Image

രണ്ടാംഘട്ട ദുരിതാശ്വാസ പാക്കേജിന് കാത്തിരിപ്പ് തുടരുന്നു

ഏബ്രഹാം തോമസ് Published on 16 September, 2020
രണ്ടാംഘട്ട ദുരിതാശ്വാസ പാക്കേജിന് കാത്തിരിപ്പ് തുടരുന്നു
മേക്ക് ഹിം ആന്‍ ഓഫര്‍ ഹി കനോട്ട് റെഫ്യൂസ് എന്ന സിദ്ധാന്തം കോവിഡ്-19 മൂലം ദുരിതത്തിലായ സാധാരണ അമേരിക്കക്കാരന്റെ രക്ഷയ്ക്കു ഫലപ്രദമായി പ്രായോഗികമാക്കുവാന്‍ ട്രംപിനോ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്കോ, യുഎസ് സെനറ്റിനോ കഴിഞ്ഞില്ല. രണ്ടാം ദുരിതാശ്വാസ പായ്‌ക്കേജ് പാസ്സാകുവാന്‍ മൂവരും വിഘാതം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്ത മറ്റൊരു കോവിഡ്-19 പായ്‌ക്കേജ് പാസ്സാകുന്നത് വരെ ജനപ്രതിനിധി സഭ പിരിയാന്‍ താന്‍ അനുവദിക്കുകയില്ല എന്ന പെലോസിയുടെ പ്രസ്താവനയാണ്. പെലോസി ആദ്യം മുന്നോട്ടു വച്ചത് 3.4 ട്രില്യന്‍ ഡോളറിന്റെ പായ്‌ക്കേജാണ്. ഇപ്പോള്‍ 2.2 ട്രില്യന്‍ ഡോളറിന്റെ നവീകരിച്ച പായ്‌ക്കേജുമുണ്ട്. ഇതിനിടയില്‍ രണ്ട് പാര്‍ട്ടിയിലും ഉള്‍പ്പെട്ട 50 കോണ്‍ഗ്രസംഗങ്ങള്‍ (പ്രോബ്‌ളം സോള്‍വേഴ്‌സ് കോക്കസ് എന്നാണ് ഇവര്‍ തങ്ങളെ വിശേഷിപ്പിക്കുന്നത്) ഒപ്പു വച്ച 1.5 ട്രില്യന്‍ ഡോളറിന്റെ ഒരു പായ്‌ക്കേജും പുറത്തുവന്നു. 

മിക്കവരും നവംബറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നവരാണ്. വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ ഈ പായ്‌ക്കേജെങ്കിലും ഉണ്ടാകണം എന്നിവര്‍ ആഗ്രഹിക്കുന്നു.

പെലോസിയുടെ പുതിയ പ്രഖ്യാപനം അവര്‍ നിലപാടില്‍ മയം വരുത്തി എന്ന് കരുതേണ്ട എന്ന് വക്താവ് ഡ്രൂഹാമില്‍ പറഞ്ഞു. വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണെന്ന് സെനറ്റിലെ റിപ്പബ്ലിക്കന്‍ വിപ്പ് സൗത്ത് ഡക്കോട്ടയില്‍ നിന്നുള്ള ജോണ്‍ തുണേ പറഞ്ഞു. സെനറ്റില്‍ 60 വോട്ടോടെ മാത്രമേ പാക്കേജ് പാസ്സാക്കാനാകൂ. പെലോസിയുടെ പ്രതിനിധി സഭയിലെ പ്രമേയം രാഷ്ട്രീയ പ്രേരിതമായിരുന്നു. സെനറ്റ് മെജോരിറ്റി ലീഡര്‍ മിച്ച് മക്കൊണലിന്റെ പ്രമേയവും രാഷ്ട്രീയ പ്രേരിതം തന്നെ. 53 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണുള്ളത്. 

ബാക്കി ആവശ്യമായ 7 വോട്ടുകള്‍ ഡെമോക്രാറ്റ് സെനറ്റര്‍മാരുടെ ആവശ്യമാണ്. ഇത് സംഭവിക്കുവാന്‍ സാധ്യത കുറവാണ്. പ്രസിഡന്റും മക്കൊണലും പെലോസിയും ഒരു കൂടിയാലോചന നടത്തിയാലേ ഈ സ്തംഭനാവസ്ഥ മാറ്റിയെടുക്കുവാന്‍ കഴിയൂ. വേനല്‍ക്കാലത്ത് ഈ പായ്‌ക്കേജ് പാസ്സാക്കണം എന്ന് വൈറ്റ് ഹൗസ് ആഗ്രഹിച്ചില്ല എന്നാരോപണമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഏതെങ്കിലും രൂപത്തില്‍ പായ്‌ക്കേജ് പാസ്സാവുകയാണെങ്കില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് മൂന്ന് കൂട്ടരും കരുതുന്നു.

സാധാരണ വലിയ വിഷയങ്ങളില്‍ വൈറ്റ് ഹൗസ് തങ്ങളുടെ ശുപാര്‍ശകളും പ്രമേയങ്ങളും കോണ്‍ഗ്രസിന് മുന്നില്‍ എത്തിക്കാറുണ്ട്. സെനറ്റോ പ്രതിനിധി സഭയോ ഒരു പ്രമേയം പാസ്സാക്കിക്കഴിഞ്ഞാല്‍ പിന്നെ രണ്ട് മാര്‍ഗങ്ങള്‍ ശേഷിക്കുന്നു. ഒന്ന് ആ പ്രമേയത്തില്‍ മാറ്റങ്ങള്‍ വരുത്തി പാസ്സാക്കുക ഇല്ലെങ്കില്‍ സ്വന്തമായി ഒരു ബില്‍ പാസ്സാക്കുക എന്നതാണ് ആദ്യത്തെ മാര്‍ഗം. രണ്ട് സഭകളും വ്യത്യസ്ത ബില്ലുകളാണ് പാസ്സാക്കിയതെങ്കില്‍ രണ്ട് സഭകളുടെയും അംഗങ്ങള്‍ അടങ്ങിയ ഒരു കോണ്‍ഫറന്‍സ് കമ്മിറ്റി രൂപീകരിച്ച് ഒരു ഒത്തുതീര്‍പ്പ് ഡ്രാഫ്റ്റ് ഉണ്ടാക്കുന്നു. ഇത് രണ്ട് സഭകളും അംഗീകരിക്കുന്നു. കാരണം ഒത്തുതീര്‍പ്പിന് രണ്ട് സഭകളിലെയും അംഗങ്ങള്‍ തയാറായിരുന്നു.വൈറ്റ് ഹൗസിന് ഏത് ഘട്ടത്തില്‍ വേണമെങ്കിലും കടന്ന് വരാമായിരുന്നു. വൈറ്റ് ഹൗസിന്റെ അഭിപ്രായങ്ങള്‍ രണ്ട് സഭയിലെയും അംഗങ്ങള്‍ മാനിച്ചിരുന്നു. ഇപ്പോള്‍ വൈറ്റ് ഹൗസ് നേരത്തെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാറില്ല. വൈറ്റ് ഹൗസിന്റെ മനോഗതം മനസ്സിലാക്കി അതിനനുസരിച്ച് നീങ്ങാനാണ് മക്കൊണലിന്റെ താല്പര്യം. ഈ താല്പര്യങ്ങള്‍ക്ക് നേരെ വിരുദ്ധമായ നിലപാടാണ് പെലോസി സ്വീകരിക്കുന്നത് എന്നൊരു ആരോപണമുണ്ട്.

ഉഭയകക്ഷി നീക്കങ്ങളില്‍ ചെറിയ പുരോഗതിയുണ്ട്. പെലോസി 3 ട്രില്യന്റെ ഡിമാന്റ് 2 ട്രില്യനായി കുറച്ചു. വൈറ്റ് ഹൗസ് 1 ട്രില്യന്റെ നിലപാടില്‍ നിന്ന് 1.5 ട്രില്യനിലേയ്ക്കു എത്തിയിട്ടുണ്ട്. പക്ഷെ മക്കൊണലിന് ഇതിനോട് യോജിപ്പില്ല. മക്കൊണലിന് തന്റെ പിടിവാശി മാറ്റിവച്ച് ഹൗസ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്ത് മാറ്റങ്ങള്‍ വരുത്തി സെനറ്റ് ബില്ലായി പാസ്സാക്കിയെടുക്കാം. തിരഞ്ഞെടുപ്പ് ദിനങ്ങളായതിനാല്‍ ആവശ്യമായ 60 വോട്ടും ട്രംപിന്റെ അംഗീകാരവും ലഭിച്ചേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക