Image

കനേഡിയന്‍ മലയാളികള്‍ക്കായി 'കേരളീയം' ഓമ്‌നി 2 ടീവിയില്‍ ഞായറാഴ്ച മുതല്‍

ജയ്‌സണ്‍ മാത്യു Published on 18 September, 2020
കനേഡിയന്‍ മലയാളികള്‍ക്കായി   'കേരളീയം'  ഓമ്‌നി 2  ടീവിയില്‍  ഞായറാഴ്ച മുതല്‍
ടൊറോന്റോ :  റോജേഴ്‌സ് മീഡിയായുടെ കീഴിലുള്ള  മള്‍ട്ടികള്‍ച്ചറല്‍  ചാനലായ  ഓമ്‌നി 2  ടീവിയില്‍  മലയാളം പരിപാടിയായ 'കേരളീയം' സെപ്റ്റംബര്‍  20  ഞായറാഴ്ച  മുതല്‍ സംപ്രേഷണം ആരംഭിക്കും.

എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 12 :30 നായിരിക്കും  സംപ്രേഷണം. പ്രോഗ്രാമിന്റെ പുനഃ സംപ്രേഷണം തിങ്കളാഴ്ച  2 .30 നും , ബുധനാഴ്ച  രാവിലെ  7 നും, വെളളിയാഴ്ച  വൈകുന്നേരം  3 :30  നും ഉണ്ടായിരിക്കും.

കാനഡയിലെ  മലയാളികളുടെ  ജീവിതചര്യയുടെ  നേര്‍ചിത്രമാണ്  'കേരളീയ'ത്തിലൂടെ   വരച്ചുകാട്ടുന്നത്. കാല്‍നൂറ്റാണ്ടിലേറെയായി  കാനഡയില്‍  സ്ഥിരതാമസമാക്കിയ ആദ്യകാല കനേഡിയന്‍ മലയാളികളുടെ ജീവിതം പടുത്തുയര്‍ത്തിയ കഥ പറയുന്ന 'പിന്നിട്ട വഴികള്‍', ജീവിത വിജയം കൈവരിച്ച മലയാളികളെ പരിചയപ്പെടുത്തുന്ന 'വിജയ വീഥി',  വേറിട്ട വഴികളിലൂടെ  ജീവിതത്തിന്  ചാരുത പകര്‍ന്ന  മലയാളികളുടെ 'വേറിട്ട കാഴ്ചകള്‍', മലയാളി വിഭവങ്ങളെയും മലയാളി റെസ്‌റ്റോറന്റുകളെയും പരിചയപ്പെടുത്തുന്ന 'രുചിക്കൂട്ടിലെ പൊടിക്കൂട്ട് ' തുടങ്ങിയ നിരവധി സെഗ്‌മെന്റുകള്‍  കേരളീയത്തിലൂടെ നമ്മുക്ക് കാണാനാവും.

കനേഡിയന്‍ മലയാളികള്‍ നേരിടുന്ന എല്ലാവിധ  നിയമപ്രശ്‌നങ്ങള്‍ക്കും  പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള 'നിയമ വീഥി' കൈകാര്യം ചെയ്യുന്നത്  കാനഡയിലെ ഒരു മുതിര്‍ന്ന അഭിഭാഷകയായ ലതാ മേനോന്‍ ആണ്.

കലാ സാഹിത്യ രംഗത്ത്  കഴിവ് തെളിയിച്ചിട്ടുള്ളവരും   മികവ്  പുലര്‍ത്തുന്ന മലയാളി കലാപ്രകടനങ്ങളും  'കേരളീയ'ത്തിലൂടെ  ഇനി സ്വീകരണ മുറികളില്‍ എത്തും.

വീടുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും  ഉള്‍പ്പെടെ  റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയും ഉപദേശങ്ങളും  നല്‍കിക്കൊണ്ട്  'സ്വപ്‌നവീട് ' എന്ന  സെഗ്മെന്റ്  അവതരിപ്പിക്കുന്നത്  റീമാക്‌സ്  റിയല്‍റ്റിയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങില്‍ ഉള്ള  അനുഭവ സമ്പന്നനായ  റിയല്‍റ്റര്‍ മനോജ് കരാത്തയാണ് .

കുടുംബവിശേങ്ങള്‍  പങ്കുവെച്ചുകൊണ്ട്   ഓരോ കുടുംബത്തെയും  പരിചയപ്പെടുത്തികൊണ്ടുള്ള 'ഫാമിലി പിക്ച്ചര്‍', സഞ്ചാരം ഇഷ്ട്ടപ്പെടുന്ന കനേഡിയന്‍ മലയാളി വ്‌ളോഗര്‍മാരുടെ  യാത്രാവിവരണങ്ങളടങ്ങിയ വീഡിയോകള്‍  പ്രേക്ഷകരില്‍  എത്തിക്കാനായി 'സഞ്ചാരം' തുടങ്ങിയ സെഗ്!മെന്റുകളും  വരുംഎപ്പിസോഡുകളില്‍ കാണാവുന്നതാണ്.

എല്ലാ മാസാവസാനവും അതാതു മാസത്തെ പ്രധാന കേരളാ കാനഡാ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു  വാര്‍ത്താ ബുള്ളറ്റിനും സംപ്രേഷണം ചെയ്യുന്നതാണ്.

സോച്ചു മീഡിയായുടെ  ബാനറില്‍  നിര്‍മ്മിക്കുന്ന 'കേരളീയ'ത്തിന്റെ  ആശയവും ആവിഷ്‌ക്കാരവും നിര്‍വ്വഹിക്കുന്നത് ഏഷ്യന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്  ഉദ്യോഗസ്ഥനായിരുന്ന  സജി കൂനയിലാണ്. കാനഡയിലെ ഒരു അറിയപ്പെടുന്ന മലയാളം സാഹിത്യകാരനായ മാത്യു ജോര്‍ജാണ് പ്രോഗ്രാമിന്റെ  സ്‌ക്രിപ്റ്റ് എഴുതുന്നത്. കൈരളി ടീവി യിലെ 'ചമയം' എന്ന പ്രോഗ്രാമിന്റെ അവതാരകയായ മേഘാ പുത്തൂരാനാണ്  ഈ പ്രോഗ്രാമിന്റെയും അവതാരക. പത്രപ്രവര്‍ത്തകയായ അനിതാ നായര്‍  ക്രീയേറ്റീവ്  കോണ്‍ട്രിബ്യുട്ടര്‍  ആയി പിന്നണിയില്‍  പ്രവര്‍ത്തിക്കുന്നു.

'കേരളീയ'ത്തിലെ വിവിധ  പ്രോഗ്രാമുകളില്‍ ഭാഗഭാക്കാകുവാന്‍ താല്പര്യമുള്ളവര്‍ക്ക് keraleeyamcanada@gmail.com യില്‍ ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക