Image

രാമഴ രാഗമഴ (കവിത: രാജൻ കിണറ്റിങ്കര)

Published on 07 September, 2020
രാമഴ രാഗമഴ (കവിത: രാജൻ കിണറ്റിങ്കര)
രാത്രിമഴയോളം
ആസ്വദിക്കാവുന്ന
മറ്റേത്
സംഗീത നിശയുണ്ട്?
നൃത്ത രാവുണ്ട്?

മേൽക്കൂരയിൽ നിന്നും
തകര പാത്തിയിലൂടെ
തുള്ളിക്കളിച്ചൊഴുകുന്ന
ജലമർമ്മരങ്ങൾ
ഏത്
സംഗീതോപകരണത്തിൽ
വായിച്ചെടുക്കാനാവും?

കിഴക്കൻ മലയിലെ
മഴ മേഘങ്ങൾ
വയലിലിറങ്ങി
കോമരം തുള്ളുന്നത്
ഏത് നൃത്തം കൊണ്ട്
ആവിഷ്കരിക്കാനാകും?

ഏത് തമ്പുരുവിലാണ്
മേഘ ഗർജനത്തിൻ്റെ
മിന്നൽ പിണരുകൾ
തീർക്കുന്ന
വാൾമുന ശ്രുതികൾ
വിരിഞ്ഞിട്ടുള്ളത്?

ഏത് ഗസലിലാണ്
രാത്രി മഴയുടെ
ചിതറുന്ന
കുപ്പിവള കിലുക്കങ്ങൾ
ആലപിച്ചിട്ടുള്ളത്?

ഏത് നർത്തികിയുടെ
ചുവടുകളിലാണ്
മഴ നൃത്തത്തിൻ്റെ
നൂപുര ധ്വനികൾ
ഉയർന്നിട്ടുള്ളത് ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക