Image

മഹി മാഹാത്മ്യം (കവിത : സിന്ധു തോമസ് )

Published on 23 September, 2020
മഹി മാഹാത്മ്യം (കവിത : സിന്ധു തോമസ് )
മനോജ്ഞമാമീമാകന്ദത്തോപ്പിൽ
മരതകച്ഛായയിൽ മുഗ്ദ്ധസംഗീതം
മാലേയവായുവിൽ മധുരമയമാമീ
മനോമയഗാനമുതിർക്കുന്നതാരേ?

മഹിതശോഭമാം മഞ്ജിമവനിയിൽ
മാൻകിടാവിനേപ്പോലാമഗ്നയായ്
മന്മനമാടുന്നു ആനന്ദനർത്തനം!
മാമകാനന്ദമേ, മേദിനീ നിൻദർശന
മേതുമനസ്സിനും രോമഹർഷപ്രദം!

മന്നിൻ്റെ മക്കൾ മനുജർ നിർദ്ദയം
മൽപ്രിയേ! നിന്നെഹനിപ്പതുകാൺകേ
മമ മാനസം യുദ്ധകാഹളം മുഴക്കുന്നു

മത്സഖീ! മായികേ മൽജീവീതവും
മമ ഹൃദയമലരിലെഴും മൃദുരവവും
മഞ്ജുളേയെന്നും നിനക്കായ്പ്പൊഴിയും
മഹനീയം നിൻ മഹിമകളെന്നെന്നും
മംഗളമായാമയൂഖമേ! പാടീടും ഞാൻ!


Join WhatsApp News
Bindu Roy 2020-09-25 08:04:50
Very nice
വിദ്യാധരൻ 2020-09-25 16:31:15
ഭൂമിദേവിയെ എത്രമാത്രം ദുർവിനയോഗം ചെയ്യാമോ അത്രമാത്രം നാം ചെയ്യുന്നുണ്ട്. അവളെ വിവസ്ത്രയാക്കി വിൽക്കുന്നതിൽ ആർക്കും ഒരു കുറ്റ ബോധവും ഇല്ല. മരങ്ങൾ വെട്ടിയും മണ്ണ് മാന്തിയും, അവളുടെ മുഖത്ത് 'ആസിഡ്' ഒഴിച്ച് വികൃതയാക്കാനും മടിയില്ല. നാല് മില്യൺ ഏക്കർ കാലിഫോര്ണിയായിൽ കത്തിയെരിഞ്ഞപ്പോഴും അമേരിക്കയുടെ പ്രസിഡണ്ട് കാലാവസ്ഥ മാറ്റം ഒരു 'തട്ടിപ്പാണെന്നാണ് " പറയുന്നത്. കേരളം പണ്ട് തുടങ്ങിയെ വനം കൊള്ളക്കും മണല് മാന്തി വിൽക്കുന്നതിലും കുപ്രസിദ്ധമാണല്ലോ . മനോഹരങ്ങളായ മാകന്ദ തോപ്പുകൾ കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ് . അയൽ സംസ്ഥാനങ്ങളിൽ കാണുമായിരിക്കും. മാകന്ദതോപ്പുകളിൽ മന്ദമാരുതൻ തട്ടി ഉണർത്തുന്ന ' സംഗീതം കവയിത്രിയുടെ കാതുകൾ കേൾക്കാൻ കൊതിക്കുന്ന 'മുഗ്ദ്ധ സംഗീത' ത്തെ കുറിച്ചുള്ള സങ്കല്പമായിരിക്കും . പ്രകൃതി എന്ന അമ്മയുടെ മേൽ മനുഷ്യർ നടത്തുന്ന അതിക്രമങ്ങൾ, അത് കണ്ടിട്ടും കാണാതെ മുഖം തിരിച്ചു നിൽക്കുന്ന രാഷ്ട്രയക്കാർ, ഇവ പ്രകൃതി സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളെ വിശ്ലേഷിപ്പിക്കുന്നതിൽ അത്ഭുതമില്ല. പ്രകൃതിമാത്രമല്ല ഭാഷയെപ്പോലും നാം വികൃതമാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് കവിതകളിൽ നല്ല വാക്കുകൾ അപൂർവമായി മാത്രമേ കാണുകയുള്ളു . ആശയങ്ങളെ അവ്യക്തമായി ഒരു പ്രഹേളികപോലെ ആക്കി വായനക്കാരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്നതിലാണ് കവികൾക്ക് താത്‌പര്യം . അങ്ങനെയുള്ള സന്ദർഭത്തിൽ , അന്ന്യം നിന്ന് പോകുന്ന വാക്കുകൾ (മാകന്ദം, മാലേയം, മനോജ്ഞം, മുഗ്ദ്ധം, ഹർഷം) ഉപോയോഗിക്കുന്ന നിങ്ങൾക്ക് അഭിനന്ദനം ( ചിലോരൊക്കെ അമേരിക്കയിൽ ഇപ്പോഴും അത് തുടരുന്നവർ ണ്ടെന്നുള്ളത് ഇവിടെ സ്മരിക്കുന്നു) നല്ലൊരാശയത്തെ ചങ്ങമ്പുഴയുടെ 'കാവ്യനർത്തകി'യെപ്പോലെ "ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ' അണിയിച്ചൊരുക്കി ഇറക്കി വിടുമ്പോൾ ആരാണ് ശ്രദ്ധിക്കാത്തത്. പ്രകൃതിയും ഭാഷയെയും നശിപ്പിക്കുന്നവരാണ് ഇന്ന് വളരെപ്പേരും . എന്നാൽ കവികൾക്ക് അതിന്റെ രണ്ടിന്റെയും കാവൽക്കാരായിരിക്കാൻ കഴിയും. അത് നിങ്ങൾ ഈ കവിതയിലൂടെ നിർവഹിച്ചിരിക്കുന്നു . അഭിനന്ദനം വിദ്യാധരൻ
Sindhu Thomas 2020-09-29 11:56:05
Thanking you for those valuable comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക