Image

ദേശാടനക്കിളി പോകാതിരുന്നെങ്കിൽ.. (കഥ: ആൻസി സെബാസ്റ്റ്യൻ)

Published on 17 September, 2020
ദേശാടനക്കിളി പോകാതിരുന്നെങ്കിൽ.. (കഥ: ആൻസി സെബാസ്റ്റ്യൻ)
അവൾ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു. ജനലഴികൾക്കുള്ളിലൂടെ ആകാശം കാണാമായിരുന്നു. ആകാശച്ചെരിവുകളിൽ പടർന്നു കയറുന്ന ചുവപ്പു കെട്ടുകൾ അവളിൽ കൗതുകം പകർന്നു.
നിർമ്മലയുടെ വീട്ടിൽ കണ്ട വെളുത്ത പട്ടിക്കുട്ടിയെ അവളോർത്തു. അതിനു തീ പിടിച്ച പോലെയാണ് ആകാശത്തെ ചുവപ്പു കെട്ടുകൾ എന്ന് വിചാരിക്കുന്നതിൽ അവൾക്കൊരു പ്രത്യേക രസം തോന്നി. എന്നാൽ ആകാശത്ത് നിർമ്മലയുടെ നായക്കുഞ്ഞിനെപ്പോലെ ധാരാളം എണ്ണം ഉണ്ടായിരുന്നു . തനിക്കും ഒരു പട്ടിക്കുട്ടിയെ കിട്ടിയിരുന്നെങ്കിൽ..
മിനുസമുള്ള രോമങ്ങളിൽ പൊതിഞ്ഞ അതിനെ കവിളിൽ ചേർക്കുന്നതായും സ്നേഹത്തോടെ അത് മുഖമുയർത്തി തന്നെ ഉരുമ്മുന്നതായും അവൾ വിചാരിച്ചു. ആ വിചാരങ്ങളിൽ അലിഞ്ഞു പോകുമ്പോൾ അവളോർക്കുകയായിരുന്നു...
ആരെങ്കിലും തന്നെ സ്നേഹിച്ചിട്ടുണ്ടോ..?
പണ്ട് .. വളരെ പണ്ട് കോളജിലേക്ക് ചെന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ , ചെമ്പിച്ച കണ്ണുകളും സ്വർണ്ണത്തലമുടിയുമുള്ള വിൽഫ്രഡ് മുഷിഞ്ഞു തുടങ്ങിയ വെള്ളക്കടലാസിൽ 'ഞാൻ നിന്നെ സ്നേഹിക്കുന്നു ' എന്നെഴുതി ആരും കാണാതെ കൈയിൽ തന്നപ്പോൾ അയാൾ തന്നെ സ്നേഹിക്കുന്നു എന്നാണ് കരുതിയത്. എന്നാൽ, കഞ്ചാവ് പുകച്ച് നിറം മങ്ങിയ പല്ലുകളും ചെമ്പിച്ച കണ്ണുകളിൽ തളർച്ചയുമുള്ള അയാൾ താമസിയാതെ എവിടേയ്ക്കോ യാത്രയായപ്പോൾ "വിൽഫ്രഡിന്റെ വിഭ്രമങ്ങളിലൊന്നാണ് സ്നേഹം " എന്ന് ഡയറിയിലെവിടെയോ കോറിയിടാനേ കഴിഞ്ഞുള്ളൂ.
അമ്മയുടെ ദിവ്യവും അഗാധവുമെന്ന് പറയുന്ന സ്നേഹത്തെക്കുറിച്ച് കേട്ടറിവേ ഉള്ളൂ. താൻ നടന്നു തുടങ്ങുംമുമ്പ് അമ്മ മറ്റേതോ ലോകത്തേക്ക് പോയിരുന്നു. 
പിന്നെ അച്ഛൻ ....
തൂവൽ മുളയ്ക്കാത്ത കിളിക്കുത്തിനെപ്പോലെയായിരുന്നു അച്ഛൻ തന്നെ സൂക്ഷിച്ചിരുന്നത്. കൊക്കിൽ തീറ്റയുമായി വന്ന് കുഞ്ഞു കിളിയുടെ പിളർന്ന വായിലേക്ക് തീറ്റ പകരുകയും ചൂട് നൽകി അതിനെ സൂക്ഷിക്കുകയും ചെയ്യുന്ന തള്ളക്കിളിയെപ്പോലെയായിരുന്നു അച്ഛൻ. തൂവൽ മുളച്ച് ചിറകുവിരുത്തി പറക്കാറായപ്പോൾ അച്ഛൻ ഒഴിഞ്ഞുമാറുകയും ആസ്ഥാനത്തേയ്ക്ക് ആനന്ദ് കടന്നുവരികയും ചെയ്തു.
എന്നാൽ ആനന്ദിന് തന്നെ സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ..? അച്ഛൻ കൊടുത്ത വലിയ നോട്ടുകെട്ടുകളെയായിരുന്നു അയാൾ സ്നേഹിച്ചത്. മനസ്സിന്റെ തുടുത്ത ദലങ്ങളിൽ സ്നിഗ്ധമായൊരു കുടുംബവും ചുമന്ന് നടന്നിരുന്ന തനിക്ക് അയാൾ നൽകിയതെന്താണ് ..!
ചായം ചുവപ്പിച്ച ചുണ്ടുകളും തോൾ മറയ്ക്കാത്ത ബ്ലൗസും മുറിച്ചിട്ട മുടിയുമൊക്കെയടങ്ങിയ ആനന്ദിന്റെ ലോകത്തിൽ അച്ഛന്റെ തൂവൽ മുളയ്ക്കാത്ത കിളിക്കുഞ്ഞിന് വീർപ്പുമുട്ടുകയായിരുന്നു. തന്റെ മുമ്പിൽ വച്ച് മറ്റ് സ്ത്രീകളുമായി ശ്യംഗരിക്കുകയും തന്നെ അപമാനിക്കുകയും ചെയ്യുന്ന അയാളുടെ രീതികൾ അസഹ്യമായപ്പോൾ പഴയ ആളൊഴിഞ്ഞ കൂട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നെ, എവിടെയും പോയിട്ടില്ല.
ഈ വലിയ കൂട്ടിനുള്ളിൽ ആകാശം ചുവക്കുന്നതും നരയ്ക്കുന്നതും നിറയുന്നതും ചെയ്യുന്നതും നോക്കി വെറുതെ നിന്നു.
'കമലുട്ട്യേ .. അച്ഛൻ വന്നിരിക്കുണുട്ടോ...'
അപ്പു നായരുടെ സ്വരം കേട്ട് അവളുണർന്നു.
മുറ്റത്തെ മൈലാഞ്ചിച്ചെടികൾ നിരയായി വെട്ടി നിർത്തിക്കൊണ്ടിരുന്ന വൃദ്ധൻ എപ്പഴാണ് പണി നിർത്തിയത് ..? അയാൾ കോണി കയറിവന്ന ശബ്ദം കേട്ടതേയില്ലല്ലോ..
പൂമുഖത്തേക്ക് ചെല്ലുമ്പോൾ അച്ഛനോടൊപ്പം മറ്റൊരാളെയും കണ്ടു. അയഞ്ഞ കുപ്പായവും കാലുറയും ധരിച്ച് മെലിഞ്ഞു നീണ്ടൊരു മനുഷ്യൻ. അയാളുടെ കണ്ണുകൾക്കൊരു തീക്ഷ്ണതയുണ്ടായിരുന്നു. മുഖമുയർത്തി ഒന്നു നോക്കിയതിനു ശേഷം വീണ്ടും താടിയിൽ തടവി അയാൾ തല താഴ്ത്തിയിരുന്നു.
കമലൂ.. ഇത് എനിക്ക് ഇന്നത്തേയ്ക്കു കിട്ടിയ സുഹൃത്താണ്. നാളെ രാവിലെ പോകും.
അച്ഛന്റെ ശബ്ദമുയർന്നപ്പോൾ അത് കേട്ടതല്ലാതെ കൂടുതലൊന്നും ചോദിച്ചില്ല.
ആരെയും വീട്ടിലേക്ക് ക്ഷണിക്കാത്ത അച്ഛനെന്തേ ഇയാളെ ഇവിടേക്ക് കൊണ്ടുവന്നത്?
അച്ഛനും മകളും ഒന്നുരണ്ട് വേലക്കാരുമല്ലാതെ മറ്റാരുമില്ലാത്ത ഈ വലിയ ഏകാന്തതയിലേക്ക് അച്ഛൻ എന്തിനാണ് ഇയാളെ കൂട്ടിക്കൊണ്ടുവന്നത് ..?
ഊണു കഴിച്ചുകഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.
" മോളേ ഈ അനന്തൻ ഒരു ദേശാടനക്കിളിയാണ്. ഇന്നത്തേക്ക് അച്ഛൻ ഇവിടേക്ക് വിളിച്ചുവെന്ന് മാത്രം. നീ പോയി ഉറങ്ങിക്കോ. ഞങ്ങൾ സംസാരിക്കട്ടെ.
ഒന്നും മിണ്ടാതെ പടികൾ കയറി മുകളിലെത്തി.
വാതിൽ തഴുതിട്ടു കിടന്നിട്ടും ഉറക്കം വന്നതേയില്ല. അനന്തൻ മുഖമൊന്നുയർത്തിയപ്പോൾ കണ്ട കണ്ണുകളിലെ തീക്ഷ്ണത അവളെ അസ്വസ്ഥയാക്കി.
അയാൾ അച്ഛനുമൊത്ത് എന്തെടുക്കുകയാവും എന്ന് നോക്കിയിട്ട് വരാമെന്നു കരുതി അവൾ വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ പടികളിറങ്ങി. അച്ഛന്റെ മുറിക്കു പുറത്ത് കാതോർത്തു നിന്നു .
ഓ..അച്ഛൻ ദുഃഖങ്ങൾ നിരത്തുകയാണ്.. എന്തുപറ്റി ഇങ്ങനെ ?
വലിയ ഭാരങ്ങൾ ഉള്ളിൽവെച്ച് നടക്കുകയല്ലാതെ ഒന്നും ആരോടും പറയാറില്ലല്ലോ..
തന്നെക്കുറിച്ചും അച്ഛൻ അയാളോടു പറയും.
കൂടുതൽ നേരം അവിടെ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു.
മയക്കത്തിലേക്കു വീഴുന്നതിനിടയിലാണ് വാതിൽക്കൽ മുട്ടുകളയർന്നത്. പിടഞ്ഞെണീറ്റു...
ആരാവും? ഒരു പക്ഷേ, അയാൾ ..?
അവളിലേക്ക് സംഭ്രമങ്ങളുടെ ഒരു വലിയ തിര ഒഴുകിക്കയറി. അടുത്ത നിമിഷം അവൾ ആശ്വസിച്ചു. അച്ഛനാവും..
വിവിധ വികാരങ്ങളോടെ അവൾ വാതിലിന്റെ കൊളുത്തെടുത്തു. തുറന്നു പോകുന്ന വാതിലിനൊപ്പം അയഞ്ഞ കുപ്പായവും കാലുറയും കണ്ടപ്പോൾ അവളിൽ വലിയൊരു നടുക്ക മുയർന്നു.
എന്തിനാവും ഇയാൾ വന്നത് ..?
അയാളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു.
നിങ്ങൾ എന്താണ് ഇവിടേയ്ക്കു വന്നത്..?
ഉത്തരം പറയാതെയും അനുവാദം ചോദിക്കാതെയും അയാൾ അകത്തേക്കു കയറി. ചുറ്റും പരതിയിട്ട് മേശയുടെ അടുത്തുകിടന്ന കസേരയിലിരുന്നു.
കമല ഇരിയ്ക്കൂ..
അത് കേട്ടിട്ട് മരിച്ചവരുടെ സംസാരം കേട്ടിട്ടെന്ന പോലെ അവൾ ഭയപ്പെട്ടു.
വാതിൽക്കലേക്ക് നീങ്ങി നീങ്ങിപ്പോകുന്നതുപോലെയുള്ള അവളുടെ നിൽപു കണ്ടിട്ട് അയാൾക്ക് ചിരിവന്നു. ചെറിയ കിലുക്കത്തോടെ തുടങ്ങിയ അത് മുറിക്കുള്ളിൽ വലുതായി മുഴങ്ങി.
എനിക്ക് ഈ രാത്രിയിൽ ഉറക്കം വരുന്നതേയില്ല. അച്ഛനോട് ഇത്രയും നേരം സംസാരിച്ചിരുന്നു. പാവം.. അദ്ദേഹം ഉറങ്ങിപ്പോയി..പിന്നെ ആരോട് മിണ്ടാനാണ് ? അതുകൊണ്ടാണ് ഇവിടേയ്ക്ക് വന്നത്. കമല ഉറങ്ങിയിട്ടുണ്ടാവില്ലെന്നു തോന്നി.
അതു കേട്ടപ്പോൾ അവൾ ഒരു വിധത്തിൽ പറഞ്ഞു.
- ഞാനും നിങ്ങളും തമ്മിൽ എന്തു സംസാരിക്കാനാണ്..?
ശരിയാണ്. നമ്മൾ മുമ്പെങ്ങും കണ്ടിട്ടുള്ളവരല്ല. അതുകൊണ്ട് പുതിയ കണ്ടുമുട്ടലിൽ പറയാൻ പഴയ വിശേഷങ്ങളുമില്ല...
അതു പറഞ്ഞു നിർത്തിയിട്ട് വീണ്ടും അയാൾ തുടർന്നു.
ദൂരെയൊരു ഗ്രാമത്തിലെ വിശേഷങ്ങൾ. അവിടെയൊരു പൊളിഞ്ഞ കുടിൽ .. വക്കുപൊട്ടിയ പിഞ്ഞാണങ്ങളും പിഞ്ഞിപ്പഴകിയ തഴപ്പായകളും എണ്ണക്കാറൽ കൊണ്ട് മടുപ്പനുഭവപ്പെടുന്ന തലയിണകളും മാത്രമടങ്ങിയ വൃത്തികെട്ട ദാരിദ്ര്യമനുഭവിക്കാൻ പിറന്ന ഒരു സാധു സ്ത്രീയും അവരുടെ മകനും. നാട്ടുകാരുടെ കുത്തുവാക്കുകളും അപഹാസ്യങ്ങളും ഏറ്റുവാങ്ങിത്തകർന്ന കൊച്ചു ഹൃദയമായിരുന്നു മകന്റേത്. അമ്മയുടെ അഭിശപ്ത നിമിഷങ്ങളിലേതോ ഒന്നിനു ലഭിച്ച കഠിന ശിക്ഷയായിരുന്നു ആ മകൻ. ഇറച്ചി കണ്ടാൽ പിടിച്ചു തിന്നുന്ന എലികൾ നിറഞ്ഞ വലിയൊരു വീട്ടിലെ ഏതോ വലിയ എലിയായിരുന്നു അമ്മയ്ക്കും മകനും ദുഃഖം വരുത്തി വച്ചത്. പക്ഷേ, അമ്മ ഒരിക്കലേ വഞ്ചിക്കപ്പെട്ടിട്ടുള്ളു. വീണ്ടും അതാവർത്തിക്കാൻ എലികൾ വന്നപ്പോൾ തനിയെ മരിക്കാൻ മാത്രമേ ആ അമ്മയ്ക്ക് അറിവുള്ളായിരുന്നു.
ആരുമില്ലാതെ കരഞ്ഞു തളർന്ന മകൻ , ഒരിക്കൽ നിലംപൊത്തി വീഴാറായ കുടിലുപേക്ഷിച്ച് എവിടേയ്ക്കോ പോയി. വലിയ വലിയ അനുഭവങ്ങളറിഞ്ഞു. ആരും കാണാത്ത കാഴ്ചകൾ കണ്ടു. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള നിലയ്ക്കാത്ത യാത്രയിലാണിപ്പോഴും. ഇടയ്ക്ക് കമലയുടെ അച്ഛൻ കാട്ടിത്തന്ന ഇടത്താവളത്തിലൊന്നു കയറിയെന്നേയുള്ളു.
പറഞ്ഞു നിർത്തിയെന്ന മട്ടിൽ കമലയെ നോക്കിക്കൊണ്ട് അനന്തൻ പറഞ്ഞു.
ഞാൻ എന്റെ കാര്യമാണ് കമലയോടു പറഞ്ഞത്. അല്ലാതെ ഈ രാത്രിയിൽ ലോകത്തിലെ നെറികേടുകളെക്കുറിച്ചു പറഞ്ഞ് കമലയെ അമ്പരപ്പിക്കുന്നതിൽ അർത്ഥമൊന്നുമില്ലല്ലോ.
അയാൾ എഴുന്നേറ്റു. വാതിൽക്കലേക്കു നടന്ന അയാൾക്ക് അവൾ വഴി മാറിക്കൊടുത്തു.
കതകടച്ച് ഉറങ്ങിക്കൊള്ളൂ. രാത്രിയുടെ ബാക്കി സമയം ഞാനിനി നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോർക്കട്ടെ.
അയാൾ കോണിപ്പടികളിറങ്ങി താഴേക്കു പോയി.കുറേനേരം വാതിൽക്കൽ തന്നെ നിന്നിട്ട് കമല പോയിക്കിടന്നുറങ്ങി.
നേരം നന്നായി വെളുത്തപ്പോഴാണ് കമല ഉണർന്നത്. ഉണർന്നയുടനെ അവളുടെ മനസ്സിലേക്ക് അനന്തൻ ഓടിക്കയറി. അവൾ വേഗമെഴുന്നേറ്റ് ചിതറി വീണ മുടിയിഴകൾ കൈ കൊണ്ട് മാടിയൊതുക്കിയിട്ട് ധൃതിയിൽ കോണിപ്പടികളിറങ്ങി.
പൂമുഖത്തേയ്ക്ക് ചെല്ലുമ്പോൾ അച്ഛനിരുന്ന് പത്രം വായിക്കുന്നു.
എവിടെ അച്ഛാ ..?
ശേഷം വാക്കുകൾ അവളുടെ ഉള്ളിൽ കിടന്ന് വിങ്ങി.
അയാൾ പോയി.. വെളുപ്പിനുള്ള വണ്ടിക്ക് ...
ആത്മനൊമ്പരങ്ങളുടെ വലിയൊരു മഴ മനസ്സിൽ ചെയ്തുനിറയുന്നു...
എന്തൊക്കെയോ അയാളോട് പറയാനായി കരുതി വച്ചിരുന്നു.
ഒന്നും കേൾക്കാൻ അയാൾ കാത്തു നിന്നില്ലല്ലോ.. 
യാത്ര പോലും ചോദിക്കാതെ ..
വലിയ മൗഢ്യത്തോടെ അവൾ കോണി കയറാൻ തുടങ്ങി.. വളരെ സാവധാനത്തിൽ..
                                   ....     .....     .....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക