Image

യുദ്ധവും അതിർത്തിയും (കവിത: അനീഷ് ഹാറൂൺ റഷീദ്)

Published on 18 September, 2020
യുദ്ധവും അതിർത്തിയും (കവിത: അനീഷ് ഹാറൂൺ റഷീദ്)
അതിർത്തിയിലെ
മരങ്ങളിൽ
രാപാർത്തിരുന്ന
പക്ഷികൾക്ക്
ആകാശമായിരുന്നു
രാജ്യം ...,

സൂര്യനായിരുന്നു
രാജാവ് ,
ചന്ദ്രനായിരുന്നു
പ്രകാശം ,
ഭൂമിയായിരുന്നു
അമ്മ  ,
കാറ്റും
കടലുമായിരുന്നു
ദൈവങ്ങൾ...

പക്ഷികളുടെ
ലോകത്തിൽ
ഇൻഡ്യയും
പാക്കിസ്ഥാനും
ഉണ്ടായിരുന്നില്ല ,

ആരോ
വരച്ച
അതിർവരമ്പുകൾക്കും
മീതെ
ആകാശത്തിന്റെ
അനന്തവിഹായസ്സിൽ
പാറി പറന്നുകൊണ്ടിരിക്കേ
തങ്ങൾ
രാജ്യാതിർത്തികൾ
ലംഘിച്ച
പക്ഷികളായിരുന്നുവെന്ന്
അവർ
അറിഞ്ഞതേയില്ല ,

ജാതി മത ദേശ
രാഷ്ട്രങ്ങൾക്ക്
കീഴ്പ്പെടാത്ത
സൂര്യൻ
ഉദിക്കുമ്പോൾ
ആഹാരത്തിനായി
പറക്കണമെന്നും ,
മഹാസമുദ്രത്തിൽ
സൂര്യനസ്തമിക്കുമ്പോൾ
അതിർത്തികളറിയാതെ
അങ്ങോട്ടുമിങ്ങോട്ടും
വളരുന്ന
മഹാ വൻമരങ്ങളിലെ
ചില്ലകളിൽ
കുടണയണമെന്നു
മാത്രമാണ്
പക്ഷികൾ
ചിന്തിക്കുന്നത്...

യുദ്ധഭൂമിയിലെ
മിറാഷുകൾ
ഭീകരതയുടെ
പാഠശാലയിലേക്ക്
സർവ്വനാശത്തിന്റെ
ബോംബുകളുമായ്
പറന്നിടുമ്പോൾ
പക്ഷികൾ
മരത്തിന്റെ
ഉച്ചിയിലെ
കൊമ്പിലിരുന്ന്
തങ്ങൾക്ക്
രാജാവും
രാജ്യവുമില്ലാതിരുന്നത്
ജാതിയും
മതവുമില്ലാതിരുന്നത്
ഭാഗ്യമായി
കരുതുന്നുണ്ടാവും...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക