Image

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മൂന്ന് ഘട്ടമായി, വോട്ടെണ്ണല്‍ നവംബര്‍ പത്തിന്

Published on 25 September, 2020
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മൂന്ന് ഘട്ടമായി, വോട്ടെണ്ണല്‍ നവംബര്‍ പത്തിന്
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളില്‍ വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. ഒന്നാം ഘട്ടത്തില്‍ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ മൂന്നിനാണ് രണ്ടാം ഘട്ടം. മൂന്നാംഘട്ടം നവംബര്‍ ഏഴിന് നടക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. നേരത്തെ രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ ബാലറ്റ് ആയിരിക്കും. ക്വാറന്റൈനിലുള്ളവര്‍ക്കും കൊവിഡ് രോഗമുള്ളവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ വോട്ട് ചെയ്യാം.

നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 20 ആണ്. ഓണ്‍ലൈനായി വേണം പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 29ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും തന്നെ സംരക്ഷിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസര്‍, 46 ലക്ഷം മാസ്‌കുകള്‍, ആറ് ലക്ഷം പിപിഇ കിറ്റുകള്‍, 6.7 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകള്‍, 23 ലക്ഷം ഹാന്‍ഡ് ഗ്ലൗസുകള്‍ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന 7.2 കോടി ഹാന്‍ഡ് ഗ്ലൗസുകളും വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യുമെന്നും സുനില്‍ അറോറ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക