Image

യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

Published on 27 September, 2020
യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം : യുട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കല്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളായണി സ്വദേശി വിജയ് പി.നായരെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത്.

വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവര്‍ക്കെതിരെ മോഷണ്‍ക്കുറ്റവും ചുമത്തും.

ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചശേഷം മര്‍ദ്ദിച്ച് മാപ്പും പറയിച്ചു.

മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിയ ലൈവായി പങ്കുവച്ചിരുന്നു. സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയുമായിരുന്നു അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തിയത്. വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ചു.  ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്ത സ്ത്രീസംഘം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക