Image

ഫെമിനിസം ജഡ്ജ് ഗിന്‍സ്ബര്‍ഗില്‍ നിന്നു പഠിക്കുമ്പോള്‍ (മീട്ടു)

Published on 19 September, 2020
ഫെമിനിസം ജഡ്ജ് ഗിന്‍സ്ബര്‍ഗില്‍ നിന്നു പഠിക്കുമ്പോള്‍ (മീട്ടു)

ഫെമിനിസം എന്തെന്ന് അറിയാത്തവര്‍ക്ക് അത് പഠിക്കാന്‍ റൂത്ത് ബെയ്ഡര്‍ ഗിന്‍സ്ബര്‍ ഗിന്റെ (ആര്‍ബിജി) ജീവിതത്തോളം മികച്ച പുസ്തകമില്ല. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ച ഇല്ലാതുകുമ്പോള്‍ ഫെമിനിസത്തിന്റെ കുപ്പായം അണിയുന്നവര്‍ക്കിടയില്‍ 2010 ല്‍ ഭര്‍ത്താവ് മരണപ്പെടുന്നതുവരെ മാതൃകാപരമായ ദാമ്പത്യം നിലനിര്‍ത്തിയും റൂത്ത് വേറിട്ട് നിന്നു. 56 വര്‍ഷം ഒപ്പം ജീവിച്ച ഭര്‍ത്താവ് മാര്‍ട്ടി ഗിന്‍സ്ബര്‍ഗ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് റൂത്ത് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

യു എസ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വനിത എന്നതിനേക്കാള്‍ വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളും വിയോജിപ്പുകളും തന്റേടത്തോടെ വിളിച്ചു പറഞ്ഞാണ് അവര്‍ ജനഹൃദയത്തില്‍ താര പരിവേഷം നേടിയത്. ഇവരുടെ മുഖം പച്ചകുത്തിയ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ അമേരിക്കയിലുണ്ട്. ജീവിതത്തിന്റെ ഒന്‍പതാം ദശകത്തില്‍ എത്തിനിന്ന സ്ത്രീ പുതുതലമുറയിലെ പെണ്‍കുട്ടികളില്‍ പോലും അത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു.

'നൊട്ടോറിയസ് ആര്‍ബിജി ' എന്ന് അവരുടെ ജീവിതം പറയുന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. അവരുടെ പേരില്‍ ടി ഷര്‍ട്ടും കോഫി മഗും വിപണിയിലിറങ്ങി. സ്പൈഡര്‍മാന്‍ ഉള്‍പ്പെടെ അതിമാനുഷികരായി ആളുകള്‍ വേഷപ്രച്ഛന്നരാകുന്ന ഹാലോവീന്‍ ദിനത്തില്‍ ആര്‍ബിജി യായി വേഷമണിഞ്ഞ് തെരുവില്‍ ജനപ്രവാഹം ഉണ്ടായി എന്നത് അവരുടെ സ്വീകാര്യത വിളിച്ചോതുന്ന ഉദാഹരണം മാത്രം.

അവര്‍ ഒരിക്കലും കഴിഞ്ഞ കാലത്തിന്റെ കഥയല്ല, അമേരിക്കയുടെ എഴുതാനിരിക്കുന്ന ചരിത്രത്തിന്റെ സുപ്രധാന ഏടാണ് .

കഷ്ടിച്ച് അഞ്ചടി ഉയരമുള്ള കാഴ്ചയില്‍ അത്ര കരുത്ത് തോന്നിക്കാത്ത ഒരു വനിത ചങ്കുറപ്പുള്ള തീരുമാനങ്ങളെടുത്തും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയുമാണ് ലോകത്തിനു മുന്‍പില്‍ കഴിവ് തെളിയിച്ചത്.

1993 ല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് സുപ്രീം കോടതിയിലേക്ക് റൂത്തിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. തുടര്‍ന്ന്, ഇരുപത്തിയേഴ് വര്‍ഷം അവിടെ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ചു. പുരോഗമനപരമായ മാറ്റങ്ങള്‍ക്കായുള്ള പോരാട്ടമായിരുന്നു ഓരോ ചുവടിലും. റൂത്തിന്റെ ലിബറല്‍ ചിന്തകള്‍ എല്ലാ മേഖലകളിലും വ്യാപിച്ചിരുന്നു - പൗരാവകാശത്തിലും പൗരസ്വാതന്ത്ര്യത്തിലും ക്രിമിനല്‍ നടപടിക്രമങ്ങളും സാമ്പത്തിക തര്‍ക്കങ്ങളില്‍ പോലുമത് പ്രതിഫലിച്ചു.

വാണിജ്യ താല്പര്യങ്ങളെക്കാള്‍ എപ്പോഴും രാജ്യത്തിനും പൗരന്മാര്‍ക്കും ആയിരുന്നു അവര്‍ പരിഗണന കൊടുത്തത്. വിജയിച്ച കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ റൂത്തിനെക്കാള്‍ മുന്‍പില്‍ എത്തുന്ന നിരവധി ആളുകള്‍ ഉണ്ടാകാം. എന്നാല്‍ അവര്‍ക്കാര്‍ക്കും ചരിത്രത്തില്‍ റൂത്ത് ഗിന്‍സ്ബര്‍ഗ് നേടിയെടുത്ത സ്ഥാനം ഉണ്ടാവില്ല.

ജൂതമതത്തില്‍ കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച പെണ്‍കുട്ടി എന്ന നിലയിലും രണ്ടു മക്കളുടെ അമ്മയെന്ന പേരിലും സമൂഹത്തിലും തൊഴില്പരമായും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ മറ്റൊരാള്‍ അനുഭവിക്കരുതെന്ന നിശ്ചയദാര്‍ഢ്യമാണ് ആര്‍ബിജി യെ നയിച്ചത്.
സുപ്രീം കോടതിയുടെ പതിനാലാം ഭേദഗതിയില്‍ വംശീയ വിവേചനനത്തിനെതിരെ നല്‍കുന്ന സംരക്ഷണം ലിംഗ വിവേചനത്തിനെതിരെയും വേണമെന്ന റൂത്തിന്റെ ആവശ്യമാണ് ഭരണഘടനാപരമായി സ്ത്രീകള്‍ക്കും അവകാശങ്ങള്‍ പകുത്തു നല്‍കിയതിന്റെ തുടക്കം. അതുവരെ ലിംഗ വിവേചനത്തെ ഭരണഘടനാപരമായി കുറ്റമായി തിരിച്ചറിഞ്ഞിരുന്നില്ല.

ലിംഗ വിവേചനത്തിനെതിരെ സംസാരിക്കുന്ന ഫെമിനിസ്റ്റുകളില്‍ നിന്ന് വ്യത്യസ്തയായിരുന്നു റൂത്ത്. മിലിറ്ററി ജോലിയില്‍ ഇരിക്കെ ഭര്‍ത്താവ് നഷ്ടപ്പെടുമ്പോള്‍ വിധവയ്ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഭാര്യ മരിച്ച പുരുഷനും ലഭിക്കണമെന്ന് സമര്‍ത്ഥിച്ച് അത് വാങ്ങിക്കൊടുത്തു. അവര്‍ ഒരുകാലവും പുരുഷന്റെയോ സ്ത്രീയുടെയോ പക്ഷം ചേര്‍ന്നില്ല.

തുല്യനീതിക്ക് വേണ്ടിയാണ് പോരാടിയത്. വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിട്യൂട്ടില്‍ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധിപറഞ്ഞാണ് റൂത്ത് ലോകശ്രദ്ധ നേടിയത്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം, സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതി എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചവര്‍ പഴയ തലമുറയില്‍ നിന്നുകൊണ്ട് വരാനിരിക്കുന്ന തലമുറകളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏഴാഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ജസ്റ്റിസ് ഗിന്‍സ്ബര്‍ഗിന്റെ വിടവാങ്ങല്‍ പകരം ആരെന്ന ചോദ്യത്തിലേക്ക് തിരികൊളുത്തിയിരിക്കുകയാണ്. താന്‍ മരിച്ചാല്‍ പുതിയ നിയമനം നടത്തുന്നത് അടുത്ത പ്രസിഡന്റ് ആയിരിക്കണമെന്ന് റൂത്ത് കൊച്ചുമകളോട് പറഞ്ഞിരുന്നതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്ശകയായിരുന്ന റൂത്ത് പ്രസിഡന്റിനെ വ്യാജന്‍ എന്ന് പോലും പരാമര്‍ശിച്ചിട്ടുണ്ട്.

ഏറെ നാളായി അര്‍ബുദ ചികിത്സയില്‍ കഴിയുകയായിരുന്ന ആര്‍ബിജി യുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച അമേരിക്കന്‍ സമൂഹം സങ്കടത്തിന്റെ ആഴക്കടലിലാണ്.

ഗിന്‍സ്ബര്‍ഗ് വിരമിക്കുകയോ രോഗത്തെത്തുടര്‍ന്ന് മരണപ്പെടുകയോ ചെയ്താല്‍ തന്റെ നോമിനിയായ ജഡ്ജിയെ നിയമിച്ചുകൊണ്ട് ട്രംപിന് മേല്‍ക്കൈ നേടാമെന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ നിയമനത്തിന്റെ ഒരുക്കത്തിലാണെന്ന് സൂചന നല്‍കുന്ന ട്രംപിന്റെ ട്വീറ്റ് ഇതിനോടകം വന്നു കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക