Image

നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി

Published on 08 September, 2020
നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി

മസ്‌കറ്റ്: യെമനിലെ ജയിലില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി കിട്ടാനും മോചനം സാധ്യമാക്കാനും വേണ്ടി ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

2017 ലാണ് നിമിഷ പ്രിയയുടെ ശിക്ഷയിലേക്ക് നയിച്ച സംഭവം നടക്കുന്നത് .നിമിഷയും അവര്‍ നടത്തിയ ക്ലിനിക്കിന്റെ പങ്കാളിയുമായ യമനി യുവാവുമായുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതും നിമിഷ കേസില്‍ പെടുകയും ചെയ്തത് .

യെമനിലെ യുദ്ധസാഹചര്യം കേസ് നടത്തിപ്പിനെ കാര്യമായി ബാധിച്ചു. ജിബൂട്ടിയിലാണ് യെമന്‍ എംബസി പ്രവര്‍ത്തിക്കുന്നത് .2019 ഡിസംബറില്‍ കീഴ്‌കോടതി പ്രസ്താവിച്ച വിധിയിന്മേല്‍ അപ്പീല്‍ കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട് .യമനിയുടെ ബന്ധുക്കളെ കണ്ട് മാപ്പപേക്ഷിച്ച് വിധിയില്‍ നിന്നും മോചനം നേടാനാണ് യെമനില്‍ നിമിഷക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രമം .ഇതിനായി സാമുവല്‍ ജെറോം, ബാബു ജോണ്‍, കോഴിക്കോട് സജീവ് എന്നിവരെ ചുമതലപ്പെടുത്തി .

നിമിഷയെ സഹായിക്കാനും ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ഉറപ്പുവരുത്താനുമാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത് .

നിമിഷ പ്രിയക്ക് ഭര്‍ത്താവും ഏഴ് വയസുള്ള പെണ്‍കുട്ടിയും പ്രായമായ അമ്മയുമാണ് നാട്ടിലുള്ളത്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയാണ് ഇതു വരെ കുടുംബം നിമിഷ പ്രിയക്ക് വേണ്ടി പ്രവര്‍ത്തിച്ചത് .

രമ്യാ ഹരിദാസ് എംപി, കെ ബാബു എംഎല്‍എ, എം.ബി.രാജേഷ്, കെ.വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, കെ.വരദരാജന്‍, പി.ടി. കുഞ്ഞിമുഹമ്മദ്, എം.വി.നികേഷ് കുമാര്‍ എന്നിവര്‍ രക്ഷാധികാരികളും ആക്ഷന്‍ കൗണ്‍സില്‍ മോനിറ്ററിംഗ് കമ്മിറിയായി അഡ്വ. വൈ .എ റഹീം, മുസ മാസ്റ്റര്‍, എംയ തിരുര്‍ ആസാദ് എന്നിവരെയും തെരഞ്ഞെടുത്തു . പി.എം ജാബിര്‍ (മസ്‌കറ്റ്) ചെയര്‍മാനും എടപ്പാള്‍ ജയന്‍ ജനറല്‍ കണ്‍വീനറുമാണ് . കൂരാച്ചുണ്ട് കുഞ്ഞമ്മദാണ് ട്രഷറര്‍.

വിവിധ രാജ്യങ്ങളില്‍ നിന്നായി ഓണ്‍ലൈനില്‍ നിരവധിപ്പേര്‍ പങ്കെടുത്ത യോഗത്തിലാണ് കമ്മിറ്റി യെ തെരഞ്ഞെടുത്തത് . കരട് പ്രവര്‍ത്തന രേഖ കമ്മിറ്റി അംഗീകരിച്ചു. മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .ആഷിക് മുഹമ്മദ് (യു.കെ ) സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക