Image

കുവൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Published on 07 September, 2020
 കുവൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി : സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ 2020-21 അക്കാഡമിക് വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകള്‍ എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മാര്‍ഗരേഖകളും സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്‍ മൊഹ്സെന്‍ അല്‍ ഹുവൈല വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ബ്രിട്ടീഷ്, അമേരിക്കന്‍, ഫ്രഞ്ച്, ഇന്ത്യന്‍, പാക്കിസ്ഥാന്‍ സ്‌കൂളുകള്‍ അടക്കമുള്ള സ്വകാര്യ സ്‌കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാകുക.

ക്ലാസുകള്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കാം. എല്‍കെജി, യുകെജി ക്ലാസുകള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ വൈകീട്ട് മാത്രം നടത്തണമെന്നും ബ്രിട്ടീഷ് , അമേരിക്കന്‍ ബൈലിംഗല്‍ സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസുകള്‍ മൂന്നു ഗഡുക്കളായും മറ്റു സ്‌കൂളുകള്‍ക്ക് രണ്ടു ഗഡുക്കളായും ഫീസുകള്‍ സ്വീകരിക്കാമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കി.

ഇ-ലേണിംഗ് ഫീസ് കൂടി ഉള്‍ക്കൊള്ളുന്നതാണ് ട്യൂഷന്‍ ഫീസുകളെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്നും അധികൃതര്‍ പറഞ്ഞു . ഫീസ് കുറച്ചത് സ്‌കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനുമുള്ള സംവിധാങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ സമര്‍പ്പിക്കുന്ന പ്രവര്‍ത്തന, പഠന പദ്ധതികള്‍ പഠിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനുമായി സാങ്കേതിക സമിതി രൂപീകരിക്കുമെന്നും അബ്ദുള്‍ മൊഹ്സെന്‍ അല്‍ ഹുവൈല അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക