Image

പാമ്പും കോണിയും: നിർമ്മല - നോവൽ - 10

Published on 06 September, 2020
പാമ്പും കോണിയും: നിർമ്മല - നോവൽ - 10
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ പോയവരുടെ ..
സാലിയുടെ , തെയ്യാമ്മയുടെ ,
ലളിതയുടെ 
അങ്ങനെ ഒത്തിരിപ്പേരുടെ കഥ..
നിർമ്മലയുടെ
പാമ്പും കോണിയുംകളി തുടരുന്നു...
അപ്പോളൊ 14 ചന്ദ്രനിൽ ഇറങ്ങുന്നത് ടി.വിയിൽ കാണണമെന്ന ആഗ്രഹത്തിലാണ് യോഹന്നാൻ പുതിയ ഒരു കളർ ടി.വി. വാങ്ങിയത്. അതുകണ്ട് എൽസി തലകുത്തിമറിഞ്ഞു.
കാഴ്ച കാണാൻ ഇത്രയും പൈസ മൊടക്കാൻ നാണമില്ലേ മനുഷ്യാ!
സാലി വല്ലാതെ ഭയന്നു പോയി. അവർ തമ്മിൽ ഇനിയൊരിക്കലും ഇണങ്ങില്ലെന്നും യോഹന്നാൻ എൽസിയെ അടിക്കുമോ എന്നുമൊക്കെ സാലി ഭയപ്പെട്ടു. 
ഇനിയും വായിക്കുക ...
                                .....            .....      .....
ബംഗ്ളാദേശിൽ കൊടുങ്കാറ്റു വീശി ആയിരക്കണക്കിന് ആളുകൾ മരിച്ച വാർത്തയുടെ വിശദാംശങ്ങളറിയാൻ യോഹന്നാൻ പലയിടത്തും നടന്നു. കാൽഗറിയിലെ പത്രങ്ങളിൽ അത് അത്ര വലിയ വാർത്തയായി ഉണ്ടായിരുന്നില്ല. ടി.വി യാണെങ്കിൽ വിയറ്റ്നാം യുദ്ധത്തെപ്പറ്റി മാത്രം പറഞ്ഞു കൊണ്ടിരുന്നു.
അഭയാർത്ഥികൾ കേരളത്തിലേക്കും കൂട്ടമായി വരുന്നുണ്ടെന്ന് ആയിടെ നാട്ടിൽ പോയി വന്ന ആരോ പറഞ്ഞത് അയാൾക്ക് അൽഭുതമായി തോന്നി. എൽസി അതു വിശ്വസിച്ചതുതന്നെയില്ല. വെള്ളപ്പൊക്കവും കുറെയേറെ ബംഗ്ളാദേശികളെ ഇന്ത്യയിലേക്കു വിട്ടു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ സാധനങ്ങൾക്കു വില കൂടുന്നു എന്ന് കേരളത്തിൽനിന്നുമുള്ള എഴുത്തുകാർ പറഞ്ഞു. പക്ഷേ, ടി.വികളിലും പത്രങ്ങളിലും ഇന്ത്യയും പാകിസ്ഥാനുമൊക്കെ അപ്രധാന വിഷയങ്ങളായി തഴയപ്പെട്ടു.
യോഹന്നാനുണ്ടായിരുന്നത് പഴയ ഒരു ചെറിയ ബ്ളാക്ക് ആൻഡ് വൈറ്റ് ടെലിവിഷനായിരുന്നു. അതിൽ ഒന്നും വ്യക്തമായി കാണാൻ കഴിയില്ല എന്നു മാത്രമല്ല ശബ്ദവും വ്യക്തമായിരുന്നില്ല. അപ്പോളൊ 14 ചന്ദ്രനിൽ ഇറങ്ങുന്നത് ടി.വിയിൽ കാണണമെന്ന ആഗ്രഹത്തിലാണ് യോഹന്നാൻ പുതിയ ഒരു കളർ ടി.വി. വാങ്ങിയത്. അതുകണ്ട് എൽസി തലകുത്തിമറിഞ്ഞു.
കാഴ്ച കാണാൻ ഇത്രയും പൈസ മൊടക്കാൻ നാണമില്ലേ മനുഷ്യാ!
സാലി വല്ലാതെ ഭയന്നു പോയി. അവർ തമ്മിൽ ഇനിയൊരിക്കലും ഇണങ്ങില്ലെന്നും യോഹന്നാൻ എൽസിയെ അടിക്കുമോ എന്നുമൊക്കെ സാലി ഭയപ്പെട്ടു.
കാനഡയിലെ പത്രങ്ങള ഇന്ത്യയിലെ വെള്ളപ്പൊക്കത്തിന്റെ , വിശപ്പിന്റെ , ദാരിദ്ര്യത്തിന്റെ ഓരോ വാർത്തകൾ വല്ലപ്പോഴുമൊരിക്കൽ മാത്രം വന്നു. കെടുതികളുടേത് അല്ലെങ്കിൽ രാജസ്ഥാനിൽ പാമ്പിനെ തിന്നുന്ന ഒരു മനുഷ്യൻ , ഭോപ്പാലിൽ ഒരാൾ താടിയിൽ തേനീച്ചക്കൂടു വളർത്തുന്നു. അങ്ങനെയൊക്കെ മലയാളികൾക്കു തന്നെ വിചിത്രമായ വാർത്തകൾ ഇന്ത്യയിലെ സാധാരണ കാര്യം എന്ന രീതിയിൽ ഇംഗ്ളീഷ് പത്രങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളികൾ കൂട്ടം കൂടിയപ്പോൾ രോഷത്തോടെ സായിപ്പിന്റെ വിവരക്കേടിനെപ്പറ്റി പറഞ്ഞുറപ്പിച്ചു.
ഉത്തര അമേരിക്കയിലെ അക്കാലത്തെ മലയാളികളിൽ കൂടുതൽ പേർക്കും വായിക്കാൻ സമയമില്ലായിരുന്നു. സൗകര്യവും. കേരളത്തിലെ വാർത്തകൾ ചൂടോടെ എത്താൻ മാർഗ്ഗമില്ല. കാലത്തെ കാപ്പിയും പത്രവുമെന്ന കേരളാചാരം ഓർത്ത് പലരും മനോരമയോ മാതൃഭൂമിയോ വരുത്തുന്നതിനെപ്പറ്റി കൂട്ടം കൂടിയിരുന്നു ചർച്ച ചെയ്തു..
തപാൽ നിരക്കു കൊടുക്കാൻ തയാറാണെങ്കിൽ പത്രം അയയ്ക്കാൻ വിരോധമില്ലെന്നു പത്രമോഫീസുകളിൽനിന്നും അറിയിച്ചതായി ആരോ പറഞ്ഞു. പക്ഷേ, പത്രം വടക്കേ അമേരിക്കയോളം എത്താൻ രണ്ടോ മൂന്നോ ആഴ്ചയെടുക്കും. ചിലപ്പോൾ തപാലിൽ കുടുങ്ങാനും മതി. എല്ലത്തിലും മുകളിലായി പത്രത്തിന്റെ പത്തിരട്ടിയാണ് പോസ്റ്റേജ് എന്നു കൂടി അറിഞ്ഞതോടെ, എല്ലാവരുടെയും ഉൽസാഹം കെട്ടുപോയി.
ഒരാഴ്ചത്തെ പത്രം ഒന്നിച്ചു വേണേ കവറിലിട്ടയയ്ക്കാമെന്നു പറഞ്ഞു.
- ഓ അതിവിടെ വരുമ്പം ഒരു മാസം കഴിം. പിന്നെന്നാത്തിനാ?
സോഫയിലിരുന്ന് വലിയ താൾ നിവർത്തിപ്പിടിച്ചു പത്രം വായിക്കുന്ന ചിത്രം താഴ്ത്തിക്കെട്ടിയ കൊടി പോലെ അവരിൽ ഉലഞ്ഞാടി. സാഹചര്യത്തിനു കീഴ്പെടുകയല്ലേ കുടിയേറ്റക്കാരന്റെ അതിജീവന തന്ത്രം. പ്രത്യേകിച്ചും അവരുടെ വരവിന് കേരള രാഷ്ട്രീയത്തെക്കാൾ മലയാള സാഹിത്യത്തെക്കാൾ സിനിമയെക്കാൾ സംഗീതത്തെക്കാൾ പ്രാധാന്യമുള്ള കാരണങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കല ഒരു ആർഭാടം മാത്രമാണെന്ന് അവർ അറിഞ്ഞു. വിനോദവും വിശ്രമവും അപരാധമായി മുഴച്ചു നിന്നു..
കേരളത്തിൽ അവരുടെ അപ്പച്ചൻമാർ വയലിൽ വിയർക്കുന്നു. അമ്മച്ചിമാർ അടുക്കളയിൽ പുകയുന്നു. അനിയത്തിമാർ ബസ്സിനു പിന്നാലെ ഓടുന്നു. അനുജന്മാർ പഠിച്ചെത്തിക്കാൻ പെടാപ്പാടുപെടുന്നു. അവരൊക്കെയും ഉപ്പുകടലൊഴുക്കുന്നു.
ഞാനിവിടെ കാറിൽ , പതുപതുത്ത കിടക്കയിൽ ...
പെരുകിയ കുറ്റബോധത്തോടെ അവർ പിടഞ്ഞെഴുന്നേറ്റു. കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു.. ധൂർത്തടിക്കാതെ, കഴിവിനു മേൽ സൂക്ഷിച്ച്, ഭദ്രമായി ഒരു പെനി പോലും അധികമായി കൈവിട്ടുപോവാതെ അവർ കാത്തു.. സോഫകളിൽ ചെളി പിടിക്കാതെയിരിക്കാൻ പഴയ ബെഡ് ഷീറ്റുകൾ വിരിച്ചു. കാറിലെ സീറ്റിനു മുകളിൽ ടവ്വലുകൾ വിരിച്ചു. പത്തു വർഷം കഴിഞ്ഞ് കാറിന്റെ എഞ്ചിൻ പണി നിർത്തിയിട്ടും സീറ്റു ഭദ്രമായിരുന്നു.
അവധി ദിവസങ്ങളിൽ മലയാളികൾ ഒന്നിച്ചു കൂടി അവർ വട്ടം കൂടിയിരുന്നു സംസാരിക്കുമ്പോഴും വീടിന്റെ വിലക്കയത്തെപ്പറ്റി , വില കുറഞ്ഞ പലചരക്കുകൾ കിട്ടുന്ന കടകളെപ്പറ്റി , കറന്റിന്റെ ബില്ലു കുറയ്ക്കാനുള്ള മാർഗങ്ങളെപ്പറ്റിയൊക്കെ പറഞ്ഞു. അധിക ചെലവു നടത്തുന്നവൻ വിഡ്ഡിയായി. ഏറ്റവും കുറച്ചു ചിലവാക്കുന്നവൻ ഏറ്റവും സമർത്ഥനായി. പണം സ്വരൂപിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണവർ ചോറും വെളിച്ചെണ്ണയും കോവയ്ക്കയും ചാരായവും കുടമ്പുളിയും അമ്പഴവും ശീമക്കൊന്നയും കയ്യാലയും ചെറുകിഴങ്ങും കാച്ചിലും കപ്പിയും കൊട്ടിയും കുണ്ടു വഴിയും ചിരവയും ചൂട്ടുകറ്റയും കോഞ്ഞാട്ടയും ഉപേക്ഷിച്ച്  മഞ്ഞിൽ വിയർക്കുന്നത് ?
ഫോർ എ ബെറ്റർ ലൈഫ്.
ജീവിതം മെച്ചപ്പെടുന്നത് ബാങ്ക് ബാലൻസ് കൂടുമ്പോഴല്ലേ ? കേരളത്തിൽ, ഇന്ത്യയിൽ കുറവുള്ളത് പണമല്ലേ !
ആവോലി കിട്ടുന്ന ചൈനക്കട ,നെയ്മീൻ കിട്ടുന്ന ഇന്ത്യൻ കട, പച്ചക്കായ കിട്ടുന്ന ബ്രസീലിയൻ കട - അങ്ങനെ അവർ പരസ്പരം അറിവുകൾ കൈമാറി. സ്ത്രീകൾ കേക്കിന്റെയും ആപ്പിളു കൊണ്ട് ഉണ്ടാക്കാവുന്ന അച്ചാറിന്റെയും പാചകക്കുറിപ്പുകൾ പറഞ്ഞു കൊടുത്തും എഴുതിയെടുത്തും രസിച്ചു. ജെലാറ്റിൻ പൊടി കൊണ്ട് എളുപ്പത്തിൽ ജാമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞു.. മീറ്റ് ബോൾ കറിയും കുറുമയും ഇടയ്ക്കൊക്കെ  എക്സർസൈസും. അവരുടെ സംസാരത്തിൽ നിറഞ്ഞു.
കുറഞ്ഞ ചെലവിൽ സ്കൂൾ ഓഡിറ്റോറിയം വാടകയ്ക്കെടുത്ത് ഓണത്തിന് ഒത്തുകൂടാൻ അവർ ശ്രമിച്ചു.എന്നിട്ടും ചെലവു കൂടുതലാണെന്നു പലരും പരാതിപ്പെട്ടു.
അതൊക്കെ സ്റ്റേറ്റ്സിൽ നടക്കും. അവിടെ ഒരുപാടു മലയാളികളില്ലേ ?
സ്ത്രീകൾക്ക് സാരി ഉടുക്കാനും സ്വർണ്ണ വളകളും നെക്ലേസും ഇടാനും കിട്ടുന്ന അപൂർവാവസരങ്ങളാണവ. വല്ലപ്പോഴും മാത്രം പുറത്തെടുക്കുന്ന സ്വർണ്ണം കള്ളൻ കയറി മോഷ്ടിച്ചു കൊണ്ടുപോകാതെയിരിക്കാൻ ശ്രദ്ധിക്കണം. ചെലവാക്കാൻ ഏറെ മടിയുള്ള പണം കൊടുത്തു വാങ്ങിയ ആഭരണങ്ങൾ പരിപ്പിലും ഉഴുന്നിലും ഫ്രീസറിലുമായി ഒളിച്ചിരുന്നു. വെറുതെ പണം കൊടുത്ത് ബാങ്കിൽ സേഫ്റ്റി ഡെപ്പോസിറ്റ് ബോക്സ് എടുക്കുന്നതിൽ അവർ വിശ്വസിച്ചില്ല.
കുട്ടികളെ ഇന്ത്യയിൽ നിന്നും വാങ്ങിയ ജുബ്ബയിട്ട് ഓണക്കാഴ്ചക്കൊരുക്കി. ആഘോഷങ്ങൾക്ക് ഒന്നിച്ചു കൂടുമ്പോൾ കുട്ടികൾ ഓടിക്കളിച്ചു. വള്ളിച്ചെരുപ്പിൽ അവർ വീഴാനോങ്ങി. അമ്മമാർ കൂടിയിരുന്ന് വർത്തമാനം പറഞ്ഞു.
പള്ളികളിൽ സൗഹൃദവും ചീട്ടു കളിയും വഴക്കും അരികു വ്യാപാരങ്ങളായി പടർന്നു കൊണ്ടിരുന്നു.. ക്രിസ്തുമസ് പ്രോഗ്രാമിന് അമ്മമാരുടെ പഴയ സാരിയിൽ ഞൊറിവിട്ടൊരുങ്ങിയ ജോസഫും മേരിയും രാജാക്കന്മാരും കാറിൽ വന്നിറങ്ങി. രാജാക്കന്മാരുടെ കിരീടങ്ങളും കാഴ്ചവസ്തുക്കളും അമ്മമാർ ചേർത്തുപിടിച്ചിരുന്നു.
ആരെങ്കിലും മരിച്ചെന്നറിയുമ്പോൾ അവർ ഒന്നിച്ചു കൂടി , പ്രാർത്ഥിച്ചു. പിന്നെ കൂട്ടം കൂടിയിരുന്നു നാട്ടുവർത്തമാനം പറഞ്ഞു. പെണ്ണുങ്ങൾ വടയും പഴം പൊരിയുമുണ്ടാക്കി. അവരുടെ ഭർത്താക്കന്മാർ റെഡ് ലേബൽ, ജോണി വാക്കർ, ഷിവാസ് രസങ്ങളിൽ മുഴുകി.
നാട്ടിലേക്കു മടങ്ങിപ്പോകുന്നത് പലരും സ്വപ്നം കണ്ടു. അവർ അതിനെക്കുറിച്ച് തുടർച്ചയായി ചർച്ച ചെയ്തു അവിടെ എത്തിയാലുള്ള വരുമാന മാർഗമായിരുന്നു എല്ലാവർക്കും തടസ്സമായി നിന്നത്. ബിസിനസ്സ് നാട്ടിൽ നടന്നു പോവില്ല. ഒരു വർഷത്തിനകം സമരം കൊണ്ട് അത് പൂട്ടിക്കും. ആ അഭിപ്രായത്തെ എല്ലാവരും ശരിവെച്ചു.
നടക്കാത്ത സ്വപ്നമാണെന്ന് അറിഞ്ഞിട്ടും അവർ നാട്ടിൽ സ്ഥിര താമസം ആവുന്നതിനെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. കൊതിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നൊരു മായാ ദർശനം.
                                                              തുടരും....
പാമ്പും കോണിയും: നിർമ്മല - നോവൽ - 10
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക