Image

ബ്രിട്ടനില്‍ കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷം; ദിവസേന 200 പേര്‍ വീതം മരിക്കുമെന്ന് മുന്നറിയിപ്പ്

Published on 22 September, 2020
ബ്രിട്ടനില്‍ കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷം; ദിവസേന 200 പേര്‍ വീതം മരിക്കുമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുന്നു. മരണനിരക്ക് കുറവാണെങ്കിലും ദിവസേന രോഗികളാകുന്നവരുടെ എണ്ണം നാലായിരം കവിഞ്ഞിരിക്കുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ മധ്യത്തോടെ രാജ്യത്ത് ദിവസേന അമ്പതിനായിരം ആളുകള്‍ രോഗികളാകുകയും ഇരുന്നൂറിലേറെപ്പേര്‍ മരിക്കുകയും ചെയ്യുന്ന  സ്ഥിതിയുണ്ടാകുമെന്ന് രാജ്യത്ത ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാലന്‍സ് തന്നെ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. നിലവില്‍ മൂന്നായിരുന്ന വൈറസ് അലര്‍ട്ട് ലെവല്‍ സര്‍ക്കാര്‍ നാലായി ഉയര്‍ത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,638 ആണ്. 11 പേര്‍ മരിക്കുകയും ചെയ്തു. ഓരോ ആഴ്ചയും രോഗികളാകുന്നവരുടെ എണ്ണം ഇരട്ടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതു തുടര്‍ന്നാല്‍ ഒക്ടോബര്‍ രണ്ടാംവാരത്തോടെ പ്രതിദിനം രോഗികളാകുന്നവര്‍ അമ്പതിനായിരത്തിന് മുകളിലെത്തും. ഇതുവരെ രോഗികളായവരുടെ എണ്ണം രാജ്യത്ത് നാല് ലക്ഷത്തോളമാണെങ്കിലും (398,625) നിലവില്‍ 70,000 പേര്‍ക്കാണ് രോഗബാധയുള്ളത്. 

അടിയന്തര സാഹചര്യം വിലയിരത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നു രാവിലെ മുതിര്‍ന്ന മന്ത്രിമാരും സൈനിക മേധാവികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന കോബ്ര കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനുശേഷം നിര്‍ണായക തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും. രോഗവ്യാപനം തടയുന്നതിനായി ഐസൊലേഷനില്‍ ആകുന്നവരെ സഹായിക്കാന്‍ 500 മില്യന്‍ പൗണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്കൂളുകളും യൂണിവേഴ്‌സിറ്റികളും വ്യാപാര- വ്യവസായ സ്ഥാപനങ്ങളുമെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍  നിലവിലുള്ളത്. പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണമായതും ഇതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക