Image

നീലച്ചിറകുള്ള മൂക്കുത്തികൾ 30 - സന റബ്സ്

Published on 13 September, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 30 - സന റബ്സ്
"ഭായ് ഫോട്ടോയെക്കുറിച്ച് ഉത്തരേന്ത്യക്കാർ വിശ്വസിക്കുന്ന കുറേ കഥകളുണ്ട്. നിനക്കറിയാമോ?"  സഞ്ജയ്‌ പ്രണോതി മകളെ നോക്കി. 

"കുറച്ചൊക്കെ...."

"നരകാസുരനെ വധിച്ച കൃഷ്‌ണൻ  വീട്ടിലേക്ക് വന്നപ്പോൾ സുഭദ്ര വളരെ കേമമായാണ് സ്വീകരിച്ചത്. ആരതി ഉഴിഞ്ഞു നെറ്റിയിൽ തിലകം ചാർത്തി കവിളിൽ മഞ്ഞളും കുങ്കുമവും തേച്ച് കാലുകൾ പനിനീരിൽ കഴുകി വീട്ടിലേക്ക് ആനയിച്ചു. മധുര പലഹാരങ്ങളും വിശിഷ്ട ഭോജ്യങ്ങളും പുത്തൻ പട്ടുവസ്ത്രങ്ങളും കൃഷ്‌ണന്‌ നൽകി.  തന്റെ സഹോദരിയുടെ ശുശ്രൂഷയിൽ  വളരെ സന്തോഷിച്ച കൃഷ്‌ണൻ അവൾക്ക് കുറേ വരങ്ങൾ നൽകി എന്നാണ് കഥ."
മിലാൻ പുഞ്ചിരിച്ചു. 

"എന്തേ നീ ചിരിച്ചേ....? "

"എനിക്കങ്ങനെ തിലകം തൊടാൻ ഒരു സഹോദരൻ ഇല്ലല്ലോ..." മിലാൻ ഇടങ്കണ്ണിട്ടു അച്ഛനെ നോക്കി. 

" അതിന്റെ കാരണം നീ അമ്മയോട് ചോദിക്ക് കേട്ടോ... രണ്ട്  പ്രസവിക്കാനൊക്കെ ഇന്നേതു സ്ത്രീകളാണ് സമ്മതിക്കുക?"

"പ്രസവം എളുപ്പമുള്ള പണിയല്ല. അതുകൊണ്ടാണ് പിന്നീട് ഒന്ന് എന്ന്‌ ആലോചിക്കാൻ വയ്യാഞ്ഞത്." വാതിലിനരികിൽ വന്നുനിന്ന ശാരിക  വിളിച്ചുപറഞ്ഞു. 

"വേറെയും കഥകളുണ്ട്   മോളെ.... എന്തായാലും സഹോദരീസഹോദരന്മാരുടെ ബന്ധവും സ്നേഹവും കൊണ്ട് ഭദ്രമാണ് ഭായ് ഫോട്ടോ.  അന്നത്തെ ദിവസം പുതിയ വസ്ത്രങ്ങൾ സമ്മാനിച്ചും മധുര പലഹാരങ്ങൾ ഉണ്ടാക്കി സഹോദരൻമാർക്ക് കൊടുത്തും രാഖീബന്ധൻ കെട്ടിയും സന്തോഷിക്കുകയാണ് എല്ലാവരും. ഭായ് ധൂജ് പൂജ എന്നും ഈ ആഘോഷത്തിന് പേരുണ്ട്. 
"നമ്മളും അങ്ങനെയാണ് അച്ഛാ പ്ലാൻ ചെയ്തിരിക്കുന്നെ. യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിൽ വെച്ചു ഭായ് പൂജ നടത്താൻ പെർമിഷൻ വാങ്ങിയിട്ടുണ്ട്. കുട്ടികൾ അവിടെ വരും. അവർക്ക് ഇതൊക്കെയല്ലാതെ മറ്റെന്താണ് സന്തോഷം."

ഭാരതത്തിന്‍റെ മുക്കിലും മൂലയിലുമുള്ള എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും മിലാനും കൂട്ടരും നടത്തുന്ന പരിപാടികളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. റേഡിയോയില്‍ ആര്‍ജെകളുടെ സ്വരത്തില്‍ സോനഗച്ചി മിഷന്‍റെ ഉദ്ദേശങ്ങള്‍ ഒഴുകിയെത്തി. റെയില്‍വേസ്റ്റേനുകളിലും ബസ്‌സ്റ്റാന്‍ഡുകളിലും പാര്‍ക്കുകളിലും എന്നുവേണ്ട പൊതുജനങ്ങള്‍ വന്നുപോകുന്ന എല്ലായിടങ്ങളും ഫോക്കസ് ചെയ്യപ്പെട്ടു. മുഖ്യധാരാപത്രങ്ങളും പ്രാദേശിക ചാനലുകളും വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നു.
സ്റ്റേജിനും മറ്റു ഒരുക്കങ്ങൾക്കും വേണ്ട പൂക്കളും അലങ്കാരവസ്തുക്കളുടെ നിർമ്മാണവും മിലാനും കരോലിനും ദുർഗ്ഗയും കൂടി നടാഷയെതന്നെയാണ് ഏൽപ്പിച്ചത്. 
"നടാഷ, നിങ്ങൾക്ക് ഒരു വരുമാനമാവട്ടെ എന്ന്‌ കരുതിയാണ് ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നത്. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പുറത്തു ഏർപ്പാടാക്കാം. കസ്റ്റമേഴ്സ് ഉണ്ടെങ്കിൽ ചെയ്യേണ്ട"
"എന്ത് ബുദ്ധിമുട്ട് മാഡം,  സ്ഥിരമായി ഒരു വരുമാനം ഉണ്ടെങ്കിൽ അത് ചെയ്യാനാണ് ഇവിടെ എല്ലാവരും താൽപര്യപ്പെടുന്നത്. ഈ കാളിഘട്ടിലെ ഓരോ ഗലിയിലും  അമ്പത് രൂപയ്ക്ക് ഒരു ദിവസം ജീവിക്കാനുള്ള വക ലഭിക്കും. ഇവിടെയുള്ള എല്ലാവർക്കും അത്രയും രൂപയുടെയെങ്കിലും ആഹാരം കിട്ടാനാണ് ഞങ്ങളീ പാടൊക്കെ പെടുന്നത്. 
ഇവിടെ കുട്ടികളും ഇവിടെത്തെ തൊഴിലിൽ നിന്നും വിരമിച്ച പ്രായമായ കുറേ ആളുകളും ഉണ്ട്. അവരും മനുഷ്യരാണ്. രണ്ടുനേരം ഭക്ഷണം കൊടുക്കണ്ടേ അവർക്ക്?" 

"ഒരു കിലോ പൂ വാങ്ങിച്ചാൽ മൂന്ന് മാലയാണ് കെട്ടാൻ പറ്റുക. വളരെ തുച്ഛം പൈസയാണ് മാല കോർത്തുകെട്ടിയാൽ കിട്ടുക. മുപ്പതോ നാൽപ്പതോ രൂപ. കാലഘട്ട് ക്ഷേത്രത്തിലെ തെരുവുകളിൽ മാലയുമായി വിൽക്കാൻ നിൽക്കുന്നവരെ കണ്ടിട്ടുണ്ടോ?  മിക്കവാറും പേര് കുട്ടികളും പ്രായമായവരും ആയിരിക്കും. ചെറുപ്പക്കാരികൾ അങ്ങോട്ട്‌ പോകുന്നത് കുറവാണ്. കസ്‌റ്റമർ ഇല്ലാത്തപ്പോഴും അവർ ഇവരുടെ ഇടയിൽ പോയി മാല വിൽക്കാറില്ല. മറ്റൊന്നുംകൊണ്ടല്ല. ചെറുപ്പക്കാരിൽ നിന്നും മാല വാങ്ങാൻ ഏവർക്കും ഇഷ്ടമുണ്ടാകും. അപ്പൊൾ വൃദ്ധകളുടെയും കുട്ടികളുടെയും കച്ചവടം നടക്കില്ല.അത്രയും സൂക്ഷ്മാലുക്കളാണവർ സഹജീവികളോട്."
മിലാൻ നടാഷയുടെ തോളിൽ കൈവെച്ചു. ഭാഷയ്ക്ക് പ്രസക്തിയില്ലാത്ത ജീവിതനിമിഷങ്ങൾ !!
കുടിപ്പകയും  അസൂയയും കിടമത്സരങ്ങളും നിറഞ്ഞ പുറംലോകത്തെ കൊഞ്ഞനം കുത്തുന്ന നീതിയും ന്യായവും ഇരുണ്ട തെരുവെന്ന് പരിഹസിക്കുന്ന ഇവിടുത്തെ മനുഷ്യർ മുറുകെ പിടിക്കുന്നു!
ഓരോരുത്തർക്കും ഓരോരോ ശരികളുണ്ട്!
രബീന്ദ്ര ഭാരതി ഔട്ട്‌ ക്യാമ്പസ്സിൽ ആയിരുന്നു വിപുലമായ ഒരുക്കങ്ങളോടെ പരിപാടികൾ അരങ്ങേറിയത്. 
ഭായ് ദൂജ് ചടങ്ങിനു തയ്യാറാക്കിയ  വലിയ പന്തലിൽ കാളീദേവിയുടെ  കൂറ്റൻ പ്രതിമ സ്ഥാപിച്ചിരുന്നു. സാധാരണയായി കാളീപൂജയുടെ ദിവസങ്ങൾ കഴിഞ്ഞാണ് ഭായ്ഫോട്ടോ നടത്തപ്പെടുക.  യഥാർത്ഥത്തിൽ ഈ ചടങ്ങ് നടത്തുമ്പോൾ വേണ്ട എല്ലാ കാര്യങ്ങളും മിലാനും കൂട്ടരും ഒരുക്കിയിരുന്നു. വലിയ  വെള്ളിത്തട്ടുകളിൽ തന്റെ സഹോദരന്മാർക്കു  ചാർത്തുവാനുള്ള തിലകവും മഞ്ഞളും കുങ്കുമവുമായി പെൺകുട്ടികൾ അണിനിരന്നു. ഓരോ പെൺകുട്ടിയും തന്റെ സഹോദരൻമാരെ നോക്കി നിറഞ്ഞു ചിരിച്ചു. 
അവരുടെ നെറ്റിയിൽ തിലകം ചാർത്തി പുതുവസ്ത്രങ്ങൾ നൽകി ആശ്ലേഷിച്ചു. കൈകളിൽ രാഖി കെട്ടുമ്പോൾ പലരും കരഞ്ഞു. മധുരപലഹാരങ്ങൾ വായിൽ വെച്ചു കൊടുക്കുമ്പോഴും പല കുട്ടികളും കൈകളിൽ കൈകൾ കോർത്തിരുന്നു. 
സ്വന്തം സഹോദരങ്ങൾ അല്ലാത്തവരുടെ കൈകളിലേക്കും മറ്റു കുട്ടികൾ ആശിർവാദം നൽകി.  
ആൺകുട്ടികൾ തങ്ങൾക്കു കിട്ടാൻപോകുന്ന പുത്തൻ സൈക്കിളുകളുടെ നേരെ ആഗ്രഹത്തോടെ നോക്കുന്നത് മിലാൻ കണ്ടു. 
മിലാൻ അവരുടെ അരികിലേക്ക് ചെന്നു. 

" നിങ്ങൾക്കൊക്കെ സന്തോഷമായോ? "

"അതേ ദീദി...സൈക്കിൾ വാങ്ങിത്തരുമെന്നു ഞങ്ങൾ കരുതിയില്ല."

"അതെന്താ... നിങ്ങളുടെ ദീദി ഒരു കാര്യം ഏറ്റാൽ അത് നടത്തിത്തരാതെ പോയിട്ടുണ്ടോ? "

"അതല്ല ദീദി,  പലരും വാങ്ങിത്തരാമെന്ന് പറയാറുണ്ട്. പക്ഷേ.... "

മിലാൻ അവരുടെ തലയിൽ തലോടി. "നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നടാഷ മാ യോട് പറയണം. അപ്പോൾ അത് ദീദി അറിയും. കേട്ടോ... പരിപാടി കഴിഞ്ഞു നമുക്ക് കാണാം കേട്ടോ...." ഒന്നുകൂടി കുട്ടികളെ ചേർത്തുപിടിച്ചു മിലാൻ പിൻവാങ്ങി. 
 ഒത്തൊരുമയോടെയും കൃത്യമായ മുന്നൊരുക്കത്തോടെയും നടത്തപ്പെട്ട ഭായിഫോട്ടോയുടെ പരിപാടികള്‍ വന്‍വിജയമായിരുന്നു.  വന്‍കിട ചെറുകിടവ്യവസായികളും വാണിജ്യപ്രമുഖരും സിനിമാ രാഷ്ട്രീയക്കാരും ചെറുകിട കച്ചവടക്കാരും എന്നുവേണ്ട ജീവിതത്തിന്‍റെ നാനാതുറകളിലുള്ള മനുഷ്യരുടെ ഒത്തൊരുമയിലും കൂടിച്ചേരലിലും ഇതള്‍വിരിഞ്ഞത് ജീവിതത്തിന്റെ പൂമുഖത്തേക്ക്‌ പോലും എത്തിനോക്കാന്‍ കഴിയാത്ത ഇരുട്ട് മൂടിക്കിടക്കുന്ന ഒരു പറ്റം മനുഷ്യരുടെ അപൂര്‍വമായ ചിരിപ്രസാദങ്ങളായിരുന്നു.
വേശ്യകളും തെരുവിലെ മനുഷ്യരും യാചകരും ഹിജഡകളും എന്ന് വേണ്ട മണ്‍കുടിലുകളിലും ഒറ്റമുറിവാസങ്ങളിലും മരച്ചുവടുകളിലും പാലങ്ങളുടെ ചുവട്ടിലുമെല്ലാം വാസമുറപ്പിച്ച കല്‍ക്കട്ടാത്തെരുവിന്‍റെ ‘യഥാര്‍ത്ഥ അവകാശികളായ അനാഥര്‍’ ഒരു ദിവസത്തേക്ക് സനാഥരായി മാറി. അന്നത്തെ അപ്പത്തിനുള്ള അലച്ചിലില്‍ നിന്നും നാളെ എന്ന ഉത്കണ്ഠയില്‍നിന്നും  ഒരു ദിവസത്തേക്കുള്ള മോചനം അവരുടെ കണ്ണുകളില്‍ തിളങ്ങിക്കിടന്നു.

'ഭദ്ര് ലോക്' എന്നത് ഒരോരുത്തർക്കും പലതാണ്. 

വീടും സമ്പന്നതയും ആഢ്യത്തവും മഹിമയുമാണ് ചിലർക്ക് ഭദ്രത നൽകുന്നതെങ്കിൽ ഭക്ഷണവും വസ്ത്രവും ഉറങ്ങാനൊരു ഇടവുമാണ് ചിലരുടെ 'ഭദ്ര് പരിവാർ.'
തീർച്ചയായും ആഹാരവും വസ്ത്രവും അവശ്യവസ്തുവാണെങ്കിൽ,  അതുള്ളവനാണ് അടുത്തതിലേക്ക് ആഗ്രഹിക്കുകയുള്ളൂ. 
അവശ്യവസ്തുവിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെങ്കിൽ അവരുടെ അവശ്യത നിറവേറ്റിക്കൊടുക്കാൻ  ഭരണകൂടങ്ങൾ ശ്രമിക്കാത്തതെന്തുകൊണ്ടായിരിക്കും? 
ജനസംഖ്യയോ ദാരിദ്ര്യമോ തൊഴിലില്ലായിമയോ കാരണമെങ്കിൽ ആരാണത് പരിഹരിക്കേണ്ടത്? 
ഭരണകൂടങ്ങളുടെ അടുപ്പുകളിൽ എപ്പോഴും പട്ടിണിയും  തൊഴിലില്ലായിമയും ചേരികളിലെ ദുർഗന്ധവും വെന്തു പാകമായാലേ ഭരണത്തുടർച്ച കിട്ടുകയുള്ളൂ. ആരും ആ കലം അടുപ്പത്തുനിന്നും ഇറക്കി വെയ്ക്കാൻ മനസ്സുകാണിക്കുന്നില്ല. 
ഓരോ സംസ്ഥാനവും ഭരിക്കുന്ന നേതാക്കന്മാർക്ക് അഞ്ചോ പത്തോ വർഷം കൊണ്ട് നിഷ്പ്രയാസം മറികടക്കാവുന്ന ദാരിദ്ര്യമേ നമ്മുടെ നാട്ടിലുള്ളൂ. ഭരണത്തുടർച്ചകളിൽ ചെയ്തുവെച്ചതു  പരിപാലിക്കാൻ ശ്രമിച്ചാൽ മാത്രം മതിയാകും ആ അവസ്ഥ നിലനിറുത്താൻ.. പക്ഷേ ആരുമതു ചെയ്യുന്നില്ലല്ലോ.... 
മിലാനും ദുർഗയും നെടുവീർപ്പോടെ പരസ്പരം നോക്കി. 

രണ്ടുമൂന്നു ആഴ്ചകളിലെ രാപകലെന്നില്ലാത്ത അലച്ചിലിനും ഓട്ടത്തിനുമൊടുവില്‍ മിലാന്‍ വീട്ടില്‍ തിരികെയെത്തി. കുറേനേരമെടുത്താണ് അവള്‍ കുളിച്ചത്. തണുത്ത വെള്ളത്തെ ആവിയാക്കി മാറ്റുന്ന ചൂടും പുകയും ആ മനസ്സില്‍നിന്നും ശരീരത്തില്‍നിന്നും ഉയര്‍ന്നുകൊണ്ടിരുന്നു.
“എന്തെങ്കിലും കഴിച്ചിട്ട് കിടക്കൂ മിലൂ...” ശാരിക ഓര്‍മ്മപ്പെടുത്തി. “ എന്നിട്ട് നീ ഉറങ്ങിക്കൊള്ളൂ....”
ഒരു ബൌളില്‍ സ്ട്രോബെറിയെടുത്ത് അവള്‍ കിടപ്പറയിലേക്ക് നടന്നു. തന്‍റെ ഫ്ലവര്‍വേസില്‍ പുതിയ പൂക്കള്‍ കാതാട്ടി നില്‍ക്കുന്നുണ്ട്. അല്‍പനേരം അവളത് നോക്കിനിന്നു.
 എന്തോ തട്ടിവീണത് കേട്ട മിലാന്‍ തിരിഞ്ഞു. താനിരിക്കാറുള്ള  കസേരയില്‍ നിന്നും ഒരു നിഴല്‍ എഴുന്നേറ്റു  അവളുടെ മുന്നിലേക്ക്‌ വന്നു. മിലാന്‍റെ നേര്‍ക്ക്‌ ആ നിഴല്‍ കൈകള്‍ നീട്ടി. ചുവന്ന വര്‍ണ്ണത്തിലുള്ള ചാറൊഴുകിവീണ് ആ വിരലുകള്‍ ചുവന്നിരുന്നു. മിലാന്‍ പുഞ്ചിരിച്ചുകൊണ്ടയാളെ കെട്ടിപ്പിടിച്ചു. അയാള്‍ അവളെ പിടിച്ചു തന്‍റെ നേരെയിരുത്തി. വിരല്‍ത്തുമ്പിലെ പിങ്ക് നിറത്തിലായിരുന്നു അവളുടെ ശ്രദ്ധ.  അയാള്‍ കൈയ്യിലെ ബൌളില്‍നിന്നും  അല്പം കോരി അവളുടെ വായിലേക്ക് വെച്ച് കൊടുത്തു. മുകളിലേക്ക് പറന്നുനില്‍ക്കുന്ന അയാളുടെ മുടി ഒതുക്കിവെക്കാന്‍ മിലാന്‍ കൈകള്‍ ഉയര്‍ത്തി. പെട്ടെന്നാ മുടികള്‍ അപ്രത്യക്ഷമായി. മിലാന്‍ ഞെട്ടിപ്പോയി.
തന്‍റെ മുടിയില്ലാത്ത തല തിരിച്ചു ദാസ്‌ അവളെ നോക്കി. അയാളുടെ കണ്‍പീലികള്‍ നരച്ചിരുന്നു. കവിളിലെ ദശ താഴേക്ക്‌ തൂങ്ങിക്കിടന്നു.
“എന്താ പേടിച്ചുപോയോ...?”
“ഇ....ഇല്ല...” മിലാന്‍ വിക്കി.
“കഴിക്ക്.....”
ചവയ്‌ക്കാതെ മിലാനത് വിഴുങ്ങി. നീരാളിക്കൈകളോടെ ഭയം അരിച്ചരിച്ച് എവിടെനിന്നാണ് വരുന്നത്... അവള്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി. ദാസിന്‍റെ കണ്ണുകള്‍ ഉണ്ടായിരുന്നിടം ശൂന്യം!
“വിദേത്....” മിലാന്‍ അലറിവിളിച്ചു.
“എന്തുപറ്റി മിലാന്‍.... നീ കഴിക്കുന്നില്ലല്ലോ....”
കിതച്ചുകൊണ്ടവള്‍ അയാളെ നോക്കി. “എ... എന്താണിത്.... വിദേതിന്റെ ക.... കണ്ണുകള്‍ എവിടെ?” കണ്ണില്ലാതെ തന്നെ നോക്കുന്ന വിദേതിനരികില്‍ നിന്നും കസേരയോടെ മിലാന്‍ മറിഞ്ഞുവീണു. ഭയത്തോടെ അവള്‍ പിന്നാക്കം ഇഴഞ്ഞു.
“എന്താണിത് മിലാന്‍.... നിനക്കെന്നെ സ്നേഹിക്കാന്‍ മുടി വേണോ? യൌവ്വനം വേണോ..? കണ്ണുകള്‍ വേണോ...” ഏതോ ഗഹ്വരത്തില്‍ നിന്നും മുഴങ്ങിയടിക്കുന്ന വാക്കുകള്‍....
കിതച്ചുകൊണ്ട് പിന്നിലേക്ക്‌  കൈകള്‍ കുത്തിയ അവള്‍ ഒരു പ്രതിമപോലെ നിശ്ചലയായി.
“നീ എനിക്ക് വേണ്ടി എന്താണ് നല്‍കുക മിലാന്‍...” ബൌളും സ്പൂണും കൈപ്പത്തിയില്‍  വെച്ച് അയാള്‍ അവളുടെ തൊട്ടരികിലെത്തി. ചുണ്ടുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ആ മുഖം മുഖത്തോടടുത്തു.
“എന്താണ് നല്‍കുക....” കൈതയിലയുടെ മര്‍മ്മരം പോലെ  മൂര്‍ച്ചയുള്ള ചോദ്യം.
“എ... എന്തും.....” വിയര്‍പ്പ് ഇറ്റിവീഴുന്ന നാസികാഗ്രം വിറച്ചു.
“ഞാന്‍ ഏതു രൂപത്തില്‍ വന്നാലും നീ സ്വീകരിക്കില്ലെ മിലാന്‍....” വീണ്ടും അപ്രത്യക്ഷമാകുന്ന ആ കണ്ണുകള്‍, മുടി പറിഞ്ഞു പോകുന്ന ശിരസ്സ്‌....
“വിദേത്....” ഉഴറിക്കൊണ്ട് അവളാ ശിരസ്സില്‍ തൊട്ടു. എങ്ങോട്ടാണിവ പറന്നുപോകുന്നത്‌.... പറന്നുയരുന്ന മുടിയിഴകളെ വാരിയെടുക്കാന്‍ അവളൊരു പാഴ്ശ്രമം നടത്തി. ഭയത്തോടെ വീണ്ടും പിടി വിട്ടു.
“എങ്കില്‍ ഇത് കഴിക്ക്....”
“വേണ്ട വിദേത്.... എനിക്ക് പേടിയാകുന്നു....” കരഞ്ഞുകൊണ്ട്‌ മിലാന്‍ തലയടിച്ച് പുറകിലേക്ക് വീണു.
 “നീ മരിക്കില്ലേ മിലാന്‍...?”
ആദ്യം അവള്‍ക്കത് മനസ്സിലായില്ല.
ചോദ്യം കേട്ടതില്‍ താന്‍ പിഴച്ചതാണോ...
ഇവിടെയിപ്പോള്‍ കടുത്ത നിശബ്ദതയല്ലേ...
പളുങ്കുപാത്രത്തില്‍ സ്പൂണ്‍ ഉരയുന്ന ശബ്ദം മാത്രമല്ലേയുള്ളൂ....
“നീ ജീവിക്കുന്നത് എന്‍റെ ജീവിതത്തിന് ആപത്താണ് മിലാന്‍... അതുകൊണ്ട് നീ മരിക്കില്ലേ....” അയാളുടെ തലമുടി നിമിഷം കൊണ്ട് വളര്‍ന്നു. കണ്ണുകള്‍ പൂര്‍വസ്ഥിതിയിലായി.

“ഇല്ലേ മിലാന്‍.... എനിക്ക് വേണ്ടി...” അവളുടെയരികില്‍ മുട്ടുകുത്തിയിരുന്ന ദാസിന്‍റെ നഖമുനകള്‍ പുറത്തേക്ക് നീണ്ടു. അവയുടെ അഗ്രങ്ങള്‍ പൊട്ടി അതില്‍ അഴുക്കും ജരകളും പെടുന്നനെ നിറഞ്ഞു. ചുവന്ന ചാറ് ആ നഖങ്ങളിലൂടെ....

പഴം വീണ്ടും അവളുടെ വായ്‌ക്കരികിലെത്തി. പിഞ്ചുകുഞ്ഞിനെപ്പോലെ മിലാന്‍ വായ്‌ തുറന്നു. “ഇത് വിഷമാണ് മിലാന്‍.... നീ വിഷമാണ് കഴിക്കുന്നത്...”

മിലാന്‍ വീണ്ടും വായ്‌ തുറന്നു. അടഞ്ഞടഞ്ഞു പോകുന്ന കണ്ണുകള്‍ക്കപ്പുറത്ത് മിഴികളില്ലാതെ തന്നെ നോക്കുന്ന ദാസിന്‍റെ മുഖം അവ്യക്തമായി അവള്‍ കണ്ടു.

ഒട്ടും ശബ്ദമില്ലാതെ എന്തോ ഒന്ന് തന്‍റെ ഹൃദയത്തിനകത്ത് പൊട്ടിച്ചിതറുന്നു.

അസ്തമിക്കുന്ന സൂര്യരഥത്തിലിരുന്നു ഉത്തരീയം വീശി യാത്ര ചോദിക്കുന്ന ആരോ ഒരാള്‍...
“അമ്മേ........” മിലാന്‍റെ അലറിയുള്ള നിലവിളി കേട്ട് മുംബൈ നഗരത്തില്‍ സുഷുപ്തിയില്‍ ആണ്ട് കിടന്ന ആ ഭവനം നടുങ്ങിയുണര്‍ന്നു.
സഞ്ജയും ശാരികയും പിടഞ്ഞെഴുന്നേറ്റു. ആദ്യം അവര്‍ക്ക് എവിടെയാണെന്നോ എന്താണെന്നോ മനസ്സിലായില്ലെന്ന് തോന്നി. സെക്യൂരിറ്റികള്‍ പുറത്ത് വിസില്‍ ഊതുന്നു, വാതിലില്‍ ശക്തിയായി ഇടിക്കുന്നു. രണ്ടുപേരും മിലാന്‍റെ മുറിയിലേക്ക് പറന്നുചെല്ലുകയായിരുന്നു.
ധരിച്ച നിശാവസ്ത്രം നനഞ്ഞൊട്ടി വിയര്‍ത്തുകുളിച്ച് കിടക്കയില്‍ മിലാന്‍ ബോധരഹിതയായി കിടന്നിരുന്നു.

“മോളെ.....” സഞ്ജയ്‌ നിലവിളിച്ചുകൊണ്ടാണ് മകളെ വാരിയെടുത്തത്. വെള്ളം കുടഞ്ഞിട്ടോ ഉറക്കെ വിളിച്ചിട്ടോ മിലാന്‍ ഉണര്‍ന്നില്ല. ഡോക്റെര്‍ക്ക് ഫോണ്‍ ചെയ്ത് എത്തുമ്പോഴേക്കും മിലാന്‍ ഞരങ്ങിക്കൊണ്ട് കണ്ണ് തുറന്നു. അപ്പോഴും ശാരിക ഒരു വാക്കും പറയാതെ മകളെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു. “എന്താ മോളെ...., എന്താണുണ്ടായത്?” അയാളുടെ സ്വരം ഇടറിയിരുന്നു.

അമ്മയെയും അച്ഛനെയും കണ്ട മിലാന്റെ കിതപ്പ് സാധാരണനിലയിലായി. കവിളും ചുണ്ടും രക്തമയമില്ലാതെ വിളര്‍ത്തു കാണപ്പെട്ടു. മുറിയുടെ മൂലയിലേക്ക് അവള്‍ പകപ്പോടെ നോക്കി. സെക്യൂരിറ്റി വീട് മുഴുവന്‍ ഇതിനകം അരിച്ചുപെറുക്കിയിരുന്നു.

“അമ്മാ...ഞാന്‍..ഞാനൊരു സ്വപ്നം...” മുഴുമിക്കാതെ അവള്‍ മൂലയിലേക്ക് വീണ്ടും നോക്കി.

“സാരമില്ല, പോട്ടെ മോളെ... നീ വളരെ ക്ഷീണിതയല്ലേ... അതുകൊണ്ടാണ്. എണീറ്റ്‌ മുഖം കഴുക്... 

മിലാന്‍ പണിപ്പെട്ടു എഴുന്നേറ്റു വാഷ്‌റൂമിലേക്ക്‌ നടന്നു. അവള്‍ താനിരിക്കുന്ന കസേരയെ ഒന്ന് നോക്കി. ശാരിക  പുറകെതന്നെ ഉണ്ടായിരുന്നു.

സഞ്ജയ്‌ ഡോക്ടറെ തിരിച്ചയച്ചു തിരികെ വന്നു.  “മോള്‍ എന്തോ കണ്ടു വല്ലാതെ ഭയന്നതാണ്. പക്ഷെ ഉറക്കത്തിലായാലും ഇങ്ങനെ പേടിക്കുന്ന ഒരു കുട്ടിയാണോ മിലാന്‍...” സഞ്ജയിന് അതായിരുന്നു സംശയം.

“അതിനര്‍ത്ഥം അവളെ പിടിച്ചുലക്കുന്ന എന്തോ ഒന്നാണത് എന്നല്ലേ സഞ്ജയ്‌... അല്ലാതെ ഈ വീട്ടില്‍ ആരും വരികയോ പോവുകയോ ചെയ്തിട്ടില്ല.”

“ഉം....”

തിരികെ വന്ന മിലാന്‍ ജഗ്ഗില്‍ ഇരുന്ന വെള്ളം മുഴുവനും കുടിച്ചു. “അച്ഛാ... അച്ഛന് സ്വപ്നം വ്യാഖ്യാനിക്കാന്‍ അറിയാമോ...”

“എന്താ മോളെ... നീ കിടക്ക്‌... സ്വപ്നം വെറും സ്വപ്നമാണ്.”അയാള്‍ അവളുടെ തോളിൽ തലോടി.

“നമുക്ക് അച്ഛന്റെ മുറിയില്‍ കിടക്കാം അമ്മാ...” പറഞ്ഞിട്ട് മിലാന്‍ മുന്നോട്ടു നടന്നു.

സഞ്ജയിന്‍റെ മുറിയിലെത്തിയ അവള്‍ അച്ഛന്‍ സൂക്ഷിക്കുന്ന ലൈബ്രറിയുടെ താക്കോല്‍ എടുത്തു. സഞ്ജയ്‌ ആ ചാവി വാങ്ങി മേശവലിപ്പിലേക്ക് ഇട്ടു. “എല്ലാം പിന്നീട്... നീ  ഉറങ്ങി എണീറ്റാല്‍ എല്ലാം ശരിയാവും.”
മിലാന്‍ ശാന്തമായി ഉറങ്ങുന്നത് നോക്കി രണ്ടുപേരും അവളുടെ അരികിലിരുന്നു. “നമ്മുടെ മോള്‍ക്ക്‌ ആരുടേയും സങ്കടം കാണാനുള്ള കരുത്തില്ല. അത് തെളിയിക്കുന്ന വലിയൊരു മിഷനാണ് അവളിന്ന് പൂര്‍ത്തിയാക്കിയത്. അതുപോലെ അടുക്കുമ്പോള്‍ ഹൃദയംകൊണ്ടാണ് അവള്‍ ചേര്‍ത്ത് പിടിക്കുക. ദൂരവ്യാപകമായ  ആഘാതങ്ങള്‍ അതുണ്ടാക്കുകയും ചെയ്യും.”

ദാസിനെ വിളിക്കാനായി മൊബൈല്‍ കൈനീട്ടിയെടുത്തുകൊണ്ടാണ് മിലാന്‍ രാവിലെ  കിടക്ക വിട്ടെഴുന്നേറ്റത് തന്നെ. അങ്ങോട്ട്‌ വിളിക്കും മുന്നേ അവളുടെ ഫോണ്‍ അടിച്ചു. ദാസ്‌ തന്നെയായിരുന്നു അത്.

“എന്താണ് എന്‍റെ ഏയ്‌ന്ജല്‍ ഇന്നലെ രാത്രി തലകറങ്ങി വീണത്? പക്ഷെ അതിനുള്ള വഴി ഞാന്‍ ഉണ്ടാക്കിയതായി ഓര്‍ക്കുന്നില്ലല്ലോ...”

“എന്ത് വഴി..?”

“അല്ല, ഏതോ ഒരു കാലത്ത് ഒറീസ്സയില്‍വെച്ച് കണ്ടതിനു ശേഷം ഈയുള്ളവന്‍ നടുക്കടലില്‍ ഒരുതരി വെള്ളം കിട്ടാതെ ദാഹിച്ചു പൊരിഞ്ഞ്....”

“മതി മതി മതി....” മിലാന്‍ അയാളെ തടഞ്ഞു. “ആര് പറഞ്ഞു ഞാന്‍ വീണെന്ന്?”

“ഒഹ്, നിന്‍റെ അമ്മയുടെ സംശയം എന്നെങ്കിലും മാറുമോ... എന്ത് പറ്റി നിനക്കിന്നലെ?”

“വല്ലാത്തൊരു സ്വപ്നമായിരുന്നു വിദേത്...” മിലാന്‍ നാവ് നീട്ടി ചുണ്ട് നനച്ചു.

“എന്തായിരുന്നു?”

“വിചിത്രമായ സ്വപ്നം! ഒരു ബോളിവുഡ് ഹൊറര്‍ മൂവി പോലെ... ഞാനിപ്പോ അത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാണുമ്പോള്‍ പറയാം....”

“വല്ല സിനിമയും നിന്‍റെ അബോധമനസ്സില്‍ കിടന്നിരിക്കും. ഡീപ്പ് ആയി എന്തെങ്കിലും മനസ്സില്‍ തങ്ങിയാല്‍ തലച്ചോറില്‍ അതിന്റെ റിഫ്ലക്ഷന്‍ ഒരു നിമിഷത്തിന്റെ പതിനാറു സെക്കന്റ് നിലനില്‍ക്കും. ആ സമയം കൊണ്ട് അവ തലച്ചോറ് മൊത്തത്തില്‍ ബാധിച്ചു ന്യൂറോണ്കളെയും ഹൈപോതലാമസ്സിനെയും കീഴടക്കും. നീ കാര്യമാക്കേണ്ട.”

“ഞാനിപ്പോള്‍ വിളിച്ചത് മറ്റൊരു കാര്യം കൂടി പറയാനാണ്.” അയാള്‍ തുടര്‍ന്നു. “ദീപാവലിയുടെ ആഴ്ചയില്‍, അതായത് കാര്‍ത്തികനാളില്‍ നമ്മുടെ വിവാഹനിശ്ചയമാണ്. ദീപാവലി കഴിഞ്ഞ് രണ്ടാമത്തെ നാള്‍....”

അയാള്‍ കാള്‍ കട്ട്‌ ചെയ്തു. അടുത്ത നിമിഷം വീഡിയോ കാള്‍ വന്നു. മിലാന്‍ അപ്പോഴും അതേയിരിപ്പ് ഇരിക്കുകയായിരുന്നു. ദാസിന്‍റെ മുഖം സ്ക്രീനില്‍ തെളിഞ്ഞു. “എന്താ നീ വല്ലാതിരിക്കുന്നത്? ആകെ മുഖം നീലനിറം വ്യാപിച്ചപോലെ....” അയാള്‍ അവളെ സൂക്ഷിച്ചുനോക്കി.

അവള്‍ നാവ് നീട്ടി ചുണ്ട് നനച്ചത്‌ അയാള്‍ കണ്ടു. “എന്താ മിലാന്‍...”

“എന്തോ.... അറിയില്ല. സന്തോഷം കാണുമ്പോള്‍ അതിനും മുകളില്‍ ആ സ്വപ്നം പത്തിവിരിച്ചുനില്‍ക്കുന്നത്പോലെ... ഞാന്‍ എത്രയോ ആഗ്രഹിച്ച വാര്‍ത്തയാണ് വിദേത് ഇപ്പോള്‍ പറഞ്ഞത്....എന്നിട്ടും...”

മുഖം രണ്ടുകൈകളിലും താങ്ങി അവള്‍ കുനിഞ്ഞിരുന്നു.

“മിലാന്‍... വാട്ട്‌ ഹാപ്പെണ്ട് യു... ഡോണ്ട് ബി സില്ലി മൈ ഗേള്‍....” അയാള്‍ വിളിച്ചുകൊണ്ടിരുന്നു. കലങ്ങിച്ചുവന്ന കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കിയ അവള്‍ വീണ്ടും തേങ്ങി.

ദാസിന്‍റെ നെറ്റിയില്‍ വരകള്‍ വീണു. “ഇത്രയും ദിവസത്തെ ഹാര്‍ഡ് വര്‍ക്ക്‌ കാരണമായിരിക്കും മിലാന്‍... നീ ഉറങ്ങൂ നന്നായി... ഞാന്‍ പിന്നീട് വിളിക്കാം. നന്നായൊന്നു ഉറങ്ങിയാല്‍ ഇതെല്ലാം നീ മറക്കും.”

ദൂരെ ഡല്‍ഹിയില്‍ തന്‍റെ മുറിയിലിരുന്നു കാള്‍ അവസാനിപ്പിച്ച റായ് വിദേതന്‍ ചിന്താഭാരത്തോടെ എഴുന്നേറ്റു. ശാരിക പറഞ്ഞ അറിവ് വെച്ച് നോക്കിയാല്‍ മിലാനെ വല്ലാതെ ഉലച്ച എന്തോ ഇന്നലെ രാത്രി സംഭവിച്ചിട്ടുണ്ട്. അല്ലാതെ അവള്‍ ഇത്രയും അപ്സെറ്റ് ആവില്ല.

പിന്നില്‍ വാതില്‍ കരയുന്ന ശബ്ദം കേട്ട് ദാസ്‌ തിരിഞ്ഞു. താരാദേവി അയാളുടെ അരികിലേക്ക് വരുന്നുണ്ടായിരുന്നു. തന്‍റെ നനഞ്ഞ കൈവെള്ള നിവര്‍ത്തി സാരിത്തുമ്പില്‍ എന്തോ തുടച്ചു അവരത് ദാസിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു. “ഇന്ന്  പുറത്തെ സ്വിമ്മിംഗ് പൂളിലെ വെള്ളം മാറ്റിയപ്പോള്‍ കിട്ടിയതാണ്. ജോലിക്കാരാണ് കൊണ്ടുവന്നു തന്നത്. രണ്ട്മൂന്നാഴ്ചയായി വെള്ളം മാറ്റിയില്ലായിരുന്നു. നല്ല വെയിലും ഉണ്ടായിരുന്നല്ലോ.”

ദാസ്‌ തന്‍റെ കൈവെള്ളയിലേക്ക് സൂക്ഷിച്ചു നോക്കി. അയാള്‍ അമ്മയുടെ മുഖത്തേക്കും നോക്കി. താരാദേവിയുടെ മൂക്കില്‍ കിടക്കുന്ന അതേ ആകൃതിയിലുള്ള അല്പം കൂടി വലുപ്പമുള്ള ഒരു മൂക്കുത്തി! വലിയൊരു ആഭരണത്തില്‍നിന്നും അഴിഞ്ഞുവീണ  കൊളുത്തുമായി അതയാളുടെ കൈകളില്‍ കിടന്നു തിളങ്ങി.
                    
                                                   ( തുടരും)
  
നീലച്ചിറകുള്ള മൂക്കുത്തികൾ 30 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക