Image

സാറാമ്മയുടെയും കേശവൻ നായരുടെയും കഥ (ഷാജു ജോൺ)

Published on 27 September, 2020
സാറാമ്മയുടെയും കേശവൻ നായരുടെയും കഥ (ഷാജു ജോൺ)
എയർ കണ്ടീഷനറിന്റെ മൂളൽ സുഖതാളമാക്കിയ , അതിരാവിലെ ഉള്ള   മയക്കത്തിന്റെ ആലസ്യത്തിൽ, ജോർജൂട്ടി തന്റെ  ഇൻഷുറൻസ് കമ്പനിയുടെ ഭാവിയെ പറ്റി  ആലോചിച്ചുകൊണ്ടിരുന്നു. കൊറോണ പ്രത്യക്ഷപ്പെട്ട നാളുകൾ മുതൽ ബിസിനസിന്റെ ഗ്രാഫ്  താഴോട്ടാണ്. എങ്ങനെ ആ സൂചിക മുകളിലേക്ക് ഉയർത്താം എന്ന ചിന്തകൾക്കിടയിലാണ്  ജോലിക്കു പോകാൻ നീലയൂണിഫോമിലേക്കു കയറാൻ ശ്രമിക്കുന്ന ഭാര്യ ആൻസിയുടെ  വാക്കുകൾ ചെവിയിൽ പതിഞ്ഞത് .

  " ജോറാച്ചാ   , സാറാമ്മയെ നോക്കിക്കോണേ ..."  ആലോചനയുടെ തള്ളിക്കയറ്റം കൊണ്ടായിരിക്കണം  ആൻസി പറഞ്ഞത് ജോർജൂട്ടി അത്ര ശ്രദ്ധിച്ചില്ല.

"ജോറാച്ചാ ഞാൻ പറേണത്‌  കേക്കണൊണ്ടോ  ?..ഒന്നെഴുന്നേൽക്ക്  മനുഷ്യ ..വെറുതെ ദിവാസ്വപ്നം കണ്ടു കിടക്കാതെ  രാവിലെ  അല്പം എക്സർസൈസ് ‌ എങ്കിലും ചെയ്യ് ,  ഈ മാവേലി വയറെങ്കിലും  കുറയട്ടെ ..", തന്റെ ഉറക്കം കളയാൻ വേണ്ടി മനഃപൂർവം ആണ്  ഭാര്യ ഇങ്ങനെ കലപില വർത്തമാനം പറയുന്നത് എന്ന് ജോർജൂട്ടിക്കറിയാം  .

"ആരെ നോക്കണോന്നാ  നീ പറഞ്ഞേ ..?"  താൻ ഉണർന്നു എന്നറിയിക്കാൻ വേണ്ടി ജോർജൂട്ടി കട്ടിലിൽ തിരിഞ്ഞു കിടക്കുന്നതിനിടയിൽ  ചോദിച്ചു. 

"  സാറാമ്മയെ ..  .....",  ഭാര്യയുടെ നീട്ടി മൂളിയുള്ള 'സാറാമ്മ' എന്ന ഉച്ചാരണത്തിലെ ഓമനത്തം  ജോർജൂട്ടി  പ്രത്യേകം  ശ്രദ്ധിച്ചു .

"ഓ ....അത്രയേ ഒള്ളോ.......  ',  അയാൾ വീണ്ടു മയക്കത്തിലേക്ക് പോകാനുള്ള ശ്രമമെന്നോണം പറഞ്ഞു. .  

"നിങ്ങള്  നിസാരായിട്ട്  എടുക്കണ എന്നാ .....? കാര്യങ്ങളറിയാല്ലോലേ ..ഇനി  പറ്റരുത് " , മേക്കപ്പിന്റെ  അവസാനത്തെ മിനുക്കുപണിയായ റോസ് പൌഡർ മുഖത്ത്  പൂശുന്നതിനിടയിൽ ആൻസി  വീണ്ടും പറഞ്ഞു .

ഭാര്യ പറഞ്ഞത്  ശ്രദ്ധിച്ചില്ല എന്ന ഭാവത്തിൽ  അയാൾ വീണ്ടും തിരിഞ്ഞു കിടന്ന് ഇൻഷുറൻസ് കമ്പനിയുടെ പച്ചപ്പിനെ പറ്റി തന്നെ  ആലോചിച്ചു കൊണ്ടിരുന്നു. .

'യൂ ടി സൗത്ത് വെസ്റ്റേൺ ' എന്നെഴുതിയ നേഴ്സിങ് ബാഡ്ജ് യൂണിഫോമിൽ കുത്തി ആൻസി ഭർത്താവിനോടുള്ള ഗർവ്, മയമില്ലാത്ത ഒരു  ചുമയാക്കി മാറ്റി  ബെഡ്‌റൂമിൽ നിന്ന് പോയി . ജോലിക്കു കൊണ്ടുപോകുന്ന ബാഗുമെടുത്ത്  കാറിൽ കയറാൻ തുടങ്ങവേ സാറാമ്മയുടെ ശബ്ദം കേട്ടു  "ങ്യാവൂ...ങ്യാവൂ ...". 

"നീ വിഷമിക്കണ്ടാട്ടോടി ..നിന്നെ കാര്യമായിട്ട് നോക്കണോന്ന് തന്നെ  ജോറാച്ചായനോട്  പറഞ്ഞിട്ടുണ്ട്..." . അതിനും മറുപടിയായി 'ങ്യാവൂ' എന്ന്  മൂളിയെങ്കിലും, കാറ്  സ്റ്റാർട്ട് ചെയ്ത  ശബ്ദത്തിൽ അത് മുങ്ങിപ്പോയി .

 സാറാമ്മയുടെ കഥ തുടങ്ങുന്നത് കഴിഞ്ഞ ജനുവരിയുടെ തുടക്കത്തിൽ ആണ് . തണുത്തു മരവിച്ച .ഒരു പ്രഭാതത്തിൽ  എവിടെ നിന്നോ ഓടി കയറി വന്ന ഒരു പൂച്ചകുട്ടി .....  ...ഓമനത്തം തുളുമ്പുന്ന, പെണ്ണഴകു നിറഞ്ഞ, ചാര നിറമുള്ള   സുന്ദരി . തണുപ്പിൽ നിന്ന് കുറച്ചെങ്കിലും രക്ഷ നേടാൻ വീടിന്റെ  മുൻവശത്തെ വാതിൽ പടി യിൽ  ചേർന്ന് കിടന്നിരുന്ന അവളെ  ആദ്യം കണ്ടത് മകൾ പൊന്നു ആയിരുന്നു .

" മാം ദേർ ഈസ് എ   ക്യാറ്റ് .....ഓ ഇറ്റ് ഈസ് സൊ   ക്യൂട്ട് ....  ?" എന്തിനോ വേണ്ടി മുൻവാതിൽ തുറന്ന പൊന്നു, അവിടെ  ചുരുണ്ടുകൂടി കിടന്നിരുന്ന  പൂച്ചകുട്ടിയിലേക്കു  കൈ ചൂണ്ടി പറഞ്ഞു .

കൂടുതലൊന്നും  ചിന്തിക്കാതെ  അമ്മയും മകളും കൂടി  പൂച്ചകുട്ടിയെ  വാരിയെടുത്ത്  താലോലിച്ചു അകത്തു കൊണ്ടുവരുന്നതിനിടയിൽ ആൻസി പറയുന്നുണ്ടായിരുന്നു, " പൂച്ച കേറി  വന്നാൽ ഭാഗ്യണ്.......  .
.വെച്ചടി വെച്ചടി കേറ്റായിരിക്കും   "

ജോർജൂട്ടി വെറുതെ ചിരിച്ചു  " ഉം .... വെച്ചടി വെച്ചടി കേറ്റം  ..."

പെട്ടെന്നാണ്  ജോർജൂട്ടിയുടെ ഫോൺ ശബ്ദിച്ചത് . അങ്ങേ തലക്കൽ ഡാളസിലെ പ്രമുഖ മലയാളി മാർബിൾ വ്യവസായി രവി പിള്ള  ആയിരുന്നു, "എടോ ...ജോർജൂട്ടി .താൻ ഇ മെയിൽ ചെയ്ത  ആ ക്വോട്ട് വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു .ഈ വർഷത്തെ  കമ്പനിയുടെ ലയബിളിറ്റി ഇൻഷുറൻസ് ഇയാൾക്ക്  തന്നെ തരാം. ചൈനയിൽ 'കൊറോണ' എന്ന ഏതോ ഒരു രോഗം  പൊട്ടിപുറപ്പെട്ടിട്ടുണ്ടെന്നു  കേട്ടു ..നമ്മുടെ ഷിപ്മെന്റിന്റെ കാര്യത്തിൽ ഇത്തിരി ടെൻഷൻ ആണ് ...അതുകൊണ്ടു    ട്വന്റി ഫൈവ് മില്യന്റെ ലയബിളിറ്റി തന്നെ ആയിക്കോട്ടെ  "

ജോർജൂട്ടി ആകെ കോരിത്തരിച്ചു പോയി. പൂച്ചകുട്ടി  കയറി വന്ന .അതികാലത്തു തന്നെ ഇരുപത്തഞ്ചു മില്യന്റെ പോളിസി '
" ഡീ  ആൻസിയെ ..നീ പറഞ്ഞതിലും കുറെ കാര്യമുണ്ടെന്നു തോന്നുന്നു .",  ഉത്സാഹഭരിതനായി അയാൾ സംസാരിച്ചെങ്കിലും 
  അതൊന്നും ശ്രദ്ധിക്കാതെ ആൻസി, കയറി വന്ന പൂച്ചകുട്ടിക്ക്  പാല് കൊടുക്കുന്ന തിരക്കിലായിരുന്നു .

" നല്ല പൂച്ച ..ഇതിനെ അന്വേഷിച്ചു ആരെങ്കിലും വരാതിരുന്നാൽ  മതിയായിരുന്നു " പാല് നക്കി കുടിക്കുന്ന പൂച്ചയെ നോക്കി ആൻസി പറഞ്ഞു 

"ഏതായാലും രണ്ടു ദിവസം കുടി നോക്കാം ... ഇതെവിടെ നിന്ന് വന്നതാണെന്നറിയില്ലല്ലോ, ഏതെങ്കിലും സായിപ്പിന്റെ ആണെങ്കിൽ നമുക്ക് പണിയായിരിക്കും  ..." ഭാഗ്യദേവതയായ പൂച്ചകുട്ടിയെ നോക്കി ജോർജൂട്ടി പറഞ്ഞു 

" ഡാഡി ഐ ഡോണ്ട് ഗിവ് ഹേർ എനിബഡി " പൊന്നു തറപ്പിച്ചു പറഞ്ഞു. അവൾ ആ പൂച്ചകുട്ടിക്ക്  പേരുമിട്ടു "സേറ...."

"ക്യൂട്ട് സേറ...... ക്യൂട്ട് സേറ" എന്ന് വിളിച്ചു പൊന്നു പൂച്ചകുട്ടിയെ  കളിപ്പിക്കാൻ തുടങ്ങി 

'സേറ' എന്ന പേര് , പക്ഷെ  ജോർജൂട്ടിക്കും ആൻസിക്കും അത്ര ഇഷ്ടമായില്ല .അവർ അവളെ 'സാറാമ്മ' എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെ അതിഥി ആയെത്തിയ പൂച്ചക്കുട്ടി,  'സാറാമ്മ' എന്ന പേരിൽ   വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട  അംഗമായി മാറി . ....
 
ഈ  സാറാമ്മയെ നോക്കണമെന്നാണ്  അതിരാവിലെ ജോലിക്കു പോകുന്നതിനു മുൻപ് ഭാര്യ വിളിച്ചുപദേശിക്കുന്നത് .അങ്ങനെ പറയാൻ കാരണമുണ്ട് . അവൾ  വന്ന് രണ്ടുമൂന്നു ആഴ്ചകൾക്കു ശേഷമുള്ള ഒരു സുപ്രഭാതത്തിലാണ് പൂച്ചക്കുട്ടി  എന്ന് കരുതി കൊഞ്ചിച്ചു  വളർത്തിയ  സാറാമ്മ ഗർഭിണിയാണെന്ന് ആൻസിക്ക് മനസിലായത് . 

 "ജോറാച്ചായ   ..ഇവള് ആള് മോശല്ലട്ടോ  ഗർഭിണിയാണ് ..നമുക്ക് ഒരു പെറ്റ് ഡോക്ടറെ  കാണിക്കണം "  ദിവസേന വീർത്തു വരുന്ന സാറാമ്മയുടെ വയറിലേക്കു നോക്കി  ആകാംഷയോടും  ,ഉത്കണ്ഠയോടും കൂടി ആൻസി പറഞ്ഞു ..

ജോർജൂട്ടി ആദ്യം ചിരിച്ചു തള്ളിയെങ്കിലും ,ആൻസി പറഞ്ഞതിൽ കാര്യം ഉണ്ടെന്നു  വാരാന്ത്യങ്ങളിലെ  സൗഹൃദ ഒത്തുകൂടൽ ചർച്ചകളിൽ  ബോധ്യമായി .ജോണി വാക്കർ വിഴുങ്ങുന്നതിനിടയിൽ ജോസ് വടക്കൻ എന്ന മൃഗസ്നേഹി ആണ്  അമേരിക്കയിലെ  'പെറ്റ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വളർത്തു മൃഗങ്ങളുടെ അവകാശത്തെയും സംരക്ഷണത്തെയും  പറ്റി വിശദമായ പ്രഭാഷണം നടത്തിയത്  

" മനുഷ്യരേക്കാൾ വിലയാണെടോ.....................  .എന്തെങ്കിലും സംഭവിച്ചാൽ അകത്തു പോകും" .അങ്ങനെ ജോസ് വടക്കന്റെ  കൂടി ഉപദേശപ്രകരം   സാറാമ്മയെ അനിമൽ ഹോസ്പിറ്റലിൽ കാണിച്ചു. 

 സാറാമ്മയുടെ വയറ്റിൽ അഞ്ചു കുട്ടികളാണെന്നു സ്കാനിംഗ് വെളിപ്പെടുത്തി.  ഒരു ഗർഭിണിയായ പൂച്ചയെ  എങ്ങനെ പരിചരിക്കണം? എന്തോക്കെ ആഹാരങ്ങൾ കൊടുക്കണം ? തുടങ്ങി ഒരു പൂച്ചയുടെ പരിചിതമല്ലാത്ത ജീവിതക്രമങ്ങളെ കുറിച്ച് ,  വളരെ  വിശദമായ സ്റ്റഡി ക്ലാസിനു ശേഷമാണു വെറ്റിനറി ഡോക്ടർ അവരെ പറഞ്ഞു വിട്ടത്.  

അവർ നേരെ പോയത് പെറ്റ് സ്റ്റോറിലേക്കാണ് ..അവിടെ നിന്ന്  സാറാമ്മക്കു ആവശ്യമായ പോഷകാഹാരങ്ങൾ വാങ്ങി മടങ്ങുമ്പോൾ അൻസിയുടെ മുഖത്ത് ആശ്വാസം ഉണ്ടായിരുന്നെങ്കിലും , അഞ്ഞുറു ഡോളറോളം കയ്യിൽ നിന്ന് പോയ വിഷമത്തിൽ ജോർജൂട്ടി, സാറാമ്മയെ  നോക്കി കൊഞ്ഞനം കുത്തികൊണ്ടിരുന്നു . 

 സാറാമ്മയുടെ വയറു വീർത്തുവരുന്നതിനൊപ്പം  അൻസിയുടെ ടെൻഷനും കുടി കൂടി വന്നു  .
"കൊറോണ കാരണം ലീവും കിട്ടുന്നില്ല ..അല്ലെങ്കിൽ സാറാമ്മയുടെ പ്രസവം കഴിയുന്നത് വരെ ലീവ് എടുക്കാരുന്നു " കൊറോണ വാർഡിലെ ഡ്യൂട്ടിയും കഴിഞ്ഞു ഗാരേജിൽ കയറി യൂണിഫോം  ഊരി അവിടെ നിന്ന് എങ്ങും തൊടാതെ വാഷറിലേക്കു ഇടുമ്പോൾ ആൻസി പറയുന്നുണ്ടായിരുന്നു .

"ങ്യാവൂ എന്ന് പറഞ്ഞു സാറാമ്മ അടുത്ത് വന്നെങ്കിലും,ആൻസി അടുപ്പിച്ചില്ല 
"ഞാൻ ഒന്ന് കുളിച്ചിട്ടു വരട്ടെടി ....നിനക്ക് കൊറോണ വന്നാലോ ..." ഗാരേജിൽ തന്നെ വച്ചിരുന്ന കൊറോണ സ്പെഷ്യൽ നൈറ്റി മാറി ഇടുന്നതിനിടയിൽ ആൻസി പറഞ്ഞു 

 ആകാംഷ നിറഞ്ഞ ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു.  .അവസാനം   ഡോക്ടർ പറഞ്ഞ സാറാമ്മയുടെ പ്രസവ ദിവസം എത്തി  .....അവളുടെ ശബ്ദത്തിനു മാറ്റം വന്നു ..ങ്യാവൂ വിളി തീർത്തും ദുർബലമായി .. കാലുകൾ നിലത്തടിച്ചു ഉരുണ്ടുമുരണ്ടു   കട്ടിലിനടിയിൽ  കയറി പലവിധ ശബ്ദങ്ങളുണ്ടാക്കാൻ തുടങ്ങി . .

"മാതാവേ .അവൾക്കു പ്രസവ വേദനായ .....". ആൻസി മാതാവിന്റെ തിരുസ്വരൂപത്തിൽ  ചാർത്തിയിരുന്ന  കൊന്തയെടുത്ത്  മണികൾ ഉരുട്ടാൻ തുടങ്ങി. ഇടയ്ക്കിടെ കട്ടിലിനടിയിലേക്കു നോക്കും ..പിന്നെ കൊന്ത ചൊല്ലും . അങ്ങനെ ഒരു വലിയ നിലവിളിയുടെ അകമ്പടിയോടെ  ആദ്യത്തെ കുഞ്ഞു പുറത്തു വന്നു ...തുടർന്നു മറ്റു നാല് പേരും .. മുഖത്ത് കഥകളി രൂപം വരച്ച പോലെ വെളുത്ത ചുട്ടിയുള്ള അഞ്ചു കറുത്ത പൂച്ചകുഞ്ഞുങ്ങൾ ....... എല്ലാവരും പുറത്തു വന്നതോട് കൂടി ആൻസി കൊന്ത മാതാവിനു തന്നെ തിരികെ കൊടുത്തു! 

രണ്ടാം ദിവസം മുതൽ കുഞ്ഞുങ്ങൾ വീട് മുഴുവൻ ഓടി നടക്കാൻ തുടങ്ങി, അടുക്കളയിലും മുറികളിലും നിറയെ പൂച്ചരോമങ്ങൾ കൊണ്ട് നിറഞ്ഞു . ജോർജൂട്ടിയുടെ ഓഫീസ് മുറിയിലും കംപ്യൂട്ടറിലും എല്ലാം ചാടിക്കയറി കബഡി  കളിക്കാൻ തുടങ്ങി. ഫയലുകളും പേപ്പറുകളും എല്ലാം കുത്തിമറിച്ചിട്ടു,  ജോർജൂട്ടി പുതുതായി വാങ്ങിയ ഷൂസ്  പഴുത്തഴുകിയ കൂഴച്ചക്കയിൽ അണ്ണാൻ കയറിയതുപോലെ അവർ വികൃതമാക്കി.. .

 സഹി കെട്ട് അവസാനം ജോർജൂട്ടി പറഞ്ഞു,  "നമുക്ക് സാറാമ്മയെ മാത്രം മതി ......ഇതുങ്ങളെ  ആർക്കെങ്കിലും കൊടുക്കാം"  

"പൂച്ചകുട്ടികളെ വേണോ ?"  എന്ന ഒറ്റ വാക്ക് പരസ്യം നെയ്‌ബർഹുഡ് വെബ്സൈറ്റിൽ ഇട്ട്   മണിക്കൂറുകൾക്കകം എല്ലാ കുഞ്ഞുങ്ങൾക്കും ആളുകളായി. ഓരോരുത്തരായി വന്നു താങ്ക്സ്  മാത്രം പറഞ്ഞു പൂച്ചകുഞ്ഞുങ്ങളെ എല്ലാം   സന്തോഷത്തോടെ  കൊണ്ടുപോയി . .

അതോടെ സാറാമ്മ തനിച്ചായി.... കുട്ടികളെ കാണാതെ അവൾ ങ്യാവൂ ങ്യാവൂ എന്ന് കരഞ്ഞു കൊണ്ട്  മുറികളിൽ കയറി ഇറങ്ങി നടന്നെങ്കിലും  . കുറച്ചു ദിവസങ്ങൾക്കു ശേഷം  യാഥാർഥ്യം മനസിലായത് പോലെ അവൾ സാധാരണ നിലയിലേക്ക് മടങ്ങി .. 

തണുപ്പ് കുറഞ്ഞു വേനൽ പിറന്നതോടു കൂടി  സാറാമ്മയിൽ വീണ്ടും ഭാവ വ്യത്യാസങ്ങൾ  കണ്ടു തുടങ്ങി ..മുരൾച്ച കൂടുന്നു ,ഓട്ടം കൂടുന്നു ..അവിടെ അവിടെ ആയി പമ്മി പതുങ്ങി നടക്കുന്നു, ഇടയ്ക്കിടെ സൈഡ്  ജനാലയിലെ  പൊട്ടിപ്പോയ ഒരു ബ്ലൈൻഡ്‌സിന്റെ ദ്വാരത്തിൽ കൂടി  പുറത്തേക്കു എത്തി നോക്കുന്നു  ............അങ്ങനെ അസാധാരണമായ ചില മാറ്റങ്ങൾ  

സാറാമ്മയുടെ ഭാവ വ്യത്യാസം കണ്ടു ആൻസി സംശയിച്ചു നിന്നു,  " എന്താന്റെ സാറാമ്മക്കു പറ്റിയേ....  ?"

" വാവടുത്തു കാണും...........തുലാമാസാണോ? .... " ജോജൂട്ടി ഒരു ലക്ഷണം  പറഞ്ഞു

"ന്ന് ....വെച്ചാ .." ജോർജൂട്ടി പറഞ്ഞത് മനസിലാകാതെ ആൻസി ചോദിച്ചു 

" ന്ന് വെച്ചാ ..അവള്  കണ്ടൻപൂച്ചയെ  തെരയുവാന്ന്  ..." ഒരു സാധാരണ തത്വം പറയും പോലെ അയാൾ പറഞ്ഞു 

"പിന്നെ............ " എന്ന് നിഷേധാത്മകമായി  പറഞ്ഞെങ്കിലും അത് തന്നെയാണോ  എന്നൊരാശങ്ക അൻസിയുടെ ഉള്ളിൽ  നിന്നുയർന്നു വന്നു .  

"അയ്യോ ഇനി ഒരു പേറിനു  കാവൽ നിക്കാൻ എനിക്ക് വയ്യ ....അവളെ വേലി ചാടാൻ വിടരുത് " എന്തോ ആലോചിച്ചുറച്ചതു പോലെ ആൻസി പറഞ്ഞു .

പിന്നീട് സാറാമ്മയെ എങ്ങനെ കോട്ട കെട്ടി നിറുത്താം എന്ന ചർച്ചയിലായി ജോർജൂട്ടി കുടുംബം ,.എപ്പോഴും അവളുടെ മേൽ വീട്ടിലെ ഒരാളുടെ കണ്ണുണ്ടായിരിക്കണമെന്നു ആൻസിയുടെ  കർശന നിർദേശം വന്നു  .

 ആ നിർദ്ദേശങ്ങൾ എല്ലാ ദിവസ്സവും പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്തിയതിനു ശേഷമാണ് ആൻസി ജോലിക്കു പോയിക്കൊണ്ടിരുന്നത് . ആ ഉറപ്പു വരുത്തൽ പക്ഷെ ജോർജൂട്ടിയുടെ അതിരാവിലെയുള്ള സ്വപ്നങ്ങളെയും, ഇൻഷുറൻസ് കമ്പനിയുടെ  വളർച്ചയേയും  ആണ്  തടസപ്പെടുത്തിയത് .

ആ വാരാന്ത്യത്തിലും ആൻസിക്ക് ജോലിയായിരുന്നു പതിവ് പോലെ ...ജോർജൂട്ടി മൈക്രോവേവിൽ ഉണ്ടാക്കിയ ഒരു കപ്പു  ചായയുമായി രാവിലെ തന്നെ തന്റെ ഓഫീസ്  മുറിയിൽ വന്നിരുന്നു പുതിയ, പുതിയ  ക്ലയന്റുകളെ തിരയുകയായിരുന്നു .സാറാമ്മ സ്നേഹത്തോടെ തൊട്ടുരുമ്മി അയാളെ ചുറ്റി പറ്റി നടന്നിരുന്നു..

പെട്ടെന്നാണ് സുഹൃത്തായ അൻവറിന്റെ ഫോൺ വന്നത് " ഡേയ് ... ജോർജൂട്ടി ഞാൻ നിന്റെ ഫോണിലേക്കു ഒരു ലിങ്ക് അയച്ചിട്ടുണ്ട്, നീ വേഗം അതിൽ   ക്ലിക്ക് ചെയ്ത് കേറ് ...... കേളിയുടെ 'സൂം' മീറ്റിങ് ആണ് ,  ആള് കുറവാ .നാട്ടിൽ നിന്ന്  ഉള്ള വി ഐ പി കൾ ഒക്കെ  ഉണ്ട്  "

അൻവർ  പറഞ്ഞാൽ   മറിച്ചു  പറയാൻ വയ്യ .കാരണം അയാളുടെ പതിനഞ്ചോളം  റെന്റൽ വാനുകളുടെ  ഇൻഷുറൻസ് മുഴുവൻ ജോർജൂട്ടിയുടെ കമ്പനിയിലാണ്. '.കേളി'  എന്ന് പറയുന്നതു അമേരിക്കയിലെ  ഭാഷ സ്നേഹികളുടെ സംഘടനാ ആണ്. അൻവർ അതിന്റെ പ്രസിഡന്റും എല്ലാ വർഷവും അതി ഗംഭീരരമായി ആഘോഷിക്കാറുള്ള ഓണം ഈ വര്ഷം, പക്ഷെ  കൊറോണ കാരണം  സൂം മീറ്റിങ്ങിലൂടെ  ആയിരുന്നു.

ജോർജൂട്ടി ലിങ്കിൽ ക്ലിക്ക് ചെയ്തു സൂം മീറ്റിങ്ങിൽ കയറി, താൻ അതിലുണ്ട് എന്ന് അൻവറിനെ ബോധ്യപ്പെടുത്താൻ  വേണ്ടി മാത്രം  .സും മീറ്റിങ്ങിൽ ധാരാളം കലാപരിപാടികൾ ഉണ്ടായിരുന്നു, നിരവധി ആളുകൾ വന്നും പോയുമിരുന്നു. ജോർജൂട്ടി അതൊന്നും അത്ര കാര്യമായി  ശ്രദ്ധിച്ചില്ല. അയാൾ  പുതിയ ക്ലൈന്റ്‌സിനെ തിരയുന്ന ജോലിയിൽ തന്നെ വ്യാപൃതനായിരുന്നു .

 വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന കഥ അവതരിപ്പിക്കുന്നു എന്ന പ്രഖ്യാപനം   പളുങ്കുമണികൾ നിലത്തു വീണ പോലുള്ള  ചിരിയുടെ അകമ്പടിയോടെ  അവതാരിക പറഞ്ഞത് ജോർജൂട്ടിയുടെ  ചെവിയിൽ പതിഞ്ഞത് പെട്ടെന്നാണ്
ജോർജൂട്ടിക്കു സാഹിത്യത്തോടു വലിയ കമ്പമൊന്നുമില്ല ,.പക്ഷെ, കഥയുടെ അവതരണം തുടങ്ങി  'സാറാമ്മ'  എന്ന പേര് കേട്ടതോടു കുടി ജോർജൂട്ടിയുടെ ശ്രദ്ധ സും മീറ്റിങ്ങ് സ്‌ക്രീനിലേക്കായി.

 വൈക്കം മുഹമ്മദ് ബഷീർ എന്ന് കേട്ടിട്ടുണ്ടെങ്കിലും പ്രേമലേഖനം എന്നൊരു കഥ അദ്ദേഹം എഴുതിയിട്ടുണ്ടെന്നും സാറാമ്മയും, കേശവൻ നായരുമൊക്കെ അതിലെ കഥാപാത്രങ്ങൾ ആണെന്നും  ജീവിതത്തിൽ ആദ്യമായി അയാൾക്ക്‌ മനസിലായി 

 സാന്ദ്രസുന്ദരമായ പെരിയാറിലെ ഒഴുക്ക് പോലെആയിരുന്നു കഥാ അവതാരകന്റെ വാക്കുകൾ. കിളി  കൊഞ്ചൽ ഒളിപ്പിച്ചു വച്ച ശബ്ദത്തിൽ നിഷ്കളങ്ക മുഖവുമായി വന്ന ആൾ  'സാറാമ്മ' എന്ന  കഥാപാത്രത്തിന്  ജീവൻ കൊടുത്തുകൊണ്ടിരുന്നു  ..സാറാമ്മയുടെ കാമുകനായ കേശവൻ നായരുടെ കനത്ത ശബ്ദം ചെവികളിൽ മുഴങ്ങികൊണ്ടിരുന്നു  .

' കൊള്ളം .... ഒരു റേഡിയോ നാടകം കേൾക്കുന്ന സുഖം" ജോർജൂട്ടി മനസ്സിൽ പറഞ്ഞു   

കഥയിൽ ശ്രദ്ധിച്ചിരുന്നപ്പോഴാണ്  തന്റെ കാലിൽ ഉരുമ്മി നടന്നിരുന്ന  സ്വന്തം സാറാമ്മയെ ശ്രദ്ധിച്ചത്. അവൾ ഇടക്കിടെ വാതിക്കൽ പോയി നിൽക്കും ..ഒന്നും കാണാൻ കഴിയാത്തതു കൊണ്ട് തിരിച്ചു വരും ..പിന്നീട്  ജനാലയുടെ പൊട്ടിയ ബ്ലൈൻഡ്‌സിലുടെ എത്തി നോക്കും .... വീണ്ടും തിരികെ വന്നു തന്റെ കാലിൽ ഉരുമ്മി ഇരിക്കും
 
പ്രേമലേഖനം വീണ്ടും അതിന്റെ ക്ലൈമാക്സിലേക്ക് പോകുകയാണ് . പുതിയ സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടി പോകുന്ന കേശവൻ നായർ . സാറാമ്മ കൊടുത്ത പൊതിയിലേക്കു നോക്കി റെയിൽവേ സ്റ്റേഷന്റെ തുരുമ്പു പിടിച്ചു തുടങ്ങിയ ഇരുമ്പു കസേരയിൽ എന്തൊക്കെയോ ആലോചിച്ചുകൊണ്ട്  ഇരിക്കുകയാണ്. 

പെട്ടെന്നാണ് ജോർജൂട്ടി ശ്രദ്ധിച്ചത്, തന്റെ സാറാമ്മ പൊട്ടിയ  ബ്ലൈൻഡ്‌സിലെ  ചെറിയ ദ്വാരത്തിലൂടെ പുറത്തേക്കു ആരെയോ നോക്കിയിരിക്കുന്നു   ..അവളുടെ മുഖത്തു ഒരുതരം തരളിത  താളം തളം കെട്ടി കിടക്കുന്നു .

"ഇവളെന്തിനെ ആയിരിക്കും ഇതേപോലെ നോക്കുന്നത്?", കൗതുകം നിറഞ്ഞ മുഖത്തോടെ ജോർജൂട്ടി ജനലിനടുത്തേക്കു നടന്നു.

 ജോർജൂട്ടിയെ കണ്ടതോട് കൂടി സാറാമ്മ അവിടെ നിന്ന് ഓടി പോയി. സംശയംനിവർത്തി വരാൻ  അയാൾ  ജനാലയുടെ ബ്ലൈൻഡ്‌സ് തുറന്നു പുറത്തേക്ക് നോക്കി .അവിടെ കുറ്റിച്ചെടികൾക്കിടയിൽ ഇരിക്കുന്നു ... മീശ ചലിപ്പിച്ചു കൊണ്ട് ഒരു  മാർജാരൻ ........മുഖത്തു കഥകളി രൂപം വരച്ചു വച്ച പോലെ  വെളുത്ത ചുട്ടിയുള്ള കറുത്ത കണ്ടൻ  മാർജാരൻ  ......

"അപ്പോൾ അവനാണിവൻ ..............സാറാമ്മയുടെ കേശവൻ നായർ !!" ജോർജൂട്ടിയുടെ മനസ്സിൽ പറഞ്ഞു 

സും മീറ്റിങ്ങിലെ കഥയുടെ ക്ലൈമാക്സ് തീർന്നിരുന്നില്ല  ..........."എന്നെ സ്ത്രീധനം വാങ്ങാതെ കെട്ടിക്കൊണ്ടു പോകാൻ ഒരാളുണ്ട് ..ഞാൻ  അയാളുടെ കൂടെ പോകുന്നു   ." ബഷീറിന്റെ സ്വന്തം .സാറാമ്മയുടെ  മധുരശബ്ദം സും സ്‌ക്രീനിലൂടെ ഒഴുകി എത്തി . 

.ജോർജൂട്ടിയുടെ സ്വബോധം നഷ്ടമായി ,പെട്ടെന്ന് അയാൾ  പ്രേമലേഖനത്തിലെ  സാറാമ്മയുടെ അപ്പനെപ്പോലെ നിവർന്നെഴുന്നേറ്റു. ...."ഹും എന്റെയടുത്താ കളി ..." ..

വീടിന്റെ മൂലയിൽ അലങ്കരിച്ചു വച്ചിരുന്ന ഒരു ചൂരൽ വടിയെടുത്തു, മുൻ  വാതിൽ തുറന്നു, പുറത്തു കാത്തു നിൽക്കുന്ന  സാറാമ്മയുടെ  കേശവൻ നായരെ  തിരയുവാൻ തുടങ്ങി .  . പക്ഷെ 'കിം ഫലം' എത്ര തിരഞ്ഞിട്ടും,  ആ കാമുകനെ.... മുഖത്തു ചുട്ടിയുള്ള  കേശവൻ നായരെ അവിടെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല . എവിടെയോ അവൻ ഓടി മറഞ്ഞിരുന്നു  

വീടിനു ചുറ്റും ഒരു വട്ടം കൂടി  നടന്ന്, കേശവൻ നായരെ ഓടിച്ച സന്തോഷത്തിൽ ജോർജൂട്ടി അകത്തു കയറി ....

"എടി മോളെ സാറാമ്മേ ..നിനക്കിവിടെ എന്തെങ്കിലും കുറവുണ്ടോ .നീ എന്തിനാ അവന്റെ പുറകെ പോണത്" അകത്തു കയറിയ ഉടനെ ജോർജൂട്ടി ചോദിച്ചു .സാധാരണ ജോർജൂട്ടി എന്തെങ്കിലും പറഞ്ഞാൽ സാറാമ്മയുടെ ഒരു മുരളൽ എങ്കിലും കേൾക്കാമായിരുന്നു പക്ഷെ ഇത്തവണ അത് കേട്ടില്ല 

" ..എവിടെ പോയി .അവൾ .....?.' വീട് മുഴുവൻ അന്വേഷിച്ചെങ്കിലും സാറാമ്മയെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല ....അപ്പോഴാണ് അയാൾ ഒരു കാര്യം ശ്രദ്ധിച്ചത് .വീടിനു പുറത്തിറങ്ങിയപ്പോൾ  മുൻ വാതിലടക്കാൻ മറന്നു പോയിരുന്നു. 

"അതിലൂടെ അവൾ ......................."

നിർന്നിമേഷനായി  സാറാമ്മ സ്ഥിരമായി നോക്കി നിൽക്കാറുള്ള പൊട്ടിയ ജനൽ ബ്ലൈൻഡ്‌സിലെ ദ്വാരത്തിലൂടെ ജോർജൂട്ടി പുറത്തേക്കു നോക്കിയിരുന്നു. പ്രേമലേഖനത്തിലെ സാറാമ്മയുടെ അപ്പനെ  പോലെ തന്നെ ..... ജോലി കഴിഞ്ഞു വരുന്ന ചിറ്റമ്മയായ അൻസിയുടെ മിസൈൽ വർഷങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്ത അപ്പോഴും അയാളുടെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടിരുന്നു . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക