Image

ഫോമ- ജനനി സംയുക്ത സാഹിത്യ ശില്‍പശാല ജൂലൈ 21 ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 June, 2012
ഫോമ- ജനനി സംയുക്ത സാഹിത്യ ശില്‍പശാല ജൂലൈ 21 ന്‌
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ സംഘചേതനയായ ഫോമയും, സാംസ്‌കാരികമാസികയായ ജനനിയും ഒത്തൊരുമിച്ച്‌ ഒരു ഏകദിനസാഹിത്യസെമിനാറിന്‌ രൂപംനല്‍കുന്നു.
ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 North Tyson Avenueവില്‍ വച്ച്‌ 2012 ജൂലൈ 21 ശനിയാഴ്‌ച നടക്കുന്ന ഈ ശില്‍പശാല അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള സാഹിത്യകാരന്മാരുടെ ഒരു സംഗമവേദിയായിരിക്കും.

ഫോമയുടെ മൂന്നാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‌ മുന്നോടിയായി നടത്തുന്ന ഈ സെമിനാര്‍ ഫോമാ നേതൃത്വത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തും. ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌, മെഡിക്കല്‍ ക്യാംപ്‌ തുടങ്ങിയ സംരംഭങ്ങളില്‍ അഭൂതപൂര്‍വ്വമായ വിജയം കൈവരിച്ച ഫോമാ ഇദംപ്രഥമമായാണ്‌ സാഹിത്യമേഖലയില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നത്‌.

അമേരിക്കയിലെ മലയാളഭാഷാസ്‌നേഹികളുടെ പ്രിയപ്പെട്ട മാസികയായ ജനനി ഈ വര്‍ഷം പതിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌. ഇതിനുമുമ്പ്‌ ജനനി നടത്തിയ രണ്ട്‌ സാഹിത്യസമ്മേളനങ്ങളും വളരെ ജനപ്രീതി നേടിയിരുന്നു.

ഈ രണ്ട്‌ പ്രസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന ഈ സാഹിത്യസെമിനാര്‍ പ്രമേയത്തിലും അവതരണത്തിലും ഏറെ മികവേറിയതായിരിക്കും.

കവിത, ചെറുകഥ, നോവല്‍ തുടങ്ങി മലയാളസാഹിത്യത്തിന്റെ വ്യത്യസ്‌തശാഖകളില്‍ പ്രശസ്‌തരായ നിരവധി വ്യക്തികളെ ഏകോപിക്കുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജനനി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌, മാനേജിംഗ്‌ എഡിറ്റര്‍ സണ്ണി പൗലോസ്‌ എന്നിവര്‍ സംയുക്തപ്രസ്‌താവനയിലൂടെ അറിയിച്ചു. ജനനി ലിറ്റററി എഡിറ്ററായ ഡോ. സാറാ ഈശോ ആണ്‌ ശില്‍പശാലയുടെ ചെയര്‍ പേഴ്‌സണ്‍.

ജൂലൈ 21 ശനിയാഴ്‌ച രാവിലെ 9.00 മണിയ്‌ക്ക്‌ ആരംഭിക്കുന്ന സെമിനാറിലെ ആദ്യയിനം കവിയരങ്ങ്‌ ആയിരിക്കും. കവിയരങ്ങില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ പേര്‌ നല്‍കേണ്ടതാണ്‌. ഉച്ചകഴിഞ്ഞ്‌ നടക്കുന്ന ചെറുകഥ/നോവല്‍ വിങാഗങ്ങളിലെ ചര്‍ച്ചയ്‌ക്ക്‌ അമേരിക്കന്‍മലയാളികളുടെഭാഷാപണ്ഡിതനും വാഗ്‌മിയുമായ ഡോ. എം.വി പിള്ള നേതൃത്വം നല്‍കും.

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ സാഹിത്യകാരന്മാര്‍ക്കൊപ്പം, സാംസ്‌കാരിക നേതാക്കന്മാരും, ഫോമാ പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്‌. ഫോമായുടെ വനിതാവിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ഈ പൊതുസമ്മേളനത്തില്‍ നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്‌. ഠഫാമയുടെ ദേശീയസാഹിത്യമത്സരത്തില്‍ വിജയികളായ ജോര്‍ജ്‌ നടവയല്‍, അബ്ദുള്‍ പൂന്നയൂര്‍ക്കുളം, മറിയാമ്മ ജോര്‍ജ്‌, ഷീബാ ജോസ്‌, രാജു ചിറമണ്ണില്‍ എന്നിവരെ ഈ സമ്മേളനത്തില്‍ ആദരിക്കുന്നതോടൊപ്പം അവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍വച്ച്‌ വിതരണം ചെയ്യുന്നതും ആയിരിക്കുമെന്ന്‌ ഫോമ ജനറല്‍ സെക്രട്ടറി ബിനോയ്‌ തോമസ്‌ അറിയിച്ചു. പൊതുസമ്മേളനത്തിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.

ഈ സാഹിത്യസാംസ്‌കാരികവിരുന്നിലേക്ക്‌, നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ സാഹിത്യകാരന്മാരെയും, സാഹിത്യാസ്വാദകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോമായുടെയും ജനനിയുടെയും
ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 693 6337 ബേബി ഊരാളില്‍: 631 805 4406 ബിനോയ്‌ തോമസ്‌: 240 593 6810 സണ്ണി പൗലോസ്‌: 845 598 5094, ഷാജി എഡ്വേര്‍ഡ്‌:917 439 0563; ഡോ. സാറാ ഈശോ: 845 304 4606.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക