Image

ജഡ്ജി നിയമനത്തിലെ രാഷ്ട്രീയവും ദൂരക്കാഴ്ചയും (ഏബ്രഹാം തോമസ്)

Published on 21 September, 2020
ജഡ്ജി നിയമനത്തിലെ രാഷ്ട്രീയവും ദൂരക്കാഴ്ചയും (ഏബ്രഹാം തോമസ്)
സുപ്രീം കോര്‍ട്ട് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്‌സ് (സ്‌കോട്ടസ്) ജസ്റ്റിസ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്റെ മരണം മൂലം ഉണ്ടായ ഒഴിവിലേയ്ക്കു മറ്റൊരു ജഡ്ജിയെ ഉടനെ തന്നെ നോമിനേറ്റ് ചെയ്യുകയും, പ്രതീക്ഷിക്കുന്നതുപോലെ അടുത്ത വര്‍ഷം സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് നിയമനം സ്ഥിരീകരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് സെനറ്റ് മെജോറിറ്റി ലീഡര്‍ കെന്റക്കിയില്‍ നിന്നുള്ള സെനറ്റര്‍ മിച്ച് മക്കൊണലും ഈ അഭിപ്രായം ശരിവച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍, പ്രസിഡന്റ് സ്ഥാനാര്‍ഥി ജോബൈഡന്‍ ഉള്‍പ്പെടെ ഈ പ്രസ്താവനകളെ എതിര്‍ത്തു. നവംബര്‍ 3ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ജനുവരിയില്‍ പുതിയ ഗവണ്‍മെന്റ് സ്ഥാനം ഏല്‍ക്കുന്നതിനുംശേഷം മതി പുതിയ ജസ്റ്റിസിന്റെ നിയമനം എന്ന് ഇവര്‍ വാദിച്ചു. 2016 ല്‍ ജസ്റ്റിസ് അന്റോനിന്‍ സ്‌കാലിയ മരിച്ചപ്പോള്‍ ആ ഒഴിവിലേയ്ക്കു പ്രസിഡന്റ് ബരാക്ക് ഒബാമ ജഡ്ജ് മെറിക്ക് ഗാര്‍ലന്റിനെ നോമിനേറ്റ് ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പ് ഏഴ് മാസങ്ങള്‍ക്ക് ശേഷം ആയിരുന്നിട്ടും ഈ നിയമനം സ്ഥിരീകരിക്കുവാന്‍ സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കനുകള്‍ സമ്മതിച്ചില്ല. ഈ ചരിത്രമാണ് ഡെമോക്രാറ്റുകള്‍ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ അന്ന് പ്രസിഡന്റ് ഡെമോക്രാറ്റായിരുന്നു, സെനറ്റില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കനുകള്‍ക്കുമായിരുന്നു എന്ന മറുവാദം റിപ്പബ്ലിക്കനുകള്‍ ഉയര്‍ത്തുന്നു.

ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമോ എന്ന ആശങ്കയാണ് ജസ്റ്റിസ് നോമിനേഷന്റെ പിന്നിലെ ധൃതികൂട്ടല്‍ എന്നും ആരോപിക്കപ്പെടുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മൂന്നോ നാലോ ജസ്റ്റിസുമാരെ നിയമിക്കേണ്ടി വരുമെന്നും അധികാരത്തില്‍ വരുന്നത് ബൈഡനാണെങ്കില്‍ ഈ ജസ്റ്റീസുമാര്‍ യാഥാസ്ഥിതിക മനോഭാവം ഉള്ളവരാകില്ലെന്നും സുപ്രീം കോടതിയുടെ ബാലന്‍സിങ് പ്രവര്‍ത്തനം തന്നെ മാറി മറിയുമെന്നും ഇവര്‍ പറയുന്നു.

ട്രംപ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും സെനറ്റില്‍ റിപ്പബ്ലിക്കനുകള്‍ ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്താല്‍ ട്രംപ് നോമിനേറ്റ് ചെയ്ത ജസ്റ്റീസ് സെനറ്റ് ജൂഡീഷ്യറി കമ്മിറ്റിക്കു മുന്നില്‍ സ്ഥിരീകരണ വിചാരണ നേരിടുമ്പോള്‍ ആ ജസ്റ്റീസിന് വലിയ വിശ്വാസ്യത ഉണ്ടാവില്ല. ട്രംപ് പരാജയപ്പെടുകയും റിപ്പബ്ലിക്കനുകള്‍ക്ക് സെനറ്റിലെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്താല്‍ ഇപ്പോള്‍ നിയമിതനാകുന്ന ജസ്റ്റീസിന്റെ വിശ്വാസ്യതയ്ക്കു കൂടുതല്‍ മങ്ങലേല്ക്കും. ഇത് ജസ്റ്റീസ് ഔദ്യോഗികമായി തുടരുന്നിടത്തോളം നിലനില്ക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെ ഒരു ജസ്റ്റീസ് സുപ്രീം കോടതിയില്‍ ഉണ്ടായിട്ടില്ല. ട്രംപിന്റെ ലക്ഷ്യം സുപ്രീംകോടതിയിലെ ഒഴിവ് നികത്തുകയും അടുത്ത നാല് വര്‍ഷത്തേയ്ക്കു കൂടി തന്റെ ഭരണം ഉറപ്പ് വരുത്തുകയും സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നിലനിര്‍ത്തുകയുമാണ്.

ഇങ്ങനെ തന്റെ അജണ്ടയിലുള്ള കുടിയേറ്റ ഭേദഗതി നിയമം, അതിര്‍ത്തി മതില്‍ നിര്‍മ്മാണം, നികുതിപരിഷ്‌കാരം, വാണിജ്യ നിയമഭേദഗതികള്‍ എന്നിവ നടപ്പിലാക്കുകയും മറ്റൊരു ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വന്നാല്‍ പ്രതിരോധം തീര്‍ക്കുക എന്നിവയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ഒഴിവുനികത്തല്‍ പ്രക്രിയ ആരംഭിക്കുന്നത് റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നൊരു കണക്കുകൂട്ടല്‍ കൂടിയുണ്ട്.

ജിന്‍സ്ബര്‍ഗിന്റെ പിന്‍ഗാമിയായി ഒരു സ്ത്രീയെ തന്നെ പരിഗണിക്കും എന്ന് ട്രംപ് പറഞ്ഞു. മുന്നില്‍ നില്ക്കുന്ന പേരുകളില്‍ പ്രധാനം യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ഏമി കോണി ബാരറ്റാണ്. 2018 ല്‍ ജസ്റ്റീസ്സ് ആന്തണി എം കെന്നഡിയുടെ പകരക്കാരായ പരിഗണിച്ച നാല് പേരില്‍ ഒരാളാണ് ഇവര്‍. 48 കാരിയായ ഇവര്‍ മുന്‍ നോട്ടര്‍ഡേം ലോ പ്രഫസറാണ്. മറ്റൊരു പേര്‍ ജഡ്ജ് ബാര്‍ബറ ലഗോയ ആണ്. 52 കാരിയായ ഇവര്‍ ഹിസ്പാനിക്കാണ്. അറ്റ്‌ലാന്റയിലെ ഇലവന്‍ത് സര്‍ക്യൂട്ട് കോടതിയിലും ഫ്‌ലോറിഡ സുപ്രീം കോടതിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റൊരു പേര്‍ ജഡ്ജ് ആലിസണ്‍ ജോണ്‍സ് റഷിങ്ങിന്റെയാണ് ആണ്. 38 കാരിയായ ഇവരെ കഴിഞ്ഞ വര്‍ഷമാണ് വെര്‍ജിനിയയിലെ ഫോര്‍ത്സര്‍ക്യൂട്ട് കോടതിയില്‍ നിയമിച്ചത്.

ഒരു ഇന്ത്യന്‍ വംശജന്റെ പേര് കൂടി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. 51 കാരനായ ജഡ്ജ് അമുല്‍ താപ്പര്‍ കെന്റക്കിയില്‍ ഫെഡറല്‍ ജഡ്ജ് ആയിരുന്നു. 2017 മെയില്‍ ഇയാളെ ട്രംപ് സിക്‌സ്ത്ത് സര്‍ക്യൂട്ട് കോടതിയിലേയ്ക്കു നോമിനേറ്റ് ചെയ്തു. പക്ഷെ പുരുഷനായതിനാല്‍ താപ്പറെ പരിഗണിക്കുവാന്‍ സാധ്യതയില്ല. ഇയാളെ നിയമിച്ചാല്‍ സുപ്രീം കോടതിയിലെ ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ ജസ്റ്റീസാകും. സിന്‍സിനാറ്റി സിക്‌സ്ത് സര്‍ക്യൂട്ട് കോര്‍ട്ടിലെ ജഡ്ജ് ജോവന്‍ ലാഴ്‌സന്‍, ഫിലാഡല്‍ഫിയ തേര്‍ഡ് സര്‍ക്യൂട്ട്കോര്‍ട്ടിലെ ജഡ്ജ് തോമസ് ഹാര്‍ഡിമാന്‍, ജഡ്ജ്മാരായ റെയ്‌മോണ്ട് കെത്ലഡ്ജ്, ബ്രിട്ട്ഗ്രാന്റ് നിയോമി റാവു എന്നിവരും പരിഗണയിലുണ്ടെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയിലെ ഒന്‍പത് ജസ്റ്റീസ്മാരില്‍ 4 പേര്‍ യാഥാസ്ഥിതികരും 4 പേര്‍ വിശാല, ഇടതുപക്ഷ ചായ്വ് ഉള്ളവരും ആയാണ് കരുതി പോന്നിരുന്നത്. മദ്ധ്യസ്ഥ ചിന്താഗതിക്കാരനായ ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സിനെ നിയമിച്ചത് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ആയിരുന്നെങ്കിലും പലപ്പോഴും വിശാല ചിന്താഗതിക്കാരായ ജസ്റ്റീസുമാര്‍ക്കൊപ്പം ചേര്‍ന്ന് നിന്നാണ് വിധി ന്യായം പുറപ്പെടുവിച്ചിരുന്നത്.

വിശാല ചിന്താഗതിക്കാരിയായി അറിയപ്പെട്ടിരുന്ന ജിന്‍സ്ബര്‍ഗിന്റെ സ്ഥാനത്ത് യാഥാസ്ഥിതിക ജസ്റ്റിസ് വന്നാല്‍ എല്ലാ അവസ്ഥയിലും ഉള്ള ഗര്‍ഭച്ഛിദ്രാവകാശം, സെന്‍സസ് നടപടികളുടെ ചോദ്യം ചെയ്യല്‍, അഫോഡബിള്‍ കെയര്‍ ആക്ട്, എല്‍ജിബിടിക്യുവിന്റെ ചില അവകാശങ്ങള്‍ എന്നിവ റദ്ദു ചെയ്യുമെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക