Image

കോവിഡ് രണ്ടാം വരവ് അതിരൂക്ഷം, ഇസ്രയേലില്‍ വീണ്ടും ലോക്ക്ഡൗണ്‍

Published on 24 September, 2020
കോവിഡ് രണ്ടാം വരവ് അതിരൂക്ഷം,  ഇസ്രയേലില്‍ വീണ്ടും ലോക്ക്ഡൗണ്‍
ടെല്‍ അവീവ്: കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നേരത്തെതന്നെ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കര്‍ശനമാക്കുമെന്ന് ഇസ്രയേല്‍. വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ പത്തുവരെ നീളുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ചന്തകളും വ്യവസായ സ്ഥാപനങ്ങളും അടക്കമുള്ളവ തുറക്കാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ മാത്രം പ്രവര്‍ത്തിക്കും. ജനങ്ങള്‍ വീടുകളുടെ 1000 മീറ്റര്‍ പരിധിവിട്ട് പോകാന്‍ അനുവദിക്കില്ല. ചികിത്സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ക്ക് മാത്രമെ ഇളവ് അനുവദിക്കൂ. സിനഗോഗുകള്‍ അടക്കമുള്ളവ വിശേഷ ദിവസങ്ങളില്‍ മാത്രമെ നിബന്ധനകളോടെ തുറക്കാന്‍ അനുവദിക്കൂ.

രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ടാഴ്ചത്തെ കര്‍ശന ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാഴ്ചത്തെ കര്‍ശന ലോക്ക്ഡൗണിനു ശേഷം ചെറിയ ഇളവുകളോടെയുള്ള ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 18ന് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക്ഡൗണാണ് കര്‍ശനമാക്കുന്നത്. കായിക വിനോദങ്ങള്‍ക്കും പ്രതിഷേധ റാലികള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ തടയപ്പെട്ടേക്കും.

അഴിമതി, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ ജെറുസലേമിലെ വസതിക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നുവന്നത്. അഴിമതി അടക്കമുള്ള മൂന്ന് കേസുകളില്‍ നെതന്യാഹുവിന്റെ വിചാരണ അടുത്തവര്‍ഷം ജനുവരിയില്‍ പുനരാരംഭിക്കാനിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക