Image

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കര്‍ശന കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം

Published on 09 September, 2020
വിദേശത്തുനിന്നു വരുന്നവര്‍ക്ക് കര്‍ശന കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കു കര്‍ശന കോവിഡ് പരിശോധന നിര്‍ദേശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. വന്ദേഭാരത് മിഷന്റെ ഭാഗമായി യാത്ര ചെയ്യുന്നവരെല്ലാം ആര്‍ടി –പിസിആര്‍ പരിശോധന നടത്തണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം. എന്നാല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഒഴിവായി കിട്ടണമെന്നുള്ളവര്‍ മാത്രമാണ് കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തി. യാത്രയ്ക്ക് മുന്‍പുള്ള 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണു കരുതേണ്ടത്.

ഇവര്‍ക്കു വിമാനത്താവളത്തില്‍ നിന്നു നേരെ ഹോം ക്വാറന്റീനിലേക്കു പോകാം. അല്ലെങ്കില്‍ 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീനും 7 ദിവസത്തെ ഹോം ക്വാറന്റീനും നിര്‍ബന്ധമെന്നാണു കേന്ദ്ര മാര്‍ഗരേഖ.

ഇതിനിടെ, മറ്റു രാജ്യങ്ങളില്‍ നിന്നു കോവിഡ് പരിശോധന നടത്താതെ വരുന്നവര്‍ക്കു വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കു സൗകര്യമൊരുക്കുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലടക്കം ഇതു പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആര്‍ടി–പിസിആര്‍ പരിശോധനയ്ക്കും ലോഞ്ച് സൗകര്യം പ്രയോജനപ്പെടുത്താനുമുള്ള പണം അടച്ചാല്‍ 7 മണിക്കൂറിനുള്ളില്‍ ഫലമറിയാം.

ഇവിടെ കോവിഡ് സ്ഥിരീകരിച്ചാല്‍ യാത്ര തുടരാനാകില്ല. പകരം, സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറണം. നെഗറ്റീവാണെങ്കില്‍ യാത്ര തുടരാം, ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഒഴിവായി കിട്ടുകയും ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക