Image

ജഡ്ജ് ഏമി ബാരറ്റ് : വിധികളിലൂടെ ശ്രദ്ധേയയായ ന്യായാധിപ

ഏബ്രഹാം തോമസ് Published on 28 September, 2020
ജഡ്ജ് ഏമി ബാരറ്റ് : വിധികളിലൂടെ ശ്രദ്ധേയയായ ന്യായാധിപ
സുപ്രീം കോടതിയുടെ ഒന്‍പതാമത് ജസ്റ്റീസായി ജഡ്ജ് ഏമി കോണി ബാരറ്റിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്തു. സാധാരണയായി ട്രംപ് വലിയ തീരുമാനങ്ങള്‍ വാരാന്ത്യത്തില്‍ പ്രഖ്യാപിക്കാറില്ല. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് പ്രഖ്യാപനം ഉണ്ടാകുന്നതെങ്കില്‍ ആ വാരം മുഴുവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും എന്ന് നേതാക്കള്‍ പൊതുവെ കരുതുന്നതാണ്. പതിവ് തെറ്റിച്ചാണ് ശനിയാഴ്ച ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത്.

48 വയസിനുള്ളില്‍ പല കേസുകളിലെ തീരുമാനങ്ങളിലും ന്യൂനപക്ഷവിധികളിലും പങ്കാളിയായ ന്യായാധിപയാണ് ബാരറ്റ്. അന്തരിച്ച ജസ്റ്റീസ് അന്റോനിന്‍ സ്‌കാലിയയുടെ ക്ലെര്‍ക്കായപ്പോഴാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 2017 ല്‍ ട്രംപ് ഇവരെ ഷിക്കാഗോ സെവന്‍ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ജഡ്ജായി നിയമിച്ചു. അതിന് മുന്‍പ് വളരെക്കാലം യൂണിവേഴ്‌സിറ്റി ഓഫ് നോട്ടര്‍ ഡേമില്‍ പ്രഫസറായിരുന്നു.

2017 ല്‍ അപ്പീല്‍സ് കോടതി ജഡ്ജായി സ്ഥിരപ്പെടുത്തിയപ്പോള്‍ ഇവര്‍ കടുത്ത എതിര്‍പ്പ് ഡമോക്രാറ്റുകളില്‍ നിന്ന് നേരിട്ടു, പ്രധാനമായും ഇവരുടെ കത്തോലിക്ക മതവിശ്വാസവും ഗര്‍ഭച്ഛിദ്രത്തിനോടുള്ള എതിര്‍പ്പുമാണ് എതിരാളികള്‍ ആയുധമെടുക്കാന്‍ കാരണമായത്. നോട്ടര്‍ ഡേമിലെ പ്രഫസറായിരിക്കെ തന്നെ ഇവരുടെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഇവര്‍ യാഥാസ്ഥിതികത്വം തെളിയിച്ചിരുന്നു. അങ്ങനെയാണ് ട്രംപിന്റെ ശ്രദ്ധയില്‍പെട്ടതും വിശ്വാസം നേടിയതും. 2018 ല്‍ ജസ്റ്റിസ് ആന്തണി കെന്നഡി റിട്ടയര്‍ ചെയ്ത ഒഴിവിലേയ്ക്കു ബാരറ്റിനെ പരിഗണിച്ചിരുന്നുവെങ്കിലും ട്രംപ് ജസ്റ്റീസ് ബ്രെറ്റ് കാവനായെ തിരഞ്ഞെടുത്തു.

ബാരറ്റിന്റെ തീരുമാനങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ 2012 ല്‍ അവര്‍ മറ്റ് യാഥാസ്ഥിതിക അക്കാദമിഷ്യന്‍സിനൊപ്പം ഒപ്പുവച്ച കത്തും ശ്രദ്ധേയമായി. ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്ത്രീ ജീവനക്കാര്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന സാമഗ്രികളും സേവനങ്ങളും നല്‍കണമെന്ന നിര്‍ദേശത്തിനെതിരെ ആയിരുന്നു കത്ത്. 

മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി നിര്‍ദേശം ആരോപിക്കപ്പെട്ടു. ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളെയും ബാരറ്റ് പിന്തുച്ചിട്ടുണ്ടെന്ന് നാഷനല്‍ വിമന്‍സ് ലോ സെന്റര്‍റി പ്രൊഡക്ടിവ് റൈറ്റ്‌സ് ഡയറക്ടര്‍ ലീല അബോല്‍ ഫാസ്‌ലി പറ}ഞ്ഞു.

തോക്ക് കൈവശം വയ്ക്കുവാനുള്ള അവകാശത്തില്‍ ഇവര്‍ സ്‌കാലിയയുടെ പാത പിന്തുടരും എന്നാണ് കരുതുന്നത്. അപകടകാരികളായ ആളുകള്‍ തോക്ക് കൈവശം വയ്ക്കുന്നത് നിരോധിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ വ്യാജ മെഡികെയര്‍ രേഖകള്‍ സമര്‍പ്പിച്ചതുകൊണ്ട് ഒരാള്‍ അപകടകാരിയാവുന്നില്ല. വ്യാജമായി മെഡികെയര്‍ നേടാന്‍ ശ്രമിച്ചു എന്ന് സ്വയം സമ്മതിച്ച വിസ്‌കോണ്‍സിന്‍ നിവാസിക്ക് തോക്ക് കൈവശം വയ്ക്കാനാവും എന്ന് ഇവര്‍ വിധിയോട് വിയോജിച്ച് ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചതും വിവാദമായി, ബാരറ്റ് രണ്ടാം ഭരണഘടന ഭേദഗതി നല്‍കുന്ന ശക്തയായ വക്താവായി ഇതിനുശേഷം അറിയപ്പെട്ടു.

ബാരറ്റും കൂടി വരുമ്പോള്‍ തോക്ക് അവകാശത്തെ അനുകൂലിക്കുന്ന 5 ജസ്റ്റീസുമാര്‍ സുപ്രീം കോടതിയില്‍ ഉണ്ടാവുമെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ് പലപ്പോഴും ഇടത് ചിന്താഗതിക്കാരായ നാല് ജസ്റ്റീസുമാര്‍ക്കൊപ്പമാണ് വോട്ടു ചെയ്യുന്നത്. അതിനാല്‍ 5-4 അനുപാതം ഏത് വശത്തേയ്ക്കും നീങ്ങാം, ചിലരുടെ ഭയം അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ചില വകുപ്പുകള്‍ സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ബാരറ്റ് കോടതിയില്‍ എത്തിയില്ലെങ്കിലും വിധി 4-4 ആയാല്‍ വീണ്ടും കോടതിക്ക് പരിഗണിക്കേണ്ടി വരും. അപ്പോള്‍ ബാരറ്റ് സത്യപ്രതിജ്ഞ ചെയ്തു കോടതി പ്രവേശം നടത്തിയിട്ടുണ്ടാവും. ഒബാമ കെയറിലെ ചില വകുപ്പുകള്‍ 4നെതിരെ 5 വോട്ടുകള്‍ക്ക് റദ്ദു ചെയ്യപ്പെടും എന്നിവര്‍ പറയുന്നു. എന്നാല്‍ ഒബാമ കെയറിന്റെ നടത്തിപ്പില്‍ സൂക്ഷ്മ പരിശോധന ആവശ്യമാണ്.

ഒരു യാഥാസ്ഥിതിക സംഘം ദ ജൂഡീഷ്യല്‍ ക്രൈസിസ് നെറ്റ്വര്‍ക്ക് അമേരിക്കന്‍ ഫസ്റ്റ് പോളീസീസ്, ദ സൂസന്‍ ബി ആന്തണി ലിസ്റ്റ്, ദ ക്ലബ് ഫോര്‍ ഗ്രോത്ത് ആന്റ് ദ ഗ്രൂപ്പ് കാത്തലിക് വോട്ടുമായി ചേര്‍ന്ന് ട്രംപിനെയും നോമിനി ബാരറ്റിനെയും പിന്തുണയ്ക്കുവാന്‍ 25 മില്യന്‍ ഡോളറിന്റെ ചെലവ് മാറ്റി വച്ചിട്ടുണ്ട്.

ട്രംപിന്റെ റീ ഇലക്ഷന്‍ കാമ്പെയിനുമായി ചേര്‍ന്ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി 10 മില്യന്‍ ഡോളറിന്റെ ഡിജിറ്റല്‍ ഫണ്ട് പിരിവ് ആരംഭിച്ചു.

സെനറ്റില്‍ ജൂഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ബാരറ്റിന്റെ സ്ഥിരപ്പെടുത്തല്‍, വിചാരണ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. സെനറ്റിലെ 53 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബാരറ്റിന് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 47 ഡെമോക്രാറ്റിക് അംഗങ്ങളില്‍ ആരും ബാരറ്റിന് വോട്ടു ചെയ്യരുതെന്ന് ജോ ബൈഡന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക