ്ച്.
അന്നെനിക്കും തോന്നിയതാ ഇപ്പം നീ പറയുന്നതൊക്കെ. കൊറച്ചുകഴിഞ്ഞപ്പം അതൊക്കെ മാറി. നിന്നെ എനിക്കു തന്നിട്ട് രണ്ടുകൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും നിന്റച്ഛൻ പോയില്ലേ, എന്നെ തനിച്ചാക്കിയിട്ട്. നീ നിന്റെ കെട്ടിയോനോട് സഹകരിക്കാൻ നോക്ക്.”
അമ്മയുടെ സാന്ത്വനവാക്കുകൾ ഗദ്ഗദത്തിലാണവസാനിച്ചത്.
“സഹകരിക്കാനോ? എന്തിന്? അയാൾ കരടിയാണമ്മേ. കരടിയോടെങ്ങനെ സഹകരിക്കാൻ? അയാളുടെ നെഞ്ചും മുതുകും നിറയെ പൂടയാണ്. കരടിയുടെ പൂട. കരടിക്കു ഇണ കരടിയാണ്, മനുഷ്യപ്പെണ്ണല്ല.”
“മോളേ, അങ്ങനൊന്നും പറയല്ലേ. ആൺതുണ പെരുംതുണയാണ്. അതു കൊറച്ചുനാൾ കഴിയുമ്പം നിനക്കു മനസ്സിലാവും. ഒന്നുരണ്ടു പിള്ളാരൊക്കെ ആയിക്കഴിയുമ്പം നീ സദാശിവനെ ദൈവത്തെപ്പോലെ പൂജിക്കും.”
“ഞാൻ മനുഷ്യപ്പെണ്ണാണ് അമ്മേ, പെൺകരടിയല്ല കരടിക്കുട്ടികളെ പ്രസവിക്കാൻ.”
കരടിക്കു ദേഹം മുഴുവൻ പൂടയുണ്ട്.
കരടിയുടെ കണ്ണുകളിൽ ക്രൗര്യം നിഴലിക്കും..
കരടിക്ക് കൂർത്തുമൂർത്ത നഖങ്ങളുണ്ട്.
കരടി മാന്തും. ശരീരം മുഴുവൻ നഖക്ഷതം ഏല്ക്കും.
കരടി അട്ടഹസിക്കും.
കരടി അട്ടഹസിക്കുമ്പോൾ വായിൽനിനിന്നും ആവി പറക്കും.
കരടി പാടും, മൃഗരാഗത്തിൽ.
കരടി പാടുമ്പോൾ പട്ടച്ചാരായത്തിന്റെ ഗന്ധം പരക്കും.
കരടിക്കു ചിരിക്കാനറിയില്ല..
കരടിക്ക് ആലിംഗനം ചെയ്യാനറിയില്ല..
കരടിക്ക് ചുംബിക്കാനറിയില്ല..
കരടിക്ക് തലോടാൻ അറിയില്ല..
കരടിക്ക് ലാളിക്കാൻ അറിയില്ല..
കരടിക്ക് സാന്ത്വനവാക്കുകളില്ല..
കരടിയുടെ വായിൽനിന്നു വരുന്നതു പുളിച്ച തെറിയാണ്..
കരടിക്ക് പങ്കിടാൻ അറിയില്ല..
കരടി കീഴ്പ്പെടുത്തും..
കരടിക്കു കറുത്ത കറപിടിച്ച പല്ലുകളുണ്ട്..
കരടി ഇരയെ കടിച്ചുകീറും..
കരടി മൃഗമാണ്.. അവന്റെ ഡിഎൻഎ വേറെയാണ്..
കരടിയുടെ മടയിലേയ്ക്കു പോകുവാൻ മനുഷ്യക്കുട്ടി വിസമ്മതിച്ചു.

കമലാക്ഷിയമ്മ സാവിത്രിയെ ശാസിച്ചു. അവളെ ഉന്തിത്തള്ളി പട്ടച്ചാരായത്തിന്റെ ഗന്ധം വമിക്കുന്ന മുറിയിലെത്തിച്ചു. അവിടെ കരടി പാടാൻ തുടങ്ങിയിരുന്നു.. ഇരുണ്ട മുറിയിൽനിന്ന് മൃഗരാഗങ്ങൾ ഒഴുകിവന്നു. കമലാക്ഷിയമ്മ പതിവില്ലാതെ കൂർക്കം വലിച്ചു..
അല്പസമയം കഴിഞ്ഞ് ക്ഷുഭിതനായ സദാശിവൻ വെളിയിൽ വന്നു. അയാളുടെ മുഖം വക്രിച്ചിരുന്നു. അയാൾ പറഞ്ഞു.
“സാവിത്രിക്കു ഒരു വിവാഹം ആവശ്യമില്ലായിരുന്നു. അവൾക്ക് ഒരു കെട്ടിയോൻ ആവശ്യമില്ലായിരുന്നു. അവൾ പെണ്ണല്ല. അവൾ മദയാനയാണ്.”
സദാശിവന്റെ നാവു കുഴഞ്ഞിരുന്നു. വാക്കുകൾ കൂട്ടിയോജിപ്പിക്കാൻ അയാൾ ബുദ്ധിമുട്ടി.
“എന്ത്? സാവിത്രി പെണ്ണല്ലെന്നോ? എങ്ങനെ തോന്നി സദാശിവാ നിനക്കതു പറയാൻ?”
കമലാക്ഷിയമ്മ ഒരുനിമിഷം മൗനം ഭജിച്ചു. അവർ അല്പം താണശബ്ദത്തിൽ പറഞ്ഞു.
“പിന്നൊരു കാര്യമുണ്ട് സദാശിവാ. പെണ്ണിനെ പാട്ടിലാക്കാൻ ഒരു പ്രത്യേക കഴിവ് വേണം. കടിച്ചുകീറി തിന്നാൻ അവൾ മൃഗമല്ല. ഏതു മദയാനയാണെങ്കിലും ഇണക്കുന്നത് പാപ്പാന്റെ കഴിവാ.”
മരുമകന്റെ മുഖത്തു നോക്കാതെയാണ് കമലാക്ഷിയമ്മ അതു പറഞ്ഞത്. വാക്കുകൾക്ക് അതിരുകളുണ്ട്.

“എടാ, ഇടഞ്ഞുനില്ക്കുന്ന മദയാനയെ തളയ്ക്കാൻ ഒരു വഴിയേയുള്ളു.”
വാറ്റുചങ്കരൻ പറഞ്ഞു. വാറ്റുചങ്കരൻ കരടിസദാശിവന്റെ കൂട്ടുകാരനാണ്. ചങ്കരനോട് കരടി എല്ലാം പറയും. ചങ്കരനും കരടിയും ഒരുമിച്ച് പട്ടച്ചാരായം അടിക്കുന്നവരാണ്.
കരടിക്കു കാര്യം മനസ്സിലായില്ല.
“എന്താ അത്?” കരടി ആരാഞ്ഞു.
“മയക്കുവെടി.”
“മയക്കുവെടിയോ?” കരടിക്കു കാര്യം പിടികിട്ടിയില്ല.
ചങ്കരൻ ചിരിച്ചു. ചങ്കരൻ ചിരിക്കുമ്പോൾ പല്ലെല്ലാം വെളിയിൽ കാണാം.
കറുത്ത കരിപിടിച്ച പല്ലുകൾ.

പിറ്റേന്ന് ചങ്കരൻ ഒരു പൊതി കരടിയെ ഏല്പിച്ചു. വർത്തമാനക്കടലാസിൽ പൊതിഞ്ഞ പ്ലാസ്റ്റിക്ക്കൂടിൽ ഒരു വെളുത്തപൊടിയുണ്ടായിരുന്നു.
“ഒരു നുള്ളേ ഇടാവൂ. അല്ലെങ്കിൽ ആള് വടിയാവും.”
“അതൊക്കെ എനിക്കറിയാം.”
കരടി ചിരിച്ചു. ചങ്കരനും ചിരിച്ചു.
“പിന്നെ കാര്യങ്ങളൊക്കെ വന്നു പറയണം.”

വിരണ്ട ആന പാപ്പാനെ അനുസരിക്കില്ല.
വിരണ്ട ആന പാപ്പാനെ ചവിട്ടും. ചിലപ്പോൾ കുത്തിമലർത്തും.
വിരണ്ട ആന പാപ്പാന്റെ തോട്ടിപ്രയോഗത്തിന് നിന്നു കൊടുക്കില്ല
വിരണ്ട ആനയെ ചങ്ങലയിടാൻ കഴിയില്ല..

മയക്കുവെടിവെച്ചാൽ ആന ശാന്തമാകും.
അല്പസമയം കഴിയുമ്പോൾ ആന താഴെ വീഴും.
ആന ഗാഢനിദ്രയിലാണ്ടുപോകും.
ഗാഢനിദ്രയിലായ മദയാന ഇടയുകയില്ല..
ചിലമണിക്കൂറുകൾ കഴിഞ്ഞ് മദയാന ഉണരും.
അപ്പോഴേയ്ക്കും മദയാന ബന്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കും.
അപ്പോൾ പാപ്പാൻ പൊട്ടിച്ചിരിക്കും, മദയാനയെനോക്കി.
“നിന്റെ മദമെല്ലാം എവിടെപ്പോയി?” എന്നാണ് ആ ചിരിയുടെ അർത്ഥം..

മനുഷ്യപ്പെണ്ണിനെ നോക്കി കരടി ഉറക്കെ ചിരിച്ചു. അയാൾ ചിരിച്ചപ്പേൾ വായിൽനിന്നും ആവി പറന്നു. ചാരായത്തിന്റെ ഗന്ധം അവിടെ പരന്നു.
സാവിത്രി എന്ന പതിനഞ്ചുകാരി പൊട്ടിത്തെറിച്ചു.
“നീ ആണ് ആണോടാ?
നീ ആണോടാ പർത്താവ്?”
കരടി വീണ്ടും വീണ്ടും ചിരിച്ചു.
വീട് നിറയെ പട്ടച്ചാരായത്തിന്റെ ഗന്ധം വ്യാപിച്ചു.
എന്നിട്ടയാൾ ഇറങ്ങിപ്പോയി, പൊട്ടിച്ചിരിച്ചുകൊണ്ടുതന്നെ.

മിൽമാബൂത്തിൽ പോയി പാൽ വാങ്ങി വീട്ടിലേയ്ക്കു വരുമ്പോഴാണ് സാവിത്രി പള്ളിയങ്കണത്തിലെ കൺവൻഷൻപന്തൽ കണ്ടത്. ഒരു പാതിരിയച്ചൻ പ്രസംഗിച്ചുകൊണ്ടുനില്ക്കുന്നു. കേൾക്കാൻ രസം തോന്നി. പാതയോരത്തു നിന്നുകൊണ്ട് അച്ചന്റെ പ്രസംഗം ശ്രദ്ധിച്ചു.
“മണ്ണുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മണ്ണു കുഴയ്ക്കാൻ ദൈവം ഒരു ദ്രാവകം ഉപയോഗിച്ചു. ആ ദ്രാവകത്തിന്റെ പേരാണ് സ്നേഹം. സ്നേഹത്തിൽ കുഴച്ച മണ്ണുകൊണ്ട് ദൈവം മനുഷ്യനെ ഉണ്ടാക്കി. അതു നെടുകെ കീറിയെടുത്തു. ഒരു പാതിക്ക് നരനെന്നും മറ്റെ പാതിക്ക് നാരിയെന്നും പേരിട്ടു. രണ്ട്‍ പാതികളും പരസ്പരപൂരകങ്ങളാണ്. ഒരു പാതി മറ്റെ പാതിയെക്കാൾ ശ്രേഷ്ഠമൊന്നുമല്ല. രണ്ടാക്കപ്പെട്ട പാതികൾ വീണ്ടും ഒന്നാകാൻ വെമ്പുന്ന പ്രക്രിയയാണു രതി.
രതി സ്നേഹത്തിന്റെ പൂർത്തീകരണമാണ്. രതിയിൽ ശരീരവും ആത്മാവും ഒന്നാക്കപ്പെടുന്നു.
തലോടലിനു കൊതിക്കുന്ന നിമിഷങ്ങൾ..
ആലിംഗനത്തിനു വെമ്പുന്ന നിമിഷങ്ങൾ..
ഗംഗയും യമുനയും ഒന്നായിച്ചേർന്നൊഴുകുന്ന നിമിഷങ്ങൾ..
അതു ദൈവികമാണ്..
ദൈവം സ്നേഹമാണ്..
സ്നേഹത്തിന്റെ പ്രവാഹമാണ് രതി..
രതിയിൽ കീഴ്പ്പെടുത്തലില്ല..
ഇരയും വേട്ടക്കാരനുമില്ല..
കീഴ്പ്പെടുത്തൽ മൃഗീയമാണ്.
ഞാൻ പറയുന്നത് സ്ർഗ്ഗത്തിലെ കാര്യമൊന്നുമല്ല.. പച്ചയായ മനുഷ്യജീവിതത്തിന്റെ കാര്യമാണ്. ഇന്നുമുതൽ നിങ്ങൾ പരീക്ഷിച്ചു നോക്കൂ. മാറ്റങ്ങൾ ഉണ്ടാകും.”
പാതിരിയച്ചന്റെ പ്രസംഗം.

സാവിത്രിയുടെ മനസ്സിൽ ഒരു പുതിയ വെളിച്ചം ഉദിച്ചു.
മണ്ണിൽനിന്നും മനുഷ്യനെ സൃഷ്ടിച്ച ആ ദ്രാവകം കൊണ്ട് കരടിയെ മനുഷ്യനാക്കാൻ പറ്റുമോ?
സാവിത്രിയുടെ ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിടർന്നു..
ദിവ്യനായ ഒരു മഹർഷിയിൽനിന്നും വീണുകിട്ടിയ വരദാനം പോലെ സാവിത്രിയുടെ മനസ്സിലേയ്ക്ക് ഒരു മന്ത്രം പ്രവേശിച്ചു. അവൾ ഉദ്വേഗത്തോടെ ഭവനത്തിലേയ്ക്കു നടന്നു..

രണ്ടുമൂന്നാഴ്ചകൾക്കുശേഷം ഒരു പ്രഭാതയാമത്തിൽ മുറ്റത്തെ ചക്കരമാവിൻചോട്ടിലിരുന്ന് ഛർദ്ദിക്കുന്ന സാവിത്രിയുടെ പുറം തലോടിക്കൊണ്ട് കരടിസദാശിവൻ മൊഴിഞ്ഞു.
“ഇന്നു നീ വിശ്രമിക്ക്. ജോലിയൊന്നും ചെയ്യണ്ട.”
അല്പം അകലെ വീടിന്റെ കോലായിൽ നിന്ന് കമലാക്ഷിയമ്മ പറഞ്ഞു.
“ഇതൊക്കെ പെണ്ണുങ്ങക്ക് പറഞ്ഞിട്ടൊള്ളതാ..”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക