Image

നീലി (നോവൽ -ഭാഗം-10: ആർച്ച ആശ)

Published on 15 September, 2020
നീലി (നോവൽ -ഭാഗം-10: ആർച്ച ആശ)
ലോപ്പസും ഓജോയും കൈകഴുകി കാലി പ്ലേറ്റിന് മുന്പിലിരുന്നു.
ഓജോ അക്ഷമനായി പാത്രത്തിൽ താളം പിടിച്ചുകൊണ്ടു അടുക്കളയിലേക്ക് എത്തിനോക്കി. ഗൗരി വരുന്നില്ലല്ലോ...
"ന്റെ ആന്ദ്രോ ഈ കൊച്ചു ഇതെവിടെ പോയിക്കിടക്കുന്നു?".

"വിശന്ന് വയറു കത്തുന്നു.....ആമാശയം മുഴുവൻ കത്തിക്കരിഞ്ഞപോലെ".

"ടാ, നീ പിടയ്ക്കാതെ ഇപ്പോ വരും. ഗൗരി ഒറ്റക്കല്ലേ ഉള്ളൂ...ആരും സഹായത്തിന് ഇല്ലല്ലോ?'.
ഓജോ വിശ്വാസം വരാതെ ആന്ദ്രോയെ നോക്കി.

"അയ്യോ!എന്തോന്ന് ഇത്ര പൊള്ളുന്നു ആന്ദ്രോ ആ പെണ്ണ് നിന്റെ ആരാ...?".
ഓജോ കള്ളച്ചിരിയോടെ ആന്ദ്രോയുടെമുഖത്തേക്ക് നോക്കി.

"അല്ല നമ്മുക്ക് വേണ്ടിയല്ലേ അവൾ ഭക്ഷണമുണ്ടാക്കുന്നത്. അതുകൊണ്ട് പറഞ്ഞൂന്നു മാത്രം".

"ഉവ്വുവ്വേ,  ഞാനങ്ങു വിശ്വസിച്ചു ട്ടോ".

"അതിനിത്രേ ഇളിക്കാനുണ്ടോ ടാ..?".

"ഏയ്, ചിരിച്ചത് ചിത്രത്തിലെ മോഹൻലാലിനെ ഓർത്താണ്..".

"ഓഹ് ആക്കിയതാണല്ലേ?".

"അല്ല, ഓർമ്മപ്പെടുത്തിയത് ആന്ദ്രോ. നമ്മുക്ക് ഇതൊന്നും പറഞ്ഞിട്ടില്ല".

ഓജോയുടെ വാക്കുകൾ കേട്ട ആന്ദ്രോയുടെ മുഖം കാർമുകിൽ മറച്ച മാനം പോലെ കറുത്തു.

ഗൗരിയുടെ കൊലുസിന്റെ കിലുക്കം അടുത്തെത്തി.
തന്നെ കാത്തിരുന്നു മടുത്തവരോടുള്ള ക്ഷമാപണത്തോടെ
"അതേ ക്ഷമിക്കണം. അത്താഴത്തിനു മുൻപ് ഒരു കുളിയുണ്ട് .ജോലിയൊക്കെ കഴിഞ്ഞു. അതാ അല്പം വൈകിയത്".

"അതൊന്നും സാരമില്ല ഗൗരി. ജോലിയൊക്കെ കഴിഞ്ഞോ. അത് വിട്ടേക്ക്".

"കഴിഞ്ഞു. ന്നാ ഞാൻ വിളമ്പട്ടെ..?".

"ആ വിളമ്പ്..." ഓജോ വിശപ്പിന്റെ വിളികാരണം ചാടിക്കയറി പറഞ്ഞു. ലോപ്പസ് ഗൗരിയുടെ മുഖത്തു നോക്കി.അവൾ ചിരി കടിച്ചമർത്തുന്നുണ്ട്.
"ആന്ദ്രോ ഈ ചീരയിട്ട കറി കൊള്ളാല്ലോ....?".
ഗൗരി ചിരിച്ചു കൊണ്ടു
"അയ്യോ അത് ചീരയല്ല, ചെമ്പിൻ താളും പരിപ്പും കൂടിയാണ്".

"ഓ..അതാ ഒരു ചൊറിച്ചിൽ..".

"എന്നിട്ട് നീ കഴിക്കാതിരിക്കുന്നില്ലല്ലോ? ". ആന്ദ്രോ ചിരിച്ചുകൊണ്ട് ചോദിച്ചു.

"പിന്നെ വിശന്നിട്ട് വയറു മുദ്രാവാക്യം വിളിച്ചു വോക്ക്ഔട്ട് നടത്തി. അപ്പൊ ചേമ്പ് എന്ത് ചൊറിച്ചിലെന്ത്.." ഓജോ സ്വയം ചോദ്യവും ഉത്തരവും കണ്ടുപിടിച്ചത് കേട്ട് ആന്ദ്രോയും ഗൗരിയും ഉറക്കെ ചിരിച്ചു.

"ങാ, ചിരിച്ചോ ചിരിച്ചോ".
വിശപ്പടങ്ങിയ ഓജോ കൈകഴുകാനായി വാതിൽക്കലേക്ക്  പോയി.
ഒരു നോട്ടത്തിനു ലോപ്പസിന്റെ മനസുവായിച്ച ഗൗരിയുടെ മുഖത്തേക്ക് നോക്കാനാവാതെ കുനിഞ്ഞിരുന്നു ഭക്ഷണം കഴിച്ചു.

വിരലിന്റെ വേദന മറന്ന് എഴുന്നേറ്റ ലോപ്പസിന്റെ കാലൊന്ന് മടിഞ്ഞു, കണ്ടുനിന്ന ഗൗരി ലോപ്പസിന്റെ കയ്യിൽ പിടിച്ചു.
ലോപ്പസ് ബാലൻസിൽ നിന്ന്  പതിയെ കൈകഴുകാനായി വാതില്ക്കലേക്കു നടന്നു.

എംജി റോഡിൽ നിന്ന് ഹൈ കോർട്ട് ജംഗ്ഷൻ വഴി മോണ്ടി പ്രസുവിന്റെ വോൾവോ കാർ ബോട്ട് ജെട്ടിയിലേക്ക് തിരിച്ചു. ജെട്ടിയിൽ നിന്ന് ഇത്തിരി മാറി റോഡിന്റെ ഇടതുവശത്ത് പണിക്കരുടെ  കറുത്തനിറത്തിലുള്ള മഹീന്ദ്ര മറാസോ  കിടക്കുന്നത് മോണ്ടി പ്രസു കണ്ടു. മറാസോയുടെ കിടപ്പ് കൊള്ളാം.... ഹോണടിച്ചു കൊണ്ട് മോണ്ടി വോൾവോ അതിന്റെ പുറകിൽ ചെറുതായി ഒന്നുമുട്ടിച്ചു.
പണിക്കർ കാറിലിരുന്നു ഒന്നുകുലുങ്ങി. പരിഭ്രാന്തിയിലായ പണിക്കർ കാറിൽ നിന്ന് പുറത്തിറങ്ങി. വേഗത്തിൽ നടന്നു വോൾവോയുടെ അരികിലെത്തി. ഫ്രണ്ട് ഡോറിൽ തെരുതരെ മുട്ടി. മോണ്ടി പ്രസു അനങ്ങിയില്ല. ദേഷ്യത്തിലായ പണിക്കർ മുഷ്ടി ചുരുട്ടി ബോണറ്റിലിടിച്ചു. കയ്യിൽ ചൂടേറ്റ പണിക്കർ കാലു കൊണ്ട് ശക്തിയോടെ ചവിട്ടി. കളികാര്യായെന്നു  ബോധ്യമായ മോണ്ടി പതുക്കെ ഡോറു തുറന്നു. പണിക്കർ ചാടി ഡ്രൈവർ സീറ്റിനടുത്തെത്തി.
തല്ലാൻ കൈ ഉയർത്തിയാഞ്ഞ പണിക്കർ കാറിൽ നിന്ന് വെളുക്കെ ചിരിച്ചു കൊണ്ട് ഇറങ്ങിയ മോണ്ടിയെ കണ്ട് ഒരു നിമിഷം അന്തംവിട്ടു നിന്നു. അടുത്ത സെക്കന്റിൽ പണിക്കരുടെ കൈ മോണ്ടിയുടെ  പുറത്തു വീണു.
"കള്ളത്തെമ്മാടി, നീയാരുന്നോ..നല്ല പണിയാ കാണിച്ചത്".
മോണ്ടി കള്ളച്ചിരിയോടെ പണിക്കരെ നോക്കി നിന്നു.
"ആമാ നാൻ തന്നെ, പണിക്കരെ പേടിച്ചു പോയോ..?".

"ഹേയ്, പേടിക്കാനോ ഞാനോ എന്തിന്..
ഇന്ന് നിന്റെ ചാക്കാല കഴിഞ്ഞേനെ മോണ്ടി".

"ഉവ്വുവ്വോ,വിശ്വസിച്ചു മ്പ്രാ..".

"ആ...അതേ കാര്യത്തിലോട്ടു കടക്കാം. ബെന്നി അതാണ് നിന്റെ ജോലി, അതും ഉടൻ വേണം".

"ഉം. ലോപ്പസ് സർ എങ്കെ..എപ്പോ കാണാൻ പറ്റും?"

"സർ ഒരു യാത്രയിലാണ്. വരാൻ വൈകും".

"അപ്പടിയാ...".

"ആമാ...".
പണിക്കരെ നോക്കി ചിരിച്ചു മോണ്ടി,
"ആഹാ...തമിഴ് റൊമ്പ നന്നായി വരുന്നുണ്ടെല്ലോ?".

"അതേ...ഇത് ഇതുവരെയുള്ള കേസ് പോലെയല്ല, ഇത്തിരി സീരിയസ് കേസാണ് മോണ്ടി. പണി തീർത്തു പെട്ടെന്ന് തിരിച്ചു പോകണം നീ".

"അറിയാം അണ്ണാച്ചി".

"ഓക്കേ . കൂടുതൽ നേരം ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല. ആരെങ്കിലും ശ്രദ്ധിക്കും, അല്ലെങ്കിൽ തന്നെ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടു വന്നതാ ഞാൻ".

"പൊലീസോ...പണിക്കരോ..., എന്തിന്...?".

"ആ. അതൊരു ബാലപീഡനം".

"ആരാ ലോപ്പസാറോ...?".

"ഉം.അതേ. അതിന്റെ പുകിലാ ഇപ്പോ നടക്കുന്നത്".

"ഛീ...ഈ ലോപ്പസാറിന് പിരാന്താണോ ചിന്ന പസുങ്കളെ.!".

"ആരോട് പറയാൻ.ഒക്കെ നടന്നു ഇനി അനുഭവിക്ക".

"ബെന്നിയാവും കേസന്വേഷിക്ക അല്ലെ പണിക്കരെ?".

"ഉവ്വ്.അതാണ് അയാളെ..."

"ഓക്കേ . ഓക്കേ .ബട്ട്  ഇതുപോലെയൊന്നിന്  ഇനി എന്നെ വിളിക്കരുത്. ഇത്തരം കേസിനൊഴിച്ചു മറ്റെന്തിനും വിളിക്കാം".

"ഉം. എങ്കിൽ ഞാൻ പോട്ടെ മോണ്ടി".

"എസ് .ഓക്കേ ". പണിക്കർ വണ്ടിക്കരികിലേക്ക് നീങ്ങി കാറിൽ കയറുന്നതിന് മുൻപ് ഒന്ന് തിരിഞ്ഞ് നോക്കി. കാർ പതിയെ മുന്നോട്ടെടുത്തു. കൈ വെളിയിലേക്കിട്ടു വീശി പോയി.

മോണ്ടി വണ്ടിയിലേക്ക് കയറി. പെട്ടെന്നാണ് രണ്ടു പൊലീസുകാർ വന്നു കാറിൽ മുട്ടിയത്. മോണ്ടി ഗ്ലാസ് താഴ്ത്തി ചോദിച്ചു

"എന്താ സർ...?".

"ഒന്നുല്ല ഒന്നിറങ്ങി വാ",
ഇതെന്ത് പൊല്ലാപ്പാണോ എന്തോ മോണ്ടി അമർഷത്തോടെ  പുറത്തിറങ്ങി.

"സർ, ഞാനൊരു അത്യാവശ്യകാര്യത്തിന് പോകാണ്. കാര്യം പറഞ്ഞായിരുന്നെങ്കിൽ...

"നോ  പാർക്കിംഗ്  ൽ എന്തത്യാവശ്യമാടോ",
പെറ്റി എഴുതികൊണ്ടിരുന്ന പോലീസുകാരൻ തലയുയർത്തി ചോദിച്ചു.

"അയ്യോ ഞാൻ കണ്ടില്ല സർ, ഞാനിവിടെ പുതിയതാണ്. ഇനി ശ്രദ്ധിച്ചോളാം സർ".

"ആഹാ, എന്നിട്ടാണോ നീ ഒരാളോട് സംസാരിക്കുന്നതും അയാൾ കാറിൽ കയറി പോകുന്നതും കണ്ടത്".
മോണ്ടി ഒന്ന് ഞെട്ടി, അപ്പോൾ ഇവൻമാർ കണ്ടു പണിക്കരുമായി നിൽക്കുന്നത്.

"ശരിയാണ് സർ, എന്റെ വണ്ടി അയാളുടെ കാറിന്റെ പുറകിൽ ഒന്ന് തട്ടി.ഒന്നും പറ്റിയില്ല. ഞങ്ങൾ പറഞ്ഞു തീർത്തു".

"ഓഹോ, എല്ലാരും ഇത്ര സമാധാനപ്രിയരായിരുന്നെങ്കിൽ എത്ര നന്നായേനെ. അപ്പൊ പിന്നെ പോലീസിന്റെ ആവശ്യവുമില്ലായിരുന്നു. പൊരിവെയിലും മഞ്ഞും രാത്രിയും ആഘോഷങ്ങളുമൊക്കെ എല്ലാവരെയും പോലെ പോലീസിനും  ആസ്വദിക്കാമായിരുന്നു". മോണ്ടിയുടെ വാക്കുകളിൽ അത്ര വിശ്വാസം വരാതെ
എസ് ഐ പറഞ്ഞു നിർത്തി റെസീപ്റ്റു കൊടുത്തു. 

"ആ പൊക്കോ...ഇനി ഇതാവർത്തിക്കരുത്".

"ഉവ്വ് സർ". മോണ്ടി കാറിലേക്ക് കയറി പെട്ടെന്ന്  അവിടെനിന്നും യാത്രയായി. 

"ടോ  ടിജോ ..."

"സർ".

"തനിക്ക് ആ പോയവനെ കണ്ടിട്ട് എന്താ തോന്നി".

"പ്രത്യേകിച്ചു ഒന്നും തോന്നിയില്ല സർ".

"ഉം".എസ് ഐ ഒരു നിമിഷം ആലോചനയിലാണ്ട് നിന്നു.

"എന്താണ് സർ".
ടിജോ  അടുത്തേക്ക് വന്നു.

"അല്ല അവൻ. അവനെ മുൻപ് എവിടെയോ കണ്ടപോലെ".

"എവിടെയാണ് സർ?".

"അറിയില്ല, പക്ഷെ ഞാൻ കണ്ടിട്ടുണ്ട്. ആ കഴുത്തിനു താഴെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്നത് മുൻപ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എവിടെയാണെന്ന്  ഓർക്കുന്നില്ല".

"ആഹാ ഒന്നോർത്ത്‌ നോക്ക് സർ..."

"ഇല്ല പറ്റുന്നില്ല, ബട്ട്  ഞാൻ അവനെ കണ്ടിട്ടുണ്ട്.
ശരി. വാ നമ്മുക്ക് പോകാം".

സൂര്യാസ്തമയമാണ്. പകലിനെ വേർപിരിഞ്ഞ സൂര്യൻ നിശയുടെ മറവിൽ ആഴിയോടൊത്തു ശയിക്കാൻ പോവുന്ന മനോഹരകാഴ്ച്ച പടിഞ്ഞാറു നിന്നും ഹൃദയത്തിലൂടെ കിഴക്കോട്ട് പോകുന്ന അനുഭവം.

പോലീസ് ജീപ്പ് ജെട്ടി വിട്ട് മുന്നോട്ട് നീങ്ങി. അപ്പോഴും എസ് ഐ യുടെ മനസ് മോണ്ടിയുടെ  പുറകെയായിരുന്നു.

മോണ്ടിയുടെ ചിന്തയിലും ആ എസ് ഐ തന്നെയായിരുന്നു. സെബാൻ അതാണ്‌ അയാളുടെ പേര് . അതയാളുടെ യൂണിഫോമിൽ കണ്ടതാണ്. അയാളെ മുൻപ് കണ്ടിട്ടുള്ളതായി നല്ലോർമ്മ. മോണ്ടി വാച്ചിൽ നോക്കി സമയം  ഏഴ് .പത്തൊൻപത്  ഇനി പത്ത് മിനിറ്റ്  ഉണ്ട്.  അപ്പോഴേക്കും ഒരു ചായ കുടിക്കാം. പെറ്റി പോലീസുകാരനെ പിന്നെയെടുക്കാം.

അടുത്ത കണ്ട റെസ്റ്റോറെന്റിന്റെ പാർക്കിങ്ങിലേക്ക് കാർ ഓടിച്ചു കയറ്റി. ഫോണെടുത്തു.
ബിബിയുടെ നമ്പർ ഡയൽ ചെയ്തു.
ഫോണിന്റെ അങ്ങേത്തലക്കൽ  ഇസ്രായേലിൻ നാഥനായി വാഴുമെന്റെ ദൈവം എന്ന സോങ് നീട്ടിയടിച്ചു നിർത്തി.
"ഹലോ ബിബി....".

"യെസ്, കടവുളെ..."

"അവൻ എങ്കെ...."

"അന്ത ഡി വൈ എസ പി സ്കൂളിൽ നിന്നും ഉടൻ ഇറങ്കും".

"ഉം.ഓക്കേ നീയും ഫ്രെഡിയും അവനു പുറകെ പോര്
മ്മള് ഇവിടെ  കാത്തുനിൽപ്പുണ്ട്".

"ഓക്കേ  മോണ്ടി,ഇതാ വന്നു കഴിഞ്ഞു".

ഓർഡർ ചെയ്ത ചായ മെല്ലെ മൊത്തികുടിക്കുമ്പോൾ ബിബിയുടെ കാൾ വന്നു.

"കടവുളെ അവൻ പുറപ്പെട്ടിട്ടുണ്ട് ഞങ്ങൾ ഫോളോ ചെയ്യുന്നു".

"ഗുഡ്‌...പിന്നെ അയാൾക്ക് ഒരു സംശയവും തോന്നരുത്".

"ഇല്ല മോണ്ടി,നിങ്ങൾ എം ജി  റോഡിൽ നിന്ന് കൂടത്തില്ലേ...?"

"യാ...ബട് അവനെന്തിങ്കിലും പ്ലാൻ മാറ്റിയാൽ അറിയിക്കണം".

"ഷുവർ  ഓക്കേ   മോണ്ടി..."

മോണ്ടി പകുതി കുടിച്ച ചായയുടെ കപ്പ് വെച്ചു ബില്ല്  നോക്കിയില്ല 50 രൂപ എടുത്തു വെച്ചു പുറത്തേക്കിറങ്ങി. വളരെ വേഗത്തിൽ വന്നവഴിയിലേക്ക് കാറ് തിരിച്ചു. ഓപ്പോസിറ്റ് വരുന്ന പോലീസ് ജീപ്പ് കണ്ട  മോണ്ടി ട്രാഫിക്കിനു അകത്തേക്ക് സ്റ്റിയറിങ് തിരിച്ചു.

'അതേ ടിജോ ആ പോകുന്നത്  അവനല്ലേ ആ മോണ്ടി?".

"അത് സർ ആണെന്ന് തോന്നുന്നു".

"ശെടാ അത്യാവശ്യമുണ്ടെന്ന് പറഞ്ഞപ്പോയ അവനെന്താ തിരിച്ചു പോകുന്നത്?".

"എന്തെങ്കിലും കാരണം സർ".

"എന്നാലും...".

"സാറിന്റെ   സംശയം മാത്രമാണെങ്കിലോ..?"

"ഉം". സെബാൻ ഒന്നുമൂളി നിർത്തി.

ഡി വൈ എസ പി  ബെന്നിയുടെ കാർ ജെട്ടി അടുക്കാറായി. പണിക്കരുടെ ഫോണ് നമ്പറിലേക്കുള്ള കാൾ  ഡീറ്റെയിൽസ്  അന്വേഷിക്കാൻ ശിവക്ക് നിർദ്ദേശം കൊടുത്തു കൊണ്ട് കാർ മുന്നോട്ട് തിരിച്ചു.

ആരായിരിക്കും ഒളിഞ്ഞിരുന്നു കരുക്കൾ നീക്കുന്നത്. ലോപ്പസോ അതോ പണിക്കരോ അതോ ഇനി മറ്റാരെങ്കിലും...?

ഒരുപാട് ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളിലേക്കും ഓടിയെത്തുന്ന മനസുമായി പിന്നിൽ മരണമുണ്ടെന്നു തിരിച്ചറിയാതെ
ഡി വൈ എസ പി ‌  ബെന്നിയുടെ കാർ മുന്നോട്ട് കുതിച്ചു.


നീലി (നോവൽ -ഭാഗം-10: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക