Image

പ്രവര്‍ത്തന പാരമ്പര്യം, പക്വതയും ലക്ഷ്യബോധവും: പ്രദീപ് നായര്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

Published on 16 September, 2020
പ്രവര്‍ത്തന പാരമ്പര്യം, പക്വതയും ലക്ഷ്യബോധവും: പ്രദീപ് നായര്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി മേഖലയില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കു മുന്നിലും പ്രദീപ് നായര്‍ ഉണ്ടാവും. അവിടെ ഭിന്നതകള്‍ക്ക് ഒന്നും പ്രസക്തിയില്ല. എല്ലാവരുമായും സൗഹ്രുദത്തില്‍ പോകുന്നു എന്നതാണു മറ്റു പലരില്‍ നിന്നും പ്രദീപ് നായരെ വ്യത്യസ്ഥനാക്കുന്നത്.

ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുന്ന പ്രദീപ് നായര്‍ ഈ സ്ഥാനത്തിനുള്ള അര്‍ഹത വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടി എടുത്തതാണ്. താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടു വന്ന നേത്രുപാടവം. അതു പോലെ തന്നെ എന്നും പക്വവും വിവേകപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രദീപ് നായര്‍ വ്യത്യസ്ഥനാകുന്നു.

എമ്പയര്‍ റീജിയനില്‍ നിന്ന് എക്‌സിക്യുടിവിലേക്ക് പ്രദീപ് നായര്‍ മാത്രമാണ് മത്സരിക്കുന്നത്. എല്ലാ റീജിയനും പ്രാതിനിധ്യം ഉണ്ടാവുന്നതാണ് നല്ലത്. ഒരു റീജിയനില്‍ നിന്ന് തന്നെ കൂടുതല്‍ പേര് വരുന്നത് സംഘടനക്ക് നല്ലതല്ലെന്ന പക്ഷക്കാരനണ് പ്രദീപ് നായര്‍.

അതു പോലെ ജാതി-മത-രാഷ്ട്രീയ ഭിന്നതകള്‍ സംഘടനയില്‍ കൊണ്ടുവരുന്നതിനെയും പ്രദീപ് എതിര്‍ക്കുന്നു. ഫോമായില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നതകളൊന്നുമില്ല. അത് എക്കാലവും അങ്ങനെ തന്നെയാവണം.

ന്യു യോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്ന പ്രദീപ് നായരുമായി ഇ-മലയാളി നടത്തിയ അഭിമുഖത്തില്‍ നിന്ന്

കൊറോണ കാലത്ത് നിങ്ങളും കുടുംബവും സുരക്ഷിതര്‍ എന്ന് പ്രതീക്ഷിക്കുന്നു. എന്ത് മുന്‍കരുതലുകളാണ് എടുക്കുന്നത്?

ന്യൂയോര്‍ക്കില്‍ കെറോണ മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ഈശ്വരനുഗ്രഹത്താല്‍ ഞാനും കുടുംബവും സുരക്ഷിതരായിരുന്നു. പക്ഷെ ഒട്ടേറെ പേരുടെ ദുരന്തങ്ങള്‍ ഏറെ ദുഖം പകര്‍ന്നു. നേരിട്ടറിയാവുന്നവരും പരിചയമില്ലാത്തവരും നേരിട്ട വിഷമതകള്‍ ഇപ്പോഴും വേദനയായി നില്‍ക്കുന്നു.

എന്ത് മുന്‍കരുതലുകള്‍ ആണ് എടുക്കുന്നത് എന്ന് ചോദിച്ചാല്‍ മാസ്‌ക് ധരിക്കുകയും, ആളുകള്‍ കൂടുന്നടത്ത് അകലം പാലിക്കുകയും അത്യാവശ്യം ആണെങ്കില്‍ മാത്രം പുറത്ത് പോവുകയും ചെയ്യുന്നു. എപ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യുകയും വീട്ടില്‍ വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും ചെയ്യുന്നു. കുടുംബത്തിലെ എല്ലാവരും ഇത് പിന്തുടരുന്നു. പിന്നെ എല്ലാം പ്രാര്‍ത്ഥന മാത്രം.

ഇലക്ഷന്‍ പ്രചാരണം എങ്ങനെ നടക്കുന്നു?

ഈ കോവിഡ് കാലത്തും വളരെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചു നല്ല രീതിയില്‍ പ്രചാരണം മുന്നോട്ട് പോകുന്നു. എല്ലാ ഡലിഗേറ്റുകളുമായും ബന്ധപ്പെടുന്നു. നല്ല പിന്തുണയാണ് എല്ല ഭാഗത്തു നിന്നും ലഭിക്കുന്നത്.

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുവാന്‍ കാരണമെന്ത്?

പൊതു പ്രവര്‍ത്തനം എന്നും ജീവിതത്തീന്റെ ഭാഗമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ (വൈ.എം.എ) പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുകയും അതിലൂടെ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയും ചെയ്തു.

ഫോമായുടെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു അവസരമായിട്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ കാണുന്നത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയാണു അതിനു ഏറ്റവും അനുയോജ്യമായ വേദി എന്നു കരുതുന്നു. അതുകൊണ്ടാണ് മത്സര രംഗത്തു വന്നത്

ഏതെങ്കിലും പാനലില്‍ അംഗമാണോ? പാനല്‍ നല്ലതാണോ?

തുടക്കം മുതല്‍ ഞാന്‍ പാനലില്‍ അംഗമല്ല. പക്ഷെ പാനല്‍ നല്ലതാണെന്നതാണ് എന്റെ അഭിപ്രായം. കാരണം ഒരേ പാനലിലുള്ളവര്‍ തെരെഞ്ഞെടുക്കപ്പെട്ടാല്‍ സംഘടനയില്‍ അഭിപ്രായവ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ?

2006-ല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ില്‍ കമ്മറ്റി മെമ്പര്‍ ആയിട്ടാണ് എന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അസോസിയേഷന്റെ എല്ലാ പദവികളും അലങ്കരിക്കുവാന്‍ സാധിച്ചു. 2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവെയ്പ്പ്.

2008-2010- എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍. 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം. തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍

2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കണ്വന്‍ഷനു ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്‌ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.

ഇപ്പോള്‍ വൈ.എം.എ. ട്രസ്റ്റി ബോര്‍ഡ് ചെയര്‍. കൂടാതെ ഫോമയുടെ എമ്പയര്‍ റീജിയന്റെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് കമ്യുണിറ്റി കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

നാട്ടിലും ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ഞാന്‍ അംഗം ആയിട്ടുള്ള സംഘടനയില്‍കൂടി ഒട്ടനവധി സാധുക്കള്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചു. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനവസ്തുക്കള്‍ എത്തിച്ചു നല്‍കുവാന്‍ കഴിഞ്ഞത്.

യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ചു. അതുപോലെ തന്നെ ഫോമയുടെ എമ്പയര്‍ റീജ്യന്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കി.

ഫോമായില്‍ എന്തെല്ലാം മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്?

ഫോമാ എന്ന സംഘടനയുടെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഒരു അഭിഭാജ്യ ഘടകമാണ് പുതു തലമുറ. അതുകൊണ്ട് അവേര്‍ കൂടി ഉള്‍പ്പെടുത്തി സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു.

മറ്റൊന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യാന്‍ ഫോമയിലൂടെ കഴിയണം.

ഞാന്‍ പ്രതിനിധാനം ചെയ്യുന്ന എമ്പയര്‍ റീജിയന്റെ പൂര്‍ണ്ണ പിന്തുണയോട് കൂടിയും ഫോമായുടെ കീഴിലുള്ള ഒട്ടനവധി മെമ്പര്‍ അസോസിയേഷനില്‍ നിന്നുള്ള ഒരു വലിയ സുഹൃത്ത് വലയത്തിന്റെ പിന്തുണയോട് കൂടിയുമാണ് ഞാന്‍ ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.

കൊറോണ എന്ന ഈ മഹാമാരി നമ്മളെ വേട്ടയാടുമ്പോള്‍ എന്റെ പ്രിയപ്പെട്ട ഫോമാ ഡെലിഗേറ്റ്‌സ്, നിങ്ങളുടെ വിലപ്പെട്ട വോട്ട് എനിക്ക് നല്‍കി ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിജയിപ്പിക്കണമെന്ന് താഴ്മയായ് അഭ്യര്‍ത്ഥിക്കുന്നു.
പ്രവര്‍ത്തന പാരമ്പര്യം, പക്വതയും ലക്ഷ്യബോധവും: പ്രദീപ് നായര്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്പ്രവര്‍ത്തന പാരമ്പര്യം, പക്വതയും ലക്ഷ്യബോധവും: പ്രദീപ് നായര്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക