Image

ഭോജന-ഭോഗ-ഭാഷണ ലോലരും, നാമും ( (പി. ഡി. ജോർജ് നടവയൽ)

Published on 28 September, 2020
ഭോജന-ഭോഗ-ഭാഷണ ലോലരും, നാമും ( (പി. ഡി. ജോർജ് നടവയൽ)
ഭോജന-ഭോഗ-ഭാഷണ ലോലരാം

അനന്ത ശക്തികളിരുവര്‍,

അവര്‍ക്കു പേര്‍ 'ദിനരാത്രങ്ങളെ'ന്നാവൂ,

അവരിരുവരുമിരിപ്പൂ

ഈ ആകാശമേശയ്ക്കിരു വശവും.


സംഭവ- ദുര്‍ഭവ പരമ്പരകളാല്‍

വിഭവങ്ങളനവധിയനവധി

നാഴികയ്ക്കു

നാല്പതല്ലാ , നാല്പതിനായിരമല്ലാ

നാവുകുഴയുമോളമെണ്ണം

അശിച്ചു, പശിച്ചിരുവരവര്‍,

'ദിനരാത്രങ്ങള്‍'.


ഇതേതുമറിയാതീവഴിയേ

ക്ഷരര്‍ നാം,

അക്ഷരം തേടി വന്നൂ,

ന്യൂനരായ്,

അന്യൂനത തേടി വന്നൂ.


'ദിനരാത്രശക്തികള്‍'

മുറുക്കിത്തുപ്പി,

നമ്മേ

വെന്നു ഭോഗിച്ചൂ

കൊന്നു ഭുജിച്ചൂ,

വെടിപറഞ്ഞു രസിച്ചൂ.


കാര്യങ്ങളെന്തെന്നറിയും മുമ്പേ,

അറിഞ്ഞ കാര്യങ്ങള്‍ വച്ച്,

ഒന്നു, കുതറി

മാറാന്‍ പോലും

കഴിയും മുമ്പേ,

അനന്ത 'ദിനരാത്രശക്തികള്‍'

മുറുക്കിത്തുപ്പി,

നമ്മേ

വെന്നു ഭോഗിച്ചൂ,

കൊന്നു ഭുജിച്ചൂ,

വെടിപറഞ്ഞു രസിച്ചൂ.


പിന്നെയും

പിന്നെയും,

ഈ ഗോളമാകേ

മൗനം മുഴക്കമായീ

''ഇന്നു നീ, ഞാന്‍ നാളെ''-

യെന്നു മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക