Image

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്കു നല്‍കിയെന്ന്

Published on 20 September, 2020
അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്കു നല്‍കിയെന്ന്
ന്യൂഡല്‍ഹി :  കഴിഞ്ഞ ദിവസം അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മ (61) പ്രതിരോധ വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ചൈനീസ് ‘കടലാസ് കമ്പനി’യുടെ പേരില്‍ പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി (31), കൂട്ടാളി നേപ്പാളി സ്വദേശി ഷേര്‍സിങ് (രാജ് ബൊഹ്‌റ, 30) എന്നിവരും പിടിയിലായിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ രഹസ്യരേഖകളും മറ്റും രാജീവ് ശര്‍മയുടെ ഫ്‌ലാറ്റില്‍ നിന്നു കണ്ടെത്തിയെന്നും ഡിസിപി സഞ്ജീവ് കുമാര്‍ യാദവ് വിശദീകരിച്ചു.

ചൈനീസ് കടലാസ് കമ്പനിയുടെ പേരില്‍ പണമെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 13നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 14നു പിതംപുരയില്‍ രാജീവ് ശര്‍മയുടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ പൊലീസ് ലാപ്‌ടോപ്പും ചില രേഖകളും കണ്ടെത്തി. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ അറസ്റ്റ് വിവരം പുറത്തുവിട്ടത് വെള്ളിയാഴ്ചയാണ്. ജാമ്യാപേക്ഷ 22നു പട്യാല ഹൗസ് കോടതി പരിഗണിക്കും.

2010 മുതല്‍ 2014 വരെ ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസില്‍ രാജീവ് ശര്‍മ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇതിനു പിന്നാലെയാണു ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍പെട്ടവര്‍ ഇദ്ദേഹത്തെ ബന്ധപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം.

മാധ്യമങ്ങളിലെ ലേഖനത്തിനുള്ള പ്രതിഫലമെന്ന നിലയില്‍ 30 ലക്ഷം രൂപ ‘എംസെഡ് ഫാര്‍മസി’ എന്ന കടലാസ് കമ്പനി വഴി രാജീവ് ശര്‍മയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പൊലീസ് പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍മാരാണ് അറസ്റ്റിലായ മറ്റു 2 പേര്‍.

ദ് ട്രിബ്യൂണ്‍, സകാല്‍ ടൈംസ് തുടങ്ങിയ പത്രങ്ങളിലും വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയിലും പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ശര്‍മ ‘രാജീവ് കിഷ്കിന്ദ’ എന്ന പേരില്‍ യുട്യൂബ് ചാനലും കൈകാര്യം ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക