Image

കോശി തലയ്ക്കലിന്റെ ജുസപ്പെ എന്ന കവിത ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദിയില്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 10 September, 2020
കോശി തലയ്ക്കലിന്റെ ജുസപ്പെ എന്ന കവിത ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദിയില്‍
ഫിലഡല്‍ഫിയ: പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ രചിച്ച "ജുസപ്പെ' എന്ന കവിത, മാനവീകത നിറഞ്ഞതാണെന്ന് ഫിലഡല്‍ഫിയാ മലയാള സാഹിത്യ വേദി സംഘടിപ്പിച്ച കാവ്യാസ്വാദന സമ്മേളനം വിലയിരുത്തി. യഥാര്‍ത്ഥ മാധവ സേവ (ഈശ്വര പ്രേമം), മാനവസേവയിലൂടെയാണ് എന്ന് മനോഹരമായ കാവ്യബിംബങ്ങളിലൂടെ , കാവ്യ പദസഞ്ചിന്തനങ്ങളിലൂടെ, അലങ്കാര മികവുകളിലൂടെ, ചാട്ടുളി വിമര്‍ശനങ്ങളിലൂടെ, നവീകരണ പ്രേരണകളിലൂടെ "ജുസപ്പെ' എന്ന കവിതയില്‍ മൂര്‍ത്തമാക്കുവാന്‍ കോശി തലയ്ക്കലിന്റെ കാവ്യ ചാതുര്യം വിലസിച്ചിരിക്കുന്നു. മലയാള കാവ്യാങ്കണത്തിലെ പുണ്യദളമര്‍മ്മര കല്‍പ്പനകളാല്‍ അനുഗൃഹീതമാണ് " ജുസപ്പെ".

കൊറോണാ ദുരിതം സംഹാരമാടിയ ദിനങ്ങളില്‍ , ഇറ്റലിയില്‍ സ്വജീവന്‍ നഷ്ടപ്പെടുത്തി, സഹജീവിക്ക് ശ്വസന സഹായി യന്ത്രം നല്‍കി, സ്‌നേഹമഹത്വത്തെ സാക്ഷാത്ക്കരിച്ച, ജുസപ്പേ എന്ന വൈദികന്റെ,  ഹൃദയ മാഹാത്മ്യത്തെ ഉപലാളിച്ചാണ്, കോശി തലയ്ക്കല്‍ കവിത രചിച്ചിരിക്കുന്നത്.

പ്രഫസ്സര്‍  കോശി തലയ്ക്കല്‍ "ജുസപ്പെ" എന്ന കവിത പാരായണം ചെയ്തു. ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി  സെക്രട്ടറി ജോര്‍ജ് നടവയല്‍  സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ വേങ്ങശ്ശേരി, ചെറുകഥാകാരി ലൈലാ അലക്‌സ്,  സാമൂഹ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് ഓലിക്കല്‍, നൃത്ത കലാകാരി ഡോ. ആനീ ഏബ്രാഹം, കവിതാ രചയിതാവ് രാജൂ പടയാറ്റില്‍, റിട്ടയേഡ് കോളജ് അദ്ധ്യാപകന്‍ ഫീലിപ്പോസ് ചെറിയാന്‍, റിട്ടയേഡ് അദ്ധ്യാപകന്‍ ജോര്‍ജ് കുട്ടി ലൂക്കോസ്, ജോര്‍ജ് നടവയല്‍ എന്നിവര്‍ ചര്‍ച്ചയില്‍ ആസ്വാദനം അവതരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക