Image

മലയാളത്തിലെ പുതുനായകന്‍മാര്‍

Published on 05 June, 2012
മലയാളത്തിലെ പുതുനായകന്‍മാര്‍
മലയാള സിനിമയില്‍ പുതുമുഖ താരങ്ങളുടെ വിജയങ്ങളാണിപ്പോള്‍ ഏറെ തിളങ്ങിനില്‍ക്കുന്നത്‌. ഫഹദ്‌ ഫാസില്‍, ദുള്‍ക്കര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍, ആസിഫ്‌ അലി തുടങ്ങിയവരാണ്‌ പുതിയതായി താരത്തിളക്കം ഉറപ്പിക്കുവാന്‍ മലയാള സിനിമയിലേക്ക്‌ കടന്നു വന്നിരിക്കുന്നത്‌. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ ഗോപി, ജയറാം, ദിലീപ്‌ തുടങ്ങിയവര്‍ സിനിമയെ നിയന്ത്രിച്ചിരുന്ന ഒരു കാലത്തിനു ശേഷം ഉയര്‍ന്നു വന്നവരാണ്‌ പൃഥ്വിരാജ്‌, ഇന്ദ്രജിത്ത്‌, ജയസൂര്യ, നരേന്‍ തുടങ്ങിയവര്‍. ഇവര്‍ ഏതാണ്ട്‌ ഒരേ കാലഘട്ടത്തില്‍ അതായത്‌ രണ്ടായിരത്തിന്റെ തുടക്കത്തില്‍ മലയാള സിനിമയിലേക്ക്‌ കടന്നു വരുകയും പിന്നീട്‌ സ്വന്തമായി തീയേറ്റര്‍ വാല്യുവുള്ള നായകന്‍മാരായി മാറുകയും ചെയ്‌തു. ഇതില്‍ പൃഥ്വിരാജ്‌ ഒരു സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ കടന്നു വരുകയും ചെയ്‌തു.

എന്നാല്‍ ഇവര്‍ക്ക്‌ ശേഷം പലപ്പോഴായി പുതുമുഖ നായകന്‍മാര്‍ പല സിനിമകളിലായി അവതരിപ്പിക്കപ്പെട്ടുവെങ്കിലും ആരും ഒരു നായകന്‍ എന്ന നിലയിലേക്ക്‌ ഉയര്‍ന്നു വന്നില്ല. അതുകൊണ്ടു തന്നെ തീയേറ്റര്‍ വാല്യുവുള്ള ന്യൂജനറേഷന്‍ നായകന്‍മാര്‍ മലയാള സിനിമക്ക്‌ തീരെ അന്യമായി നിന്നു. ഇവിടേക്കാണ്‌ ഇപ്പോള്‍ ഫഹദ്‌ ഫാസിലും, ആസിഫ്‌ അലിയും, ദുള്‍ക്കല്‍ സല്‍മാനും, ഉണ്ണി മുകുന്ദനും കടന്നു വന്നിരിക്കുന്നത്‌. ഹീറോ ഇമേജുമായി ഈ ചെറുപ്പക്കാര്‍ എത്തുന്നത്‌ അടുത്തകാലത്താണ്‌. ഇവര്‍ക്കൊപ്പം തുടങ്ങിയ മറ്റു പല താരങ്ങളും മലയാള സിനിമയിലെ മത്സരത്തിനിടയില്‍ താഴേക്ക്‌ പോയപ്പോള്‍ ഇവര്‍ പിടിച്ചു നിന്നു.

ഫാസിലിന്റെ മകന്‍ ഫഹദ്‌ ഫാസില്‍ ഒരിക്കല്‍ മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തി വമ്പന്‍ പരാജയവുമായി തിരിച്ചു മടങ്ങിയതാണ്‌. 2002ലായിരുന്നു അത്‌. ഫാസില്‍ തന്നെ സംവിധാനം ചെയ്‌ത കയ്യൈത്തും ദൂരത്ത്‌ എന്ന സിനിമയിലൂടെ. വമ്പന്‍ പബ്ലിസിറ്റിയും മമ്മൂട്ടിയുടെ ഗസ്റ്റ്‌ റോളുമെക്കെയായി റിലീസ്‌ ചെയ്‌ത ചിത്രം പക്ഷെ തീയേറ്ററില്‍ ദയനീയമായി പരാജയപ്പെട്ടു. അതോടെ ഫഹദും സിനിമ ഉപേക്ഷിച്ചു. എട്ടുവര്‍ഷത്തിനു ശേഷമാണ്‌ ഫഹദ്‌ ഫാസില്‍ മലയാള സിനിമയിലേക്ക്‌ തിരിച്ചു വരുന്നത്‌. തിരിച്ചു വരവില്‍ കേരളാ കഫേയിലെ മൃതുഞ്‌ജയം എന്ന ലഘുചിത്രം. പിന്നീട്‌ പ്രമാണി, കോക്‌ടെയില്‍ എന്നീ സിനിമകളില്‍ ചെറിയ റോളുകള്‍. ആദ്യ സിനിമയിലേത്‌ പോലെ വലിയൊരു ഹൈജംപിന്‌ ഇത്തവണ ഫഹദ്‌ ഫാസില്‍ ശ്രമിച്ചതേയില്ല. എന്നാല്‍ ഫഹദ്‌ ഫാസിലിലെ ന്യൂജനറേഷന്‍ നായകനെ കോക്‌ടെയില്‍ എന്ന സിനിമയിലെ ചെറിയ വേഷം കൊണ്ടു തന്നെ ആളുകള്‍ തിരിച്ചറിഞ്ഞു. പിന്നീട്‌ ചാപ്പാകുരിശ്‌ എന്ന ചിത്രം ഫഹദിന്‌ ഒരു ഹീറോ ഇമേജ്‌ നല്‍കി. നെഗറ്റീവ്‌ ഷെയ്‌ഡുകളുള ചാപ്പാകുരിശിലെ കഥാപാത്രം ഒരു നടന്‍ എന്ന നിലയിലും ഫഹദിനെ ശ്രദ്ധേയനാക്കി. പിന്നീട്‌ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ കേരളത്തിലെ മള്‍ട്ടിപ്ലക്‌സ്‌ സിനിമയുടെ പുത്തന്‍ താരോദയം എന്ന ലേബല്‍ നേടിയെടുക്കാന്‍ ഫഹദിന്‌ സാധിച്ചു.

യുവനായകന്‍മാര്‍ക്കിടയില്‍ ഫഹദിനെ വേറിട്ടു നിര്‍ത്തുന്നതും ഈ മെട്രോ ഇമേജ്‌ തന്നെയാണ്‌. ബോളിവുഡില്‍ അഭയ്‌ ഡിയോളും ഫര്‍ഹാന്‍ അക്തറുമൊക്കെ സമ്മാനിക്കുന്ന ഒരു ന്യൂജനറേഷന്‍ സ്റ്റൈല്‍ ഫഹദിന്റെ അഭിനയത്തിലുമുണ്ടെന്നത്‌ സംവിധായകര്‍ തിരിച്ചറിഞ്ഞതോടെ ഫഹദിന്‌ അവസരങ്ങള്‍ ഏറി വന്നു. ലാല്‍ജോസിന്റെ ഡയമണ്ട്‌ നെക്‌ലൈസ്‌ എന്ന സിനിമ കൂടി വന്നതോടെ ഫഹദ്‌ തന്റെ താരസിംഹാസനം ഉറപ്പിക്കുക തന്നെയായിരുന്നു.

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ തന്നെയാണ്‌ ദുള്‍ക്കല്‍ സല്‍മാനെ സിനിമയിലെത്തിച്ചത്‌. മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ഏറെക്കാലമായി പലരും ദുള്‍ക്കറിനെ സിനിമയിലേക്ക്‌ ക്ഷണിക്കുന്നുണ്ടായിരുന്നു. ശ്യാമപ്രസാദ്‌ തന്റെ ഋതു എന്ന സിനിമയില്‍ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നത്‌ ദുള്‍ക്കര്‍ സല്‍മാനെയായിരുന്നു. എന്നാല്‍ അന്നൊന്നും ദുള്‍ക്കറിന്‌ സിനിമയോട്‌ ഒരു താത്‌പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട്‌ മുംബൈയിലെ പ്രശസ്‌ത ആക്‌ടിംഗ്‌ സ്‌കൂളില്‍ നിന്ന്‌ അഭിനയകല പഠിക്കുവാനായി ദുള്‍ക്കര്‍ പോയി. പിന്നീട്‌ തിരിച്ചെത്തുന്നത്‌ ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത സെക്കന്റ്‌ ഷോ എന്ന ചിത്രത്തില്‍ നായകനായി. സൂപ്പര്‍താരത്തിന്റെ മകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റമൊന്നും മകന്‌ വേണ്ട എന്നായിരുന്നത്രേ മമ്മൂട്ടിയുടെ തീരുമാനം. അതുകൊണ്ടു അണിയറയില്‍ പുതുമുഖങ്ങള്‍ നിരന്ന സിനിമയിലായിരുന്ന ദുള്‍ക്കറിന്റെ തുടക്കം. അണിയറയില്‍ മാത്രമല്ല ദുള്‍ക്കറിനൊപ്പം അഭിനയിച്ചവരും ഏറിയ പങ്കും പുതുമുഖങ്ങള്‍. എന്നാല്‍ സൂപ്പര്‍ഹിറ്റ്‌ ചിത്രമായി സെക്കന്റ്‌ഷോയെ കേരളം സ്വീകരിച്ചു. മമ്മൂട്ടിയുടെ മകന്‍ അടുത്ത സൂപ്പര്‍താരം തന്നെയെന്ന്‌ മാധ്യമങ്ങളും പറഞ്ഞു. മലയാള സിനിമയില്‍ ആദ്യ ചിത്രം കൊണ്ടു തന്നെ സാറ്റ്‌ലൈറ്റ്‌ വാല്യു നേടിയെടുത്ത താരം കൂടിയാണ്‌ ദുള്‍ക്കല്‍ സല്‍മാന്‍. എന്തായാലും പ്രേക്ഷകരും വിമര്‍ശകരും എല്ലാം കാത്തിരിക്കുന്നത്‌ ദുള്‍ക്കറിന്റെ രണ്ടാമത്തെ ചിത്രമായ ഉസ്‌താദ്‌ ഹോട്ടലിന്റെ റിലീസിനായിട്ടാണ്‌. ചിത്രം അടുത്തു തന്നെ തീയേറ്ററുകളിലെത്തും.

ഫഹദ്‌ ഫാസിലും ദുള്‍ക്കല്‍ സല്‍മാനും കുടുംബപരമായി തന്നെ സിനിമയുമായി ബന്ധമുള്ളവരാണെങ്കില്‍ ആസിഫ്‌ അലി ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തനാണ്‌. സിനിമയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല ആസിഫ്‌ അലിക്ക്‌. തൊടുപുഴയിലെ ഒരു യാഥാര്‍സ്ഥിക കുടുംബത്തില്‍ നിന്നും എത്തിയ ആസിഫ്‌ അലി ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെയാണ്‌ പ്രേക്ഷകരിലേക്കെത്തുന്നത്‌. ഋതുവിലൂടെ തുടങ്ങിയ ആസിഫ്‌ പിന്നീട്‌ സഹനടന്റ റോളുകളും പലപ്പോഴും ചെയ്‌തു. ട്രാഫിക്കിലെ രാജീവ്‌ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക്‌ ഏറെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. പിന്നീട്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിലെ മനുരാഘവ്‌ എന്ന കഥാപാത്രം കൂടി എത്തിയതോടെ സ്വന്തമായി ഇന്‍ഷ്യലുള്ള നായകന്‍ എന്ന നിലയിലേക്ക്‌ ആസിഫ്‌ അലി വളര്‍ന്നു. ബാച്ചിലര്‍ പാര്‍ട്ടി, ഹസ്‌ബന്റ്‌സ്‌ ഇന്‍ ഗോവ, കൗബോയ്‌, ജവാന്‍ ഓഫ്‌ വെള്ളിമല, ഒഴിമുറി തുടങ്ങി ഒരു നിര ചിത്രങ്ങളിലെ പ്രധാന താരമാണ്‌ ഇപ്പോള്‍ ആസിഫ്‌ അലി. യുവതാരങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്‍ഷ്യന്‍ കളക്ഷന്‍ ലഭിക്കുന്നതും ആസിഫ്‌ അലിക്ക്‌ തന്നെയെന്ന്‌ ഇപ്പോള്‍ സിനിമാ ലോകം വിലയിരുത്തുന്നു.

നായകനാകുന്ന ആദ്യ ചിത്രം റിലീസിനെത്തും മുമ്പു തന്നെ ഒരു ഹീറോ ഇമേജ്‌ ലഭിച്ച യുവതാരമാണ്‌ ഉണ്ണിമുകുന്ദന്‍. മല്ലുസിംഗ്‌ എന്ന ചിത്രം ഉണ്ണിമുകുന്ദനെ മലയാള സിനിമയിലെ ഏറ്റവും പുതിയ നായകനാക്കി മാറ്റിയിരിക്കുന്നു. സ്വീഡന്‍ എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ ഉണ്ണി ആദ്യമായി സിനിമയിലെത്തുന്നത്‌. ബോംബെമാര്‍ച്ച്‌ 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അഭിനയിച്ചു. പിന്നീട്‌ ബാങ്കോക്ക്‌ സമ്മര്‍ എന്ന ചിത്രം. തുടര്‍ന്നാണ്‌ മല്ലുസിംഗ്‌ എന്ന ബിഗ്‌ബജറ്റ്‌ ചിത്രം ഉണ്ണിമുകുന്ദനെ തേടി അപ്രതീക്ഷിതമായി എത്തുന്നത്‌. പൃഥ്വിരാജിനെ തീരുമാനിച്ചിരുന്ന ഈ വേഷത്തില്‍ നിന്നും പൃഥ്വി പിന്‍മാറിയതോടെയാണ്‌ ഉണ്ണിമുകുന്ദന്‌ നറുക്ക്‌ വീഴുന്നത്‌. ഒരു നായകന്‌ ഇണങ്ങുന്ന വിധത്തില്‍ ഡാന്‍സും, ഫൈറ്റുമെല്ലാം തനിക്ക്‌ വഴങ്ങുമെന്ന്‌ മല്ലുസിംഗില്‍ തന്നെ ഉണ്ണി തെളിയിച്ചു. ഇപ്പോള്‍ നലോളം സിനിമകളില്‍ നായകനായി അഭിനയിക്കാന്‍ തയാറെടുക്കുകയാണ്‌ ഉണ്ണിമുകുന്ദന്‍.

മലയാള സിനിമ ഒരു ന്യൂജനറേഷന്‍ സങ്കല്‌പത്തിലേക്ക്‌ കടന്നു കയറിയിരിക്കുമ്പോഴാണ്‌ ഈ പുതിയ താരങ്ങള്‍ കടന്നുവന്നിരിക്കുന്നത്‌ എന്നതാണ്‌ ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌. മലയാള സിനിമ സൂപ്പര്‍സ്റ്റാര്‍ ഇമേജുകളെ തിരസ്‌കരിക്കുകയും കഥയും കാമ്പുമുള്ള സിനിമകളെ തിരഞ്ഞെടുക്കയും ചെയ്യുന്നതാണ്‌ സമീപകാല യാഥാര്‍ഥ്യം. തുടര്‍ച്ചയായി അരഡസനോളം സിനിമകള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന സൂപ്പര്‍താരങ്ങള്‍ മലയാളത്തില്‍ ഒരു വിജയത്തിനായി കാത്തിരിക്കുമ്പോള്‍ ഫഹദ്‌ ഫാസില്‍ തിളങ്ങുന്ന അഭിനയവും വ്യത്യസ്‌തമായ കഥാപാത്രങ്ങളും കൊണ്ട്‌ വിജയങ്ങള്‍ നേടുന്നു.

ഇമേജുകളില്ലാതെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതാണ്‌ ഇവിടെ ഈ പുതുമുഖ നായകന്‍മാരെ ശ്രദ്ധേയമാക്കുന്നത്‌. അമ്പതുപേരെ ഇടിച്ചിടുന്ന, സര്‍വ്വകലാവല്ലഭനായ നായകന്‍മാരെ ഇവര്‍ പരമാവധി ഒഴിവാക്കി നിര്‍ത്തുന്നു. ഫഹദ്‌ ഫാസില്‍ തന്നെ കഷണ്ടികയറിയ തല വിഗ്‌ വെച്ച്‌ മറക്കാതെ സ്‌ക്രിനിലേക്ക്‌ എത്തുമ്പോള്‍ ഒരു തങ്ങളുടെ നായകനില്‍ ഒരു റിയാലിറ്റി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നു എന്നതാണ്‌ സത്യം. പുതു തലമുറ നായകന്‍മാരെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതിനു പിന്നില്‍ ഇങ്ങനെ യഥാര്‍ഥ്യബോധമുള്ള കഥകളുടെയും സിനിമകളുടെയും പിന്‍ബലമുണ്ട്‌. അതുകൊണ്ടു തന്നെ മാറുന്ന മലയാള സിനിമയില്‍ ഇവര്‍ വീണ്ടും ഉയരങ്ങളിലെത്തട്ടെ എന്ന്‌ പ്രതീക്ഷിക്കാം.
മലയാളത്തിലെ പുതുനായകന്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക