Image

മാസ്ക് പരിശോധിച്ച് കോവിഡ് കണ്ടെത്താം: ഗവേഷണത്തില്‍ എംജി സര്‍വകലാശാല പങ്കാളി

Published on 23 September, 2020
മാസ്ക് പരിശോധിച്ച് കോവിഡ് കണ്ടെത്താം:  ഗവേഷണത്തില്‍ എംജി സര്‍വകലാശാല പങ്കാളി
കോട്ടയം:  മുഖത്തു ധരിച്ച മാസ്ക്കില്‍ നിന്നു കൊറോണ വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശോധനാരീതി വികസിപ്പിക്കുന്നതിനുള്ള രാജ്യാന്തര ഗവേഷണത്തില്‍ എംജി സര്‍വകലാശാലയും പങ്കാളി.

‘മാസ് സ്‌പെക്ട്രോമെട്രി’ എന്ന ഉപകരണം ഉപയോഗിച്ച് തന്മാത്രകളുടെ ഘടന പരിശോധിച്ച് കൊറോണ വൈറസിന്റെ പ്രോട്ടീന്‍ മനസ്സിലാക്കുന്നതാണു പരിശോധനാരീതി.

കോവിഡ് പോസിറ്റീവായ വ്യക്തി നിശ്വസിക്കുമ്പോള്‍ കൊറോണ വൈറസ് മാസ്ക്കില്‍ ശേഖരിക്കപ്പെടും. മാസ്ക്കിന്റെ ഒരു കഷണം മുറിച്ചെടുത്ത് പരിശോധന നടത്തി കൊറോണ വൈറസ് ബാധ കണ്ടെത്താമെന്നും 10 മിനിറ്റിനകം പരിശോധനാഫലം ലഭിക്കുമെന്നും ഗവേഷണ പദ്ധതിയുടെ ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ കുമാര്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണം വിജയിച്ചു.

മിനിസ്ട്രി ഓഫ് ഹെല്‍ത്ത് കെയര്‍ ഓഫ് റഷ്യന്‍ ഫൗണ്ടേഷന്‍ ലബോറട്ടറികള്‍, ബ്രസീല്‍ സാവോ പോളോ സര്‍വകലാശാല, ഈസ്റ്റ് ചൈന സര്‍വകലാശാല എന്നിവയാണ് എംജി സര്‍വകലാശാലയുടെ ഗവേഷണ പങ്കാളികള്‍. എംജി സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ബയോസയന്‍സസ്, തലപ്പാടി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഗവേഷണം നടത്തുന്നത്.

മാസ് സ്‌പെക്ട്രോമെട്രി ഉപയോഗിച്ച് രക്തസാംപിള്‍ പരിശോധിച്ചാണു കായികതാരങ്ങള്‍ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നത്. രക്തസാംപിള്‍ പരിശോധിച്ച് ഇതേ രീതിയില്‍ എച്ച്‌ഐവി വൈറസിനെയും കണ്ടെത്തുന്നുണ്ട്.

മൂക്കില്‍ നിന്നു സ്രവം ശേഖരിച്ച ശേഷം ആര്‍ടിപിസിആര്‍, ആന്റിജന്‍, ആന്റിബോഡി എന്നീ പരിശോധനകള്‍ വഴിയാണ് ഇപ്പോള്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക