Image

സൗദിയിലേക്ക് യാത്രാവിലക്ക്: സന്ദേശം വ്യാജമെന്ന് അധികൃതര്‍

Published on 25 September, 2020
 സൗദിയിലേക്ക് യാത്രാവിലക്ക്: സന്ദേശം വ്യാജമെന്ന് അധികൃതര്‍


റിയാദ് : ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചും സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി എന്ന നിലയില്‍ വ്യാപകമായി പ്രചരിക്കുന്ന സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സന്ദേശം വ്യാജമെന്ന നിഗമനം.

കോവിഡ് നിയന്ത്രണാതീതമായ ഇന്ത്യ, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു സന്ദേശം. ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയതോടെ സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വന്ദേ ഭാരത് വിമാനങ്ങളടക്കം സര്‍വീസ് നടത്തില്ല എന്ന രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായും ഇന്നലെയും സൗദിയില്‍ നിന്നും വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നു. ഈ വാര്‍ത്ത ഗാക (ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍) ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല എന്നാണ് വിശദീകരണം. 

യാത്രക്കാരെയും ട്രാവല്‍ ഏജന്‍സികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ മൂന്ന് രാജ്യത്തെ പൗരന്മാരോടൊപ്പം കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കും സൗദിയിലേക്ക് വരാനാകില്ല എന്നുമായിരുന്നു പ്രചരിച്ച സന്ദേശത്തിലുണ്ടായിരുന്നത്. 

ബുധനാഴ്ച വന്ദേ ഭാരത് വിമാന സര്‍വീസുകളോടൊപ്പം ചാര്‍ട്ടര്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് മുടക്കമില്ലാതെ സര്‍വീസ് നടത്തി. തിരിച്ചെത്തുന്ന യാത്രക്കാര്‍ക്കും തടസമൊന്നുമുണ്ടായില്ല. റിയാദില്‍ നിന്നും ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങളും ദമാമില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസും ജിദ്ദയില്‍ നിന്നും ഗോ എയറും ബുധനാഴ്ച സര്‍വീസ് നടത്തി. വിമാനങ്ങള്‍ക്കൊന്നും മുടക്കമുണ്ടാകില്ലെന്നാണ് വിമാനത്താവള അതോറിറ്റിയും അറിയിച്ചത്. 

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് പോകുന്ന യാത്രക്കാര്‍ ദുബായിലേക്ക് പോയ ശേഷം 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി സൗദിയിലേക്ക് യാത്ര ചെയ്യുന്നതും പതിവായിരിക്കുകയാണ്. കാലാവധിയുള്ള ഇഖാമ ഉള്ളവരും സന്ദര്‍ശക വീസയിലുള്ളവരും ഇങ്ങനെ സൗദിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

അതിനിടെ സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബുധനാഴ്ച നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 561 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,351 ആയി. 27 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണ നിരക്ക് 4,569 ആയി. 1,102 പേര്‍ രോഗമുക്തി നേടി. 13,004 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 1,093 പേരുടെ നില ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക