Image

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ കനത്ത പ്രഹരം - ചെന്നിത്തല

Published on 25 September, 2020
ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ കനത്ത പ്രഹരം - ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിലെ അഴിമതി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ ഓരോ ദിവസവും പൊളിയുകയാണ്. ഈ സാഹചര്യത്തില്‍ രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സ്. സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. യൂണിടാക്ക് ഓഫീസില്‍ റെയ്ഡ് നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. എഫ്സിആര്‍ഐ നിയമത്തിന്റെ ലംഘനമുണ്ടായാല്‍ സിബിഐക്ക് നേരിട്ട് കേസെടുക്കാം- ചെന്നിത്തല പറഞ്ഞു. 

അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഇപ്പോള്‍ എല്ലാ ഏജന്‍സികളുമായി. എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവ നേരത്തെതന്നെ അന്വേഷണം തുടങ്ങി. സിബിഐ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇപ്പോള്‍ നാല് ഏജന്‍സികളും കൊടുംപിടിച്ച അന്വേഷണം നടത്തുകയാണ്. കേരള ഭരണം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ജനം വിലയിരുത്തണം. പാവപ്പെട്ടവര്‍ക്ക് വീടുവച്ച് കൊടുക്കാനുള്ള പദ്ധതി എത്ര കോലംകെട്ട നിലയിലെത്തി നില്‍ക്കുന്നു.

അഴിമതി, സ്വജന പക്ഷപാതം എന്നിവയുടെ വിഹാര കേന്ദ്രമായി ലൈഫ് മിഷന്‍ പദ്ധതി മാറി. ഇതൊന്നും അന്വേഷിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സിബിഐ അന്വേഷണം വരുമെന്നാണ് വ്യക്തമായിട്ടുള്ളത്' - ചെന്നിത്തല പറഞ്ഞു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക