Image

മർദിച്ചതിനു കേസെടുത്തു; എന്തും നേരിടുമെന്ന് ഭാഗ്യലക്ഷ്മി; പിന്തുണ

Published on 27 September, 2020
മർദിച്ചതിനു  കേസെടുത്തു; എന്തും നേരിടുമെന്ന് ഭാഗ്യലക്ഷ്മി; പിന്തുണ
തിരുവനന്തപുരം : യുട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കല്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളായണി സ്വദേശി വിജയ് പി.നായരെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത്.

വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവര്‍ക്കെതിരെ മോഷണക്കുറ്റവും ചുമത്തും.

ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചശേഷം മര്‍ദ്ദിച്ച് മാപ്പും പറയിച്ചു.

മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിയ ലൈവായി പങ്കുവച്ചിരുന്നു. സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയുമായിരുന്നു അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തിയത്. വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ചു.  ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്ത സ്ത്രീസംഘം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കി.

എന്തു ഭവിഷ്യത്ത് വന്നാലും നേരിടുമെന്ന് ഭാഗ്യലക്ഷ്മി

യൂട്യൂബിലൂടെ അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഏതു ഭവിഷ്യത്ത് വന്നാലും നേരിടാന്‍ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നത്. 

കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പ്രതികരിച്ചത്. ഇത്തരം മാനസിക പീഡനങ്ങള്‍ക്ക് അറുതി വേണം.'നിയമം കൈയ്യിലെടുക്കരുതെന്ന് കരുതുന്നയാള്‍ തന്നെയാണ് താനും. എന്നാല്‍ ഇവിടെ നിയമം ഉണ്ടോ? സൈബ‍ര്‍ നിയമം എന്നത് എഴുതി വെച്ചിട്ട് പ്രയോജനമില്ല. ഭയന്ന് വീട്ടിനുള്ളില്‍ കയറിയിരിക്കണമെന്നാണോ നിയമം പറയുന്നത്? അതിന് കഴിയില്ല. ആത്മഹത്യ ചെയ്യാനും കണ്ണടച്ചു മിണ്ടാതിരിക്കാനും ആവില്ല. 

കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പ്രതികരിച്ചത്. അവരുടെ മക്കളെയാണ് സമൂഹമാധ്യമങ്ങളിലൂടെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതിന് അറുതി വേണം. ഇനിയെങ്കിലും നിയമം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു'. അതിനുവേണ്ടി റിമാന്‍ഡില്‍ കിടക്കാനും തയാറാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉള്ളതാണ് നിയമം. തനിക്ക് എതിരെ കേസ് എടുത്തതില്‍ അത്ഭുതമില്ല. പൊലീസ് ഇതുവരെ ആ വീഡിയോ കണ്ടില്ല എന്നാണ് പറയുന്നത്. എത്ര സമയം വേണം കാണാന്‍. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നതെന്നും ഇതിന് അറുതിയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യൂ ട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പിന്തുണയമായി താരങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രചരണം നടത്തിയ യൂട്യൂബറെ  മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ താരങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ ഭാഗ്യലക്ഷ്മിയ്ക്ക് എല്ലാവിധ പിന്തുണയുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. 

നടിമാര്‍ മാത്രമല്ല നടന്മാരും സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.ഗായിക സയനോര ഫിലിപ്പ്, അവതാരകരായ എലീന പടിക്കല്‍, അശ്വതി ശ്രീകാന്ത്, ഡോക്ടറും ആക്ടിവിസ്റ്റുമായ വീണ ജെ.എസ്, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍, നടന്‍ ജോയ് മാത്യു എന്നിങ്ങനെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ നടപടിയെ അനുകൂലിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. അനുകൂലിക്കുന്നതിനോടൊപ്പം തന്നെ ചില കോണില്‍ നിന്ന് താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച വിജയന്‍ പി നായര്‍ എന്ന യൂട്യൂബര്‍ക്കെതിരെ കരിഓയില്‍ പ്രയോഗം നടത്തി മാപ്പ് പറയിപ്പിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പം ബിഗ് ബോസ് മത്സരാര്‍ഥി ദിയ സനയുമുണ്ടായിരുന്നു. ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സയനോരയുടെ വാക്കുകള്‍

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. 'വെറുതെ അടി കിട്ടിയത് മാത്രം ചാനലില്‍ കാണിച്ചിട്ട് കാര്യം ഇല്ല . എന്തിനാ അടി കിട്ടിയത് എന്ന് കൂടി ഒന്ന് കൂലം കഷമായി ചര്‍ച്ച ചെയ്തിട്ട് മതി പെണ്ണുങ്ങളെ പിടിച്ചു ജയിലില്‍ ഇടുന്ന കാര്യം പറയുന്നത് . ഇവനെ ഒക്കെ എങ്ങനെ സാക്ഷരകേരളം കൈകാര്യം ചെയ്യും എന്നത് കൂടി ആലോചിക്കണം.'

എലീന പടിക്കല്‍

കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്,ഇതില്‍ ഏറിയ പങ്കും സിനിമ സീരിയല്‍ താരങ്ങളാണ്.
ഇതെഴുതുന്നത് വളരെ സന്തോഷത്തോടെ ആണ്. പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരളാ പോലീസ്.

എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിന് എതിരെ പരാതി ലഭിച്ചയുടന്‍ നിയമ നടപടി എടുക്കുകയും വളരെ പെട്ടെന്ന് കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പോലീസിനോടും
പ്രത്യേകിച്ച്‌ ബിജു സാറിനോടും (Cyber Cell SP) , വട്ടിയൂര്‍ക്കാവ് സിഐ , പിന്നെ കൂടെ നിന്ന് പിന്‍ന്തുണച്ച അരുണ്‍ ചേട്ടനും (Media) നന്ദി അറിയിക്കുകയാണ്.

നാളെയും ഇത്തരം തെറ്റുകരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മള്‍ സധൈര്യം മുന്നോട്ട് വരണം,
മാറി നിന്ന് പ്രോത്സാഹനം ഒരുക്കി നല്‍കരുത്. അതല്ലേ ഹീറോയിസം'.

ജോയ് മാത്യുവിന്റെ കുറിപ്പ്

ഞരമ്ബ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍. ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍, രോഗം കലശലാവുമ്ബോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം . അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച്‌ തുറക്കും മുന്‍പ് കേസും ശിക്ഷയും.

 അതേസമയംസ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്ബോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?നിയമം കണ്ണുപൂട്ടിയിരിക്കുമ്ബോള്‍ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങള്‍-ജോയ് മാത്യൂ കുറിച്ചു.

വിധു  വിൻസന്റ് 

ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കല്‍.. അത് ഗംഭീരമായി.
നിങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങള്‍ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് ..
ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാവും.ഒന്നാമത് ഇത്തരം കേസുകള്‍ എടുക്കാന്‍ പോലീസിന് പലപ്പോഴും താല്പര്യമില്ല.. സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാല്‍ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങള്‍ കണ്ടെത്തി വരികയെന്ന്.അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാല്‍ ഒരു കൈ നോക്കാമെന്നു്... ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തില്‍ പോലും ഇതാവര്‍ത്തിച്ചു.

പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവര്‍ത്തിച്ച്‌ ചോദിച്ച ഒരു കാര്യം, നിങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളില്‍ ഫോളോ അപ് നടത്താന്‍ പോലീസിന്‍്റെ സൈബര്‍ ഡിപ്പാര്‍ട്ട്മെന്‍്റില്‍ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്. IPഅഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച്‌ കൈ മലര്‍ത്തിയ ഉദ്യോഗസ്ഥനെ 'നല്ല മലയാളത്തില്‍ രണ്ട് ആട്ട് ആട്ടി 'പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കല്‍.

അതു കൊണ്ട് മാന്യജനങ്ങള്‍ ക്ഷമിക്കണം.. ഏത് ഭര്‍ത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്‌, സഹിച്ച്‌, മിണ്ടാതെ ഒരു ഭാഗത്തിരിക്കാന്‍ തല്ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല.. നിയമം നോക്കുകുത്തിയാകുമ്ബോഴാണ് ഈ 'അടികള്‍ ' ഉണ്ടാവുന്നത്. 

പുരുഷാധികാരത്തിന്റെയും  "അലസ നിയമവാഴ്ച ' യുടേയും നേര്‍ക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്മെന്‍്റായി കണ്ട് തിരിച്ചറിഞ്ഞാല്‍ നല്ലത്. ഇല്ലെങ്കില്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീര്‍ണ്ണിച്ച അധികാരത്തേക്കാള്‍ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാന്‍ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകള്‍ക്കും അഭിവാദ്യങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക