Image

ഓര്‍മ്മകള്‍ മായുമ്പോള്‍: ജോബി ബേബി

ജോബി ബേബി Published on 21 September, 2020
ഓര്‍മ്മകള്‍ മായുമ്പോള്‍: ജോബി ബേബി
ഇന്ന് സെപ്തംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനം .എല്ലാ വര്‍ഷവും സെപ്തംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അവബോധം വളര്‍ത്തുക, അല്‍ഷിമേഴ്‌സ് രോഗികളുടെ  ആരോഗ്യപ്രശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക എന്നിവയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് .2005 ഇല്‍ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന മലയാള സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച അല്‍ഷിമേഴ്‌സ്       രോഗബാധിതനായ കഥാപാത്രത്തെ പലരും ഓര്‍ക്കുന്നുണ്ടാകും .
 
തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമല്ല.65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.
 
മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്‌സ് (സ്മൃതിനാശം)ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങുന്നു. ഇവര്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങള്‍പോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ പരാശ്രയിയുമായി മാറുന്നു.
 
രക്തപരിശോധനകള്‍ വഴിയോ സ്‌കാനിങ് വഴിയോ പ്രത്യക്ഷത്തില്‍ അല്‍ഷിമേഴ്‌സ്  തിരിച്ചറിയാന്‍ സാധിക്കില്ല. മറിച്ചു ലക്ഷണങ്ങള്‍ പരിശോധിച്ചും  മറ്റു പരിശോധനകള്‍ (ഉദാ : സി ടി സ്‌കാന്‍ പോലുള്ളവ ) നടത്തി സമാനലക്ഷണങ്ങള്‍ കാണിക്കുന്ന സ്മൃതിനാശത്തിന്റെ മറ്റു കാരണങ്ങള്‍ ഒഴിവാക്കിക്കൊണ്ടും  ഡോക്ടറുടെ സഹായത്തോടെ അല്‍ഷിമേഴ്‌സ് രോഗം സ്ഥിരീകരിക്കാം .      അല്‍ഷിമേഴ്‌സ് രോഗം പൂര്‍ണമായി ഭേദമാക്കാനോ പൂര്‍ണമായി തടയാനോ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കുകയില്ല . അതിനുള്ള പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗത്തിന്റെ വേഗത കുറയ്ക്കാനും സാധിക്കുന്ന മരുന്നുകളാണ് ഇന്ന് നല്‍കുന്നത്. മരുന്നുകളോടൊപ്പംതന്നെ ആവശ്യമായ ശ്രദ്ധയും പരിചരണവും സ്‌നേഹവും രോഗിയ്ക്കു ലഭിക്കണം. അസുഖത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞു കൊണ്ടുള്ള രോഗീപരിചരണമാണ് ആവശ്യം. അല്‍സ്‌ഹൈമേഴ്‌സ് രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി കൂട്ടായ്മകളും കൗണ്‍സിലിങ് തുടങ്ങിയവയും ഇന്ന് സമൂഹ്യമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ലഭ്യമാണ്. കൂടാതെ ജീവിതശൈലീ രോഗങ്ങളായ രക്തസമ്മര്‍ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണ വിധേയമാക്കുക. കൃത്യമായ വ്യായാമം,അമിതവണ്ണം തടയുക, ആരോഗ്യപരമായ ഭക്ഷണരീതി എന്നിവയൊക്കെ മറവിരോഗം വരാതെ സഹായിക്കും. സാമൂഹികജീവിതത്തില്‍ കൂടുതല്‍ ഇടപെടുന്നതും അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന പസ്സില്‍ ഗെയിംസ്, വേര്‍ഡ് ഗെയിംസ് എന്നിവ പരിശീലിക്കുന്നതും മറവിയെ തടയാന്‍ സഹായിക്കും. നല്ല ഉറക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്. മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ വളരെയേറെ സഹായിക്കും.
 
ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം കുറെ നല്ല ഓര്‍മകളാണ്. ഓര്‍ത്തെടുക്കുന്ന, ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന കുറെ നല്ല ജീവിത മുഹൂര്‍ത്തങ്ങളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. ഓര്‍മകള്‍ ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ചു, ചിന്തകള്‍ ശൂന്യമായ ഒരു വെള്ളക്കടലാസു പോലെ ആവുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ എത്രയും നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ ആരംഭിക്കുക, രോഗിക്ക് ഏറ്റവും നല്ല കരുതലും പരിചരണവും സ്‌നേഹവും നല്‍കുക . ഓര്‍മകളുടെ നഷ്ടങ്ങളോട് മനുഷ്യ ബന്ധങ്ങളുടെ ആഴങ്ങള്‍ കൊണ്ട് നമുക്ക് പടപൊരുതാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക