Image

സാമൂഹിക പ്രതിരോധത്തിന്റെ കാര്യത്തിൽ യു എസ് ബഹുദൂരം പിന്നിലെന്ന് പുതിയ പഠനം

Published on 27 September, 2020
സാമൂഹിക പ്രതിരോധത്തിന്റെ കാര്യത്തിൽ യു എസ് ബഹുദൂരം പിന്നിലെന്ന്  പുതിയ പഠനം

ന്യൂയോർക്കുകാരിൽ മൂന്നിലൊന്നു പേരും പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പത്തിലൊന്നിൽ താഴെയും ആളുകൾ ജൂലൈ അവസാനത്തോടെ കോറോണവൈറസുമായി സമ്പർക്കം ഉണ്ടായവരാണെന്ന് ഡയാലിസിസ് രോഗികളിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. സാമൂഹിക പ്രതിരോധംകൊണ്ട് മറികടക്കാവുന്നതിലും വളരെ കൂടുതലാണ് രോഗബാധയ്ക്കുള്ള സാധ്യതയെന്നും നിലവിലുള്ള ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്താമെന്ന് വ്യാമോഹിച്ചാൽ നില സങ്കീർണമാകുമെന്നുമാണ് ഗവേഷകർ പറയുന്നത്. ചില സംസ്ഥാനങ്ങളിൽ രോഗബാധ നിരക്ക് പൂജ്യമാണ്. യു എസിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 28,000 ഡയാലിസിസ് രോഗികളുടെ പ്ലാസ്മ സാമ്പിളുകൾ പരീക്ഷിച്ചാണ് ഈ ഫലം ലഭിച്ചത്.  ന്യൂയോർക്കിൽ രാജ്യത്തെ ഏറ്റവും ഉയർന്ന രോഗബാധ നിരക്കായ 33.6 ശതമാനം രേഖപ്പെടുത്തിയപ്പോൾ 17.6 ശതമാനവുമായി ലൂസിയാനയും 11.9 ശതമാനവുമായി ന്യൂ ജേഴ്‌സിയും തൊട്ടുപിന്നിലുണ്ട്. രാജ്യത്താകമാനം രോഗബാധ നിരക്ക് 9 ശതമാനമാണ്. 

ഒരു സമൂഹത്തിൽപ്പെട്ട കുറെയധികം ആളുകൾക്ക് രോഗബാധ ഉണ്ടാകുന്നതിലൂടെ ആർജിക്കുന്ന പ്രതിരോധ ശേഷിക്കാണ് സാമൂഹിക പ്രതിരോധമെന്ന് പറയുന്നത്. ആകെ ജനസംഖ്യയുടെ അൻപത് മുതൽ 65 ശതമാനത്തിനും കോറോണവൈറസിനോട് സാമൂഹിക പ്രതിരോധം ഉണ്ടായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പക്ഷേ എത്രനാൾ ഇതുകൊണ്ടൊരാൾക്ക് രോഗബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതിന് വ്യക്തതയില്ല. കഴിഞ്ഞ മാസമാണ് നെവാഡയിലുള്ള വ്യക്തിക്ക് രാജ്യത്ത് ആദ്യമായി രണ്ടാമതും കോവിഡ് പിടിപെട്ടെന്ന് റിപ്പോർട്ട് ചെയ്തത്. ചൈനയിലും യൂറോപ്പിലും ഇത്തരത്തിൽ നിരവധി കേസുകൾ ഉണ്ട്. രണ്ടു ലക്ഷത്തിലധികം അമേരിക്കക്കാരുടെ ജീവനുകൾ നഷ്ടപ്പെടുകയും ഏഴ് ദശലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിൽ നാലര ദശലക്ഷം ആളുകൾ രോഗത്തെ അതിജീവിച്ചു എന്നും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് 19 ട്രാക്കർ അനുസരിച്ച് പറയപ്പെടുന്നു. 
"രോഗബാധനിരക്കിലെ പൊരുത്തക്കേടുകൾ വിരൽ ചൂണ്ടുന്നത് കൂടുതൽ രോഗബാധാ നിരക്കുള്ള പ്രദേശങ്ങളിലെ ആളുകൾക്ക് രോഗത്തെ പ്രതിരോധിക്കാൻ ശേഷി കൈവന്നിട്ടുണ്ട് എന്ന നിഗമനത്തിലേക്കാണ്." മഹാമാരികളെക്കുറിച്ച് ഗവേഷണം നടത്തുന്ന വില്യം ഹാനേജ് അഭിപ്രായപ്പെട്ടു. 

"സാമൂഹിക പ്രതിരോധം എന്നത് അമേരിക്ക പോലൊരു രാജ്യത്ത് സാധ്യമാകുന്നത് ജയിലുകൾ പോലെ മറ്റാരും പ്രവേശിക്കാത്ത ഇടങ്ങളിലായിരിക്കും. പുറമേ നിന്ന് ആളുകൾ വരികയും സമ്പർക്കം ഉണ്ടാവുകയും ചെയ്യുമ്പോൾ സാമൂഹിക പ്രതിരോധത്തിൽ വിശ്വസിച്ച് നിന്നാൽ രക്ഷയില്ല. വാക്സിൻ തന്നെ വേണം. "കാലിഫോർണിയ സർവകലാശാലയിൽ മഹാമാരികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ.ജോർജ് റൂതർഫോർഡ് പറഞ്ഞു. 

" ഒരു ദശലക്ഷം ആളുകളുടെ ജീവൻ, കഴിഞ്ഞ ഒൻപത് മാസത്തിൽ നമുക്ക് നഷ്ടമായ. അടുത്ത ഒൻപത് മാസത്തിനുള്ളിൽ വാക്സിൻ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള വലിയ ദൗത്യത്തിലാണ് ഇതിൽപ്പെട്ട ഓരോരുത്തരും." ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്ക് റയാൻ വ്യക്തമാക്കി. 

മുതിർന്നവരിൽ രോഗം എത്തുന്നത് യുവാക്കളിലൂടെ എന്ന് പഠനം

ഡിസീസ് കൺട്രോൾ ആൻഡ് പ്രീവൻഷൻ നടത്തിയ പുതിയ പഠനങ്ങളിലാണ് യുവാക്കൾ രോഗവാഹകരാകുന്നെന്ന് കണ്ടെത്തിയത്. അമേരിക്കയിലും യൂറോപ്പിലും ഇരുപതിനും മുപ്പത്തിയൊൻപതിനും ഇടയിൽ പ്രായമുള്ളവരാണ് കോറോണവൈറസ് വാഹകരിൽ കൂടുതൽ ശതമാനം. പ്രായംകൂടിയവരെ അപേക്ഷിച്ച് രോഗം തീവ്രമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മരണപ്പെടുന്നതുമായ കേസുകൾ യുവാക്കളിൽ കുറവാണെങ്കിലും , വൈറസ് വ്യാപിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുള്ളത് യുവാക്കളാണ്. ഗവേഷകർ പറയുന്നു. ദക്ഷിണ സംസ്ഥാനങ്ങളായ ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ രോഗ ബാധ കൂടുകയാണ്. യുവാക്കൾക്കിടയിൽ രോഗവ്യാപനത്തോത് വർദ്ധിച്ച് ഒൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ നാല്പതിനും അൻപത്തിയൊൻപതിനും ഇടയിൽ പ്രായമുള്ളവർ രോഗബാധിതരാകുന്ന പ്രവണതയുണ്ടെന്നും പതിനഞ്ച് ദിവസങ്ങൾ പിന്നിടുന്നതോടെ അറുപതിനുമുകളിൽ പ്രായമുള്ളവർക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കാണാമെന്നുമാണ് പഠനത്തിൽ നിന്ന് മനസ്സിലാകുന്നത്.

ചൈനയും വാക്സിനും 

ലോകമാകെ കൊറോണയ്ക്കെതിരെ ഫലപ്രദമെന്ന് തെളിയിക്കപ്പെടുന്ന വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാൽ, ഇതൊന്നും ചൈനയെ ബാധിക്കുന്നതെ ഇല്ല. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ തന്നെ സർക്കാർ അനുമതിയോ സുരക്ഷിതമെന്ന് തെളിയുന്ന ട്രയലുകളോ കൂടാതെ ആളുകൾക്ക് വാക്സിൻ നൽകപ്പെടുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ തൊഴിലാളികളിൽ തുടങ്ങി അദ്ധ്യാപകർ സൂപ്പർമാർക്കറ്റ് ജീവനക്കാർ മറ്റു രാജ്യങ്ങളിൽ അപകട മേഖലയിൽ പോകുന്നവർ എന്നിങ്ങനെ വലിയ നിര തന്നെ വാക്സിൻ എടുത്തവരിൽപ്പെടും.

അംഗീകരിക്കപ്പെടാത്ത വാക്സിന്റെ ഉപയോഗം മറ്റു പാർശ്വഫലങ്ങൾക്കും സങ്കീർണമായ രോഗബാധയ്ക്കും ഇടയാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പുറം ലോകം അറിയാതിരിക്കാൻ വാക്സിൻ എടുക്കുന്നവരിൽ നിന്ന് മാധ്യമങ്ങൾക്ക് വിവരം കൈമാറില്ലെന്ന് മരുന്ന് കമ്പനികൾ എഴുതിവാങ്ങിയിട്ടുമുണ്ട്. 
ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി ചൈന കടുത്ത മത്സരത്തിലാണ്. എന്നാൽ, എതിരാളികളെല്ലാം ശ്രദ്ധാപൂർവം നീങ്ങുമ്പോൾ ചൈനയുടേത് എടുത്തുചാട്ടമാണെന്ന് ആക്ഷേപമുണ്ട്. ട്രംപ് ഭരണകൂടം വാക്സിനുവേണ്ടി തിരക്കുകൂട്ടുമ്പോഴും ആവശ്യമായ പരിശോധനകൾക്ക് ശേഷമേ വാക്‌സിൻ വിപണിയിൽ എത്തിക്കൂ എന്ന് അമേരിക്കൻ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. റഷ്യയിൽ പരീക്ഷണങ്ങൾ പൂർത്തിയാകും മുൻപുതന്നെ വാക്സിൻ അംഗീകരിച്ചെങ്കിലും വ്യാപകമായി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ചൈനയിൽ എത്രപേർക്ക് ഇതിനോടകം കൊറോണ വാക്സിൻ നൽകിയെന്ന കണക്ക് ലഭ്യമല്ല. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സിനോഫാമും  ലക്ഷക്കണക്കിനാളുകൾക്ക് വാക്‌സിൻ നൽകിയതായി അവകാശപ്പെടുന്നുണ്ട്. ബെയ്‌ജിങ്ങിൽ പതിനായിരം പേർക്ക് നൽകിയതായി സിനോവക് എന്ന കമ്പനിയും പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക