Image

അബുദാബിയില്‍ സ്വകാര്യ മേഖലയില്‍ ലിംഗസമത്വം; പുതിയ ഉത്തരവ് സെപ്റ്റംബര്‍ 25 മുതല്‍ പ്രബാല്യത്തില്‍

Published on 25 September, 2020
അബുദാബിയില്‍ സ്വകാര്യ മേഖലയില്‍ ലിംഗസമത്വം; പുതിയ ഉത്തരവ് സെപ്റ്റംബര്‍ 25 മുതല്‍ പ്രബാല്യത്തില്‍

അബുദാബി: സ്വകാര്യമേഖലയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തുല്യവേതനം ഉറപ്പാക്കുന്ന പുതിയ നിയമം സെപ്റ്റംബര്‍ 25 (വെള്ളി) മുതല്‍ അബുദാബിയില്‍ പ്രാബല്യത്തിലായി. ഇതു സംബന്ധിച്ച ഉത്തരവില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉപ്പു വച്ചത്.

ഇതനുസരിച്ച് സ്വകാര്യ മേഖലയില്‍ സ്ത്രീയോ, പുരുഷനോ ഒരേ പദവി വഹിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരേ തരത്തിലുള്ള ജോലി ചെയ്യുന്നുണ്ടെങ്കില്‍ ശന്പളം തുല്യമായിരിക്കും. വേതനം നിശ്ചയിക്കുന്നത് മാര്‍ക്കറ്റ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും.

തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് 1980 ലെ ഫെഡറല്‍ നിയമം നമ്പര്‍ 08 ലെ ആര്‍ട്ടിക്കിള്‍ 32 ലെ സ്വകാര്യമേഖലയിലെ വേതനവും ശമ്പളവും കണക്കിലെടുത്ത് ലിംഗസമത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രാബല്യത്തില്‍ വരുത്തും.

ജോലിസ്ഥലത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ നടപടി എന്ന നിലയിലാണ് പുതിയ ഉത്തരവിനെ എല്ലാവരും കാണുന്നത്.

ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതോടെ രാജ്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ നില ശക്തിപ്പെടുത്താന്‍ പുതിയ ഭേദഗതികള്‍ സഹായിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അഭിപ്രായപ്പെട്ടു.

എമിറേറ്റ്സിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രക്രിയയിലെ പുതിയ ക്രിയാത്മക നടപടിയാണിതെന്നാണ് വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗാര്‍ഗാഷ് പുതിയ ഉത്തരവിനെ വിശേഷിപ്പിച്ചത്. സമത്വവും നീതിയും ഊട്ടിയുറപ്പിക്കുന്ന ആധുനിക ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ പുതിയ നിയമം സഹായിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പുതിയ നിയമം സ്ത്രീകളുടെ സാമൂഹിക ഉള്‍ക്കൊള്ളല്‍ വര്‍ധിപ്പിക്കുമെന്നും ദേശീയ വികസനത്തില്‍ അവരുടെ പങ്ക് പിന്തുണയ്ക്കുമെന്നും ലോക ലിംഗസമത്വ സൂചികയില്‍ യുഎഇയുടെ നിലവാരം ഉയര്‍ത്തുമെന്നും യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ് മനല്‍ ബിന്ത് മുഹമ്മദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക