Image

മോശയുടെ വഴികള്‍ (നോവല്‍ -9: സാംസി കൊടുമണ്‍)

Published on 05 September, 2020
മോശയുടെ വഴികള്‍ (നോവല്‍ -9: സാംസി കൊടുമണ്‍)
പതിനേഴ്

ഫറവോന്റെ പുതിയ തൊഴില്‍ നയം നല്‍കിയ അധിക ജോലിഭാരത്താല്‍ വലഞ്ഞ ജനം, അതിനു കാരണക്കാരായ മോശക്കും അഹറോനും എതിരായി തിരിഞ്ഞു. അവര്‍ വീടുകളിലും ചന്തസ്ഥലങ്ങളിലും പരസ്പരം പിറുപിറുത്തു. വെച്ചുവാണിഭക്കൊട്ടയുമായി, എബ്രായ വീടുകളില്‍ കയറിയിറങ്ങി അവരെ മോശക്കനുകുലമാക്കാന്‍ ശ്രമിക്കുന്ന സാറയെ അവര്‍ സംശയത്തോട് നോക്കി. ഇഷ്ടികക്കായി വൈക്കോല്‍ ശേഖരിക്കാന്‍ പോയി, എണ്ണം തികക്കാനായി രാവേറുവോളം ഇഷ്ടികക്കളത്തില്‍ പണിയെടുക്കുന്നവരെ നോക്കി മിസ്രമ്യര്‍ പരിഹസിച്ചു.

''ജനത്തിന്റെ വിശ്വാസം വീണ്ടെ ടുക്കാന്‍ നാം എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ അവര്‍ നമ്മെ ഒരിക്കലും കേള്‍ക്കുകയില്ല..'' മോശയോടും അഹറോനോടുമായി സാറാ പറഞ്ഞു. നീണ്ട കൂടിയാലോചനക്കു ശേഷം മോശയും അഹറോനും ഫറവോന്റെ സന്നിധിയില്‍ ചെന്നു

''ഞങ്ങളുടെ ദൈവമായ യഹോവ വീണ്ട ും പ്രത്യക്ഷപ്പെട്ട് അടിയങ്ങളോടു കോപിച്ചിരിക്കുന്നു. യഹോവയുടെ യാഗോത്സവത്തിനായി മരുഭൂമിയിലേക്കു പോകാന്‍ കൃപയുണ്ട ായി ഞങ്ങളെ അനുവദിക്കേണമേ!'' മോശ ചോദിച്ചു.

''നിന്റെ യഹോവയെ ഞാനറില്ലല്ലോ.'' ഫറവോന്‍ പരിഹാസമോടെ പറഞ്ഞു.
മോശയുടെ ഉള്ളില്‍ കോപം ജ്വലിക്കാന്‍ തുടങ്ങി. അവന്‍ കൈയ്യിലിരുന്ന വടി അഹറോന്റെ കൈയ്യില്‍ കൊടുത്ത്, അത് ഫറവോന്റെ മുന്നിലേക്കെറിയാന്‍ പറഞ്ഞു. അതു പാമ്പായി, ഇരയ്ക്കായി ഫണവും വിടര്‍ത്തി നിന്നു. '' ഇതു നീ യെഹോവെ അറിയില്ല എന്നു പറഞ്ഞതിനുള്ള അടയാളമാകുന്നു.'' മോശ അല്പം ശാന്തനായി പറഞ്ഞു.

ഫറവോന്‍ മുന്‍പത്തേക്കാളും ഉച്ചത്തില്‍ ചിരിച്ചതേയുള്ളു. എന്നീട്ട് തന്റെ കൊട്ടാരത്തിലെ മന്ത്രവാദികളെ വരുത്തി ഒന്നിനു പകരം രണ്ട ു വടികള്‍ എറിയാന്‍ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു. രണ്ട ും പാമ്പായി മാറി. മോശ എന്തു ചെയ്യണമെന്നറിയാതെ ഒന്നു പകച്ചു. എന്നാല്‍ മോശയുടെ പാമ്പ് മറ്റു രണ്ട ു പാമ്പുകളേയും വിഴുങ്ങി.

''നീ വീണ്ടും മന്ത്രവാദത്താല്‍ എന്നെ തോല്‍പിക്കാന്‍ നോക്കുന്നുവോ..? എന്റെ മുന്നില്‍ നിന്നു പോക. ഫറവോന്റെ തടവറയില്‍ ഇനിയും സ്ഥലമില്ലന്നു നീ കരുതുന്നുവോ..?'' ഫറവോന്‍ കോപത്താല്‍ ജ്വലിച്ചു.
മോശയും അഹറോനും തന്റെ വടിയുമെടുത്തു നടന്നു.

അവരുടെ വരവും കാത്തു നിന്ന സാറയോട് മോശ പറഞ്ഞു: ''നാളെ ഫറവോന്റെ കുളിക്കടവില്‍, നിനക്കിഷ്ടമുള്ളവരെ കൂട്ടിക്കൊണ്ട ുവന്ന് കാടുകള്‍ക്കിടയില്‍ ഒളിപ്പിക്കേണം. അഹറോന്‍ ഗോത്രമൂപ്പന്മാരെ അവിടെ ഒളിപ്പിക്കട്ടെ. യഹോവ എന്തു ചെയ്യുമെന്നവര്‍ കാണട്ടെ.''
എന്തൊക്കയോ മനോവിചാരങ്ങളില്‍ മുഴുകി അഹറോന്‍ നടന്നു നീങ്ങിയപ്പോള്‍ മോശ വടി സാറായ്ക്കു കൊടുത്തു പറഞ്ഞു: ''നീയും യഹോവയ്ക്ക് പ്രീയപ്പെട്ടവള്‍ തന്നെ.''
''യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.'' സാറാ വടിമുത്തി.

''സാറാ നിന്റെ സമയം ആയിരിക്കുന്നു. ഊനമില്ലാത്ത കുഞ്ഞാടിന്റെ രക്തത്താല്‍ നീ ഈ വടിയെ ശുദ്ധികരിക്കുക.'' മോശ മറ്റൊരു ലോകത്തില്‍ നിന്നെന്നവണ്ണം അവളോടു പറഞ്ഞു.

ഫറവോനും പരിവാരങ്ങളും കുളിക്കടവില്‍ എത്തുന്നതിനു മുമ്പായി സാറാ കടവിനു മേലെയുള്ള പാറയിടുക്കില്‍ കാഞ്ഞിരത്തിലയുടെ നീരിനാല്‍ മീനുകളെ തമ്മില്‍ കലഹിപ്പിച്ചു. അവ മയക്കത്തിലും, ഉന്മാദത്തിലും പരസ്പരം കലഹിച്ച് പരസ്പരം കൊല്ലാന്‍ തുടങ്ങിയുരുന്നു. കുളിക്കാനിറങ്ങിയ ഫറവോന്‍ ചത്ത മീനുകളെ നോക്കി ഇതെന്തേ എന്നു ചിന്തിക്കവേ, മോശ തന്റെ വടിയുടെ അഗ്രം വെള്ളത്തില്‍ തൊട്ടു. വെള്ളം രക്തനിറമായി. ഫറവോന്‍ ഭയന്ന് കടവില്‍ നിന്നു കയറി തന്റെ മത്രവാദികളെ അന്വേഷിച്ചു. മറവില്‍ ഒളിച്ചിരുന്നവര്‍ ഇതൊക്കേയും കണ്ട ് മോശയില്‍ വിശ്വസിക്കാന്‍ തുടങ്ങി. എന്നാല്‍ ഫറവോന്റെ മന്ത്രവാദികളും തങ്ങളുടെ മന്ത്രത്താല്‍ മീനുകളെ കൊല്ലുകയും, വെള്ളത്തെ രക്തമാക്കുകയും ചെയ്തു. അബ്രാമ്യരില്‍ പലരും ചേരിപ്പോരില്‍ ആയി. മോശ ഒരു മന്ത്രവാദിയോ.? അവര്‍ ചോദിക്കാന്‍ തുടങ്ങി.

മരുഭൂമിയില്‍ അതിശക്ത്മായ മഴയും കാറ്റും. പാറയിടുക്കുകള്‍ വെള്ളത്താല്‍ നിറഞ്ഞു. അവിടെ തണല്‍തേടിയ തവളകള്‍ കൂട്ടത്തോട് പുറത്തേക്കു ചാടീ. അവയുടെ പാറയെപ്പിളര്‍ക്കുന്ന ശബ്ദത്താല്‍ ജനം പൊറുതി മുട്ടി. സാറായുടെ ആടുകള്‍ തവളെയെപ്പൊലെ നിലവിളിക്കാന്‍ തുടങ്ങി. ആ ശബ്ദം തവളകള്‍ ഇണയുടേതാണന്നു കരുതി ഗ്രാമങ്ങളിലേക്കിറങ്ങി. സാറാ തന്റെ ആടുകളെ തുറന്നുവിട്ടു. തവളകള്‍ ജനത്തിനു നടുവില്‍ ആടുകളുമായി ഇണചേര്‍ന്നു. ജനം മൂക്കത്തു വിരല്‍ വെച്ചു. കേട്ടുകേഴ്‌വിപോലുമില്ലാത്തകാര്യം ഇതെങ്ങനെ സംഭവിച്ചു. തവളകള്‍ ആടുകളെപ്പോലെ വലുതായി. തവളകളെ ഭയന്ന ജനം ഫറവോന്റെ സന്നിധിയില്‍ എത്തി. ഇതും മോശയുടെ മന്ത്രം എന്നവര്‍ പറഞ്ഞു. തവളകളുമായി ഇണചേര്‍ന്ന ആടുകള്‍ ചത്തു. ചത്ത ആടുകളില്‍ നിന്നും ഈച്ചയും, പേനും നാട്ടിലാകെ നിറഞ്ഞു. ജനം പരിഭാന്തരായി. മോശയെ അവര്‍ ഭയന്നു. ഇനി എന്തേ എന്നവര്‍ ചോദിച്ചു. മോശ ദൂതന്‍ വഴി അറീയിച്ചു. 'എന്റെ ജനത്തെ വിട്ടയ്ക്കുക. പക്ഷേ ഫറവോന്‍ ഒരു മന്ത്രവാദിയുടെ മുന്നില്‍ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. അപ്പോഴേക്കും ചത്ത ആടുകളില്‍ നിന്നും ഏറ്റ ബാധയാല്‍ വയലിലെ മൃഗങ്ങളൊക്കേയും ചത്തൊടുങ്ങാന്‍ തുടങ്ങിയിരുന്നു. ജനങ്ങള്‍ ചൊറിച്ചിലാല്‍ പരവശപ്പെടുകയും ചൊറിയാലും ചിരങ്ങിനാലും കഷ്ടപ്പെടുകയും ചെയ്തു. കഷ്ടപ്പെടുന്ന ജനത്തിനുമേല്‍, രാത്രിയില്‍ തണുത്ത മരുഭൂമിയില്‍ മേഘങ്ങളില്‍ നിന്നും കല്‍മഴ പെയ്യാന്‍ തുടങ്ങി. കിളിര്‍ത്തുവരുന്ന ചണവും, യവവും നഷ്ടമായ ജനം ഇനിയും ഞങ്ങള്‍ എന്തു ചെയ്യേണം എന്നുറക്കെ കരയുകയും, ഇതൊക്കെ ഒരു മന്ത്രവാദിക്കെങ്ങനെ കഴിയുമെന്നു പരസ്പരം ചോദിച്ചു വ്യാകുലപ്പെട്ടു.

മോശ സാറായോടു പറഞ്ഞു: ''നീ നിന്റെ കിന്നരവുമായി മലമുകളില്‍ കയറി ഏറ്റവും ഇമ്പമായ രാഗത്തില്‍ പാടണം.'' സാറാ മലമുകളില്‍ പാടി. ലോകത്തിലെ വെട്ടിക്കിളികള്‍ ഒന്നൊന്നായി അവിടേക്കു പറന്നിറങ്ങി. വളര്‍ന്നു കതിരായ ഗോതമ്പും ചോളവും തിന്നു. ജനം പട്ടിണിയായി. അപ്പോഴു ഫറവോന്‍ അവന്റെ അരമനയില്‍ തിന്നും കുടിച്ചും ആനന്ദിച്ചു. അവന്റെ ഭാര്യയുടെ വാക്കുകളെ അവന്‍ കേട്ടില്ല. അവര്‍ പറഞ്ഞു: ''ജനം വല്ലാതെ കഷ്ടപ്പെടുന്നു. മോശയേയും അവന്റെ ജനത്തേയും വിട്ടയച്ചുകൂടെ.'' ഫറവോന്‍ മുത്തിരിച്ചാറുമോന്തി ഉറക്കെച്ചിരിച്ചു. ''അവന്റെ യഹോവയെ ഞാനറില്ലല്ലോ...''

പിന്നേയും വേനല്‍. മരുഭൂമി പഴുത്തു. മണല്‍ത്തരികള്‍ പാറി നടന്നു. സാറായുടെ ശേഷിച്ച ആടുകള്‍ മരുഭൂമിയില്‍ ഓടി. തലങ്ങും വിലങ്ങും ഓടി. അതിന്റെ കുളമ്പുകള്‍ ചുട്ടുപൊള്ളി. അതില്‍ നിന്നും തീ കത്തി. മരുഭൂമിയിലെ മണല്‍ കരിഞ്ഞ് പുകയാലും പൊടിയാലും ആകാശം മൂടി ഇരുട്ടിനാല്‍ ജനം വലഞ്ഞു. മിസ്രേമ്യര്‍ ഫറവോന്റെ മുന്നില്‍ കരഞ്ഞു. ''അവന്റെ ദൈവം എന്റെ ദൈവത്തേക്കാള്‍ ശക്തനോ' ഫറവോന്‍ ജനത്തോടു ചോദിച്ചു.

ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി മിസ്രേമ്യരുടെ വീടുകളില്‍ മരണം വിളവെടുക്കാന്‍ തൂടങ്ങിയപ്പോള്‍, ഇതുവരെ പിടിച്ചു നിന്നവരും വാവിട്ട് നിലവിളിച്ചു. 'ഫറവോനെ നീ ഞങ്ങള്‍ക്ക് എന്തിനു ശാപം തരുന്നു. ഞങ്ങളുടെ കന്നുലാലികളും, മക്കളും ഒന്നൊന്നായി മരിച്ചുവീഴുന്നതു നീ കാണുന്നില്ലെ. എന്നാലോ അബ്രായരുടെ വീടുകളെ മരണദൂതന്‍ ഒഴിഞ്ഞു പോകുന്നു. ഇതെന്തേ... തീര്‍ച്ചയായിട്ടും ഇതു മോശയുടെ ദൈവം നമ്മുടെ മേല്‍ അയച്ച ശിക്ഷതന്നെ. നീ അവരെ വിട്ടയ്ക്കുക.' ജനം കൊട്ടാരവീഥികളില്‍ നിലവിളിക്കുമ്പോള്‍ ഫറവോന്‍ സ്വന്തം കിടക്കയില്‍ കണ്ണുനീര്‍ തുടയ്ക്കുകയായിരുന്നു. അവന്റെ ആദ്യജാതനും അവനെ വിട്ടുപോയിരുന്നു. അവന്‍ കിടക്കയില്‍ നിന്നും എഴുനേറ്റ്, യിസ്രായേല്‍ മൂപ്പന്മാരെ വിളിച്ചു പറഞ്ഞു:

''ഇനി എന്റെ ജനതയും നിന്റെ ജനതയും തമ്മില്‍ എന്ത്..? നിങ്ങള്‍ ബോധിച്ചിടത്തേക്കു പോകുവിന്‍. ഇനിയും എന്റെ മുന്നില്‍ കാണരുത്.'' അതൊരു പരാജിതന്റെ ശബ്ദമായിരുന്നു.

മോശയും അഹറോനും, സാറയും സന്തോഷത്തോട് നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍, സിപ്പോറയ്ക്ക് അതിന്റെ പൊരുള്‍ ഒട്ടും പിടികിട്ടിയില്ല, കുറെ രാത്രികളിലെ ഗൂഡാലോചന അവള്‍ അറിയുന്നുണ്ട ായിരുന്നു. അത് ദേശത്ത് ഇത്രവലിയ വിലാപങ്ങള്‍ ഉണ്ട ാക്കുമെന്നവള്‍ ചിന്തിച്ചില്ല. യുദ്ധത്തില്‍ വിജയമേയുള്ളു. വിലാപങ്ങള്‍ക്കു സ്ഥനമില്ല, യുദ്ധവീരന്മാരുടെ ഒളിയമ്പുകളിലെ വിഷം സാറ രാത്രിയുടെ മറവില്‍ ഉണ്ട ാക്കിയിരുന്നു.

ഫറവോന്റെ മനസ്സു മാറുന്നതിനു മുമ്പ് സകല യിസ്രായേലിയരും അവനവനുള്ളതൊക്കേയും എടുത്ത് നഗരകവാടത്തില്‍ എത്തെണമെന്നുള്ള അറീപ്പുമായി സാറയും ഗോത്രമൂപ്പന്മാരും നാലുഭാഗത്തേക്കും പോയി. മോശയും സിപ്പോറയും അവരുടെ മക്കളുമായി നഗരകവാടത്തിലേക്കു നടന്നു. നാനുറ്റി മുപ്പതു വര്‍ഷമായി പ്രവാസത്തിലായിരുന്നവരുടെ വേരുകള്‍ പെട്ടന്നു പിഴുതുമാറ്റാന്‍ കഴിയുന്നില്ല. ഈ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ജീവിതവും, ആര്‍ജ്ജിച്ച സംസ്‌കാരവും വിട്ടെറിഞ്ഞ് അറിയപ്പെടാത്ത ഒരു സ്ഥലം തേടിയുള്ള യാത്ര. കഠിനവേല ചെയ്യേണ്ട ിവരുമ്പോള്‍ ഇവിടം വിട്ടെങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നാഗ്രഹിച്ചതു നേരു തന്നെ. പക്ഷേ ഇത്ര പെട്ടന്ന്.... സിക്രി കുലത്തില്‍ മാത്രമല്ല, അസ്സുറും, ഉസിയേനും ഒക്കെ അങ്ങനെ തന്നെ ചിന്തിച്ചു. മൂശി അല്പം ഉറക്കത്തന്നെ പറഞ്ഞു: ' നമ്മുടെ അപ്പന്മാരെ അടക്കിയ സ്ഥലം, നമ്മുടേയും സന്തതി പരമ്പരയുടേയും പൊക്കിള്‍ക്കൊടി കുഴിച്ചിട്ട ഈ സ്ഥലം നാം എങ്ങനെ വിട്ടു പോകും. ഇതു മോശയുടെയും അഹറോന്റെയും പദ്ധതികളാണ്. അതിനു അവര്‍ നമ്മളെ എന്തിനു കഷ്ടപ്പെടുത്തുന്നു. തൊണ്ണുറു കഴിഞ്ഞ എന്റെ അപ്പനെ ഞാന്‍ എങ്ങനെ കൊണ്ട ു പോകും. കുടുംബത്തിലെ ഗര്‍ഭിണികള്‍ എന്തു ചെയ്യും. നമ്മുടെ കന്നുകാലികള്‍.... ഒക്കെ ഉപേക്ഷിക്കണോ? നമുക്ക് പോകാതിരുന്നു കൂടെ. ഇത്രനാളും നമുക്ക് കൂട്ടായിരുന്ന അയല്‍പക്കങ്ങളെ നാം ഉപേക്ഷിക്കണ്ടേ ... നിങ്ങള്‍ എന്റെ കൂടെ ഉണ്ടെ ങ്കില്‍ നമുക്കിവിടെത്തന്നെ കഴിയാം.' മൂശിയുടെ വാക്കുകള്‍ വീണ്ട ു വിചാരത്തിന്റെ ഒരു വിനാഴിക അവരില്‍ ഉണ്ട ാക്കിയെങ്കിലും, സ്വന്തമായവരെല്ലം, ഉള്ളതൊക്കേയും കെട്ടപ്പറക്കുന്നതിന്റെ ഉത്സാഹത്തിലായിരുന്നതിനാല്‍ ആര്‍ക്കും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. എങ്കിലും അവര്‍ മറ്റുള്ളവര്‍ക്കൊപ്പം കൂടാന്‍ തീരുമാനിച്ചു. ഇത്രനാളും ജീവിച്ച നാടിന്റെ ആചാരങ്ങളേയും, വിശ്വാസങ്ങളേയും ആരുമറിയാതെ ചിലരെങ്കിലും അവരവരുടെ ഭാണ്ഡങ്ങളില്‍ ഒളിപ്പിക്കാന്‍ മറന്നില്ല. അതില്‍ ഫറവോന്റെ ദൈവങ്ങളും ഉണ്ട ായിരുന്നു. താന്താങ്ങളുടെ അയല്‍ക്കാരെ കെട്ടിപ്പിടുച്ച്, ചുംബിച്ച്, കരഞ്ഞ്, എങ്ങോട്ടെന്നറിയാത്ത ഒരു യാത്രക്കവര്‍ പുറപ്പെട്ടു.

മോശയുടെ ഇടതും വലതുമായി സാറായും അഹറോനും നിലയുറപ്പിച്ചു. അവര്‍ക്കു പിന്നിലായി അണിനിരന്ന ജനങ്ങളില്‍ അനിശ്ചിതത്ത്വത്തിന്റെ മുഖരേഖകള്‍. അവരില്‍ സന്തോഷം കണ്ട ില്ല. എവിടേക്ക് എന്ന ചോദ്യഭാവമായിരുന്നു. ഫല്ലയും, കര്‍മ്മിയും, യാമിനും ചേര്‍ന്ന് ജനത്തെ ശാന്തരാക്കി നേര്‍രേഖ പണിയാന്‍ പാടുപെടുന്നു. പലരും കൊട്ടയില്‍ നിന്നും ഇറങ്ങിയോടാന്‍ വെമ്പുന്ന കോഴികളെ വീണ്ട ും കൊട്ടയിലാക്കി കഴുതപ്പുറത്ത് കെട്ടി. ജനം ഒരാള്‍ക്കുട്ടമായി മാറുന്നു. തിക്കിലും തിരക്കിലും കൈവിട്ട കുട്ടികള്‍ക്കായി അമ്മമാര്‍ ഓടിനടക്കുന്നു. അനുസരണക്കേടുകാര്‍ക്കായി, ചെവിക്കുപിടിച്ചു തിരിക്കലും, തുടയിലേറ്റ പ്രഹരവുമയി അവര്‍ അമ്മമാരുടെ കുപ്പായങ്ങളില്‍ ചുറ്റിപ്പിടിച്ചു വലിയവായിലെ മോങ്ങുന്നു. പ്രായമായവരെ തോളിലേറ്റിയവര്‍ എങ്ങോട്ടെന്നറിയാതെ ഇടംവലം തിരിയുന്നു. ഗര്‍ഭിണികള്‍ തങ്ങളുടെ വയറിനൊപ്പം ചട്ടിയും കലവും താങ്ങി, സഹായ ഹസ്തങ്ങളെത്തേടുന്നു. കഴുതകളും, ഒട്ടകങ്ങളും വഹിക്കാവുന്നതില്‍ കൂടുതല്‍ ഭാരത്താല്‍ കരയുന്നു. നടക്കാന്‍ വയ്യാത്തവരെ കിടക്കയില്‍ ചുമക്കുന്നവര്‍. കുരുടന്മാരും മുടന്തന്മാരും കൈത്താങ്ങിനായി ചുറ്റും നോക്കുന്നു. ഇനിയും തിരിച്ചറുവുവന്നിട്ടില്ലാത്ത, കുട്ടിത്തം മാറി കൗമാരത്തിലേക്കു കടക്കുന്ന കുറെ കുട്ടികള്‍ മാത്രം, ഈ പുറപ്പാടിന്റെ ഗൗരവം മനസ്സിലാകാതെ, ഓടി നടന്ന് പലരേയും സഹായിക്കുന്നു. മോശ അവരില്‍ ചിലരെ മനസ്സില്‍ കുറിച്ചു. ഇവര്‍ നാളയുടെ തേരാളികളാകേണ്ട വര്‍.

പുറപ്പാടിന്റെ കാലവും, നേരവും മുന്‍ നിശ്ചയമില്ലാതിരുന്നതിനാല്‍ എല്ലാവരും അങ്കലാപ്പിലായിരുന്നു. എന്തെടുത്തു. എന്തെങ്കിലും മറന്നോ. ഉപേക്ഷിച്ചതൊക്കെ വേണ്ട തായിരുന്നോ. അമ്മമാര്‍ ഇങ്ങനെ ഒരൊന്നു ചിന്തിച്ച്, ആള്‍ക്കൂട്ടത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പെട്ടന്ന് മോശ നിന്ന സ്ഥലത്ത് ആകാശത്തില്‍ ഒരു മേഘപാളി വന്നു നിന്നു. മോശക്ക് പെട്ടന്നു ബോധോദയം ഉണ്ട ായവനെപ്പോലെ അഹറോനോടു പറഞ്ഞു: ''എല്ലാ ഗോത്ര തലവന്മാരേയും വിളിച്ച്, ഒരോ ഗോത്രങ്ങളുടേയും ചുമതല അവരെ ഏല്‍പ്പിക്കുക. താന്താങ്ങളുടെ ജനത്തെ അവരവര്‍ നിയന്ത്രിക്കട്ടെ. പുറപ്പെടാനുള്ള സമയം ആയിരിക്കുന്നു. നമുക്ക് അടയാളമായി ഈ മേഘം നമ്മുടെ മുന്നില്‍ നടക്കും.'' അഹറോന്‍ എല്ലാ ഗോത്രമൂപ്പന്മാരേയും വിളിച്ച് മോശ പറഞ്ഞതുപോലെ ചെയ്യാന്‍ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു. പെട്ടന്നു മോശക്ക് ജനങ്ങളുടെ മേല്‍ നിയന്ത്രം കിട്ടയതുപോലെ. ജനം തിരിഞ്ഞു നോക്കിയും, വിലപിച്ചും മുന്നോട്ടു നടന്നു. അവര്‍ ഉയര്‍ന്നു നിന്നിരുന്ന മോശയുടെ വടിയെ നോക്കി നടന്നു. ഇതുവരെ പ്രവാസികളായിരുന്നവര്‍ പുറപ്പാടിലായി. അപ്പോഴും അവരുടെ പിതാക്കന്മാരുടെ അസ്ഥിത്തറകളെ അവര്‍ ഓര്‍ക്കാതിരുന്നില്ല. ജോസഫിന്റെ ഗോത്രക്കാര്‍ ജോസഫിന്റെ അസ്ഥിയെ മറന്നില്ല.

ഫറവോന്റെ കൊട്ടാരത്തില്‍ വിലാപം അടങ്ങിയിരുന്നില്ല. അവന്റെ വാള്‍ അരയില്‍ കരഞ്ഞു. ആദ്യജാതന്റെ ചൈതന്യമറ്റ ശരീരം അവന്റെ കോപത്തെ വര്‍ദ്ധിപ്പിച്ചു. 'മോശേ...നീ ഇതെന്തിനു ചെയ്തു. നീ എന്റെ കൊട്ടാരത്തിലെ കൂട്ടുകാരനല്ലായിരുന്നുവോ...! എന്റെ അച്ഛന്‍ പെങ്ങള്‍ നിനക്കമ്മപോലെയല്ലായിരുന്നോ...! അവര്‍ കാരണമല്ലേ നീ ഇന്നും ജിവിച്ചിരിക്കുന്നത്, എന്നിട്ടും നീ എന്നോടിതു ചെയ്തുവല്ലോ...? നിന്റെ ദൈവം വലിയവനായിരിക്കാം. ഒരു രാജാവിന്റെ ധര്‍മ്മസങ്കടം നിനക്കറിയില്ല. ഇത്രയേറെ ജനതയെ വിട്ടയച്ചാല്‍, ഈ രാജ്യത്തു പണിയെടുക്കാന്‍ അളുകളെ എവിടെ നിന്നു കണ്ടെ ത്തും. രാജ്യത്തെ പട്ടിണിക്കിടാന്‍ ഒരു രാജാവിനാകുമോ? നിങ്ങള്‍ ശരിക്കും അടിമകളായിരുന്നുവോ...? നിങ്ങള്‍ പെറ്റുപെരുകി വര്‍ദ്ധിക്കുന്നതു കണ്ട പ്പോള്‍, ഞങ്ങളുടെ രാജ്യത്തെ നിങ്ങള്‍ കീഴ്‌പ്പെടുത്തും എന്നു ഭയന്ന പൂര്‍വ്വികര്‍ ചില നിയന്ത്രണങ്ങള്‍ വെച്ചു എന്നുള്ളതു ശരി തന്നെ. എന്നിരുന്നാലും ഇതു വേണ്ട ിയിരുന്നില്ല. എന്റെ വിലാപത്തിന്റെ ദിവസം തന്നെ നീ മോചനത്തിന്റെ ദിവസമാക്കി.' ഫറവോന്‍ ചാരന്മാരെ വിളിച്ച്: ''മോശയും അവന്റെ ജനവും എങ്ങോട്ടു പോകുന്നു എന്നു തിര്‍ക്കി വരുവീന്‍. മരുഭൂമിയില്‍ ഞാനവന്റെ കഥകഴിക്കും.'' ആത്മഗതം എന്നപോലെ പറഞ്ഞു.

ഒന്നാം ദിവസം യാത്രയില്‍ തളര്‍ന്നവരേയും, അവശരായവരേയും നോക്കി മോശ നെടുവീര്‍പ്പിട്ടു. ഈ നീണ്ട യാത്രയില്‍ ഇവരെ ഞാന്‍ എങ്ങനെ മറുകരയെത്തിക്കും. അങ്ങിങ്ങായി കാട്ടത്തിയും പനകളും വളര്‍ന്നു നില്‍ക്കുന്ന പ്രദേശത്തവര്‍ പാളയമിറക്കി. അപ്പോള്‍ അവര്‍ക്കു മുന്നേപോയിരുന്ന മേഘം അപ്രത്യക്ഷമായിരുന്നു. വിശന്നു വലഞ്ഞ ജനം ആഹാരത്തിനായി പരതി. അപ്പത്തിനു കുഴച്ച മാവ്, ധൃതിയില്‍ വീടുവിടേണ്ട ി വന്നതിനാല്‍ പലരും തുണിയില്‍ പൊതിഞ്ഞ് കൂടെ എടുത്തിരുന്നു. അവിടിവിടയായി അടുപ്പുകള്‍ കൂട്ടാന്‍ തുടങ്ങിയവരെ മോശ ഒരു സ്ഥലത്തേക്കു കൂട്ടി. കാട്ടത്തിയുടെ ഉണങ്ങിയ കമ്പുകളും, ഉണങ്ങിയ പനയോലകളുമായി അവര്‍ അപ്പം ചുടാന്‍ തുടങ്ങി. അവരുടെ മാവു പുളിച്ചിരുന്നില്ല.

''നിങ്ങളുടെ അപ്പത്തിന്റെ മാവ് സൂക്ഷിക്കേണം. അടുത്ത വിള എന്നെന്നറിയില്ല. ഈ മരുഭൂമി കടക്കുവോളം തിന്നാനും കുടിക്കാനുമായി കരുതണം. ഇന്നു നമ്മള്‍ പുറപ്പെട്ടത്തിന്റെ ഒന്നാം ദിവസമാണ്. ഈ ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായി തലമുറകള്‍ ആഘോഷിക്കും.'' മോശ എല്ലാവരോടായി പറഞ്ഞിട്ട്: ആദ്യത്തെ അപ്പമെടുത്ത് മുറിച്ച്, യിസ്രായേല്‍ മൂപ്പന്മാര്‍ക്കായി കൊടുത്തു. അവര്‍ തിന്നും കുടിച്ചും യാത്രാ ക്ഷീണത്താല്‍, കിട്ടിയ സ്വകാര്യതകളിലേക്ക് വിരിവെച്ചു. മോശയും, സാറയും, അഹറോനും അല്പം മാറി വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചാലോചിച്ചു. യാത്രയില്‍ ഒരൊരുത്തരും സ്വീകരിക്കേണ്ട അച്ചടക്കമായിരുന്നു പ്രധാനം. ''ഫറവോന്‍ നമ്മളെ വിട്ടയച്ചെങ്കിലും പുറകില്‍ നിന്നാക്രമിക്കാന്‍ സാദ്ധ്യതയുണ്ട ്. അതിനാല്‍ നാം കരുതലുള്ളവരായിരിക്കണം. അവന്റെ ഹൃദയം അത്രമാത്രം മുറിപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവന്‍ ക്ഷമിക്കയില്ല. അതിനാല്‍ നമ്മുടെ ഇടയിലെ വീരന്മാരെ നാളെ കണ്ട ുപിടിച്ച് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കണം. അഹറോന്‍ അതിന്റെ ചുമതല എടുക്കണം.'' മോശ പറഞ്ഞു. അഹറോനതു സമ്മതമായിരുന്നു. അവര്‍ യാത്രയുടെ ദിശയും പാതയും ചര്‍ച്ചചെയ്തു. സാറാ അവളുടെ കിന്നരം മധുരമായി വായിച്ച് യഹവയെ സ്തുതിച്ചു പാടി. അഹറോന്‍ അവന്റെ കൂടാരത്തിലേക്കു പോയി, മോശ സാറായുടെ അധരങ്ങളില്‍ ഗാഡമായി ചുംബിച്ച്, കുറെദിവസമായി അവനെ ബാധിച്ചിരുന്ന അസ്വസ്ഥതകളെ തുടച്ചു.


പതിനെട്ട്.

രാത്രി ഏറെനേരം മോശ സാറായുമായി ഭാവിയെക്കുറിച്ചും, പോകുന്ന വഴികളേക്കുറിച്ചും സംസാരിച്ചു. ഇനി എത്ര ദൂരമെന്നോ, എത്ര വഴികളെന്നോ സാറാ ചോദിച്ചില്ല. അവള്‍ അവന്റെ കണ്ണുകളിലെ ഉറപ്പില്ലാഴ്മ വായിക്കുന്നുണ്ട ായിരുന്നു.
''നയിക്കുന്നവന്റെ കണ്ണുകളില്‍ ഭയമുണ്ട ാകാന്‍ പാടില്ല. അങ്ങയുടെ കണ്ണുകളിലെ ഭയം എനിക്കു കാണാം.'' സാറാ പറഞ്ഞു.

''നീ പറഞ്ഞതു സത്യമാണ്. ഞാന്‍ ഭയക്കുന്നു. ഇത്രവലിയ ഒരു ജനതയെ ഞാന്‍ എങ്ങനെ നയിക്കും.'' ഒളിക്കാന്‍ ഇടമില്ലാത്തവനെപ്പോലെ മോശ പറഞ്ഞു.
''കാലിടറിയ ഒരു സേനാധിപന്റെ പിന്നില്‍ യോദ്ധ്യാക്കള്‍ ഒരു യുദ്ധം ജയിക്കില്ല. മരണം മുന്നില്‍ കണ്ട ാലും, സേനാനായകന്‍ അവരെ നയിക്കണം. അപ്പോള്‍ തോല്‍ക്കേണ്ട യുദ്ധവും ജയിക്കും.'' സാറാ അല്പം കളിയും എന്നാല്‍ കാര്യവുമായി പറഞ്ഞ് മോശയെ നോക്കി.

മോശ സ്വയം ബോധവനായി സാറായെ ചുംബിച്ചു പറഞ്ഞു: ''നീ എന്റെ ശക്തിയും ബലവും ആകുന്നു. എനിക്ക് നല്ല ആലോചനകളും തരുക. ഇനി ഒരു തിരിഞ്ഞുനോക്കില്ല.''
''ഈ ജനതയ്ക്ക് നീ ചട്ടങ്ങളും നിയമങ്ങളും ഉണ്ട ാക്കണം. അച്ചടക്കമില്ലാതെ ജനം ഒരുവന്‍ ഇടത്തോട്ടെങ്കില്‍, മറ്റവന്‍ വലത്തോട്ടു തിരിഞ്ഞ് തമ്മില്‍ തമ്മില്‍ കലഹിക്കും.'' സാറ പറഞ്ഞു. മോശ അവളുടെ ഉപദേശത്തില്‍ വിസ്മയിച്ചു.
പ്രഭാതത്തിനായി അവര്‍ കാത്തു. സാറ മോശയുടെ കൂടാരത്തില്‍ എഴുനേല്‍ക്കുമ്പോള്‍ ഉത്സാഹത്താല്‍ അവളുടെ ഉള്ളം തുള്ളുകയായിരുന്നു. യാത്രയിലെ പുതുമയും, മോശയുടെ ഇടതുഭാഗത്തിന്റെ കാവല്‍ക്കാരിയെന്ന പദവിയും അവളില്‍ പുതിയ ഉണര്‍വുണ്ട ാക്കി. വാഗ്ദത്തഭൂമി അവളെ ആവേശഭരിതയാക്കി. അവള്‍ ഓടിനടന്ന് എല്ലാവരേയും ഉണര്‍ത്തി. അഹറോന്‍ കണ്ണുകളടച്ച് എന്തൊ അഗാധമായ ചിന്തയിലായിരുന്നു. സാറയെ കണ്ട പ്പോള്‍ അയാളൊന്നു ചിരിച്ചു.

''പുറപ്പാടിന്റെ സമയം ആയോ..?'' അഹറോന്‍ ചോദിച്ചു.
''രാവിലെ തന്നെ, മരുഭൂമിയില്‍ ചൂടു കൂടുമ്പോള്‍ എവിടെയെങ്കിലും കൂടാരം ഇറക്കാമെന്നാണു പറഞ്ഞത്.'' സാറാ പറഞ്ഞു. ''മാത്രമല്ല ഫറവോന്റെ സൈന്ന്യം നമ്മളെ പിന്തുടര്‍ന്നേക്കും. അതിനാല്‍ കഴിവതും ദൂരം പോകേണ്ട ിയിരിക്കുന്നു.'' സാറ തുടര്‍ന്നു.
''ശരിയാണ്. നീ മോശയോട് ആ വിവരം പറയു. ഞാന്‍ സേനയെ ഒരുക്കട്ടെ.'' അഹറോന്‍ അതും പറഞ്ഞ് കൂടാരം വിട്ടു.

സാറ മോശയുടെ കൂടാരത്തില്‍ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഉണ്ട ായിരുന്നില്ല. അവന്‍ അപ്പോള്‍ സിപ്പാറായിക്കൊപ്പമായിരുന്നു, സാറയെ കണ്ട പ്പോള്‍ മോശ പറഞ്ഞു: ''സിപ്പോറായ്ക്ക് അവളുടെ അപ്പന്റെ അടുക്കലേക്കു പോകാന്‍ സമയമായിരിക്കുന്നു. അവളേയും മക്കളേയും ഞാന്‍ മിദ്യാനിലേക്കയ്ക്കുന്നു. നമ്മുടെ യാത്രയില്‍ മിദ്യാനിലെ പര്‍വ്വതനിരകളില്‍ യഹോവക്ക് യാഗം അര്‍പ്പിക്കേണം. അത് ഞാനും യഹോവയും തമ്മിലുള്ള ഉടമ്പടിയാണ്. ഇവിടെ നിന്നും വലത്തോട്ട് രണ്ട ുനാള്‍ നടന്നാല്‍ മിദ്യാനില്‍ എത്തും. ഇവള്‍ കുട്ടികളുമൊത്ത് പൊയ്ക്കോട്ട്. ഇവര്‍ക്ക് വഴികാട്ടിയായി മെയ്ക്കരുത്തുള്ള രണ്ട നുചര്‍ന്മാരും, ഒരു കഴുതയും, വഴിയാഹാരങ്ങളും നീ ഒരുക്കേണം.''

സാറ സമ്മതമെന്ന മട്ടില്‍ തലയാട്ടി, സിപ്പോറയെ നോക്കി. സിപ്പോറയുടെ കണ്ണുകളില്‍ നിസംഗതയായിരുന്നു. ഇവിടെ വന്നതിനു ശേഷം അവള്‍ മോശക്കാരുമല്ലാതായിരിക്കുന്നു. അവന്‍ ഗോത്രത്തിന്റെ മഹിമയില്‍ ത്രസിക്കയായിരുന്നു. അവള്‍ അവഗണിക്കപ്പെട്ടു. അന്യനും പരദേശിയുമായി എന്റെ അപ്പന്റെ മുന്നില്‍ അവന്‍ യാചകനായിരുന്നു. അന്നവന്‍ കുലമഹിമയെ എന്തേ ഓര്‍ക്കാഞ്ഞത്. ഒരു കൊലപാതകി എന്ന സത്യം മറച്ചു വെച്ചു. അവന്‍ ഉപായക്കാരനായിരുന്നു. എന്നിട്ടും എന്റെ അപ്പന്‍ അവനഭയം കൊടുത്തു. ഇപ്പോള്‍ അവന്റെ ജനത്തിനൊപ്പം ചേര്‍ന്നപ്പോള്‍, അവനെന്നെ അറിയില്ല, അവന്‍ വാഗ്ദത്ത ഭുമി കാണില്ല. അവന്‍ അവിടെ പ്രവേശിക്കില്ല. സിപ്പോറ ഉള്ളുകൊണ്ട വനെ ശപിച്ചു.

സിപ്പോറയും മക്കളും വലത്തോട്ടു തിരിഞ്ഞു. അഹറോന്‍ അപ്പോഴേക്കും കരുത്തുള്ള പോരാളികളായ പത്തുപേരെ മോശക്കു മുന്നില്‍ കൊണ്ട ുവന്നു, 'ഇവര്‍ നമ്മുടെ പോരാളികള്‍'' അഹറോന്‍ പറഞ്ഞു.
മോശ അവരെ അഞ്ചുപേരുവീതം രണ്ട ായിത്തിരിച്ച്, സംഘത്തിനു മുന്നിലും പിന്നിലുമായി നിര്‍ത്താന്‍ പറഞ്ഞു. പുറകു കാക്കാന്‍ കൂടുതല്‍ പേരെ കണ്ടെ ത്തണമെന്നും പറഞ്ഞു. കൂടാതെ കാനാന്‍ ദേശത്ത് എന്തുന്നതുവരേയും സര്‍വ്വ ജനത്തിനും അധികാരിയായി അഹറോനെ വാഴിച്ചു. ദൈവഹിതം അറിയാനും, നിങ്ങളുടെ ആവലാതികള്‍ പരിഹരിക്കാനും മാത്രം എന്റെ കൂടാരത്തില്‍ വരുവിന്‍. എന്നും മോശ അരുളി. അഹറോന്റെ ഉള്ളില്‍ അധികാരിയുടെ ഗര്‍വ്വ് മുളയ്ക്കുന്നുണ്ട ായിരുന്നു. രാവിലെ മുതല്‍ മനസ്സിനെ അലോസരപ്പെടുത്തിയിരുന്ന ഒരു സമസ്യക്ക് ഉത്തരമായതിന്റെ ആശ്വാസവും ഉണ്ട ായിരുന്നു. മോശക്ക് സാറായോടുള്ള അടുപ്പം തന്റെ സ്ഥനത്തിനു വിള്ളല്‍ വരുത്തുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.

സാറായെ സര്‍വ്വ സ്ത്രികളുടേയും കാര്യവിചാരകയാക്കി. ഭഷണത്തിന്റെ ചുമതലക്കാരിയാക്കി. മോശയുടെ സ്വരത്തിലെ അധികാരവും, നിശ്ചയവും എല്ലാവരും തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ജനത്തിനു പുതിയ നിയമങ്ങളുടെ തുടക്കമായി. ഉറച്ച കാലുകളോട് അവന്റെ വടിയും ഉയര്‍ത്തി അവന്‍ മുന്നില്‍ നടന്നു. ഒരോ ഗോത്ര മൂപ്പന്മാരോടും അവരവരുടെ ഗോത്രങ്ങളിലുള്ളവരുടെ എണ്ണം എടുക്കുവാന്‍ അഹറോന്‍ പറഞ്ഞു. തങ്ങളില്‍ ഒരെണ്ണം കൂടുകയോ കുറയുകയോ ചെയ്താല്‍ യഹോവയോടു കണക്കു പറയേണ്ട ിവരുമെന്നവന്‍ ജനത്തെ അറിയിച്ചു. തുടക്കം മുതല്‍ തന്നെ ഭയത്താല്‍ അവരെ വരുതിയില്‍ ഒതുക്കി അനുസരണയുള്ളവരാക്കണമെന്നവന്‍ നിരൂപിച്ചിരുന്നു. യാത്ര പുരോഗമിക്കുന്നതനുസരിച്ച്, പുതിയ ചട്ടങ്ങള്‍ ഉണ്ട ാക്കുകയും, പഴയവ പരിഷ്‌കരിക്കയും ചെയ്തുകൊണ്ട ിരുന്നു. നീളന്‍ കാലുകളുള്ള കൗശലക്കാരായ രണ്ട ുപേരെ ഏറ്റവും മുന്നില്‍ കൊണ്ട ുവന്ന്, അഹറോന്‍ പറഞ്ഞു: ''ഇവര്‍ നമുക്ക് അരനാഴിക മുന്നില്‍ നടക്കട്ടെ. വഴിയില്‍ എന്തെങ്കിലും തടസ്സങ്ങളോ, ശത്രുക്കള്‍ പടയൊരുക്കങ്ങള്‍ നടത്തുകയോ ചെയ്താല്‍ അവര്‍ വേഗത്തില്‍ തിരിഞ്ഞു വന്നു നമ്മെ വിവരമറീയക്കട്ടെ.' ഒരോ ചുവടുവെപ്പിലും, അച്ചടക്കത്തിന്റേയും, സുരക്ഷയുടേയും പുതിയ പാഠങ്ങള്‍ അവര്‍ പഠിച്ചു.കൂടുതല്‍ പടയാളികളെ അവര്‍ കണ്ടെ ത്തി. മോശ അഹറോനില്‍ കൂടുതല്‍ വിശ്വസിച്ചു.

വഴിയില്‍ രണ്ടു ഗോത്രമൂപ്പന്മാര്‍ തമ്മില്‍ ശണ്ഠകൂടി. ഒരുവന്റെ കഴുതയുടെ പുറത്ത് മറ്റവന്റെ ഭാരമുള്ള തുണിക്കെട്ടുവെച്ചു. അതു വാക്കുതര്‍ക്കത്തിലും, അടിയിലും തീരുമ്പോള്‍, ഒരുവന്‍ നന്നായി ചോരയൊലിപ്പിക്കുന്നുണ്ട ായിരുന്നു. ജനം ന്യായാന്യായങ്ങളുടുടെ പേരില്‍ രണ്ട ു ചേരിയാകുന്നത് അഹറോന്‍ അറിഞ്ഞു. എങ്ങോട്ടെന്നറിയാത്ത ഈ യാത്രയിലെ അതൃപ്തി കൂടിയായിരുന്നു ആ ചേരിതിരുവ്. എല്ലാവരേയും അവരവരുടെ സ്ഥാനങ്ങളിലാക്കി മോശ പറഞ്ഞു: ''സഹോദരന്‍ സഹോദരനോട് എത്തിലെങ്കിലും അന്യായം പ്രവൃത്തിച്ചാല്‍, അവര്‍ക്കു പരസ്പരം ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍, അവര്‍ യഹോവക്ക് ഒരോ ആട്ടിന്‍ കുട്ടികളെ യാഗം കഴിച്ച്, യാഗമാംസം പരസ്പരം പങ്കുവെച്ച്, തമ്മില്‍ നിരപ്പാകേണം,. ഇതെഹോവയുടെ കല്പനയാകുന്നു.' അവന്റെ കയ്യിലെ വടി അവന്‍ നിലത്തു കുത്തി. എന്നാല്‍ അതു പൂഴിയില്‍ താഴാതെ നേരേ നിന്നു. ജനം ഭയന്നു. പോരിട്ടവര്‍ പരസ്പരം ആലിംഗനം ചെയ്ത്, അവരവരുടെ സ്ഥനങ്ങളിലേക്കു പോയി. അവരുടെ നിയമപുസ്തകത്തില്‍ അതു കുറിച്ചു.

അന്നവര്‍ ഏറെ നടന്നു. തലേന്നുണ്ട ാക്കിയ അപ്പത്തിന്റെ ബാക്കി ചിലരെങ്കിലും കരുതി. ബാക്കിയുള്ളവര്‍, പാളയം ഇറക്കുന്നതും കാത്തു നടന്നു. രാത്രി വളരെ വൈകി അവര്‍ പാളയമിറക്കി. അതു കടലിനോടുത്തായിരുന്നു. എല്ലാവരും അടുപ്പുകള്‍ കൂട്ടി അപ്പം ചുടുമ്പോള്‍ മോശയും അഹറോനും, സാറയുമായി അന്നത്തെ യാത്രയുടെ കുറ്റങ്ങളും കുറവുകളും കണ്ട ുപിടിക്കയായിരുന്നു. ജനങ്ങളെ അച്ചടക്കമുള്ളവരാക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന പൊതുനിഗമനത്തില്‍ അവര്‍ എത്തി. സാറയോട് ഭക്ഷ്യസാധനങ്ങളുടെ അളെവെന്തെന്ന് അഹറോന്‍ ചോദിച്ചു. ഒരാഴ്ച്ചയെങ്കിലും അല്ലലില്ലാതെ കഴിയാനുള്ള മാവുണ്ട ന്നവള്‍ അറിയിച്ചു. അഹറോനോടായി മോശ പറഞ്ഞു: ''നമുക്ക് കൂടുതല്‍ യോദ്ധാക്കളെ കണ്ടെ ത്തേണ്ട ിയിരിക്കുന്നു, വാരാന്‍ പോകുന്ന ദിവസങ്ങള്‍ എങ്ങനെയെന്നറിയില്ല. കരുതലുള്ളവരായിരിക്കണം. വിലാപത്തിന്റെ നാളൂകള്‍ കഴിഞ്ഞാല്‍ ഫറവോന്‍ നമുക്കെതിരെ തിരിയും. അതിനു മുമ്പായി നമുക്ക് അക്കരെ എത്തണം.' മോശ മുന്നിലുള്ള കടലിനെ നോക്കി എന്തൊക്കയോ കണക്കുകള്‍ കൂട്ടുന്നു. അഹറോന്‍ കൂടാരം വിട്ടപ്പോള്‍ സാറാ മെല്ലെ ചോദിച്ചു: ''സിപ്പോറായെ നീ മിദ്യാനിലേക്കയച്ച വഴി എളുപ്പമുള്ളതും, രണ്ട ുനാള്‍ക്കൊണ്ടെ ത്തിച്ചേരുന്നതുമായിരിക്കെ, എന്തിനി വളഞ്ഞ വഴി തിരഞ്ഞെടുത്തു.'' സാറായുടെ ചോദ്യം കേട്ട് മോശ ഊറിച്ചിരിച്ചു. 'സാറാ ഈ ജനത്തെ നിനക്കറിയില്ല. അവരുടെ ജീവിതത്തില്‍ നിന്നും, ചെറു സന്തോഷങ്ങളില്‍ നിന്നുമാണു അവര്‍ പറിച്ചു മാറ്റപ്പെടുന്നത്. ഇല്ലാഴ്മകളുടെ ഒരു യാത്രയിലേക്കാണു ഞാനവരെ കൂട്ടിപ്പോകുന്നത്. വാഗ്ദത്ത ഭൂമി എത്ര അകലയാണെന്നവര്‍ക്കറിയില്ല. എന്നെത്തുമെന്നെനിക്കും അറിയില്ല. രണ്ട ു ദിവസം കൊണ്ട വര്‍ യത്രയുടെ ദുരിതങ്ങള്‍ തിരിച്ചറിഞ്ഞ്, വഴിയില്‍ തിരിഞ്ഞു നടന്ന് വീണ്ട ും മിസ്രമില്‍ തങ്ങളുടെ അടിമ ജീവിതത്തിലേക്കു മടങ്ങും. എന്നാല്‍ ഇതുവഴി ഈ കടല്‍ കടന്നാല്‍ പിന്നെ അവര്‍ക്കൊരു മടക്കയാത്ര ഇല്ല.'' സാറ മോശയെ നോക്കി പുഞ്ചിരിച്ചു. എല്ലാം അറിയുന്നവനെന്നു മനസ്സില്‍ നിരൂപിച്ച് ഉറങ്ങി.

യാത്രയുടെ കാഹളം മുഴങ്ങുമ്പോള്‍ എല്ലാവരും ഉറക്കം വിട്ടെഴുനേറ്റിരുന്നില്ല. തലേരാത്രിയിലെ അല്പയുറക്കത്തില്‍ നിന്നും ചാടിയെഴുനേറ്റവര്‍, തങ്ങളുടെ കിടക്കകള്‍ ചുരുട്ടവെ അല്പം ഉറക്കം കൂടി കൊതിച്ചു. എന്നാല്‍ യാത്രയുടെ പതാക വാഹകര്‍ തിരക്കു കൂട്ടുന്നുണ്ട ായിരുന്നു. അവര്‍ക്കൊരു ലക്ഷ്യവും എത്തിച്ചേരാന്‍ ഒരു സ്ഥലത്തെക്കുറിച്ചുള്ള സങ്കല്പവുമുണ്ട ായിരുന്നു. എന്നാല്‍ ജനം ആടുകളെപ്പോലെയായിരുന്നു. ഇടയന്റെ വടിയിലായിരുന്നു അതിന്റെ യാത്രയുടെ ദിശ. അവര്‍ കടല്‍ത്തീരത്തുകുടെ നടന്നു. കടല്‍ മുറിച്ചക്കരെ എത്താന്‍ എന്താണൊരു വഴിയെന്ന് മോശ ഉള്ളില്‍ വേവലാതി പൂണ്ട ു. സാറാ ചാരന്മാരെ മുന്നില്‍ അയച്ചു. കടലിന്റെ മറുകരയുമായി ഏറ്റവും വീതികുറഞ്ഞ സ്ഥലത്തെക്കുറിച്ചറിഞ്ഞുവരാന്‍. അവര്‍ ഓടി. മൂന്നാമത്തെ കാഹളവും മുഴങ്ങിയപ്പോള്‍, മോശയുടെ വടി ഉയരുകയും, യാത്ര ആരംഭിക്കയും ചെയ്തു. കടല്‍ത്തിരത്തെ ഇളം കാറ്റില്‍ അവര്‍ ചെറുഗാനങ്ങള്‍ ആലപിച്ച് യഹോവയെ കീര്‍ത്തിച്ചു. വെയില്‍ മൂത്തതോട് യാത്രയുടെ വേഗത കുറഞ്ഞു. നലുഗോത്രങ്ങളിലായി എട്ടുപേര്‍ മരിച്ച വിവരം സാറ മോശയെ അറിച്ചു. നീണ്ട കൂടിയാലൊചനക്കു ശേഷം മരിച്ചവരുടെ ഗോത്രങ്ങല്‍ക്ക് വിലാപത്തിന് ഒരു നാഴിക അനുവദിച്ചു. വിലാപകാലത്തിന്റെ കുറവ് പലരിലും ആശങ്ക ജനിപ്പിക്കുകയും, അവര്‍ തമ്മില്‍ തമ്മില്‍ പിറുപിറുക്കയും ചെയ്തു. അപ്പോള്‍ മോശ ജനത്തിനോടായി പറഞ്ഞു: ''ഫറവോന്റെ സൈന്യം നമ്മെ നശിപ്പിക്കുന്നതിനായി പുറപ്പെട്ടിട്ടുന്ന് ചാരന്മാര്‍ മുഖാന്തരം അറിവു കിട്ടിയിട്ടുള്ളതിനാല്‍, എത്രയും പെട്ടന്ന് ഈ കടല്‍ കടന്ന് മറുകര എത്തെണം. അതുവരേയും നമുക്ക് വിലാപത്തുനു സമയമില്ലന്നറിവീന്‍. മരിച്ചവരുടെ ഗോത്രക്കാര്‍ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ.' ഫറവോന്റെ സൈന്ന്യത്തെക്കുറിച്ചുള്ള ഭയത്താല്‍ ജനം എത്രയും പെട്ടന്ന് വിലാപം കഴിച്ച് എട്ടുപേരേയും കടല്‍ത്തീരത്ത് മണലില്‍ അടുത്തടുത്ത കുഴികളിലായി അടക്കി, ഒരുപിടി മണലുമായി അവര്‍ നടന്നു. തലേ രാത്രിയില്‍ പെറ്റ മുപ്പതാടുകളെക്കുറിച്ചുള്ള വിവരവും മോശയെ സാറാ യാത്രക്കിടയില്‍ അറീച്ചു. മോശയുടെ ഉള്ളില്‍ ഒരു പുതിയ സമശ്യ രൂപമെടുക്കയായിരുന്നു. ജനനവും മരണവും. യാത്രയുടെ ആരംഭത്തില്‍ ഇതൊന്നും ചിന്തിച്ചില്ല. ഗര്‍ഭിണികളുടേയും, രോഗികളുടേയും കണക്കെടുക്കണം. പുതിയ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട ാകണം. മോശ മനസ്സില്‍ കുറിച്ചു. എല്ലം മറുകരയില്‍ എത്തിയതിനു ശേഷം.

വളരെ ദൂരം നടന്നിട്ടും വീതികുറഞ്ഞ ഒരു കടല്‍ ഭാഗം കണ്ടെ ത്താന്‍ കഴിയുന്നില്ല. മോശയുടെ മനസ്സില്‍ നിരാശയുടെ ഓളങ്ങള്‍ ഇളകി മറിയാന്‍ തുടങ്ങി. രാത്രിക്കിനി അധിക സമയമില്ല. ഫറവോന്റെ സൈന്യം ഏതുവിനാഴികയിലും എത്താം. എങ്ങനെയും ഒരു വഴി തുറക്കണം. ഈ ജനം എല്ലാം ഒരോകല്ലെടുത്തിട്ടാല്‍ കടല്‍ നികരുമോ. ഇതിന്റെ ആഴം എത്ര. ''സാറ നാം എങ്ങനെ മറുകരയെത്തും.' മോശ ആശങ്കകളോട് ചോദിച്ചു. സാറക്കപ്പോള്‍ മോശയുടെ അവസ്ഥയെ ഓര്‍ത്ത് ദുഃഖം ഉണ്ട ായി. അവള്‍ അവനെ സ്വാന്തനിപ്പിച്ചു. എന്തെങ്കിലും ഒരു വഴിയുണ്ട ാകാതിരിക്കില്ല. മറുകര ഇപ്പോള്‍ നേരെത്തെയുള്ളതില്‍ അടുത്തായി തോന്നുന്നു, ചിലപ്പോള്‍ കടലിന്റെ വീതി കുറഞ്ഞു കുറഞ്ഞു വരുകയാകാം. മറുകരയിലെ തീരത്തോടു ചേര്‍ന്ന പാറക്കെട്ടുകളുടെ ഉയരം കൂടിവരുന്നു. എവിടെയോ ഒരു മുനമ്പ് രൂപപ്പെടുന്നു. ''ഒരു വഴിക്കായി നാം ആഗ്രഹിച്ചാല്‍ അതു നമുക്കുവേണ്ട ി തുറക്കും. നിന്നില്‍ നിന്നും ഞാന്‍ പഠിച്ചതതാണ്. ആസാദ്ധ്യമായതൊന്നുമില്ലായെന്നു നീ പറയാറില്ലെ. പിന്നെ എന്തിനു വ്യാകുലനാകുന്നു.' സാറായുടെ വാക്കുകള്‍, വാര്‍ന്നു പോയ കരുത്ത് അവന്റെ ഉള്ളത്തെ നിറച്ചു. മറുകരയിലെ ഉയര്‍ന്നുയര്‍ന്നു വരുന്ന പാറക്കെട്ടുകളില്‍ കണ്ണൂന്നി അവന്‍ നടന്നു. അവിടെ രക്ഷയുടെ ഒരു വഴി ഒളിഞ്ഞിരിക്കുന്നതായി അവനു തോന്നി. വേഗം നടക്കാനുള്ള കാഹളം മുഴക്കാന്‍ അവന്‍ ഊത്തുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.

ചാരന്മാര്‍ ഒരു ശുഭ വാര്‍ത്തയുമായി തിരികെ വന്നു. ഇനി രണ്ട ുനാഴിക നടന്നാല്‍ വളരെ വീതി കുറഞ്ഞ ഒരുള്‍ക്കടലില്‍ എത്താം. അവിടെ കടലിനെ വലിയ മലകള്‍ ഗതിമാറ്റി ഒഴുക്കുന്നു. ആ വീതികുറഞ്ഞ ഭാഗം കടന്നാല്‍ കരയാണ്. ആ കരയില്‍ കൂടി കടലിനെ ചുറ്റിവളഞ്ഞ് മറുകര എന്ന പദ്ധതി മോശയുടെ ഉള്ളില്‍ ആശയുടെ പുതുജീവന്‍ മുളച്ചു. അവരുടെ കാലുകള്‍ ക്ഷീണത്തെ മറന്നു. അവര്‍ കടലിടുക്കു കടക്കാനുള്ള തന്ത്രങ്ങള്‍ മെനയവെ, പെട്ടന്നു മരുഭൂമിയുടെ സ്വഭാവം മാറി. പൊടിക്കാറ്റു പറന്നു പൊങ്ങി. അതി ശക്തമായ കാറ്റിനാല്‍ ഭൂമി കുലുങ്ങുന്നപോലെ. കടലിടുക്കിലെ മലയൊന്നു കുലുങ്ങി ഇടിയാന്‍ തുടങ്ങി. വലിയ ഹൂങ്കാരശബ്ദത്തില്‍, കടലിടുക്കിലെ വെള്ളത്തില്‍ വന്നലച്ച് ഓളങ്ങളെ കരയിലേക്ക് തള്ളി. ഒരു പാലം ഉണ്ട ായി വരുന്നു. മലയിടിച്ചില്‍ നിന്നു എന്നുറപ്പായപ്പോള്‍, മോശയുടെ വടി അവര്‍ക്കുമേല്‍ ഉയര്‍ന്നു. ആഹ്ലാദത്തിന്റെ കാഹളത്തിലും, ആരവത്തിലും, സാറയും, അഹറോനും ജനത്തെ മറുകരയിലേക്കു നയിച്ചു. വെള്ളം അവരുടെ കാല്പാദങ്ങളെ നനക്കുന്നുണ്ട ായിരുന്നെങ്കിലും, ഈ ജനമെല്ലാം അക്കരെ കടക്കുവോളം വെള്ളം അവരെ മൂടില്ലന്നു മോശ വിശ്വസിച്ചു. അവന്‍ ഉറച്ച പാറയായി വെള്ളത്തിനും കരയ്ക്കുമിടയില്‍ മതിലുപോലെ നിന്നു. അവസാനത്തവനും ഉണങ്ങിയനിലത്തേക്കു കാലുവെച്ചപ്പോള്‍, മോശ യഹോവയുടെ നാമത്തെ വാഴ്ത്തി കരയണഞ്ഞു. അപ്പോഴേക്കും അവര്‍ ഭയപ്പെട്ടതുപോലെ ഫറവോന്റെ യുദ്ധരഥങ്ങള്‍ അവര്‍ക്കു പിറകെ വരുന്നുണ്ട ായിരുന്നു. ഇടിഞ്ഞ മലയുണ്ട ാക്കിയ നടപ്പാതാ വെള്ളം മൂടി. പടയാളികള്‍ക്ക് മറുകരയെത്താന്‍ കഴിയാതെ അവര്‍ അവിടെ നിന്നു.

ഒരു ഗായകസംഘം അവിടെ രൂപപ്പെട്ടു,. അഹറോന്റെ സഹോദരി മിര്യാം തപ്പുകൊട്ടി പാടി. ''യഹോവയ്ക്കു പാടുവിന്‍, അവന്‍ മഹോന്നതനല്ലോ: കുതിരേയും അതിന്മേല്‍ ഇരുന്നവനേയും അവന്‍ കടലില്‍ എറിഞ്ഞുകളഞ്ഞിരിക്കുന്നു.'' പല സ്ത്രീകളും മുന്നോട്ടുവന്ന് ആ ഗായകസംഘത്തോടൊപ്പം പാടുകയും ചുവടുവെയ്ക്കുകയും ചെയ്തു. മോശയോടുള്ള അവരുടെ ആദരവും, വിശ്വാസവും വര്‍ദ്ധിച്ചു. മോശ വളരെ നാളത്തെ മനസ്സിന്റെ ആകുലതകളെ വെടിഞ്ഞ് അവര്‍ക്കൊപ്പം ആനന്ദിച്ചു. എല്ലാവരും ഫറവോന്റെ അടിമത്വത്തില്‍ നിന്നും മോചിതരായിരിക്കുന്നു എന്ന ചിന്തയാല്‍ ഉത്സവം ആഘോഷിക്കാന്‍ തുടങ്ങി. അവര്‍ ചെറു കൂട്ടങ്ങളായി തമ്പുകള്‍ അടിച്ചു. പലരും കരുതിയിരുന്ന മുന്തിരിച്ചാറുകള്‍ പരസ്പരം പങ്കുവെച്ചു. ഉള്ളവന്‍ ഇല്ലാത്തവനും കൊടുത്തു. തലേ ദിവസത്തെ യാത്രയുടെ യാതനായാല്‍ എല്ലാവരും ക്ഷിണിതരായിരുന്നു. മോശയും, അഹറോനും, സാറായും അവരുടെ ഇനിയുള്ള യാത്രയുടെ കാര്യാലോചനകളിലായിരുന്നു. എല്ലാകാര്യങ്ങളിലും വിശദമായ ചര്‍ച്ചകളിലുടെ, ജനങ്ങള്‍ പാലിക്കേണ്ട അച്ചടക്കത്തേക്കുറിച്ചും. ഒരോ ഗോത്രങ്ങളുടെ സ്ഥാനങ്ങളേക്കുറിച്ചും അവര്‍ തീരുമാനിച്ചു. മൂന്നു നാള്‍ നടന്നാല്‍ കടല്‍തീരത്തുക്കുടി കനാന്‍ ദേശത്തെത്താനുള്ള വഴി കണ്ടെ ത്താമെന്നവര്‍ ചാരന്മാരില്‍ നിന്നും മനസ്സിലാക്കിയിരുന്നു. ഭക്ഷണസാധനങ്ങള്‍ തീരുന്ന മുറയനുസരിച്ച് ഏതെങ്കിലും ശ്രാമങ്ങളീല്‍ നിന്നും വാങ്ങാമെന്നവര്‍ കണക്കു കൂട്ടി. അവര്‍ അന്നത്തെ യോഗം അവസാനിപ്പിച്ചു. അഹറോന്‍ അവന്റെ കൂടാരത്തിലേക്ക് പുറപ്പെട്ട ശേഷം സാറായും പുറത്തേക്കു പോയി.

സാറായ്ക്കൊപ്പം അവളുടെ അനുജത്തി എസ്രയും മോശക്കരികിലേക്കു വന്നു. ''ഇവള്‍ എന്റെ അനുജത്തി . ഇന്ന് ഇവള്‍ എനിക്കു പകരം അങ്ങയെ പരിചരിക്കും. എനിക്ക് സ്ത്രികള്‍ക്ക് നടപ്പുള്ളതു സംഭവിച്ചിരിക്കുന്നു. ഇവള്‍ ഇന്നോളം പുരുഷനെ അറിയാത്തവള്‍. എന്റെ സന്തോഷം ഞാന്‍ അവള്‍ക്കും പങ്കുവെയ്ക്കുന്നു. എന്നോട് കോപം ഉണ്ട ാകരുത്.'' സാറ മോശയോടായി പറഞ്ഞു. മോശ സാറയെ നോക്കി. നീ സ്ത്രികളില്‍ വലിയവളെന്നു പറഞ്ഞു.

രാവിലെ തന്നെ യാത്രയുടെ ഒരുക്കങ്ങല്‍ തുടങ്ങിയെങ്കിലും, ജനം അലസന്മാരേപ്പോലെ അവിടേയും ഇവിടേയും കൂട്ടങ്ങളായി സംവാദങ്ങളില്‍ ആയിരുന്നു. ഇന്നലെ മറുകരയില്‍ മരിച്ചവര്‍ക്കുവേണ്ടി വേണ്ടത്ര വിലപിക്കാന്‍ കഴിഞ്ഞില്ല എന്ന ഗോത്രമൂപ്പന്മാരുടെ പരാതിലുള്ള കൂട്ടത്തര്‍ക്കമായിരുന്നു. മരിച്ചവരുടെ അടക്കവും പ്രാര്‍ത്ഥനയും വേണ്ട രീതിയില്‍ ചെയ്തില്ല എന്ന പരാതി ന്യായമാണെന്ന ഒരു കുട്ടരുടെ ചേരിതിരുവിനെ, സാഹചര്യങ്ങളെ എണ്ണിപ്പറഞ്ഞ് മറുകൂട്ടര്‍ ന്യായികരിച്ചു. 'അതു നിന്റെ അപ്പന്‍ മരിച്ചാല്‍ നീ ഇതു പറയുമോ എന്ന മറുവാദത്തില്‍ ഉടക്കി ഒരു സംഘര്‍ഷത്തിലേക്ക് കടക്കവേ, അഹറോന്‍ തന്റെ ഉറച്ചതും ബലമുള്ളതുമായ ശബ്ദത്തില്‍ അവരോടു പറഞ്ഞു:

'നിങ്ങള്‍ പരസ്പരം കലഹിക്കുന്നതെന്തേ...? ഫറവോന്റെ കൈകളില്‍ നിന്നും യിസ്രായേല്‍ ജനത്തെ വിടുവിക്കാന്‍ യഹാവ അവനോട് ചെയ്തതെന്തൊക്കെയെന്നു നിങ്ങള്‍ കണ്ട തല്ലെ. ഇത് യഹോവ നമ്മുടെ പൂര്‍വ്വ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനമാണ്. പാലും തേനുമൊഴുകുന്ന കനാന്‍ ദേശം നിങ്ങള്‍ക്ക് തരുമെന്ന്. അവിടേക്ക് നമ്മെ കൂട്ടിക്കൊണ്ട ു പോകാന്‍ യഹോവ അയച്ച പ്രവാചകനാണു മോശ. അവനെ അനുസരിക്കുവീന്‍. അവനെതിരായി പറയുന്നവരെ യഹോവ ഛേദിച്ചു കളയുമെന്നറിയുവീന്‍. പര്‍വ്വതങ്ങള്‍ അവനെ അനുസരിക്കുന്നു. അവന്റെ കയ്യിലെ വടിയുടെ ബലത്താല്‍ അവന്‍ കാറ്റിനോടു കല്പിച്ചു. പര്‍വ്വതങ്ങള്‍ ഇടിഞ്ഞു. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. കടല്‍ ഒഴിഞ്ഞു. ഉണങ്ങിയ നിലത്തൂടെ നിങ്ങള്‍ മറുകര കടന്നു. എന്നിട്ടും നിങ്ങള്‍ അവനെ വിശ്വസിക്കുന്നില്ലെ...? നമ്മുടെ പൂര്‍വ്വികരുടെ അസ്ഥികളെ നമ്മള്‍ വഹിക്കും.'' അഹറോന്റെ ബലമുള്ള വാക്കുകളെ കേട്ട് ഒരൊരുത്തരും അവനവന്റെ കൂടാരങ്ങള്‍ ഇറക്കാന്‍ തുടങ്ങി. അപ്പോള്‍ സാറ അഹറോന്റെ അടുക്കലേക്ക് ആളയച്ചു. മൂന്നു സ്ത്രികള്‍ പ്രസവിച്ചിരിക്കുന്നു. അവര്‍ക്കൊരു ദിവസത്തെ വിശ്രമം വേണം. അവര്‍ ഒരു ദിവസം കൂടി അവിടെ കഴിഞ്ഞു.

മോശയും അഹറോനും, സാറയും കൂടാരത്തില്‍ ഇരുന്ന് യാത്രയിലെ പ്രതിസന്ധികളെ ചര്‍ച്ചചെയ്തു. പുതിയ നിയമങ്ങള്‍, പുതിയ ചുമതലക്കാര്‍, അങ്ങനെ ഒരു യാത്രയില്‍ ആവശ്യങ്ങളനുസരിച്ച് നിയമങ്ങളും ഉണ്ട ായിക്കൊണ്ട ിരുന്നു. കഴുതകളേയും, ഒട്ടകങ്ങളേയും പല ശ്രേണികളായി തിരിച്ചു. എല്ലാം പൊതുമുതലായി. പ്രായമുള്ളവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ മുതലായവര്‍ കഴുതകളുടേയും, ഒട്ടകങ്ങളുടേയും പുറത്തേറ്റപ്പെടും. എല്ലാവരുടേയും കയ്യിലെ അപ്പത്തിന്റെ മാവ് ഒന്നിച്ച് ശേഖരിച്ച്, അതു കഴുതകളുടെ ചുമലിലേറ്റി. അതുപോലെ വെള്ളത്തിന്റെ തുകല്‍ സഞ്ചിയും. അതൊരു പൊതു സമൂഹമായി. ഗര്‍ഭിണികളെ പരിചരിക്കാന്‍, പുവ്വായുടേയും, ശിപ്രയുടേയും കുലത്തില്‍ പെട്ട സ്ത്രികളെ ചുമതലക്കാരാക്കി. ലേവ്യാ കുടുംബം പൗരോഹിത്യ ചുമതലക്കാരായി.രോഗികള്‍ക്കായി വൈദ്യന്മാരെ ചുമതലക്കാരാക്കി. ആടുകളെ കൂട്ടങ്ങളാക്കി ഇടയന്മാരെ കാവലേല്‍പ്പിച്ചു. അവരുടെ യാത്രക്ക് ക്രമവും ചിട്ടയുമുണ്ടാക്കി. യോസേഫിന്റെ അസ്ഥിയെ അവര്‍ പേടകത്തിലാക്കി, കുലമഹിമയുടെ അടയാളമായി മോശക്കു മുന്നെ വഹിച്ചു. യാത്രയുടെ ചൂടും, ക്ഷീണവും അറിയാതിരിക്കാന്‍, മിര്യാമിന്റെ ഗായകസംഘത്തെ മുന്നില്‍ നിര്‍ത്തി. മോശയുടെ വടീ അടയാളവും, അധികാരവുമായി. പന്ത്രണ്ട ു ഗോത്രങ്ങളും ആ വടിയെ വണങ്ങിയും, മുത്തിയും അവര്‍ ഒരു ഗോത്രമായി. യിസ്രയേല്‍ ആയി.

അവര്‍ ശൂര്‍ മരുഭൂമിയിലെത്തി. മൂന്നു ദിവസമായി വെള്ളം കിട്ടാതവര്‍ വലഞ്ഞു. മൂശിയെന്ന ഗോത്രത്തലവന്‍ യാത്രയുടെ ആരംഭം മുതലുള്ള തന്റെ അനിഷ്ടമെല്ലാം ഒന്നായി പുറത്തെടുത്തു. എന്തിനി പുറപ്പാട്. ഞാനും എന്റെ കുടുംബവും എങ്ങനേയും കഴിയുമായിരുന്നു. അടിമവേല ചെയ്യണമായിരുന്നുവെങ്കിലും, കാര്യവിചാരകന്‍ കാരുണ്യമുള്ളവനായിരുന്നു. തന്റെ കീഴിലുള്ളവരോടവന്‍ കരുണകാണിക്കുമായിരുന്നു. മറ്റാരും അറിയാതവന്റെ മുത്തിരിച്ചാറിന്റെ ഓഹരിക്കാരനാകാറുണ്ട്. തരക്കേടില്ലാത്ത ഒരു ജീവിതം നയിച്ചിട്ടിപ്പോള്‍, എങ്ങോട്ടെന്നറിയാതെയുള്ള ഈ യാത്ര. ശരീരത്തിനാകെ ഒരാലസ്യം. അതു മനസ്സിനേയും ബാധിക്കുന്നു. ഇപ്പോളിതാ മൂന്നു ദിവസമായി വെള്ളവും ഇല്ലാതായിരിക്കുന്നു. മൂശി മോശയോടായി ഉറക്കെ ചോദിച്ചു: ''നീ ഞങ്ങളെ ഫറവോന്റെ അടുക്കല്‍ നിന്നും കൊണ്ട ുവന്നത്, ഈ മരുഭൂമിയിലിട്ട് കൊല്ലാനോ...?' ജനം പെട്ടന്ന് മൂശിയുടെ വാക്കുകളെ ഏറ്റുപിടിച്ചു. മോശ തിരിഞ്ഞു നോക്കാതെ നടന്നു. ജനം എന്നും ഇങ്ങനെയാണ്. അനുഭവങ്ങളില്‍ നിന്നും മോശ പഠിക്കുകയായിരുന്നു. മാറായില്‍ അവര്‍ പാളയമിറക്കി. അവിടെ മോശ നീരുറവ കണ്ട ു. പക്ഷേ വെള്ളത്തിനു കൈപ്പായിരുന്നു. അടുത്തു നിന്ന ഒരു കാട്ടു മരത്തിന്റെ കമ്പുകള്‍ ഒടിച്ച് അവന്‍ വെള്ളത്തില്‍ ഇട്ടു. എന്നിട്ട് കോരിക്കുടിക്കാന്‍ പറഞ്ഞു. മൂന്നു ദിവസമായി ദാഹിച്ചു വലഞ്ഞ ജനം വെള്ളത്തിന്റെ രുചിയറിഞ്ഞില്ല.
(തുടരും)
മോശയുടെ വഴികള്‍ (നോവല്‍ -9: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക