Image

ഷെവലിയര്‍ കുഞ്ചെറിയ (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 26 September, 2020
ഷെവലിയര്‍ കുഞ്ചെറിയ (കഥ: ഷാജന്‍ ആനിത്തോട്ടം)
കുഞ്ചെറിയയുടെ കിനാവുകളില്‍ "ഷെവലിയര്‍' കടന്നുകൂടിയിട്ട് കാലം അധികമായിട്ടില്ല. കഴിഞ്ഞ മലയാളി സമാജം തെരഞ്ഞെടുപ്പ് കാലത്താണ് "ഒരു പേരിലെന്തിരിക്കുന്നു' എന്നത് സംഗത്യമില്ലാത്തൊരു ചോദ്യമാണെന്ന് അയാള്‍ ഒരിക്കല്‍കൂടി തിരിച്ചറിഞ്ഞത്. ഒരു പേരില്‍ ഒരുപാടിരിക്കുന്നു....."കുഞ്ചെറിയ കുരുവിപ്പറമ്പില്‍' എന്നത് തീര്‍ച്ചയായും ഒരു സുഖമുള്ള പേരല്ലെന്ന് അയാള്‍ വീണ്ടുമൊരിയ്ക്കല്‍കൂടി വേദനയോടെ തിരിച്ചറിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തീ പാറിയ പോരാട്ടത്തില്‍ പോളി ലോനപ്പനെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും തോല്‍പ്പിച്ചു എന്നത് സത്യമാണ്. പക്ഷേ അതിനുവേണ്ടി മൂന്നുമാസത്തോളം ചിലവാക്കിയ സമയത്തിനും ഒഴുക്കിയ സ്‌കോച്ച് വിസ്ക്കിക്കും വിളിച്ച ഫോണ്‍ കോളുകള്‍ക്കും ഒരു കണക്കുമുണ്ടായിരുന്നില്ല.

""ഇത്തവണ പല്ലനും എല്ലനും തമ്മിലാണല്ലോ തിരഞ്ഞെടുപ്പ്'' എന്ന് പള്ളിമുറ്റങ്ങളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ജനം പറഞ്ഞ് ചിരിച്ചിരുന്നത് കുഞ്ചെറിയയുടെ ചെവിയിലുമെത്തിയിരുന്നെങ്കിലും അതിലയാള്‍ക്ക് വലിയ പരിഭവമില്ലായിരുന്നു. ഡെന്റിസ്റ്റ് പോളി ലോനപ്പനെ എതിര്‍ക്കുന്ന താനിപ്പോളൊരു മെല്ലിച്ചവനാണെന്നത് അംഗീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, ""എടീ ലൂസിയേ, മ്മടെ കുരുവിയെ ഇത്തവണ ചുള്ളന്‍ പോളി പൊട്ടിക്കുന്നത് കാണേണ്ടിവരുമോടീ.... എന്റെ പരുമല തിരുമേനീ, നീ കാത്തോളണേ,'' എന്ന് തന്റെ ഭാര്യയോട് അടുപ്പക്കാരികളെന്ന് ഭാവിക്കുന്നവര്‍ പറയാന്‍ ധൈര്യപ്പെട്ടതായിരുന്നു കുഞ്ചെറിയയെ യഥാര്‍ത്ഥത്തില്‍ ശരിക്കും വിഷമിപ്പിച്ചത്. ചാലക്കുടിക്കാരന്‍ പോളി ലോനപ്പന്‍ ഒരു ചോക്ക്‌ലേറ്റ് കുട്ടപ്പനാണെന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ തോല്‍വിയോടൊപ്പം "കുരുവി' എന്ന വട്ടപ്പേര് മുന്‍പ് തന്നെ അറിയാത്തവര്‍ക്കിടയില്‍പ്പോലും സ്ഥിരപ്രതിഷ്ഠ നേടുമല്ലോയെന്നതായിരുന്നു കുഞ്ചെറിയയെ അസ്വസ്ഥനാക്കിയത്. ജയിച്ചാല്‍ പക്ഷേ, അതിന്റെ കേടങ്ങ് തീര്‍ന്നുകിട്ടും എന്നയാള്‍ വിശ്വസിച്ചു. ഒടുവില്‍ അറ്റകൈയ്ക്ക് "പൂഴിക്കടകന്‍' തന്നെ കുഞ്ചെറിയ പ്രയോഗിച്ചു.

ഇലക്ഷന്‍ കാമ്പെയിനിന്റെ ഭാഗമായി സകല പള്ളികളും ഗ്രോസറിക്കടകളും കറങ്ങുന്നതിനിടയില്‍ പോളിയുടെ ഇടവകപ്പള്ളിയും കുഞ്ചെറിയ സന്ദര്‍ശിച്ചിരുന്നു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് കത്തീഡ്രല്‍ പള്ളിയിലെ മാതൃസംഘത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിവന്ന പോളിയുടെ ഭാര്യ കൊച്ചന്നത്തിനോട്, പോളി ജയിച്ചാല്‍ സമാജത്തിന്റെ പേരും പറഞ്ഞ് കൊച്ചുപെണ്ണുങ്ങള്‍വരെ ചക്കപ്പഴത്തിന് ചുറ്റും ഈച്ചക്കൂട്ടം നില്‍ക്കുന്നതുപോലെ സദാസമയവും അങ്ങേരുടെ തോളില്‍ കയ്യിട്ട് നടക്കുന്നത് കാണേണ്ടിവരുമെന്നൊരു നമ്പരടിച്ചുനോക്കി. സ്വതവേ സംശയരോഗിയായ കൊച്ചന്നത്തിന് കുഞ്ചെറിയ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നിയത് സ്വാഭാവികം. ക്ലിനിക്കില്‍ ആവശ്യത്തിനും അനാവശ്യത്തിനും വരുന്ന സുന്ദരിക്കോതകളെ തൊട്ടുതലോടുകയും "വായില്‍നോക്കുക'യും ചെയ്യുന്ന തന്റെ ഭര്‍ത്താവ് സമാജം പ്രസിഡന്റ് കൂടിയായാല്‍, എന്തിനും മടിക്കാത്ത ആ എമ്പോക്കിപ്പെണ്ണുങ്ങളോടൊപ്പം എന്തൊക്കെയാണ് കാണിച്ചുകൂട്ടാന്‍ പോവുന്നതെന്നോര്‍ത്തപ്പോള്‍ കൊച്ചന്നത്തിന്റെ മന:സമാധാനം മുഴുവനും നഷ്ടപ്പെടുകയായിരുന്നു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ സ്വന്തം ഭാര്യയുടെ വിലയേറിയ വോട്ടാണ് അങ്ങനെ പോളിക്ക് നഷ്ടമായത്. കൊച്ചന്നത്തിന്റെ ആ ഒളിയമ്പേറ്റ് പോളി ലോനപ്പന്റെ വിക്കറ്റ് തെറിച്ചു.

സമാജം പ്രസിഡന്റായതോടെ പക്ഷേ, "കുരുവി' യെന്ന ഇരട്ടപ്പേര് കുഞ്ചെറിയക്ക് പതിച്ചുകിട്ടിയതുപോലെയായി. പൊതുസമ്മേളനങ്ങളില്‍ പ്രാസംഗികര്‍ "പ്രസിഡന്റ് കുഞ്ചെറിയ കുരുവിപ്പറമ്പി'ലെന്ന് വിളിച്ച് അഭിസംബോധന ചെയ്തിരുന്നത് സ്വാഭാവികമെന്ന് അയാള്‍ അംഗീകരിച്ചു. "കുരുവി'യെന്ന ഭാഗത്ത് അവര്‍ അനാവശ്യമായ കനം കൊടുക്കുന്നത് കലിപ്പോടെ തിരിച്ചറിഞ്ഞിരുന്നെങ്കിലും. പക്ഷേ സമാജത്തിന്റെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത വെള്ളക്കാരനായ സ്റ്റേറ്റ് സെനറ്റര്‍ "മിസ്റ്റര്‍ കുരുവി'യെന്ന അദ്ധ്യക്ഷനെ അഭിസംബോധന ചെയ്തപ്പോള്‍ ഓഡിറ്റോറിയം നിറഞ്ഞ കയ്യടിയും അവിടെയുമിവിടെയുംനിന്നുമുയര്‍ന്ന കൂവലും ഓരിയിടലും തനിക്കുള്ള അംഗീകാരമായിരുന്നില്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം കുഞ്ചെറിയക്കുണ്ടായിരുന്നു. എന്തുവില കൊടുത്തും കുരുവി പ്രയോഗത്തിനൊരു അവസാനമുണ്ടാക്കണമെന്നയാള്‍ അന്ന് തീരുമാനിച്ചു. പലവിധ ചിന്തകള്‍ക്കും ആത്മശോധനകള്‍ക്കുമൊടുവിലാണ് "ഷെവലിയര്‍' സ്ഥാനത്തിന്റെ കാര്യം അയാള്‍ ഉറപ്പിക്കുന്നത്.

സ്വന്തം പേരിന് മുമ്പില്‍ അഴകൊത്തൊരു പൂര്‍വ്വസര്‍ഗം ചേര്‍ക്കുവാനുള്ള കുഞ്ചെറിയയുടെ ആഗ്രഹത്തിന് പക്ഷേ, അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് അയാള്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. പാര്‍ട്ടിയോടുള്ള അനുഭാവമോ കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആകര്‍ഷണമോ ആയിരുന്നില്ല അതിന് കാരണം. സ്വന്തം പേരിന് മുമ്പില്‍ സമീപഭാവിയില്‍ ചേര്‍ക്കാന്‍ പറ്റുന്ന "സഖാവ്' എന്ന ആ വിശേഷണം കുഞ്ചെറിയയെ ചെറുതായിട്ടൊന്നുമല്ല അന്നൊക്കെ ആകര്‍ഷിച്ചിരുന്നത്. കൂട്ടുകാരുടെ, "എടേ കുരുവീ', "കുരുവിക്കുഞ്ചെറിയ' എന്നൊക്കെയുള്ള വിളിപ്പേരിന്റെ സ്ഥാനത്ത് ഭാവിയില്‍, "നമ്മുടെ പ്രിയങ്കരനായ സഖാവ് കുഞ്ചെറിയ അല്പസമയത്തിനകം നിങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതാണ്' എന്ന് ചെങ്കൊടിപാറുന്ന പാര്‍ട്ടിവാഹനത്തില്‍ നിന്നുമുള്ള ഉച്ചഭാഷിണിയിലെ അലര്‍ച്ച അയാള്‍ സങ്കല്‍പ്പിച്ചുനോക്കിയിട്ടുണ്ട്; ഒന്നല്ല, പലവട്ടം. ചുവപ്പിന് ഏറെ വേരോട്ടമുള്ള പിറവത്തിന്റെ മണ്ണില്‍നിന്നും നാളെ താന്‍ നിയമസഭാംഗമായോ പാര്‍ലമെന്റഗംമായോ തിരഞ്ഞെടുക്കപ്പെടുന്നതൊക്കെ പകല്‍ക്കിനാവ് കണ്ടിരുന്ന നാളുകളായിരുന്നു അത്. "സഖാവ് കുഞ്ചെറിയ'- അതൊരു ചന്തമുള്ള പേരാണെന്ന് കുഞ്ചെറിയ ഉറപ്പിച്ചു.

ആ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിനിര്‍ദ്ദേശമനുസരിച്ച് തങ്ങളുടെ വാര്‍ഡ് പ്രതിനിധിയായി മല്‍സരിച്ച കുഞ്ഞമ്പുപ്പുലയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കണ്ടതോടെ കുഞ്ചെറിയയിലെ സഖാവ് മോഹം എരിഞ്ഞടങ്ങുകയായിരുന്നു. പള്ളിക്കവല മുതല്‍ പാഴൂര്‍ ജംങ്ഷന്‍വരെ നീണ്ട് കിടക്കുന്ന തങ്ങളുടെ വിശാലമായ തെങ്ങിന്‍പറമ്പിന്റെ അറ്റത്ത് കുടില്‍കെട്ടി താമസിക്കുന്ന, കാല്‍ക്കാശിന് ഗതിയില്ലാത്ത കുഞ്ഞിക്കോരന്റെ മകന്‍ കുഞ്ഞമ്പുവിന്റെ ഇലക്ഷന്‍ നോട്ടീസുകളില്‍ ചേര്‍ത്ത ആ "സഖാവ്' വിശേഷണം കുഞ്ചെറിയക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. ചെങ്കൊടികള്‍ ആഞ്ഞുവീശി, ഉച്ചത്തില്‍ മുദ്രാവാക്യങ്ങളും വിളിച്ച് "സഖാവ് കുഞ്ഞമ്പു'വിനെ തെരഞ്ഞെടുപ്പ് യോഗസ്ഥലങ്ങളിലേക്കും പ്രചാരണ പരിപാടികളിലേക്കും പാര്‍ട്ടിക്കാര്‍ ആനയിച്ചുകൊണ്ടുപോകുന്നത് വീടിന്റെ മട്ടുപ്പാവിലിരുന്ന് കണ്ട കുഞ്ചെറിയയിലെ ബൂര്‍ഷ്വാ അതോടെ വിപ്ലവ പാര്‍ട്ടിയോട് വിട പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷ രണ്ട് തവണയായി എഴുതി കഷ്ടിച്ച് ജയിച്ചെങ്കിലും പ്രീഡിഗ്രിയെന്ന കടമ്പയ്ക്കു മുമ്പില്‍ തോറ്റ് കുമ്പിട്ടിരുന്ന അവസ്ഥയിലാണ് കറസ്‌പോണ്ടന്‍സ് കോഴ്‌സ് വഴി കോലാപൂരിലുള്ള ഒരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുഞ്ചെറിയ ഒരു ബാച്ചിലര്‍ ഡിഗ്രി ഒപ്പിച്ചെടുത്തത്. "മിനിമം വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ലാതെ നിങ്ങള്‍ക്കും ഒരു ഡിഗ്രിക്കാരനാകാം' എന്ന അവരുടെ പരസ്യം കണ്ട അന്നുതന്നെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തയച്ച് കുഞ്ചെറിയ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തു. അവര്‍ ആവശ്യപ്പെടുമ്പോള്‍ കൃത്യമായി ബാങ്ക് ചെല്ലാനും ഡിമാന്‍ഡ് ഡ്രാഫ്റ്റുകളും അയച്ചതല്ലാതെ പരീക്ഷ എഴുതാന്‍ പോലും കുഞ്ചെറിയ യൂണിവേഴ്‌സിറ്റിയില്‍ പോയില്ല. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായി വന്ന, മനോഹരമായ ബോണ്ട് പേപ്പറില്‍ സുവര്‍ണ്ണ ലിപികളില്‍ അച്ചടിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പിറവത്തെ തപാലാപ്പീസില്‍ നിന്നും ഒപ്പിട്ട് കൈപ്പറ്റുമ്പോള്‍ കുഞ്ചെറിയയ്ക്ക് ഏറെ ആത്മാഭിമാനമുണ്ടായി.

ഡിഗ്രിക്കാരനായപ്പോഴാണ് വക്കീലുദ്യോഗത്തെപ്പറ്റി കുഞ്ചെറിയ ചിന്തിച്ചത്. നിയമലോകത്തോടുള്ള അദമ്യമായ ആദരവൊന്നുമായിരുന്നില്ല, പേരിന് മുമ്പില്‍ "അഡ്വക്കേറ്റ്' എന്ന് ചേര്‍ക്കാമല്ലോയെന്ന സാധ്യതയായിരുന്നു അയാളുടെ കിനാവുകളെ കറുത്ത കോട്ടണിയിച്ചത്. എല്‍.എല്‍.ബി അഡ്മിഷന്‍ കിട്ടാന്‍ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള ലോ കോളേജുകളില്‍ തന്റെ കോലാപൂര്‍ ഡിഗ്രിയുമായി കുഞ്ചെറിയ കുറേ കറങ്ങിനടന്നു. സംഗതി നടക്കില്ലെന്ന് വന്നപ്പോള്‍ വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലുമുള്ള ഏതെങ്കിലും തരികിട യൂണിവേഴ്‌സിറ്റിയില്‍ കയറിപ്പറ്റാനായി പിന്നത്തെ ശ്രമം. അത് ഫലം കാണാന്‍ തുടങ്ങുമ്പോഴാണ് കുഞ്ചെറിയയുടെ ജാതകം മാറ്റിക്കുറിച്ചുകൊണ്ട് മുളന്തുരുത്തിക്കാരി ലൂസിയുടെ കല്യാണാലോചന വരുന്നത്. വലിയ പള്ളിയിലെ രാജാക്കന്മാരുടെ പെരുന്നാള്‍ കൂടി കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടന്ന കുഞ്ചെറിയയെ ലൂസിയുടെ അപ്പന്‍ ചാക്കോ പരിചയപ്പെട്ടത്, പെരുന്നാള്‍ പ്രദക്ഷണത്തിന് ശേഷം വിശുദ്ധ രാജാക്കളുടെ തിരുസ്വരൂപത്തിന് മുമ്പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചിട്ട് പന്തലില്‍ നിന്നുമിറങ്ങുമ്പോളായിരുന്നു. അമേരിക്കയില്‍നിന്നും ക്രിസ്തുമസ് അവധിയും മംഗല്യമോഹവുമായി നാട്ടിലെത്തിയ മകള്‍ക്ക് പറ്റിയ ചെക്കനെ തിരഞ്ഞ് കാണാന്‍ കൊള്ളാവുന്ന പയ്യന്മാരിലെല്ലാം കണ്ണുവെച്ചുനടന്ന ചാക്കോയ്ക്ക് കുഞ്ചെറിയയുടെ അന്നത്തെ തലയെടുപ്പും നിറവും കണ്ട് അയാളെപ്പറ്റിയും കുടുംബത്തെപ്പറ്റിയും കൂടുതലന്വേഷിക്കുവാന്‍ തോന്നിയത് സ്വാഭാവികം.

""ആട്ടിന്‍പാല് തിളപ്പിച്ചാറ്റിയതില്‍ കുങ്കുമപ്പൂവിട്ട് കുടിപ്പിച്ചിട്ടാണ് ഞാനവനെ ചെറുപ്പത്തില്‍ ഉറക്കാന്‍ കിടത്തിയിരുന്നത്. രാവിലെ കറവക്കാരന്‍ വേലായുധന്‍ വന്ന് ഞങ്ങടെ അമ്മിണിപ്പശുവിന്റെ പാല്‍ കറന്ന് തന്നാലുടന്‍ അതിന്റെ പതയൊതുങ്ങുന്നതിനു മുമ്പുതന്നെ ഒരു ഗ്ലാസ് ഞാനെന്റെ കൊച്ചിനെക്കൊണ്ട് കുടിപ്പിക്കുമായിരുന്നു. പിന്നെങ്ങനെയാ അവന് നിറവും തുടിപ്പും വയ്ക്കാതിരിക്കുന്നത്?'' കല്യാണാലോചനയുമായി വീട്ടില്‍ വന്ന ലൂസിയുടെ ആള്‍ക്കാരോട്  തന്റെ ഏക പുത്രന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തുമ്പോള്‍ കുഞ്ഞൂഞ്ഞമ്മയുടെ മുഖത്തും പൊന്നിന്റെ പ്രഭ തെളിഞ്ഞുനിന്നിരുന്നു. "രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്' എന്ന തത്വം ശരിവെച്ച്, ഇരുകൂട്ടരെയും ആവേശത്തിലാക്കി ആ കല്യാണമങ്ങ് നടന്നു. കുഞ്ചെറിയയിലെ "കുരുവി' പക്ഷേ അറ്റ്‌ലാന്റിക് കടക്കുമ്പോഴും അയാളുടെയൊപ്പമുണ്ടായിരുന്നു, വിട്ടുപോകാന്‍ കൂട്ടാക്കാത്ത ഒരു  കാമുകിയെപ്പോലെ.

അങ്കിള്‍ സാമിന്റെ നാട്ടില്‍ വന്ന് കുന്നോളം ഡോളര്‍ വാരിക്കൂട്ടിക്കഴിഞ്ഞപ്പോഴാണ് സമൂഹത്തിലൊരു പേരും പെരുമയുമൊക്കെ വേണമെന്ന പൂതി കുഞ്ചെറിയയില്‍ മുളച്ചത്. പണമൊക്കെ ഒരുപാടുണ്ടാക്കിയെങ്കിലും പഠിത്തമില്ലാത്തതിനാല്‍ പത്തുപേരുടെ മുമ്പില്‍ വിലയില്ലാത്തവനായി നില്‍ക്കുന്നതിന്റെ ജാള്യത അയാളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുവാന്‍ തുടങ്ങി. പരിചയക്കാരുടെയിടയിലെല്ലാമുള്ള "കുരുവി' വിളിയായിരുന്നു കുഞ്ചെറിയയ്ക്ക് തീരെ അസഹീനയമായിരുന്നത്. സമാജത്തിന്റെ പരിപാടികള്‍ക്കെല്ലാം കൈയയച്ച് സംഭാവന കൊടുക്കുന്നുണ്ടെങ്കിലും "കുരുവി'യെന്ന പേര് കൂടുതലുറപ്പിക്കാനേ അതുപകരിച്ചിരുന്നുള്ളൂ. പരസ്യമായി സ്‌പോണ്‍സറുടെ പേരുപറയുമ്പോള്‍ സംഘാടകരെല്ലാം "കുരുവിപ്പറമ്പില്‍ കുഞ്ചെറിയ' എന്ന് അലറുമെങ്കിലും സ്വകാര്യമായി, "നമ്മുടെ കുരുവിക്കുഞ്ചെറിയയെ ഒന്ന് പുകഴ്ത്തിയപ്പോള്‍ കിട്ടിയതാണ് ഇത്, അത്' എന്നൊക്കെ അവര്‍ പറയുന്നത് പലരില്‍ നിന്നുമായി കുഞ്ചെറിയയുടെ മാത്രമല്ല, ലൂസിയുടെ ചെവിയിലുമെത്തിയിരുന്നു. "കുരുവി വെറുമൊരു പൊങ്ങന്‍' എന്ന് ഒരു ബേസ്‌മെന്റ് പാര്‍ട്ടിക്കിടെ, കള്ളിന്റെ ലഹരിയില്‍ ഒരു സാമദ്രോഹി പറഞ്ഞത് കുഞ്ചെറിയ യാദൃശ്ചികമായി കേള്‍ക്കുകയും ചെയ്തു.

""കാശു കൊടുത്താല്‍ ഡോക്ടറേറ്റ് കിട്ടുന്ന കാലമാണിത്. നിങ്ങള്‍ക്ക് എവിടെനിന്നെങ്കിലും അങ്ങിനെയൊന്ന് ഒപ്പിച്ചുകൂടെ? ഈ "കുരുവി'യെന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ടു മടുത്തു.'' ഞായറാഴ്ച പള്ളിയില്‍നിന്നും മടങ്ങുന്ന വഴി ഒരു ദിവസം ലൂസി ചോദിച്ചത് കുഞ്ചെറിയ തള്ളിക്കളഞ്ഞില്ല. എങ്കിലും തനിയ്ക്കതിനുള്ള വിദ്യാഭ്യാസയോഗ്യതയില്ലല്ലോയെന്ന് കുഞ്ചെറിയ  അല്പം ഉറക്കെ ചിന്തിച്ചുപോയി.

""എന്ത് യോഗ്യതയുണ്ടായിട്ടാ മനുഷ്യാ നിങ്ങള്‍ ദുര്‍ഗാപ്പൂരില്‍നിന്നോ മിഡ്‌നാപ്പൂരില്‍നിന്നോ മറ്റോ ഒരു ബി.എ ഡിഗ്രി ഒപ്പിച്ചെടുത്തത്?'' ലൂസി പൊട്ടിത്തെറിച്ചു.

""ദുര്‍ഗ്ഗാപ്പൂരല്ലെടീ, കോലാപ്പൂര്‍.'' കാശുകൊടുത്താണെങ്കിലും തന്നിക്ക് ബിരുദം തന്ന നഗരത്തെ തള്ളിപ്പറയാന്‍ കുഞ്ചെറിയ ഒരുക്കമല്ലായിരുന്നു. പാസഞ്ചര്‍ സീറ്റില്‍ അമര്‍ന്നിരുന്നുകൊണ്ട് ഒരു അദ്ധ്യാപകനെപ്പോലെ അയാള്‍ വണ്ടിയോടിക്കുന്ന ഭാര്യയെ തിരുത്താന്‍ ശ്രമിച്ചു.

""ഏത് -- ആണെങ്കിലും വേണ്ടില്ല. ആരെങ്കിലും അതന്വേഷിക്കാന്‍ മിനക്കെടുമോ? ഞാന്‍ വേണമെങ്കില്‍ ഒരു കൊല്ലത്തേക്ക് ഡബിള്‍ ഡ്യൂട്ടിയും ഓവര്‍ടൈമും ചെയ്ത് കാശുണ്ടാക്കിത്തരാം. നിങ്ങള്‍ എവിടെ നിന്നെങ്കിലും ഒരു ഡോക്ടറേറ്റ് ഒപ്പിക്ക്.'' ലൂസിയുടെ വാക്കുകളിലെ അമര്‍ഷത്തിന് കാരണം അന്നും ആരെങ്കിലുമവളെ "കുരുവിലൂസി' യെന്നോ "മ്മടെ കുരുവീടെ വൈഫ് ലൂസി' യെന്നോ വിശേഷിപ്പിച്ചത് ചെവിയിലെത്തിയിട്ടാവുമെന്നയാള്‍ ഊഹിച്ചു.

പേരിന് മുമ്പിലെ "ഡോ' ഒന്നാന്തരമൊരു അംഗീകാരമായി കുഞ്ചെറിയയ്ക്ക് തോന്നിയെങ്കിലും താനത് കാശുകൊടുത്ത് സംഘടിപ്പിച്ചതാണെന്ന് തന്നെ അറിയാവുന്നവര്‍ മുഴുവനും ഊഹിക്കുമെന്നറിയാനുള്ള പ്രായോഗികബുദ്ധി അയാള്‍ക്കുണ്ടായിരുന്നു. ഒരു ലക്ഷം രൂപ കൊടുത്താല്‍  കാര്യമായ വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാതെ ശ്രീലങ്കയില്‍നിന്നോ, അതല്ലെങ്കില്‍ ആയിരം ഡോളര്‍ കൊടുത്താല്‍ അരിസോണയില്‍നിന്നോ വേണമെങ്കില്‍ ഒരു ഡോക്ടറേറ്റ് ഒപ്പിക്കാമെന്ന് രഹസ്യമായി നടത്തിയ ചില അന്വേഷണങ്ങളില്‍നിന്നും കുഞ്ചെറിയ മനസിലാക്കി. പക്ഷേ ഒരു ആത്മവിശ്വാസക്കുറവ്...ഒടുവില്‍ ആ അതിമോഹം അയാള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

"കുരുവിക്കൂടും' ചുമന്ന് പിന്നെയും കുറെ വര്‍ഷങ്ങള്‍ നടന്നുകഴിഞ്ഞപ്പോഴാണ് കുഞ്ചെറിയയ്ക്കു പുതിയൊരു ആശയം ലഭിക്കുന്നത്. അപ്പോഴേക്കും മടിശ്ശീലയുടെ കനത്തില്‍ മലയാളി സമാജത്തിന്റെ ഇടത്തരം നേതൃസ്ഥാനങ്ങളില്‍ അയാള്‍ എത്തിപ്പെട്ടിരുന്നു. സമാജത്തിന്റെ ആദ്യകാലനേതാവും സമൂഹത്തിലെ ആദരണീയനുമായ ഫിലിപ്പ് സാര്‍ മരിച്ചപ്പോള്‍ ചരമശുശ്രൂഷകളിലാകമാനം കുഞ്ചെറിയ കുടുംബസമേതം പങ്കെടുത്തു. വേയ്ക്ക് ശുശ്രൂഷകളുടെ സമയം മുഴുവനും ഫിലിപ്പ് സാറിന്റെ മൃതദേഹത്തിന്റെ തലയ്ക്കലും കാല്‍ച്ചുവട്ടിലുമായി ഗംഭീരന്‍ തൊപ്പിയും വാളുമായി യൂണിഫോമില്‍ നില്‍ക്കുന്ന "ഭടന്മാരെ'ക്കണ്ട് കുഞ്ചെറിയ കൂടെയുണ്ടായിരുന്നവരില്‍ ചിലരോട് കാര്യമന്വേഷിച്ചു. ""നൈറ്റ്‌സ് ഓഫ് കൊളംബസ്' എന്ന സംഘടനയുടെ പ്രതിനിധികളാണവരെന്നും, "സര്‍ നൈറ്റ്' (ടശൃ ഗിശഴവ)േ പദവിയുണ്ടായിരുന്ന ഫിലിപ്പ് സാറിനോടുള്ള ആദരസൂചകമായിട്ടാണവര്‍ പങ്കെടുക്കുന്നതെന്നും മനസിലാക്കിയ കുഞ്ചെറിയയുടെ മനസില്‍ ലഡു പൊട്ടി. ഒരുപക്ഷേ ഇതാവും കാലം തനിക്കായി കാത്തുവെച്ചത്. "സര്‍ ഐസക് ന്യൂട്ടണ്‍', "സര്‍ ബെര്‍നാഡ് ഷാ' എന്നൊക്കെ പറയുമ്പോലെ, നാളെ താനും "സര്‍ കുഞ്ചെറിയ കുരുവിപ്പറമ്പില്‍' എന്നറിയപ്പെട്ടേക്കാം. കുഞ്ചെറിയയുടെ അന്വേഷണം ആ വഴിക്ക് നീങ്ങാന്‍ പിന്നെ അധികദിവസങ്ങളെടുത്തില്ല.

കുഞ്ചെറിയയുടെ മോഹത്തിന് പക്ഷേ അധികനാള്‍ ആയുസുണ്ടായിരുന്നില്ല. "നൈറ്റ്‌സ് ഓഫ് കൊളംബസ്'എന്ന സംഘടനയില്‍ ചേരാനുള്ള മിനിമം യോഗ്യതകളിലൊന്ന്  ഒരു "പ്രാക്ടീസിംഗ് കാത്തലിക്' ആയിരിക്കണമെന്നതാണെന്ന് വിശദമായ അന്വേഷണത്തിലയാള്‍ അറിഞ്ഞു. പല ഘട്ടങ്ങളിലൂടെ, വിശ്വാസത്തിലും സേവനത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒരുവന്‍ "സര്‍ നൈറ്റ്' പദവിലെത്തുന്നതത്രെ. "കാതോലിക്കാ' എന്ന് കേള്‍ക്കുമ്പോള്‍തന്നെ കലിപ്പിളകുന്ന അടിയുറച്ച ആ പാത്രയാര്‍ക്കീസ് വിശ്വാസിക്ക് കേവലം ഒരു പദവിക്കുവേണ്ടി കത്തോലിക്കനാവുക എന്നത് അചിന്തനീയമായതുകൊണ്ട് കുഞ്ചെറിയ ഒരിക്കലും "സാറാ'യില്ല.

കാലം കടന്നുപോകവെ സമാജം തിരഞ്ഞെടുപ്പ് വന്നു, കുഞ്ചെറിയ സാരഥിയാവാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തു. പിന്നെ നടന്നതൊക്കെ ചരിത്രം. പക്ഷേ, മാസങ്ങള്‍ കഴിയുന്തോറും പേരിലെ പരിഹാസം മാറ്റുക എന്നത് കുഞ്ചെറിയയുടെ മുന്‍ഗണനകളിലൊന്നായി മാറുകയായിരുന്നു. സമാജത്തിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ പേരിലെ പരിഷ്ക്കാരം മുഖ്യ പരിഗണനയായതോടെ കുഞ്ചെറിയയുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ആരോടെങ്കിലും അഭിപ്രായം ചോദിക്കാവുന്ന വിഷയമല്ലല്ലോ, അല്ലെങ്കില്‍ എത്ര പണം കൊടുത്തും വിദഗ്ദ ഉപദേശത്തിന് അയാള്‍ ശ്രമിക്കുമായിരുന്നു; അഥവാ ആരോടെങ്കിലും മനസിലെ തീവ്രമായ ആഗ്രഹം പങ്കുവെച്ചാല്‍ നാട്ടിലത് പാട്ടാകുവാന്‍ അധികകാലമെടുക്കില്ലെന്ന് ഒരുപാട് ലോകാനുഭവമുള്ള കുഞ്ചെറിയയ്ക്ക് നല്ലതുപോലെ അറിയാം. ഭര്‍ത്താവിന്റെ ഉദാസീനതയും കിടപ്പറയില്‍ പോലുമുള്ള വിരക്തിയും കണ്ടുമടുത്തപ്പോള്‍ ലൂസിയുടെ ചിന്തകളും ആ വഴിക്ക് തിരിഞ്ഞു. നര കയറിത്തുടങ്ങിയ തലയാണെങ്കിലും ആ ശിരസ്സിലാണ് പുതിയ ഐഡിയ ആദ്യം പിറന്നത്. പണ്ട് ആര്‍ക്കിമിഡീസ് ""യൂറീക്കാ, യൂറീക്കാ'' എന്ന് പറഞ്ഞ് കുളിമുറിയില്‍നിന്നും ഇറങ്ങിയോടിയതുപോലെ, ഒരു സായാഹ്നം കുളികഴിഞ്ഞിറങ്ങിയ ലൂസി പുതിയ ആശയവുമായി കുഞ്ചെറിയയുടെ അടുേത്തയ്‌ക്കോടുകയായിരുന്നു:

""അച്ചായാ, ക്രിസ്തുമസിന് നാട്ടില്‍നിന്നും തിരുമേനി വരുന്നുണ്ടല്ലോ. അങ്ങേരെ കാര്യമായിട്ടൊന്ന് കണ്ട്, നല്ലൊരു പണക്കിഴിയും കൊടുത്താല്‍ ഒരു "ഷെവലിയര്‍' പദവി നമുക്ക് ഒപ്പിച്ചെടുക്കാം. പള്ളിക്കും അരമനയ്ക്കുമൊക്കെ നമ്മളെത്ര ആയിരങ്ങളാണ് ഇക്കാലമത്രയും സംഭാവന കൊടുത്തിട്ടുള്ളത്? കഴിഞ്ഞ കൊല്ലമല്ലേ ആ മങ്കര വര്‍ഗീസിന് അതുപോലൊരു പട്ടം കൊടുത്തത്? അയാള്‍ എന്നാ ചെരച്ചിട്ടാ അത് കിട്ടിയത്? ....അതിയാന്റെ പെണ്ണുമ്പിള്ളയുടെ ഇപ്പോഴത്തെ ഒരു ജാഡ കണ്ടാല്‍ കെട്ടിയോന് ഏതാണ്ട് പത്മശ്രീ കിട്ടിയതുപോലുണ്ട്. വര്‍ഗീസിനെക്കാളും നാട്ടിലും സംഘടനയിലും മാന്യത അച്ചായനാണല്ലോ; ഇച്ചിരെ പഠിപ്പും വിവരോം കുറവുണ്ടെന്നല്ലേയുള്ളൂ? അച്ചായന്‍ ഷെവലിയര്‍ ആയാല്‍ അവളുടെ തലക്കനം അതോടെ തീരും.'' ഒരു അശ്ലീലവാക്ക് കൂട്ടിച്ചേര്‍ത്താണ് ലൂസി തന്റെ ആശയം ഭര്‍ത്താവിന്റെ മുമ്പില്‍ അവതരിപ്പിച്ചത്.

ലൂസി പറയുന്നതില്‍ കാര്യമുണ്ടെന്ന് കുഞ്ചെറിയയ്ക്കും തോന്നി. ഇത്രകാലവും അവളൊരു മരമണ്ടിയാണെന്ന് കരുതിയിരുന്ന തന്റെ ബുദ്ധിശൂന്യതയെ അയാള്‍ മനസില്‍ കുറ്റപ്പെടുത്തി. ഇതാണ് ബുദ്ധി! "പെണ്‍ബുദ്ധി പിന്‍ബുദ്ധി' എന്ന് പറഞ്ഞവനെ കുഞ്ചെറിയ ശപിച്ചു. "ഷെവലിയര്‍ കുഞ്ചെറിയ'-- ആ പേരിലെ സൗന്ദര്യം എത്ര നുണഞ്ഞിട്ടും അയാള്‍ക്ക് മതിയായില്ല.

പിന്നെയുള്ള അവരുടെ കരുനീക്കങ്ങള്‍ പെട്ടെന്നായിരുന്നു. അച്ചനെയും കൊച്ചമ്മയെയും പലവട്ടം വീട്ടിലേക്ക് വിളിച്ചുവരുത്തി സല്‍ക്കരിച്ചു. അവരുടെ കുട്ടികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കി. പള്ളിക്കമ്മറ്റിക്കാരില്‍ മെരുക്കേണ്ടവരെ മെരുക്കി; ഒതുക്കേണ്ടവരെ ഒതുക്കി; വഴങ്ങാത്തവരെ വീഴിക്കാന്‍ അവരുടെ വീട്ടുവഴക്കുകളും കുടുംബരഹസ്യങ്ങളും പരസ്യമാക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവില്‍ അച്ചന്റെ നിര്‍ദ്ദേശാനുസരണം തിരുമേനിയ്ക്കയക്കാന്‍ പള്ളിക്കമ്മറ്റിക്കാരെക്കൊണ്ട് നല്ലൊരു ശിപാര്‍ശക്കത്തും തയ്യാറാക്കിച്ചു. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഇടവകയുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ നന്മക്കുമായി കുഞ്ചെറിയ ചെയ്തുകൂട്ടിയ സല്‍പ്രവൃത്തികളുടെ നീണ്ടൊരു പട്ടിക അതിലുള്‍ക്കൊള്ളിച്ചിരുന്നു. പള്ളിക്ക് സ്വന്തമായി കെട്ടിടം വാങ്ങാനും പാവപ്പെട്ട കുട്ടികള്‍ക്കുള്ള കോളജ് വിദ്യാഭ്യാസ സഹായത്തിനുമായി കുഞ്ചെറിയ ചിലവഴിച്ച ആയിരക്കണക്കിന് ഡോളറുകളെപ്പറ്റി പരാമര്‍ശിച്ച ഭാഗം ഹൈലൈറ്റര്‍കൊണ്ട് പ്രത്യേകം നിറം പിടിപ്പിച്ചിരുന്നു. "വര്‍ഷങ്ങളോളം സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു' എന്നത് ലൂസിയുടെ ആവശ്യപ്രകാരമാണ് കൂട്ടിച്ചേര്‍ത്തത്. അസത്യമെഴുതുന്നതില്‍ അച്ചന് മടിയുണ്ടായിരുന്നെങ്കിലും നല്ലൊരു കാര്യത്തിനുവേണ്ടി ദോഷമില്ലാത്തൊരു നുണയെഴുതുന്നതില്‍ കുഴപ്പമില്ലെന്ന് കൊച്ചമ്മ പറഞ്ഞപ്പോള്‍ നിരുപദ്രവകാരിയായ ആ പുരോഹിതന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

നാട്ടില്‍, അരമനയിലെ പ്രമാണിമാര്‍  കത്ത് വായിച്ചിട്ട് അമ്പരന്നു. അമേരിക്കയില്‍ ഇത്രയും നല്ലൊരു നന്മമരമുണ്ടല്ലോയെന്നതായിരുന്നു അല്‍മായപ്രമുഖരുടെ ആശ്ചര്യം. എന്തുകൊണ്ട് ഇത്ര സല്‍ഗുണസമ്പന്നനായ മനുഷ്യന് ഷെവലിയര്‍ പദവി മുമ്പേ കൊടുക്കാന്‍ തങ്ങള്‍ക്ക് തോന്നിയില്ല എന്നോര്‍ത്ത് അവര്‍ക്ക് കുറ്റബോധം തോന്നി. ""ഈ പദവി നമ്മള്‍ അങ്ങേര്‍ക്ക് കൊടുക്കുന്നതുവഴി അദ്ദേഹമല്ല, ഷെവലിയര്‍ എന്ന പദവിയാണ് അംഗീകരിക്കപ്പെടുന്നത്'' എന്ന് തിരുമേനിയുടെ സെക്രട്ടറി ഫോണില്‍ വിളിച്ച്  അച്ചനോട് പറഞ്ഞത് കൊച്ചമ്മ ലൂസിയുടെ ചെവിയിലെത്തിക്കുവാന്‍ ഏതാനും സെക്കന്റുകളുടെ താമസമേ വേണ്ടിവന്നുള്ളൂ. അതോടെ കുരുവിപ്പറമ്പില്‍ കുടുംബത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്രിസ്തുമസിന് തിരുമേനി വരുമ്പോള്‍ ഒരു ബെന്‍സ് കാര്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയാലോ എന്ന് ഒരാവേശത്തിന് കുഞ്ചെറിയ പറഞ്ഞെങ്കിലും, അത്രയ്ക്കങ്ങ് പോകേണ്ടായെന്ന് ലൂസിയിലെ വീട്ടമ്മ വിലക്കി. അതിന്റെ കേട് തീര്‍ക്കാന്‍ നാലുകൊല്ലമെങ്കിലും താന്‍ ഓവര്‍ടൈം ചെയ്യേണ്ടിവരുമെന്ന് അവള്‍ക്കറിയാമായിരുന്നു.

ക്രിസ്തുമസ് ആഗതമാവാന്‍ ആട്ടിടയന്മാരേക്കാള്‍ ആവേശത്തോടെ കുഞ്ചെറിയ കാത്തിരുന്നു. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലെല്ലാം ആയിരക്കണക്കിന് ജനങ്ങളുടെ മുമ്പില്‍ ഷെവലിയര്‍ സ്ഥാനം തിരുമേനി  തനിക്ക് കല്‍പ്പിച്ചുനല്‍കുന്ന രംഗം നിറഞ്ഞു നിന്നു. "ഷെവലിയര്‍ കുഞ്ചെറിയ!!...' അതിന്റെ "ഗും'ഒന്നു വേറെതന്നെ. മറ്റേത് പദവിയേക്കാളും തിളക്കവും ബഹുമാന്യതയും അതിനുണ്ട്. ദിവസങ്ങള്‍ നീങ്ങുന്നത് മന്ദഗതിയിലാണല്ലോയെന്നയാള്‍ക്ക് തോന്നിത്തുടങ്ങി. ക്രിസ്തുമസിന് ശേഷം പ്രവാസിമലയാളികളുടെയിടയിലുണ്ടാകാന്‍ പോകുന്ന തന്റെ സ്ഥാനത്തെക്കുറിച്ച് കുഞ്ചെറിയ ഒരുപാട് ചിന്തിച്ചുകൂട്ടി. സ്ഥാനാരോഹണം കഴിഞ്ഞാല്‍ ഉടനെതന്നെ നാട്ടില്‍ പോകണം; പറ്റുമെങ്കില്‍ പിറവം പൗരാവലിയുടെ ഒരു സ്വീകരണവും സംഘടിപ്പിക്കണം... മധുരസ്വപ്നങ്ങള്‍ കുറച്ചൊന്നുമല്ല കുഞ്ചെറിയയുടെ തരളിത മനസ് നെയ്തുകൂട്ടിയത്.

സംഗതികളങ്ങനെ പുരോഗമിക്കുന്നതിനിടയില്‍ സംഭവിച്ച അടിയൊഴുക്കുകളും അസൂയക്കാരുടെ പ്രവര്‍ത്തനങ്ങളും പക്ഷേ, "സ്വപ്നലോകത്തെ ആ ബാലഭാസ്കരന്‍' അറിഞ്ഞിരുന്നില്ല. വിവരം മണത്തറിഞ്ഞ പള്ളിക്കമ്മറ്റിയിലെ ഒരു ശത്രു അരമനയില്‍ വിളിച്ച് അച്ചന്റെ ശിപാര്‍ശക്കത്തിലെ പൊള്ളത്തരങ്ങളും അതിശയോക്തികളും അവരെ ബോധ്യപ്പെടുത്തിയതോടെ കാര്യങ്ങള്‍ കലങ്ങിമറിയുകയായിരുന്നു. പുലര്‍ച്ചെ തിരുമേനി നേരിട്ട് വിളിച്ചാണ് അച്ചനെ ശകാരിച്ചത്. ക്രിസ്തുമസ്സിന് താനവിടെ വരുന്നതിന് മുമ്പ് പുതിയൊരു ഇടയന്‍ അവിടെ ചുമതലയേല്‍ക്കുന്ന വിവരം അദ്ദേഹം  തന്നെ അച്ചനെ അറിയിച്ചു. സ്ഥലംമാറ്റ വിവരവും ദു:ഖവാര്‍ത്തയും കൊച്ചമ്മയില്‍നിന്നും അപ്പോള്‍ തന്നെ  കേട്ടറിഞ്ഞ ലൂസി ഫോണ്‍ കട്ടാക്കി ഭര്‍ത്താവിനെ തേടി കിടപ്പുമുറിയില്‍ ചെല്ലുമ്പോഴും കിനാവിന്റെ ലോകത്തായിരുന്നു കുഞ്ചെറിയ.  അറുപത്തഞ്ചാം വയസ്സിലും ഉറക്കത്തില്‍ ഒരു കുഞ്ഞിന്റെ മുഖത്തെന്നപോലെ വിരിഞ്ഞുനിന്ന ആ മന്ദഹാസം  കണ്ടപ്പോള്‍ ലൂസിക്ക് ഭര്‍ത്താവിനെ ഉണര്‍ത്താന്‍ തോന്നിയില്ല. പ്രാര്‍ത്ഥനാമുറിയില്‍ ചെന്ന് മുട്ടിന്മേല്‍ നിന്ന് അവള്‍ മൗനമായി പ്രാര്‍ത്ഥിച്ചു: ""വിശുദ്ധ രാജാക്കന്മാരേ, എന്റെ ഭര്‍ത്താവിനെ കാത്തോളണമേ!!''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക