Image

കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹം: കല കുവൈറ്റ്

Published on 06 September, 2020
 കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹം: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ ഉള്‍പ്പെട്ട നിഘണ്ടു പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് പ്രതിഷേധിച്ചു.

2019ലാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും ചരിത്രവും ഉള്‍പ്പെടുന്ന നിഘണ്ടു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. സംഘ പരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ വാരിയന്‍ കുന്നത്ത് ഹാജിയെ പോലുള്ളവരെ ഒഴിവാക്കികൊണ്ടു നിഘണ്ടു പുതുക്കാന്‍ ഒരുങ്ങുന്നത്. ഈ നടപടി ചരിത്രനിഷേധമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ഏടാണ് 1921ലെ മലബാര്‍ കലാപം, അതുകൊണ്ടു തന്നെ ഈ സമരത്തിന് നേതൃത്വം വഹിച്ച ആലി മുസ്‌ലിയാരും, വാരിയന്‍ കുന്നത്ത് ഹാജിയും എന്നും ഓര്‍മ്മിക്കപ്പെടേണ്ട പേരുകളാണ്. 1921 ന്റെ ജ്വലിക്കുന്ന സ്മരണകളെ മായ്ക്കാനുള്ള ശ്രമമാണ് സംഘപരിവാര ശക്തികളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ പങ്ക് വട്ടപൂജ്യമാണെന്നതാണ് ചരിത്രയാഥാര്‍ഥ്യം. വസ്തുതകള്‍ മറച്ചുവെച്ചു ബദല്‍ ചരിത്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറെ നാളുകളിലായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പടെ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തില്‍ ഒരു സംഭാവനയും നല്‍കാത്തവരെ മഹാന്മാരായി ചിത്രീകരിക്കുകയും, സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗപൂര്‍ണമായ സേവനങ്ങള്‍ നല്‍കിയവരെ ചരിത്രങ്ങളില്‍ നിന്നും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക