Image

നീതിയുടെയും സമത്വത്തിന്റെയും വായു (ഷിബു ഗോപാലകൃഷ്ണൻ)

Published on 24 September, 2020
നീതിയുടെയും സമത്വത്തിന്റെയും വായു (ഷിബു ഗോപാലകൃഷ്ണൻ)
ഡൽഹി കൊടുംതണുപ്പിന്റെ തലസ്ഥാനം കൂടിയാവുന്ന ഡിസംബറിൽ ആണ് 82 വയസ്സുള്ള ബിൽകീസ് ഷഹീൻബാദിൽ ഇരിക്കാൻ ആരംഭിച്ചത്. 101 ദിവസമാണ് ഒരു കൈയിൽ പ്രാർത്ഥനാമാലയും മറുകൈയിൽ ഇന്ത്യൻ പതാകയുമായി അവർ മുടക്കമില്ലാതെ പ്രതിഷേധിച്ചത്. രാവിലെ എട്ടുമണിമുതൽ അർദ്ധരാത്രിവരെ നീളുന്ന സമരമായി മാറിയത്. അസ്ഥിതുളയുന്ന തണുപ്പിലും അഗ്നിയായത്, രാജ്യം മുഴുവൻ കത്തിപ്പടർന്നത്.

തന്റെ ഞരമ്പുകളിൽ രക്തം നിലയ്ക്കുന്നതുവരെ, ഈ രാജ്യത്തെ എല്ലാ കുട്ടികൾക്കും നീതിയുടെയും സമത്വത്തിന്റെയും വായു ശ്വസിക്കാൻ കിട്ടുന്നതുവരെ, ഞാനിവിടെ കുത്തിയിരിക്കുമെന്നു ബിൽകീസ് പ്രഖ്യാപിച്ചു. അന്നുവരെ സമരം ചെയ്തിട്ടില്ലാത്ത ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും വീടുകൾ വിട്ടിറങ്ങി, ക്ലാസ്സുമുറികൾ വിട്ടിറങ്ങി, തെരുവിൽ ശബ്ദിക്കാനുള്ള കാരണമായി ബിൽകീസ് മാറി. തല്ലിക്കെടുത്താനാവാത്ത സമരമുഖമായി ഷഹീൻബാദിന്റെ ദാദി. ബിൽകീസ് എന്ന വൃദ്ധയ്ക്കു ചുറ്റും പിന്തിരിപ്പിക്കാനാവാത്ത വ്യാസങ്ങളിലേക്കു ഷഹീൻബാദ് വളർന്നു.

അധികാരം നൽകിയ അവസരങ്ങൾ കൊണ്ട് ലിസ്റ്റിൽ കയറിക്കൂടിയ മനുഷ്യരുണ്ട്, എന്നാൽ അധികാരത്തിന്റെ യാതൊരു ആനുകൂല്യവും ഇല്ലാതെ, നീതിബോധംകൊണ്ടും നിശ്ചയദാർഢ്യംകൊണ്ടും, ചുറ്റുമുള്ള മനുഷ്യരെ അനീതിക്കെതിരെ അണിനിരക്കാൻ പ്രാപ്തരാക്കിയ സാധാരണക്കാരിയായ ഈ വൃദ്ധവനിത അവരെയും പരാജയപ്പെടുത്തുന്നു.

ബിൽകീസ് ലോകത്തെ സ്വാധീനിച്ച 100 മനുഷ്യരിൽ ഒരാളാവുന്നത് നിരാശയെ ബോധ്യപ്പെടുത്തിയതുകൊണ്ടല്ല, പ്രതീക്ഷയെ സാധ്യപ്പെടുത്തിയതു കൊണ്ടാണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക